ഞാനെന്റെ മാറു പിളർന്നുറക്കെക്കരഞ്ഞു
പാഞ്ഞിടുന്നൊരു ഭ്രാന്തിയായ്ഭദ്രയായി
പെരുമഴക്കാലമായ് പ്രളയമായ്
മുന്നിൽ കാണുന്നതൊക്കെത്തട്ടി നീക്കി
അലറിവിളിച്ചും വാരിയെറിഞ്ഞും
രൗദ്രഭാവം പൂണ്ടൊഴുകുന്നു മറയുന്നു
ദൂരേക്കു ഭ്രാന്തമായ്.
എത്ര സഹിച്ചു ഞാനെത്ര പൊറുത്തകൊണ്ടെത്രനാൾ
നിശബ്ദയായി തേങ്ങികരഞ്ഞിരുന്നു.
നിങ്ങളെ ഞാനെന്റെ മാറിലടക്കി പിടിച്ചൊരു
പച്ചപുടവയാമുടയാട കവർന്നതും
അമ്മിഞ്ഞപാലുപോൽ
നീരുറവ തിങ്ങിയോരെൻ മാറു പൊട്ടിച്ചിതറിച്ചതും
നിങ്ങൾക്കായിയൊരുക്കിയ
ചെമ്പട്ടുപോലുള്ളോരെൻ
മണ്ണിൻ മടിത്തട്ടിൽ യന്ത്രങ്ങളാൽ തുരന്നും
മാന്തിയും മതിവരാതെയെന്നെ
കൊന്നു തിന്നാൻ കൊതിച്ചതും,
നിങ്ങൾ..
ഇതാരൊർമ്മപ്പെടുത്തൽമാത്രം
ഇതെന്റ സഹനത്തിൻ പരിണാമം
ഇനിയെന്റെ മാറിലിടമില്ല ചുമക്കുവാൻ
ഇനിയെന്റെ ക്ഷമക്കുമതിരില്ല കനിയുവാൻ..