1
ഞാനാര് ഞാനാരെന്ന്
സ്വയമെന്നോടാരാഞ്ഞറിഞ്ഞാൽ
താനാര് താനാരെന്ന്
തന്നോട് ചോദിക്കേണ്ട
2
ജലത്തിൽ ജലമയം
തീയിൽ അഗ്നിമയം
മണ്ണിൽ മണ്മയം
ചിത്തിൽ ചിന്മയം
ഉപ്പ് തൊട്ട് കർപ്പൂരം വരെ
മായം
മായാമയം
3
കിടപ്പുമുറിയിൽ
ആൾക്കണ്ണാടി രണ്ടെണ്ണം.
ഒന്നിൽ നോക്കുമ്പോൾ
പിറക്കും മുൻപേയുള്ള
മുഖം തെളിഞ്ഞു വരും.
മറ്റേതിൽ നോക്കുമ്പോൾ
മണ്മറഞ്ഞാലുള്ള
മുഖം തെളിഞ്ഞു വരും.
കണ്ണാടി രണ്ടും
തരിപ്പണമാക്കിയിട്ട്
നോക്കിയാലൊ,
പിറകിൽ മുഖമില്ലാത്ത
ഒരു മൂടി അടർന്നു വീഴും.
4
പിറകോട്ട് പിറകോട്ട്
വച്ചടിച്ചാൽ
മുമ്പും പിമ്പുമില്ലാത്ത
ആ മുനമ്പിലെത്താം
5
ദൈവത്തിന്റെ
സ്വന്തം ഭ്രാന്താലയം
എവിടെയാണ്?
ഉറപ്പായും ആ മുനമ്പിലല്ല
6
പപ്പ കോളിലാ
മമ്മ മാളിലാ
ചേട്ടൻ ചാറ്റിലാ
ഗ്രാൻമ ഇൻസ്റ്റാഗ്രാമിലാ
ഞാനൊ കാറ്റും കോളിലാ…
7
നാട് നന്നാവാൻ
വീട് നന്നാവണം
വീട് നന്നാവാൻ
വിടന്മാർ നന്നാവണം