നിഴൽ സമരങ്ങൾ

 

 

 

നിഴലുകൾ എന്നെ പ്രതിനിധീകരിക്കുന്നില്ല എന്ന സംശയം ബലപ്പെട്ടുവരാൻ തുടങ്ങിയിട്ട് നാളുകളേറെയായി .ചിലപ്പോഴവ പലമടങ്ങുകൾ അധികരിച്ചും മറ്റു ചില സന്ദർഭങ്ങളിൽ തീരെ കൊച്ചാക്കിയും കാണിക്കാറുണ്ട് ..

ഇരുട്ടിലെപ്പോഴോ പേന പിടിച്ച എന്റെ വിരൽത്തുമ്പുകളെ തോക്കിൻ കുഴലുകൾക്കു സമാനമാക്കിയും പകലിടങ്ങളിൽ ബാഗും തോളിലേന്തി പോകുന്ന എന്റെ മുതുകിൽ കൂനുണ്ടാക്കിയും നിഴലുകൾ തമാശ കാണിക്കാറുണ്ട് ..

ഇന്നത്തെ തമാശ രസകരമായിരുന്നു .
എന്റെ മുന്നിലെ കലണ്ടറിൽ ഉള്ള നിഴൽചിത്രം സ്വപ്നങ്ങളെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന എഴുത്തുകളുടെ അകമ്പടിയോടെ ചിത്രത്തെ ന്യായീകരിച്ചുകൊണ്ട് കളം നിറഞ്ഞു കളിക്കുന്നു .അതിനെ നോക്കിയിരുന്നുകൊണ്ടു പ്രചോദനം എന്നിലേക്കാവാഹിച്ചെടുക്കവേ ,പെട്ടെന്നാണത് സംഭവിച്ചത് . എന്റെ ഉള്ളിൽ നിന്നും പുറപ്പെട്ട മറ്റൊരു നിഴൽചിത്രം കണ്ണുകളിലൂടെ വെളിയിൽ ചാടി ആ കലണ്ടറിൽ ചെന്നിരിപ്പായി .
ഒട്ടും രസകരമല്ലാത്ത ,പ്രചോദനാത്മകമല്ലാത്ത ഒരു നിഴൽ ചിത്രമായിരുന്നു അത് .നിഴലുകളുടെ ആൾക്കൂട്ടം സമരം ചെയ്യുന്ന അവ്യക്തമായ ഒന്ന് . വെളിച്ചത്തിൽ ആണുങ്ങളെപ്പോലെയും ഇരുട്ടിൻ നിഴലിൽ സ്ത്രീകളെപ്പോലെയും തോന്നിക്കുന്ന നിഴലുകൾ .
കൈകളിൽ പ്ലക്കാര്ഡുകളുടെ നിഴലുകൾ കാണപ്പെട്ടുവെങ്കിലും ഇരുട്ടിൻ ഭാഷ വായിച്ചെടുക്കാൻ കഴിഞ്ഞില്ല .നിഴലുകളുടെ ഉടലടയാളങ്ങൾ അവരുടെ നഗ്നത വെളിവാക്കുന്നുണ്ട് .അതെ,എല്ലാ നിഴലുകളും നഗ്നരാണ് …

കലണ്ടറിലെ നിലവിലെ ചിത്രത്തെ പൂർണമായും പുറന്തള്ളിക്കൊണ്ടവർ അവിടെ സ്ഥാനമുറപ്പിച്ചു .പ്രചോദനം പടികടന്നുപോയതും ഞാനാകെ പരിഭ്രമിച്ചു .ഓഫീസു മുറിയാകെ നിറഞ്ഞു നിന്നിരുന്ന പ്രചോദനങ്ങൾ പോയിക്കഴിഞ്ഞാൽ ഈയിടത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. എന്റെ മുന്നിലെത്തുന്നവർ ഈ നിഴലുകളുടെ ഇരുട്ടിൽ പരിഭ്രമിക്കും. അതിനാൽ അവയെ കണ്ണുകളിലൂടെ തിരിച് ഉള്ളിലെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അവരാരും തിരിച്ചുവരാൻ തയ്യാറായില്ല. നിഴലുകളോട് യുദ്ധം ചെയ്യേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അഭ്യർഥനയിലൂടെയുള്ള എന്റെ തുടക്കത്തിന് കലണ്ടറിലെ മറ്റു പുറങ്ങളിലേക്കും വ്യാപിച്ചുകൊണ്ടാണവർ മറുപടി നൽകിയത് .

‘നീ സ്വപ്നങ്ങളെ പിന്തുടരുന്നവനാണോ ..?’

പൊടുന്നനെ വന്ന ചോദ്യം ഒരു നിഴലിൽ നിന്നായിരുന്നു.

ഒരു നിമിഷം സ്‌തബ്ധനായി , ഓർത്തെടുക്കാൻ കഴിയുന്നില്ല . സ്വപ്നങ്ങൾ ഉണ്ടായിരുന്നു. അതിൽ വ്യാപൃതനായി കിനാക്കൾ കണ്ടിട്ടുണ്ട് ഒരുപാടു തവണ. പക്ഷെ ..പിന്തുടരുക ..എന്നത് …
പിന്നാക്കം പായുന്ന സമയമാപിനി.. യൗവനത്തിലൂടെ ,കൗമാരത്തിലൂടെ കുതിച്ചു ബാല്യത്തിലെത്തിയപ്പോഴേക്കും കിതക്കാൻ തുടങ്ങിയിരുന്നു
പക്ഷെ എവിടെയും സ്വപ്നങ്ങളെ പിന്തുടരാൻ ശ്രമിക്കുന്ന എന്നെ കണ്ടെത്താൻ കഴിയുന്നില്ല .

“ഞാനൊരുപാടുപേരെ സ്വപ്‌നങ്ങൾ പിൻതുടരാൻ പ്രേരിപ്പിച്ചിട്ടുണ്ട് ”
..ഒരു വിധം പറഞ്ഞൊപ്പിച്ചു ..

നിഴലുകളെല്ലാം ആർത്തുചിരിക്കാൻ തുടങ്ങി ..

‘അന്ധൻ പ്രകൃതിസൗന്ദര്യം വർണ്ണിക്കുന്നതുപോലെ ആയിരിക്കണമല്ലോ ആ പ്രേരണകൾ ..ആകട്ടെ നിങ്ങൾ സ്വപ്‌നങ്ങൾ കാണുകയെങ്കിലും ചെയ്തിട്ടുണ്ടോ .?’ ഒരു സ്ത്രീ ശബ്ദമായിരുന്നു നിഴലിടങ്ങളിൽ നിന്നും ഇത്തവണ വന്നത് ..

“എന്റെ നിഴലുകളിൽ എങ്ങനെ സ്ത്രീകൾ കടന്നുവരുന്നു ..” എന്ന മറുചോദ്യം കൊണ്ടാണവയെ നേരിട്ടത് . ഉത്തരം ഇല്ലാത്ത സന്ദർഭങ്ങളിൽ എന്റെ പ്രചോദന ക്ലാസ്സുകളിലും ഞാനീ തന്ത്രമാണ് പ്രയോഗിക്കാറ്‌ പതിവ് .

‘നീ പാതിയും സ്ത്രീയാണെന്ന സത്യം നീയിനിയും മനസ്സിലാക്കാത്തതാണോ അതോ നിന്നിലെ പുരുഷൻ അതംഗീകരിച്ചു തരാൻ തയ്യാറാകാത്തതാണോ .നിന്റെ ചിന്തകളിൽ ,പ്രവർത്തികളിൽ എന്തിന് ..നിന്റെ ചലനങ്ങളിൽ പോലും എത്രയോ തവണ കടന്നു വരുന്നു . നീ പുരുഷനായിരിക്കുന്ന സമയങ്ങൾ തുലോം കുറവാണ്‌. അതൊക്കെ പോട്ടെ ചോദ്യത്തിലേക്ക് വരൂ .സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും ..?’

“കാണാറുണ്ട് പക്ഷേ..”

‘പക്ഷേ … അവ പാതിവഴിയിൽ നിന്നുപോകുന്നു അല്ലേ. വീണ്ടും കാണാൻ ശ്രമിക്കാത്തതെന്തേ ..’

“എന്നെ വിട്ടുപോയവയെ ഞാനെന്തിന് തേടിപ്പിടിക്കണം .എനിക്ക് വേണ്ടിയുള്ളവ എന്നരികിലേക്കു വരികതന്നെ ചെയ്യും .. ”

‘കണ്ടോ കണ്ടോ ..നീ നിന്റെ സ്വപ്നങ്ങളോടുപോലും ആത്മാർത്ഥത കാണിക്കുന്നില്ല . പിന്നെങ്ങനെ മറ്റുള്ളവരോട് കാണിക്കും. നീയൊരു വഞ്ചകനാണ് സുഹൃത്തേ. നിന്റെ വഞ്ചനകൾ തുറന്നുകാട്ടാനാണ് ഞങ്ങളുടെയീ സമരം ..’

ഞാൻ കസേരയിൽ ചാഞ്ഞിരുന്നു . തലേന്നാൾ വന്ന മെയിലുകൾ കുമിഞ്ഞുകൂടി കംപ്യൂട്ടറിനകം ഒരു കൂമ്പാരമായിരിക്കുന്നു. നിഴൽ സമരത്തിൽ നിന്നും രക്ഷപ്പെടാനായി ഞാനാ കൂമ്പാരങ്ങളിൽ നിന്നും കത്തുകളെടുത്തു മറുപടി നൽകുവാൻ തുടങ്ങി. കണ്ണുകൾ അറിയാതെ ഇടതുവശത്തെ നിഴലുകളിലേക്കു നീളുമ്പോൾ മുൾവേലിയുടെ ഇപ്പുറം നിൽക്കുന്ന ഒരു കുഞ്ഞു നിഴലിനെയാണ് കാണുന്നത്. അപ്പുറം വീണ പന്തെടുക്കാൻ ശ്രമിച്ചിട്ടാകണം കുപ്പായം കീറിയിരുന്നു. കയ്യിൽ മുറിവുകൾ ചോരപടർത്തിയിരുന്നു. എങ്കിലും ആ പന്തിനെ കയ്യിലെടുത്തുകൊണ്ടാ നിഴൽ പിന്നിലേക്ക് നടന്നു നീങ്ങി. കലണ്ടറിൽ നിന്നും ചോരത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു ..

‘സമരം അവസാനിപ്പിക്കാറായി …ഞങ്ങൾക്ക് തിരിച്ചു കയറണം . അവസാനമായി ഒരു ചോദ്യം കൂടി .

നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്താണ് ..’

“പ്രിയ ..പ്പെട്ടത്… അങ്ങനെ ചോദിച്ചാൽ ..ഇതൊക്കെ ആലോചിച്ചു പറയേണ്ട കാര്യങ്ങളാണ് .സമയം വേണം …”

എത്ര ആലോചിച്ചാലും കിട്ടില്ല ഹേ… കാരണം ഇനിയും നിങ്ങൾക്കങ്ങനെയൊന്നില്ല എന്നത് തന്നെ. നിങ്ങൾ പോലും നിങ്ങൾക്ക് പ്രിയപ്പെട്ടതല്ല. ഇനി നിങ്ങളെ അനുധാവനം ചെയ്യാൻ ഞങ്ങളില്ല . നിഴലുകളില്ലാതെ മുന്നോട്ടു സഞ്ചരിക്കൂ . പിന്തിരിഞ്ഞു നോക്കാനോ മുന്നോട്ടു നോക്കാനോ തയ്യാറാവാത്ത നിങ്ങൾക്കിനി ഈ ഏറ്റക്കുറച്ചിലുകൾ ആവശ്യമില്ല. വേലിക്കപ്പുറത്തുള്ള പന്തെടുക്കാൻ കുപ്പായത്തേയും കൈകാലുകളെയും മുറിവേൽപ്പിക്കാൻ തയ്യാറായിരുന്ന ബാല്യത്തിൽ നിന്നും നിങ്ങളെത്തി നിൽക്കുന്നതെവിടെയെന്നത് കണ്ടെത്തുക. അതിനിടയിലെങ്ങോ നഷ്ടമായ അസംഖ്യം നിഴലുകളെയും …’

ആരൊക്കെയോ വരുന്ന ശബ്ദം കേൾക്കുന്നു. കലണ്ടർ മേശപ്പുറത്തുനിന്നും എടുത്ത് മേശവലിപ്പിലേക്കിട്ടു. അതിലെ സമര നിഴലുകൾ മാഞ്ഞിരുന്നെങ്കിലും എപ്പോഴും അത് തിരിച്ചു വന്നേക്കുമെന്നു ഞാൻ ഭയന്നു. ടൈ നേരെയാക്കാൻ വേണ്ടി വച്ച കൈ നെഞ്ചിലെ രോമങ്ങളിലാണ് പതിച്ചത്. ഞെട്ടിയത് അപ്പോഴാണ്. ആ നിഴലുകളെപ്പോലെ തികച്ചും നഗ്നനാണ് ഞാൻ !!.
എന്റെ കോട്ടും ഷൂവും ടൈയും എന്തിനേറെ പറയുന്നു ,അടിവസ്ത്രങ്ങൾ പോലും കാണുന്നില്ല. എയർ കണ്ടീഷൻ ചെയ്ത മുറിക്കുള്ളിൽ ഞാൻ വിയർത്തു കുളിച്ചു. എന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്നറിയാനായി ഞാൻ ചുറ്റുപാടും പകച്ചു നോക്കി .

തൊട്ടടുത്ത ഫ്ലാറ്റിൽ ബാൽക്കണിയിൽ നിന്നുകൊണ്ട് ഒരു കൊച്ചു കുട്ടി അവന്റെ പന്തെടുക്കാനായി പാരപ്പെറ്റിൽ കയറാൻ ശ്രമിക്കുന്നു .
അവന്റെ നിഴൽ സന്തോഷത്തോടെ അവനൊപ്പം സഞ്ചരിക്കുന്നു . അവനൊന്നും സംഭവിക്കില്ല എന്ന കാര്യം എനിക്കിപ്പോൾ അറിയാം .അവന്റെ നിഴൽ എന്നെ നോക്കി ചിരിക്കുന്നു .

ചവിട്ടടികൾ അടുത്തടുത്തു വരുന്നത് ഞാനറിഞ്ഞു .
ഞാൻ നഗ്നതയിലേക്കു നോക്കിയിരുന്നു..
എന്റെ ഡോറിൽ മുട്ടുന്നു ..
രണ്ടു നിമിഷം കൊണ്ടവ തുറക്കപ്പെടും …
എന്റെ നഗ്നത വെളിവാക്കപ്പെടും …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English