കിനാവുകൾ വീണുകിടന്നൊരീ ഞാവൽ മരച്ചുവട്ടിൽ
ഒന്നിച്ചിരുന്നു ചിരിച്ചില്ലയോ നാം…
ഒത്തുചേർന്നാടിയ പേരതൻ കൊമ്പുവെട്ടിമാറ്റി-
യന്നറിയാതെ തുളുമ്പിയ നീരൊതുക്കിപ്പിടിച്ചതും..
ഒരു പപ്‌സ് പങ്കിട്ട് ക്യാന്റീനിൽ
ഒരായിരം കഥകൾ പറഞ്ഞിരുന്നന്ന് വൈകി-
മറ്റാരും കാണാതെ മൈതാനവക്കിൽ,
ക്ലാസ്സുകളൊഴിവാക്കി വെയിൽ കാഞ്ഞിരുന്നതും
ഉച്ചനേരത്ത് നാം പങ്കിട്ട സൗഹൃദം, ഒരു ഓണമാസകുളിരിൽ ഇലയിട്ടുവിളമ്പി രുചിച്ചതു- മെല്ലാം ക്ഷണിക സ്വപ്നങ്ങളായിരിക്കാം…
ലാബിലെ യന്ത്രങ്ങളോടൊത്ത് കൂട്ട്കൂടി നടന്നതിനപ്പുറം ക്ലാസ്സ് മുറിയിലെത്തി കൈകോർത്ത് ദൂരെ
ജാലകത്തിനപ്പുറം സൂര്യൻ കുന്നിറങ്ങി-
മായുന്നതും നോക്കിയിരുന്നു നാം…..
മാമ്പൂക്കൾ വീണൊരീ വഴിവക്കിലെവിടെയോ നാം ബാക്കിവെച്ചുപോയ പ്രണയമുണ്ടായിരിക്കണം…
അന്ന് നാം ബെഞ്ചിൽ കുറിച്ചിട്ട വാക്ക്പോലെ ഒടുവിൽ മാഞ്ഞുപോവുന്നു നമ്മിൽനിന്നും ഇന്നലെകളും
ഇന്നുഞാൻ വീണ്ടുമീ പടിയിറങ്ങുമ്പോൾ കൂട്ടിന് ചാഞ്ഞുപെയ്യുന്ന ഓർമകൾ മാത്രം വെറും ഓർമകൾ മാത്രം…