ഗ്രന്ഥശാലയുടെ സ്വകാര്യതയിൽ നിശബ്ദസുന്ദരമായ അന്തരീക്ഷത്തിൽ പുസ്തകങ്ങൾ തിരയുകയായിരുന്നു അയാൾ.എല്ലാ പുസ്തകങ്ങളും എടുത്തു നോക്കി അത്ന്റെ മുൻപും പിൻപും നോക്കി, പിന്നെ ഒന്നു ഓടിച്ചു വായിച്ചു നോക്കി ,ചിലപ്പോൾ ഒന്നു മണത്തു നോക്കി പുസ്തകത്തിന്റെ ആ ഉൻമത്ത ഗന്ധവും ആസ്വദിച്ചിട്ടേ അയാൾ പുസ്തകം തിരഞ്ഞെടുക്കുകയുള്ളു.
കഥാ സാരത്തിലൂടെ കഥാപാത്രങ്ങളിലൂടെ ചെരിയൊരു എത്തി നോട്ടം കഴിയുമ്പോഴേക്കും മനസ്സിലാവും ഇതു വീട്ടിൽ കൊണ്ടു പോകേണ്ട പുസ്തകമാണോ എന്ന്.
അങ്ങനെ ഗ്രന്ഥശാലയുടെ അകത്തു നിൽക്കുമ്പോൾ അയാൾ ഒരു പ്രത്യേക ലോകത്തായിരിക്കും.കഥയും കഥാപാത്രങ്ങളും മാത്രമടങ്ങിയ ഒരു ലോകം.ബഷീറിന്റെ,തകഴിയുടെ,എം.ടി.യുടെയൊക്കെ കഥാപാത്രങ്ങളിലൂടെ ജീവിത ഗന്ധം തിരിച്ചറിയുകയായിരുന്നു അയാൾ..കണ്ണെഴുതി പൊട്ടു തൊട്ട്,കാച്ചിയ എണ്ണയുടെ മണമുള്ള മുടി പിന്നിയിട്ട് പാവാടയും ബ്ളൗസുമണിഞ്ഞ സുന്ദരികളായ പെൺമണികൾ..മുറുക്കിച്ചുവപ്പിച്ച ചുണ്ടിൽ ചിരിയുമായി മൈലാഞ്ചിച്ചോപ്പുള്ള കൈകളാൽ മുഖം പൊത്തി നാണം കുണുങ്ങികളായ നാടൻ പെൺകൊടികൾ അയാളുടെ മനസ്സിലൂടെ ഘോഷയാത്രയായി കടന്നു പോയി.
ആ സുഖദ സുന്ദരമായ സ്വപ്നങ്ങളിൽ മുഴുകി പുസ്തകങ്ങളുടെ കെട്ടുമായി അയാൾ ലൈബ്രേറിയന്റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ഉയരത്തിലുള്ള ചെരുപ്പിൽ നിന്നും ഇപ്പോൾ താഴെ വീഴുമെന്ന മട്ടിൽ ,തന്നെക്കാൾ വലിയ മൊബൈൽ ഫോണും കയ്യിൽ പിടിച്ച് അവൾ കടന്നു വന്നത്.
മുടി ബോബ് ചെയ്ത് ,ഇറുകിയ ജീൻസും ബനിയനുമിട്ട് ,ചുണ്ടിൽ വാരിത്തേച്ച ലിപ്സ്റ്റിക്കുമായി നിൽക്കുന്ന അവളെ നോക്കി നിന്നപ്പോൾ അയാളുടെ മനസ്സിലെ ശാലീന സ്വപ്നങ്ങൾ ചത്തു വീണു.