ശബരിമലയും തിരഞ്ഞെടുപ്പും


പ്രളയത്തിൽ അതിജീവനത്തിനായി നിലവിളിച്ച മലയാളി എത്ര പെട്ടെന്നാണ്  ശബരിമലക്ക് വേണ്ടി തെരുവിൽ ഇറങ്ങിയത്. പ്രളയം കവർന്നെടുത്ത ജീവനുകളുടെ ഓർമ മായും മുൻപേ പലരുടെയും വേദനകൾ ഒപ്പും മുൻപേ നമ്മുടെ തെരുവുകൾ ഒരു മതാചാരത്തിന്റെ പേരിൽ ചോര തുപ്പി. ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിന് നിർമിച്ചെടുത്ത ഒന്നാണെന്നതിൽ തർക്കമില്ല എങ്കിലും മലയാളിയിൽ എത്ര ആഴത്തിൽ വിശ്വാസം ഓടുന്നു എന്നത്തിന് തെളിവ് കൂടിയായി ഇത്.

2006ൽ ഇന്ത്യൻ യങ്ങു ലോയേഴ്‌സ് അസോസിയേഷൻ 1965ലെ കേരള ഹിന്ദു പ്ലേസസ്സ് ഓഫ് പബ്ലിക് വർഷിപ് നിയമം കൊണ്ടു സംരക്ഷിക്കപ്പെട്ട ഈ നിയമത്തെ ചോദ്യം ചെയ്തു സുപ്രീം കോടതിയിൽ ഹർജിയുമായി എത്തുന്നത്.ഭരണഘടനയിലെ ആർട്ടിക്കിൾ 14 ,സ്ത്രീകളുടെ ആരാധന സംബന്ധിച്ചുള്ള ആർട്ടിക്കിൾ 25 ലെ മത സ്വാതന്ത്ര്യം എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു അത്. ബിജെപി അനുഭാവികൾ തന്നെ ഫയൽ ചെയ്ത ഹർജിയും അതിനുണ്ടായ വിധിയും എല്ലാം കേരളത്തിൽ രാഷ്ട്രീയ അടിത്തറ ഉണ്ടാക്കുന്നതിന്റെ ഭാഗമായിരുന്നു എന്നു കരുതാം. എന്നാൽ കേരളത്തിന്റെ പ്രത്യേക സാംസ്കാരിക പശ്ചാത്തലത്തെ എത്രമാത്രം കണക്കിലെടുത്താണ് ഈ ഒരു തന്ത്രം നടപ്പിലാക്കിയത് എന്നു ചിന്തിക്കേണ്ടി വരും. മറ്റു സംസ്ഥാങ്ങളിലേത് പോലെ ജാതി കാർഡ് ഉപയോഗിച്ചു ഭിന്നിപ്പ് കേരളത്തിൽ പ്രതീക്ഷിച്ചതു പോലെ ഗുണം ചെയ്തില്ല എന്നതാണ് പ്രശ്നങ്ങൾ കെട്ടടങ്ങുമ്പോൾ മനസ്സിലാകുന്നത്. കേരളത്തിൽ അധികാരത്തിൽ ഉള്ള ഇടതുപക്ഷം സംഭവം കൈകാര്യം ചെയ്ത രീതിയും എടുത്തുപറയേണ്ടതാണ്. കോടതി വിധി സ്ത്രീകൾക്ക് അനുകൂലമായതോടെ ആചാരവും നിയമവും തമ്മിലുള്ള ഒരു ബാലബാലമായി ശബരിമല വിഷയം മാറുകയായിരുന്നു. അതിൽ ആചാരം നിയമത്തിന് വിധേയമാകുന്ന കാഴ്ച മലയാളി കണ്ടു.

നിലവിൽ ശബരിമല വിഷയം ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപിക്ക് ഉണ്ടാക്കികൊടുത്ത മൈലേജ് ചില്ലറയല്ല. ഇടതു പക്ഷത്തിന്  പ്രതിപക്ഷം എന്ന നിലയിലേക്ക് കുറച്ചു ദിവസത്തേക്കെങ്കിലും അവർ വളരുന്ന സാഹചര്യം വരെ എത്തി. നിവർത്തിയില്ലാതെ കോൺഗ്രസ് ബിജെപിയുടെ അതേ നിലപാട് എടുത്തു പ്രസക്തമാകാൻ പാടുപെട്ടു. ബിജെപി നേതാക്കളുടെ അറസ്റ്റ് നടന്നപ്പോൾ ഒരു ഫേസ്‍ബുക് യൂസർ പറഞ്ഞത് പോലെ അവർ അവരുടെ സ്ഥാനാർഥികളെ പരിചയപ്പെടുത്തുകയായിരുന്നു എന്നു വേണം കരുതാൻ എന്നാണ്. ശബരിമല വിഷയം കൊണ്ടു നിലവിലെ സർകാരിനുണ്ടായ ലാഭവും ചെറുതല്ല. ശബരിമലയിൽ സ്ത്രീ പ്രവേശനത്തോടെ കേരളത്തിൽ പുതിയ നവോഥാനം ഉണ്ടാകുമെന്ന് അണികളെയും കേരളത്തിലെ ഭൂരിഭാഗം നിക്ഷ്പക്ഷരേയും വിശ്വസിപ്പിക്കാൻ അവർക്കായി. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്കും അതിൽ നവോഥാനത്തിന് നേതൃത്വം നൽകിയ ആളെന്ന പദവിയും കിട്ടി. സർക്കാരിന്റെ അതുവരെ ഉണ്ടായിരുന്ന വിവാദങ്ങളെ അപ്പാടെ മായ്ച്ചു കളയാൻ മാത്രം പോന്ന ഒന്നായി അതു മാറി.

ശബരിമല സ്ത്രീ പ്രവേശനം ബിജെപിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ സഹായകമാകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട ഒന്നാണ്. അതെന്തായാലും ശബരിമലയിൽ കഴിഞ്ഞ ദിവസം മകരജ്യോതി നടന്നു.നേരിയ തോതിൽ തിരക്ക് കുറഞ്ഞെങ്കിലും കാര്യങ്ങൾ പ്രശ്നമില്ലാതെ അവസാനിച്ചു. ബിജെപിയുടെ നിരവധി പ്രവർത്തകർ ജയിലിലുമായി. പ്രളയത്തിൽ നിന്നും കരകയറുന്ന  ഒരു ജനതക്ക് ഇരുട്ടടിയായി ഹർത്താലിൽ പൊതുമുതലിന് ഉണ്ടായ നഷ്ടങ്ങൾ.

യുവതീ പ്രവേശം ഭൂരിപക്ഷം വരുന്ന കേരളത്തിലെ ഹിന്ദു വിഭാഗത്തിനിടയിൽ കാലക്രമേണ പ്രയോഗിച്ചു വോട്ട് ആക്കാം എന്നാണ്  ബിജെപി ലക്ഷ്യം വെക്കുന്നത്. സോഷ്യൽ മീഡയയിലും മറ്റും തീരുമാനത്തോട് യോജിക്കുന്നവരാണ് കൂടുതൽ എങ്കിലും ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഓൺലൈനിലും ഇന്റർനെറ്റിലും ഇല്ലാത്ത നിരവധി വീട്ടമ്മമാരുടെ വോട്ടുകളാണ് പലപ്പോഴും തിരഞ്ഞെടുപ്പുകളുടെ ഭാവി നിർണയിക്കുന്നത്. വിശ്വാസത്തിന് മാത്രമാണ് നൂറ്റാണ്ടുകൾ അതിജീവിച്ച കണക്കുള്ളത്.   ദർശനം നടത്തി  തിരിച്ചെത്തിയ കനക ദുർഗക്ക്   അമ്മായി അമ്മയിൽ നിന്നും നേരിടേണ്ടി വന്ന ആക്രമണം ഇതിനോട് ചേർത്തു വായിക്കണം. അങ്ങനെ ചിന്തിച്ചാൽ ദീർഘ ദൂരത്തിൽ ഇത് ചിലപ്പോൾ ബിജെപിക്ക് ഗുണം ചെയ്തേക്കാം. വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ ആളുകൾ തലച്ചോറിന് പകരം ഹൃദയം കൊണ്ട് ചിന്തിക്കുന്നു എന്നാണല്ലോ പറയാറ്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ ശബരിമല വിഷയം കൂടുതൽ ബാധിച്ചത് മലയാളി മധ്യവർഗത്തെയാണ്. ഉപജീവനത്തിനായി എന്നും ജോലിയെടുക്കേണ്ടവന് ഇത്തരം പ്രശ്നങ്ങൾക്ക് കളയാൻ പലപ്പോഴും സമയം കിട്ടാറുമില്ല.അതേ പോലെതന്നെ മതത്തിൽ നിന്നും മറ്റും ഒരു ആരോഗ്യകരമായ അകലം പാലിക്കുന്ന വലിയൊരു പുതു തലമുറയേയും ഇതു അത്ര സ്വാധീനിച്ചിട്ടില്ല.രണ്ടു തലമുറകൾക്കപ്പുറം ശബരിമല വിഷയം ഒരു കൗതുകം മാത്രമായി അവശേഷിക്കും.മാറ്റങ്ങൾക്ക് അതിന്റെതായ സമയം ആവശ്യമുണ്ട്. അതു വരെ ഇത്തരം ചെറുതും വലുതുമായ  പ്രതിഷേധങ്ങൾ ഉണ്ടായേക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here