നിഴൽക്കൂത്തുകൾ

 

അകലെനിന്നെത്തുന്ന കരളുരുകുമൊരു ഗാന-
മതു രാക്കുയിലിന്റെ തേങ്ങലാണോ ?
മൃത്യുവിന്നാത്മനൈവേദ്യമായ്ത്തീർന്ന നിൻ
പ്രാണന്റെയവസാനമൊഴികളാണോ ?

ഇടറുന്നു പാദങ്ങൾ, വ്യഥതന്നെ ഹൃദയത്തി-
ലിരുൾ വന്നുമൂടുന്നു മിഴി രണ്ടിലും.
ഇടനെഞ്ചു തകരുന്നു, കദനങ്ങളുയരുന്നു,
കരിവേഷമാടുന്നു നിഴൽ ചുറ്റുമേ ..

ഇനി വയ്യെനിക്കെന്റെ ഹൃദയം തകർത്തു-
കൊണ്ടോടിയൊളിക്കുവാൻ കൂട്ടുകാരീ.
ഇനി വയ്യെനിക്കു നിന്നോർമ്മകൾക്കൊപ്പമാ
മരണമെത്തുംവരെ കാത്തിരിക്കാൻ .

കാതോരമെത്തില്ല നിൻ പദനിസ്വന്മെങ്കി-
ലെന്തിനായ് പുലരികൾ, സന്ധ്യയുമേ!
കാതോരമെത്തില്ല നിന്മൊഴികളിനിയെങ്കി-
ലെന്നിൽ തുടിപ്പതിനി മൗനങ്ങൾമാത്രമേ !

അമ്മയെത്തേടുന്ന പൈതലിനോടെന്തു
ചൊല്ലേണമെന്നറിയാതുഴലുന്നു ഞാൻ.
ആരിനിയേകിടും സ്നേഹാമൃതങ്ങളാം
പുഞ്ചിരിപ്പൂക്കളും വാത്സല്യതീർത്ഥവും ?

ദുഃഖത്തിടമ്പെൻ ശിരസ്സിൽക്കയറ്റിവച്ചെ-
ങ്ങു പോയെങ്ങുപോയ് പറയാതെ നീ
ദുഃഖങ്ങൾ പെറ്റുപെരുകുമീ വീഥിയിലെ-
ന്നെത്തനിച്ചാക്കിപ്പോയതെന്തിങ്ങനെ ?

കൺമണിക്കുഞ്ഞിനെയാരുറക്കും സഖീ,
ഉമ്മവച്ചുമ്മവച്ചാരൊന്നുണർത്തിടും ?
പാവക്കിടാവിനെ നെഞ്ചോടു ചേർത്തവൻ
അസ്‌പഷ്‌ടമെന്തോ പുലമ്പുന്നു നിദ്രയിൽ.

ഒക്കെയും സ്വപ്നങ്ങളായിരുന്നെങ്കിലെ-
ന്നാശിച്ചുപോകുന്നു കേഴുമ്പൊഴും
എല്ലാം വിധിയെന്ന രണ്ടക്ഷരംതന്നിൽ
ചേർത്തുവയ്ക്കാനും മടിക്കുന്നു മാനസം

കണ്മിഴിച്ചെത്തുന്നൊരോർമ്മകൾക്കൊപ്പമെൻ
കൺപീലി നനയുന്നു ഞാനറിയാതെ
സ്നേഹിച്ചുതീർന്നില്ല, തീരില്ലൊരിക്കലും
പ്രേയസി! നിന്മുഖം പ്രഭതന്നെയെന്നിൽ.
=================================
ശിവരാജൻ കോവിലഴികം,മയ്യനാട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here