ഏഴുതിരിവെട്ടം

images

ഹിമാലയ യാത്ര കഴിഞ്ഞുവരുന്ന അരവിന്ദനെ കാത്തിരിക്കുകയാണ് റഷീദും വനജയും.ഇരുവരുടെയും മുഖത്ത് സംഘർഷം മുട്ടിത്തിരിയുന്നു.സാധാരണ ഗ്രാമത്തിലെ വിശ്വഭാരതി വായനശാലയിൽ അരവിന്ദനോടൊപ്പം കൂടുമ്പോഴൊക്കെ റഷീദും വനജയും ഏതെങ്കിലും തർക്കങ്ങളിൽ ഏർപ്പെടുമെന്നത് നിശ്ചയമുള്ള കാര്യമാണ്.അവ സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചാകാം,ദർശന സംബന്ധിയായ കാര്യങ്ങളാകാം,കളമല പള്ളിയിലെ എഴുന്നള്ളത്തിനെ ചൊല്ലി രണ്ടു സമുദായങ്ങൾ തമ്മിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്ന തർക്കത്തെക്കുറിച്ചാകാം.അവരുടെ വർഷങ്ങളായുള്ള പ്രണയം വിജയകരമായി പരിസമാപ്തിയിൽ എത്തിക്കുന്ന കാര്യമൊഴികെ എന്തുമാകാം.കറുകറുത്ത തടിയൻ മേശമേൽ കൈകുത്തിനിന്ന് മന്ദഹസിക്കുമെന്നല്ലാതെ കമിതാക്കളുടെ തർക്കത്തിൽ അരവിന്ദൻ ഇടപെടില്ല.തർക്കങ്ങൾക്കിടയിൽ അനുസ്യൂതം നടക്കുന്ന പിച്ചലുകൾക്കും മാന്തലുകൾക്കും അരവിന്ദൻറെ സാന്നിദ്ധ്യം തടസ്സമാകാറുമില്ല.അരവിന്ദൻ ഒന്നിനും തടസ്സമല്ല.ഒന്നിനും സഹായവുമല്ല. കൂട്ടുകാരെ സംബന്ധിച്ചിടത്തോളം ഒരു ദാർശനിക വൃക്ഷം. ഫലങ്ങൾ വളരെ മുകളിൽ എന്നു മാത്രം. കൗമാരം വിട്ടൊഴിയും മുമ്പേ ആധ്യാത്മികതചിന്തകളുടെ തിരത്തള്ളൽ അനുഭവിക്കുന്ന അയാൾ കൂട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത് ഒരു കാര്യം മാത്രം: “കല്ല്യാണം കഴിഞ്ഞു രണ്ട് കുട്ടികളായാൽ നിങ്ങൾ ഇരുവരും അഖണ്ഡ ബ്രഹ്മചര്യം പാലിക്കണം.”

പരമസത്യം സാക്ഷാത്കരിക്കുവാൻ കഴിയുമെന്ന് അരവിന്ദൻ ഉറച്ചു വിശ്വസിക്കുന്നു.പുരാതനവും നവീനവുമായ പല പന്ഥാക്കളും ഈ വിഷയത്തിൽ അയാൾ സൂക്ഷ്മമായി പഠനവിഷയമാക്കിയിട്ടുണ്ട്.ഇപ്പോഴും പഠനം തുടരുകയും ചെയ്യുന്നു. ദാർശനിക കാര്യങ്ങളിൽ കൗതുകമുള്ള കമിതാക്കളാണ് റഷീദും വനജയും.വനജക്കു ഒരു നെല്ലിട കൂടുതൽവരും താൽപര്യം.റഷീദിനെ സംബന്ധിച്ചിടത്തോളം ആശയപരമായി കമ്പോടുകമ്പ്‌ അരവിന്ദനുമായി അഭിപ്രായ വ്യത്യാസമുണ്ട്.അതേസമയം സാമ്പത്തിക വിഷയത്തിൽ അയാൾക്ക് ഒരു കല്പതരുവാണ് അരവിന്ദൻ. അരവിന്ദന് കുടുംബത്തുനിന്നും പത്തേക്കർ റബ്ബറും അഞ്ചേക്കർ കായ്ഫലമുള്ള പുരയിടവും കിട്ടിയിട്ടുണ്ട്. റഷീദിന് ഇക്കാലം വരെ തൊഴിൽ ഒന്നുമില്ല. നെഞ്ചിടിപ്പോടെ കാത്തിരുന്ന വിസ വന്നെത്തിയിട്ടുണ്ടെങ്കിലും ആഹ്ലാദിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിലാണ്.
എല്ലാ തൊഴിൽ രഹിതരുടെ പ്രണയങ്ങൾക്കും വന്നു ചേരുന്ന പ്രതിസന്ധി ഇവിടെയും വന്നു കൂടി.വനജക്ക് ആലോചനകൾ പെരുകി.ഒരെണ്ണം പക്വം ആവുന്നതിന്റെ അപായ സൂചനകൾ നൽകി.അങ്ങോട്ട് പോയവർക്കും ഇങ്ങോട്ടു വന്നവർക്കും തൃപ്തി. പോരാത്തതിന് റഷീദിന് ഉടനെ കുടുംബഭാരവുമായി ഗൾഫിലേക്ക് പറക്കുകയും വേണം.

തങ്ങളുടെ പ്രണയത്തെക്കുറിച്ച് റഷീദും വനജയും ആശങ്ക എന്നും വെച്ചു പുലർത്തിയിരുന്നു.മതം രണ്ട്,ഇരുവരുടെയും സമുദായങ്ങൾ തമ്മിൽ നാട്ടിൽ നിലനിൽക്കുന്ന അകൽച്ച, റഷീദിൻറെ സാമ്പത്തികമായ പരാധീനത ഒക്കെ ചേർന്ന് പ്രണയം അനിവാര്യമായും വിരഹത്തിലേക്ക് നീങ്ങുമെന്ന് ഇരുവരും സ്വകാര്യമായി ഭയപ്പെട്ടിരുന്നു.വേർപാടിനെ പറ്റിയുള്ള ചിന്തകൾ ഇരുവരും മനസ്സിൽ നിന്ന് മാറ്റി നിറുത്തിയിരുന്നു എന്നുമാത്രം.
ഒരു തവണ റഷീദ് അരവിന്ദനോട് തൻറെ ഉത്കണ്ഠ പങ്കുവച്ചിരുന്നു.അരവിന്ദൻ പറഞ്ഞത് ഇത്രമാത്രം:”നടക്കേണ്ടതെന്തോ അത് നടക്കും.നാം അതേക്കുറിച്ചു വേവലാതിപ്പെടുന്നതിൽ അർത്ഥമില്ല.”അതിസാധാരണമായ ഒരു പ്രസ്താവമാണെങ്കിലും റഷീദിന് ധനാത്മകമായ ഒരു മാനസിക നില അത് നൽകി എന്നതാണ് വാസ്തവം.

തട്ടമിട്ട് റഷീദിൻറെ വീട്ടിൽ നിൽക്കുന്നത് വനജയും ഭാവന ചെയ്യും.നേരിയ നൊമ്പരം അപ്പോൾ മനസ്സിൽ നിറയും.റഷീദിന് ആ സാഹസമെടുക്കാനുള്ള ധൈര്യമില്ലെന്ന് അവൾക്കറിയാം. അതുകൊണ്ടുതന്നെ ഭാവനയിൽ നിന്ന് വേഗം പിന്തിരിയും. വിവാഹജീവിതമേ വേണ്ടെന്ന് വെക്കുന്നത് വനജ ആലോചിച്ചു.ആ ചിന്ത മനസ്സിൽ സ്വാതന്ത്ര്യത്തിൻറെ കുളിർമ നിറച്ചു.പക്ഷെ അനുജത്തിയുടെ വിവാഹത്തെ അത് ബാധിക്കുമല്ലോ എന്നോർത്ത് ഖേദിച്ചു.ഒടുവിൽ വീട്ടുകാരുടെ തീരുമാനത്തിന് വഴങ്ങാൻ തീരുമാനിച്ചു.ഇന്നോടെ റഷീദുമായുള്ള ബന്ധം അവസാനിപ്പിക്കണം.അയാളെ കണ്ട് തീരുമാനം അറിയിക്കണം.വനജ പുറപ്പെട്ടു.

വായനശാലയുടെ ഹാളിൽ റഷീദ് വെരുകിനെ പോലെ നടക്കുന്നുണ്ടായിരുന്നു.വനജ ഒരു ബെഞ്ചിലിരുന്ന് മേശമേൽ കൈമുട്ടു കുത്തി അയാളെ നോക്കി ഇരുന്നു. റഷീദ് നടത്തം നിറുത്തി വനജയെ ഉറ്റുനോക്കി.പിന്നീട് അവൾക്ക് അഭിമുഖമായി വന്നിരുന്നു.
“ഞാൻ ഒരു അഭിപ്രായം പറഞ്ഞാൽ നീ എന്നെന്നേക്കുമായി എന്നെ വെറുക്കുമോ എന്ന് എനിക്ക് ഭയം.”വനജ മുഖം ഉയർത്തി അയാളെ പകച്ചു നോക്കി.അയാൾ തുടർന്നു : ” അത്രയും പ്രയാസം ഉണ്ടാക്കുന്ന ഒരു കാര്യമാണ് എനിക്ക്‌ പറയാനുള്ളത്” .ഇരുവരും അൽപനേരം ഒന്നും മിണ്ടിയില്ല.വനജ സ്വന്തം തീരുമാനം അറിയിക്കുന്നതിന്റെ ധർമ്മസങ്കടത്തിൽ ആയിരുന്നതിനാൽ അയാൾ പറഞ്ഞതിന് വലിയ മനസ്സു കൊടുത്തില്ല. എന്നാൽ തുടർന്ന് അയാൾ പറഞ്ഞത് കേട്ട് അവൾ നടുങ്ങിപ്പോയി. “നീ അരവിന്ദനെ വിവാഹം കഴിക്കുമോ?”
“എന്തിന്?”

റഷീദ് നിശ്ശബ്ദനായിരുന്നു.വനജയെ മനസ്സിൽ നിന്ന് മാറ്റി നിറുത്തുവാൻ അയാളും രണ്ടുമൂന്നു ദിവസങ്ങളായി ശ്രമിക്കുന്നു.അത് സാധ്യമാകില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ അയാളുടെ മനസ്സ് ഭ്രാന്തൻ വേഗത്തിൽ ഉപായങ്ങൾ തേടാൻ തുടങ്ങി. പൊടുന്നനെയാണ് അരവിന്ദന്റേയും വനജയുടെയും വിവാഹം എന്ന ആശയം അയാൾക്ക് തോന്നിയത്.അതിൻറെ പരിഹാസ്യതയിൽ അയാൾ പുളഞ്ഞു.അങ്ങനെ ഒരു ആശയം മനസ്സിൽ നിലനിറുത്തിയതിന് അയാൾ സ്വയം ശപിച്ചു. പിന്നീട് മറ്റുപായങ്ങളൊന്നും തോന്നാതെയായപ്പോൾ വീണ്ടും ദയനീയമായി അതിലേക്ക് തന്നെ വന്നു.പിറ്റേന്ന് അയാൾക്ക് പനിച്ചു.
“നിന്നെ വല്ലപ്പോഴുമെങ്കിലും വന്നുകാണാമല്ലൊ.പിന്നെ അല്പം സമയം, അതാണല്ലോ ഇപ്പോഴത്തെ പ്രശ്‍നം.അതും കിട്ടും.പിന്നെ എന്നെങ്കിലും കാര്യങ്ങൾ അനുകൂലമായാൽ……..”
തിരിഞ്ഞുനിന്നു റഷീദ് അത് പറയുമ്പോൾ വനജ കാത് പൊത്തിയിരുന്നു.എങ്കിലും പൂർണ്ണ ഏകാഗ്രതയിൽ സകലതും കേട്ടു.പിന്നെ ഒന്നും മിണ്ടാതെ വായനശാലയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു. എങ്കിലും പിറ്റേന്ന് കൺകോണിൽ അശ്രു നിറച്ചു
ചോദിച്ചത് ഇങ്ങനെ :”അരവിന്ദേട്ടൻ സമ്മതിക്കുമോ?” അവർക്ക് ആ വിഷയം തുടർന്ന് സംസാരിക്കാൻ പ്രയാസമുണ്ടായെങ്കിലും അവരുടെ കണ്ണുകൾ ആ ജോലി ഏറ്റെടുത്തു.ഭൂമിയിൽ തങ്ങളുള്ള കാലം പരസ്പരം കണ്ടു ജീവിക്കണം.അതിന് എന്തും ചെയ്യണം.അരവിന്ദൻറെ ജീവിതം വച്ചാണ് തങ്ങൾ കളിക്കുന്നതെന്ന് ഇരുവരും ഓർക്കാതിരുന്നില്ല.വിശേഷിച്ചും അയാളുടെ സത്യാന്വേഷണവുമായി ബന്ധപ്പെട്ട ഇന്ദ്രിയ നിഗ്രഹം അപകടത്തിലാവുന്ന വിഷയം കൂടിയാണ്. ഇനി അരവിന്ദൻറെ സമ്മതം കിട്ടുന്നതും സാധ്യത കുറവുള്ള കാര്യമാണ്.ഏതു കാര്യവും അയാളോട് അവതരിപ്പിക്കാം.കണ്ണാടി പോലെ ആണ് അയാളുടെ മനസ്സ്.നീരസമോ പരിഭവം പോലുമോ ഉണ്ടാകില്ല.തങ്ങളുടെ ആവശ്യം നിരാകരിച്ചാലും അത് വാക്കാലാകില്ല.സുദീർഘമായ മൗനം കൊണ്ടാകും.

അരവിന്ദൻ വന്നു ചേർന്നു.കമിതാക്കൾ മിണ്ടാതിരുന്നപ്പോൾ അയാൾ യാത്രാവിശേഷം പറഞ്ഞു തുടങ്ങി.ബുദ്ധഗയയിൽ പോയ കാര്യമാണ് ഏറെ പറഞ്ഞത്.തുടർന്ന് ബുദ്ധൻറെ കരുണയെ കുറിച്ചും.ആട്ടിൻ കുട്ടിക്ക് പകരം സ്വയം ബലിപീഠത്തിൽ കയറിയ കാര്യം പറഞ്ഞ് അയാൾ മൗനിയായി.റഷീദ് മെല്ലെ പറഞ്ഞു “അതുപോലൊരു ത്യാഗം നിന്നിൽ നിന്ന് ഞങ്ങൾ തേടുന്നു അരവിന്ദാ.” കാര്യങ്ങൾ വിശദീകരിക്കപ്പെട്ടു.അരവിന്ദൻ വനജയെ നോക്കി.മുഖം കുനിച്ചു് ഇരിക്കുകയാണ്. ദീർഘമായ മൗനത്തിലേക്ക് അയാൾ പ്രവേശിച്ചു.മറ്റു രണ്ടു പേർക്കും ആ മൗനത്തിൻറെ അർത്ഥം അറിയാം.ഒടുവിൽ അയാൾ പറഞ്ഞു:” എനിക്ക് വിവാഹം കഴിക്കുന്നതുംകഴിക്കാത്തതും ഒരു പോലേ ഉള്ളു.നിങ്ങൾക്ക് പ്രയാസമുണ്ടാകരുതെന്നു മാത്രം.”

വനജ അന്നു രാത്രി അമ്മയോട് ‘പ്രണയരഹസ്യം’ അറിയിച്ചു.അച്ഛൻ ചൊടിച്ചു.”ആ സന്ന്യാസിയോ!നടക്കില്ല”.അമ്മ പക്ഷെ ആലോചനയിൽ ഗുണം കണ്ടു.”കാശ് ഉള്ള തറവാടാണ്.കൊച്ച് കണ്ണും വെട്ടത്ത് കാണുകേം ചെയ്യുമല്ലോ.”സ്ത്രീധനം ഒഴിവാക്കുന്നത് അച്ഛനെയും പ്രചോദിപ്പിച്ചു.

അരവിന്ദൻറെ വീട്ടിൽ കല്യാണക്കാര്യം ഒരു അത്താഴത്തിൻറെ ദൈർഘ്യത്തിനുള്ളിൽ അവതരിപ്പിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയുമായി.അമ്മ സന്തോഷത്തിൻറെ അശ്രു തുടച്ചപ്പോൾ നിത്യകന്യകയായ ജ്യേഷ്ഠത്തി ദേവയാനി മന്ദഹാസം കൊണ്ട്സമ്മതം അറിയിച്ചിട്ട് പുറത്തിറങ്ങി.തൊഴുത്തിലെത്തി പശുവിന് രണ്ടുപിടി വൈക്കോൽ കൂടി ഇട്ടുകൊടുത്ത്തലോടുക മാത്രം ചെയ്തു.

കല്യാണത്തിന്റെ തലേദിവസം പന്തലിൽ പ്രത്യക്ഷപ്പെട്ട് ചുറുചുറുക്കോടെ ജോലി ചെയ്യുന്ന യുവാവിനെ വനജയുടെ അച്ഛൻ ശിവരാമനും അമ്മ ശാരദയും മതിപ്പോടെ ശ്രദ്ധിച്ചു.”അതാരാ?” ശാരദ ചോദിച്ചു.”കന്നിമലയിലുള്ള ഒരു മുസ്‌ലീം പയ്യനാ.നമ്മുടെ സന്ന്യാസിയുടെ കൂട്ടുകാരൻ”. ശിവരാമന് അരവിന്ദനെ ഇപ്പോഴും തൃപ്തിയായിട്ടില്ലെന്നത് ശാരദയെ ചൊടിപ്പിച്ചു. “നമുക്കീ ബന്ധത്തിന് യോഗ്യതയുണ്ടോ എന്ന് ചിന്തിക്കണം.ഏക്കറു കണക്കിന് ഭൂമി ഉള്ളവനാണ്”. “എന്നാലും ഇരുനൂറു വയസ്സ് പ്രായമുള്ളതു പോലെയാ നടപ്പും സംസാരവും.”,ശിവരാമൻ അവസാന വാക്ക് പറയാൻ ശ്രമിച്ചു.മൂന്ന് കുട്ടികളെ സൃഷ്ടിച്ചു എന്നതൊഴിച്ചാൽ ഭൂമിക്കു മുകളിൽ മറ്റൊരു മുദ്രയും ചാർത്താത്ത ആളാണ് തൻറെ ഭർത്താവെന്ന് ശാരദ ഞെട്ടലോടെ ഓർത്തു.അവർ എഴുന്നേറ്റു പോയി.

കല്ല്യാണ ദിവസം വൈകിട്ട് വീട്ടിലെത്തി സജീവമായ യുവാവിനെ ദേവയാനിക്കും പരിചയമുണ്ടായിരുന്നില്ല.”മണിയറയിൽ ചെക്കൻറേം പെണ്ണിൻറേം ഒപ്പം കേറിയിരിക്കുന്ന ആൾ ആര്?” എന്ന് മുൻശുണ്‍ഠിയുള്ള അമ്മാവൻ രാമദാസൻ ആക്രോശിച്ചപ്പോഴാകട്ടെ ദേവയാനി നേരെ തൊഴുത്തിലോട്ട് വച്ചു പിടിക്കുകയാണ് ഉണ്ടായത്.
മണിയറയിൽ അതേ സമയം ഗഹനമായ യോഗാത്മക തത്വങ്ങൾ ചർച്ച ചെയ്യപ്പെട്ടു.അരവിന്ദൻ അസാധാരണമാം വിധം പ്രചോദിതനായി കാണപ്പെട്ടു. ശരീരത്തിലെ ഗുപ്ത ശക്തികളെ ഉണർത്തിയാൽ മാത്രമേ ഗൂഢമായ സത്യം തെളിഞ്ഞു വരികയുള്ളു.അതിന് അഖണ്ഡ ബ്രഹ്മചര്യം ഒഴിച്ചുകൂടാനാവാത്തതാണ്. “ഞാനത് നിങ്ങളോട് വീണ്ടും പറയുന്നു”.റഷീദിന് ആഴത്തിൽ ശാന്തി അനുഭവപ്പെട്ടു.പിരിയാൻ നേരം അയാളും വനജയും പരസ്പരം നോക്കി നിന്നു.വനജ തലയാട്ടിയതോടെ അയാൾ ശാന്തനായി പുറത്തിറങ്ങി.രാമദാസൻറെ ശകാരം അവഗണിച്ച് ബൈക്കിൽ കയറി പോയി.
പ്രഥമ രാത്രിയുടെ ആദ്യ പാദത്തിൽ വനജ ഉത്കണ്ഠാകുലയായി സംസാരിച്ചുകൊണ്ടേയിരുന്നത് റഷീദിൻറെ രണ്ടു ദിവസം കഴിഞ്ഞുള്ള ഗൾഫ് യാത്രയെക്കുറിച്ചാണ്.പ്രപഞ്ചത്തിൽ നടക്കുന്നതെല്ലാം മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണെന്ന് അരവിന്ദൻ ഖണ്ഡിതമായി അഭിപ്രായപ്പെട്ടു.വ്യാകുലതക്ക് സ്ഥാനമില്ല.അരവിന്ദൻ ദീർഘമൗനത്തിലേക്ക് നീങ്ങിയപ്പോൾ വനജ നിസ്സഹായയെന്നപോൽ മണിയറ നോക്കിക്കണ്ടു.ലളിതമായി ഒരുക്കിയിരിക്കുന്നു.ദേവയാനിയാകണം.അരവിന്ദനെ ഒരിക്കൽ കൂടി നോക്കിയപ്പോൾ വിചിത്രമായ ഒരു സുരക്ഷിതത്വ ബോധം പൊടുന്നനെ വനജക്ക് അനുഭവപ്പെട്ടു.ഒരു ബെഡ്ഷീറ്റ് എടുത്ത് അവൾ നിലത്തു വിരിച്ചു കിടന്നത് അരവിന്ദൻ ചിന്താധീനനായി നോക്കിയിരുന്നു.

II
ദീർഘപാദനായ ഷെയ്ഖ് അൽ ഖാലിദിൻറെ മുൻപിൽ റഷീദ് ഈയാംപാറ്റയെ പോലെ വിറച്ചു നിന്നു.തേജസ്വിയായ ആ യുവ അറബി റഷീദിനെ ജോലിസ്ഥലത്തേക്ക് സ്വയം കൊണ്ടുപോയി.തീപ്പെട്ടികൾ അടുക്കി വെക്കുന്നപോലെ വന്നും പോയും ഇരിക്കുന്ന വാഹനങ്ങളെ ക്രമീകരിക്കുക എന്നതാണ് ജോലി.ഏഴെട്ട് ദിനരാത്രങ്ങൾ കഴിഞ്ഞു കിട്ടിയ ഒരു ഇടവേളയിൽ റഷീദ് ഒരു കാര്യം ശ്രദ്ധിച്ചു ,ചിന്തകൾ ജീവിതത്തിൻറെ ആധാരമാണെന്നൊക്കെ പറയുന്നത് വെറുതെയാണ്.കഴിഞ്ഞ ഒരാഴ്ചയായി താൻ ചിന്തിച്ചിട്ടേയില്ല.അറബി തന്നിൽ പ്രീതനാണെന്നും അയാൾ മനസ്സിലാക്കി.ഷെയ്‌ഖിൻറെ പേഴ്‌സണൽ സ്റ്റാഫിലേക്ക് മാറ്റം കിട്ടിയ ദിവസം തന്നെയാണ് വനജയുടെ കത്തും കിട്ടുന്നത്.നിറയെ വ്യാകുലത നിറഞ്ഞ അന്വേഷണങ്ങൾ മാത്രം.കത്തിനൊടുവിൽ അരവിന്ദൻറെ രണ്ടുവരി സന്ദേശവും:’മനസ്സിനെ ചാഞ്ചല്യമില്ലാത്ത ദീപം കണക്കെ സൂക്ഷിക്കുക.എല്ലാം നല്ലതിനാണെന്നറിയുക.’ ആഴ്ചയിൽ ഒന്ന് വീതം കത്തുകൾ വന്നത് അയാളെ സന്തുഷ്ടനാക്കി. ഷെയ്‌ഖിൻറെ മനസ്സാക്ഷി റഷീദ് പോക്കറ്റിലിട്ട് നടക്കുന്ന നാളുകൾ പിന്നാലെ വന്നു.റഷീദിന് ഇപ്പോൾ രാജകുടുംബാഗം ആയ ഷെയ്‌ഖിൻറെ മനസ്സാക്ഷിയെ തലോടാം,വേണമെങ്കിൽ മെല്ലെ നുള്ളി നോവിക്കുക പോലും ആകാം.

ഗൾഫിലെ സൂര്യൻ റഷീദിനെ നോക്കി അല്പം മതിപ്പോടെ പുഞ്ചിരി പൊഴിച്ചു തുടങ്ങിയ നാളുകളിലൊന്നിലാണ് സ്വകാര്യ ഖജനാവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അയാളെ ഏൽപ്പിച്ച് ഷെയ്ഖ് ഖാലിദ് ദീർഘയാത്ര പോയത്.വാണിജ്യപ്രതിഭ എന്നൊക്കെ വിശേഷിക്കപ്പെടുന്ന ഷെയ്ഖ് തന്നെ ഇത്രകണ്ട് വിശ്വസിക്കുന്നതിൽ അയാൾ അഭിമാനിച്ചു. വനജക്കും വീട്ടിലേക്കും വിശദമായി ഇനി കത്തെഴുതാം.വീട്ടിലേക്കുള്ളത് കഴിഞ്ഞപ്പോഴാണ് അയാൾ ശ്രദ്ധിക്കുന്നത്,വനജയുടെ കത്തുകൾ രണ്ട് മാസങ്ങളായിട്ട് വന്നിട്ടില്ല.മനുഷ്യശരീരം അമർന്നാൽ പാതാളത്തോളം പതിഞ്ഞു താഴുന്ന സോഫയിലിരുന്ന് ഒന്നുകൂടി ആലോചിച്ചെടുത്തു.കത്തുകളുടെ ഇടവേള കൂടുന്നുണ്ടായിരുന്നു,വലിപ്പം കുറയുന്നുണ്ടായിരുന്നു,അവയിൽ വനജയുടെ ലിഖിതങ്ങൾ മാത്രമായി തീർന്നിരുന്നു.’അപ്പോൾ എല്ലാം അങ്ങനെ തന്നെ ആയി തീർന്നിരിക്കുന്നു.’,അയാളുടെ മനസ്സ് മന്ത്രിച്ചു.അയാളെ വിസ്മയിപ്പിച്ചത് മറ്റൊന്നാണ്.പുതിയ തിരിച്ചറിവിലും താൻ നിസ്സംഗനാണ്.തൻറെ ഉള്ളിലിരുന്ന് താനറിയാതെ ആരോ എന്തൊക്കയോ കണക്കുകൂട്ടുന്നുണ്ടായിരുന്നു.ആ അറിവ് അയാളെ ലജ്ജിതനാക്കി.

ഉല്ലാസത്തിമിർപ്പോടെ ഷെയ്‌ഖും സംഘവും മടങ്ങിയെത്തിയപ്പോഴും റഷീദ് ധാർമികതയുടെ കറുപ്പും വെളുപ്പും കലർന്ന കള്ളികളിൽ പിടയുകയായിരുന്നു.തനിക്ക് വനജയെ അവളുടെ വഴിക്ക് വിടാമായിരുന്നു എന്ന് ഒരിക്കൽ തോന്നും.അനുരൂപനായ ഭർത്താവുമൊത്ത് അവൾ ജീവിച്ചേനെ.പിന്നീട് തോന്നും അവൾ ഒരു സാധാരണ പെണ്ണല്ല.ദാർശനികാഭിമുഖ്യം നല്ലവണ്ണമുണ്ട്.സ്വാതന്ത്ര്യകാംക്ഷയുമുണ്ട്.അത് കൂടെക്കൂടെ സൂചിപ്പിച്ചിട്ടുണ്ട്.അപ്പോൾ അരവിന്ദനൊപ്പം വലിയ ബുദ്ധിമുട്ടില്ലാതെ അവൾക്ക് കഴിയാം.അരവിന്ദനെ കുറിച്ചാണ് കുറ്റബോധം തോന്നേണ്ടത്.
ഏതാണ് ശരി? എന്താണ് ചെയ്യേണ്ടത്?മനസ്സിന് ഒരു വ്യക്തത കിട്ടാൻ വേണ്ടി ഷെയ്‌ഖിനോട് എല്ലാം പറയാൻ തീരുമാനിച്ചു.ഇന്നുവരെ ഈ വിഷയവുമായി ബന്ധമില്ലാത്ത ഒരാളിനോട് ഇക്കാര്യം സംസാരിച്ചിട്ടില്ല.അത് പിശകായിപ്പോയി.അകലെ നിന്ന് കാണുന്ന ഒരാൾ നൽകുന്ന ഉപദേശം കൃത്യമായിരിക്കും.അയാൾ പക്വമതി ആയിരിക്കണമെന്ന് മാത്രം.ഷെയ്ഖ് എല്ലാം സാകൂതം കേട്ടു.പിന്നീട് ചിന്താധീനനായി.ഒടുവിൽ എഴുന്നേറ്റ് ലെറ്റർഹെഡിൽ എന്തോ എഴുതി റഷീദിൻറെ കൈയിൽ കൊടുത്ത് പുറത്തേക്കു പോയി. പിരിച്ചുവിടൽ കത്ത്! ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.പതുക്കെ കാര്യങ്ങൾ മനസ്സിലായി.ഷെയ്ഖ് സമ്പൂർണ്ണമായും പ്രൊഫഷണൽ ആണ്. താൻ പറഞ്ഞുകൊടുത്തത് തൻറെ ബയോഡേറ്റ തന്നെയാണ്. നിർണ്ണായക സമയത്ത് താൻ തീരുമാനമെടുക്കുന്നത് എങ്ങനെ എന്ന് ഷെയ്ഖ് ഊഹിച്ചെടുത്തു. കുണ്ഠിതപ്പെടേണ്ട കാര്യമൊന്നുമില്ല. കന്നിമലയിൽ നായയെ കല്ലെറിഞ്ഞു നടന്ന ആളല്ല താനിന്ന്. ലോകം കണ്ടവനാണ്. പ്രാപ്തി നേടിയവനാണ്.
III
റഷീദ് മുന്നിലെത്തിയപ്പോൾ അരവിന്ദൻ പൂമുഖത്തിട്ട ചാരുകസേരയിൽ നാൽപ്പത് വാട്ട് ബൾബിൻറെ വെളിച്ചത്തിൽ വായനയിലായിരുന്നു.അല്പം മുമ്പ് കണ്ടുപിരിഞ്ഞ ആളിനോടെന്ന പോലെ ലഘുവായി മന്ദഹസിച്ച് പുസ്തകത്തിൽ നിന്ന് ഒരു ഭാഗം ചൂണ്ടിക്കാണിച്ചു.ഗൃഹസ്ഥ ധർമ്മവും സന്ന്യാസധർമ്മവും തമ്മിലുള്ള വ്യത്യാസങ്ങളാണ്. അതു ശ്രദ്ധിക്കാതെ റഷീദ് അരവിന്ദനെ ആപാദചൂഢം നോക്കി.അയാളുടെ ശരീരത്തിന് മുന്പില്ലാതിരുന്ന ഒരു ലൗകിക ലക്ഷണം റഷീദിന് തോന്നി.ഒന്നു മടിച്ചു നിന്നശേഷം അയാൾ വീടിനുള്ളിൽ പ്രവേശിച്ചു. ഏഴ് തിരിയിട്ട വിളക്ക് ഒരു പീഠത്തിൽ വച്ചു വനജ നിൽക്കുന്നു.ഒന്ന് വിസ്മയിച്ച ശേഷം അവൾ അയാളെ നോക്കി പുഞ്ചിരി പൊഴിച്ചു നിന്നു.റഷീദും വിസ്മയിച്ചു.ഇത്ര പ്രസന്നയായി വനജയെ അയാൾ കണ്ടിട്ടില്ല.അസാധാരണമായ സംതൃപ്തിയും ശാന്തിയും അവളുടെ മുഖത്ത്.ഒരു മുൻവിചാരവും കൂടാതെ അയാൾ ചോദിച്ചു: “നമുക്ക് പോകണ്ടേ?”.ചോദിച്ച ഉടനെ അയാൾ ഭയന്നു പോകുകയും ചെയ്തു.വനജയുടെ നയനങ്ങൾക്ക് കൂടുതൽ ആഴം കൈവന്നു. “ദേഹമാണോ ദേഹിയാണോ പോകേണ്ടത്?”,അവൾ ചോദിച്ചു.റഷീദ് പകച്ച് വനജയെ നോക്കി.ഇത് അസാധാരണമാണ്.ഈ രീതിയിൽ അവൾ സംസാരിക്കാറില്ല.ഗൗരവമായി തന്നെ ചോദിച്ചതാണെന്ന് അയാൾ മനസ്സിലാക്കി.ഏഴുതിരിവെട്ടത്തിൽ അലൗകിക പ്രഭയോടെ വനജ നിൽക്കുകയാണെന്ന് അയാൾ കണ്ടു. റഷീദ് അവളെ സൂക്ഷിച്ചു നോക്കി.മുഖത്തു നീർഛായയുണ്ട്.കൂടുതൽ ഒന്നും ചോദിക്കാതെ മുറിയിൽ നിന്ന് പുറത്തു കടക്കുമ്പോൾ ഹൃദയത്തിൽ നൊമ്പരത്തോടൊപ്പം ആശ്വാസവും തുടിക്കുന്നത് അയാൾക്ക് അനുഭവപ്പെട്ടു.

അരവിന്ദൻ ഏകാഗ്രമായ പഠനത്തിൽ തന്നെ ആയിരുന്നു.റഷീദ് പുറത്തു വന്ന് അയാളുടെ അടുത്ത് നിന്നു. റഷീദിനെ കണ്ടപ്പോൾ അയാൾ വീണ്ടും പുസ്തകം നീട്ടിക്കാണിച്ചു. ” ജനക മഹാരാജാവ് പറയുന്നത് ശ്രദ്ധിക്കൂ.കളത്രപുത്രാദികളോടുള്ള ധർമ്മം പാലിക്കുന്നത് ഒരുവന് പരമപദ പ്രാപ്തി നേടിക്കൊടുക്കുന്നു.ആശ്ചര്യമായിരുന്നു,അല്ലെ?”.
ഇത് പറഞ്ഞ് അയാൾ ശിശുവിനെ പോലെ മന്ദഹസിച്ചു.
“വനജക്ക് ജനിക്കാൻ പോകുന്നത് പെൺകുട്ടിയായിരിക്കുമെന്ന് എൻറെ മനസ്സ് പറയുന്നു.”,റഷീദ് അയാളുടെ കണ്ണിൽ ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു. അയാളുടെ സ്വരത്തിൽ നേരിയ പകയുണ്ടായിരുന്നു.
“എന്തുമാകട്ടെ! ഓരോരുത്തരുടെയും കർമ്മഗതി അനുസരിച്ചാണ് ഓരോരോ അനുഭവങ്ങൾ വരുന്നത്. ജനനവും മരണവും എല്ലാം. നമ്മൾ അതേക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല “. ഇത് പറഞ്ഞ് അയാൾ മൗനത്തിൽ പ്രവേശിച്ചപ്പോൾ റഷീദ് അയാളെ കുറേനേരം നോക്കി നിന്നു.പിന്നീട് പുറത്തേക്ക് ഇറങ്ങി ചിന്താധീനനായി മെല്ലെ നടന്നു. അയാൾക്ക് ഇനി വേണ്ടത് ഒരു ജോലി ആണ്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here