കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കുടുംബവീട്ടിലേക്കുള്ള ആദ്യത്തെ യാത്ര ആണ്. പ്രത്യേക സാഹചര്യങ്ങളാൽ ഞങ്ങളുടേത് ഒരു രജിസ്റ്റർ വിവാഹം ആയിരുന്നു. അതിനാൽ ഇതുവരെയും ബന്ധുക്കൾ ആരെയും പരിചയപ്പെട്ടിട്ടില്ല. മനസ്സിൽ ഒരു ചെറിയ അങ്കലാപ്പില്ലാതെ ഇല്ല. ഞങ്ങൾ രണ്ടാളും വളരെ വ്യത്യസ്തമായ ജീവിത പശ്ചാത്തലം, സംസ്കാരം, ഭാഷ, ചുറ്റുപാടുകളിൽ നിന്നാണ്. ഭർത്താവും സ്നേഹമതി ആയ അമ്മായിയമ്മയും കൂടെ ഉള്ള ധൈര്യത്തിലാണ് ഞാൻ. തമിഴ്‌നാട്ടിലെ ചെറിയ ഒരു പട്ടണമായ കുംഭകോണത്തിൽ നിന്നും ഉദ്ദേശം നാൽപതു കിലോമീറ്റര്‍ ദൂരെയാണ് മണ്ണാർകുടി എന്ന ഗ്രാമം. ഭർത്താവിന്റെ അച്ഛന്റെ സ്ഥലം. ഭർത്താവിന്റെ അച്ഛന്റെ മരണശേഷം തറവാടു മായുള്ള ബന്ധം കുടുംബത്തിൽ നടക്കുന്ന വിശേഷങ്ങളിൽ പങ്കടുക്കുന്നതിൽ ഒതുങ്ങി നിന്നിരുന്നു എന്ന് ‘അമ്മ പറഞ്ഞു അറിയാമായിരുന്നു. അച്ഛന്റെ ‘അമ്മ, രണ്ടു ചേട്ടന്മാർ, അവരുടെ വലിയ കുടുംബങ്ങൾ ആണ് ഇന്ന് കുടുംബവീട്ടിൽ താമസം. ഭർത്താവിന്റെ ഒരേ ഒരു അമ്മായിയും കുടുംബവും അടുത്ത് തന്നെ ഉണ്ട്. പുതിയ മരുമകളെ വീട്ടിലുള്ളവരെ കാണിക്കാനുള്ള ആഹ്ലാദത്തിൽ ആണ് എന്റെ അമ്മായിഅമ്മ..
റോഡിന്റെ രണ്ടു വശങ്ങളിലും കൊയ്യാറായ നെല്ല്. കൃഷി കണ്ണുതട്ടാതിരിക്കാൻ മനുഷ്യനെ പോലെയുള്ള ഒരു നോക്കുകുത്തി പാടത്തിന്റെ നടുവിൽ. വെറുതെയല്ല തമിഴ്നാടിന്റെ നിലവറ എന്ന പേര് തഞ്ചാവൂർ ജില്ലക്ക് വന്നത്. പാടത്തിന്റെ അരികുകളിൽ പല തരം പച്ചക്കറി കൃഷികൾ. കേരളത്തിൽ ആന്നെന്നു തോന്നിക്കും ഈ സ്ഥലം കണ്ടാൽ. കേച്ചേരിയിലെ അമ്മയുടെ വീട് പോലെ. കേച്ചേരിയിലേക്കു മനസ് വഴുതി വീണു.
വലിയമ്മയുടെ മകളുടെ കല്യാണത്തിനാണ് അവസാനമായി അവിടെ പോയത്. ആറു വര്‍ഷം മുൻപ്. അപ്പനും അമ്മയും എന്നെക്കാളും രണ്ടു വയസ്സിനു താഴെ ഉള്ള അനിയത്തിയും കൂടെ ഉണ്ടായിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാന വര്‍ഷം. വളരെ നാളുകൾക്കു ശേഷം കണ്ട കസിന്സിന്റെ കൂടെ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ആണ് അപ്പന്റെ വിളി വന്നത്. വര്‍നതിരപ്പള്ളിയിലെ അപ്പന്റെ അമ്മായിക്ക് ഞങ്ങളെ കാണണമെന്ന്. ഞാനും അനിയത്തിയും അവർ ഇരുന്നു സംസാരിച്ചിരുന്ന സ്ഥലത്തേക്ക് പോയി. ഓ, ഇതാണ് നിന്റെ പെണ്മക്കൾ അല്ലെ വിന്നി എന്ന ചോദ്യത്തോടെ അമ്മായി ഞങ്ങളെ രണ്ടാളെയും ചുഴിഞ്ഞു നോക്കി. എനിക്ക് ആ നോട്ടം ഒട്ടും പിടിച്ചില്ല.
മ് …. നിന്റെ മൂത്തവളെ ചിലവാക്കാൻ കുറച്ചു ബുദ്ധിമുട്ടുമല്ലോ… നിറം തീരെ കുറവ്.. … സ്വർണവും പണവും കുറച്ചധികം ചേർത്ത് വെച്ചോളു. പിന്നെ അമ്മമ്മയുടെ കണ്ണുകൾ എന്റെ അനിയത്തിയുടെ നേര്‍ക്കയായി. നിറവും പൊക്കവും ഉള്ള അവളെ അമ്മാമക്ക് പിടിച്ചു. മ് …. ഇവള് ചിലവായിക്കോളും… ഞങ്ങൾ രണ്ടു പേരെയും വളരെ സ്വതന്ത്ര ചിന്താഗതിയോടെ വളർത്തിയിരുന്ന അപ്പൻ എന്തുകൊണ്ടോ അമ്മമ്മയുടെ അടുത്ത് ഒന്നും പറഞ്ഞില്ല. അപ്പന്റെ പ്രിയപ്പെട്ട അമ്മായി ആയതുകൊണ്ടോ അതോ ഈ വക കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപ്പിക്കാൻ ബുദ്ധിമുട്ടായതുകൊണ്ടോ? മുഖം വീർപ്പിച്ചു അനിയത്തിയേയും പിടിച്ചു വലിച്ചു ഞാൻ സ്ഥലം മാറി പോയി. അതിനു ശേഷം കേച്ചേരിയിലേക്ക് പോകാൻ ഞാൻ സമ്മതിച്ചിട്ടില്ല. ത്രിശൂർ എറണാകുളം ജില്ലകളിൽ കത്തോലിക്കാ സമുദായത്തിൽ പെൺകുട്ടികൾക്ക് വളരെ ആവശ്യമായ ഒന്നാണ് നിറം. നിറം അവിടെ സൗന്ദര്യമായി കണക്കാക്കപ്പെടുന്നു. കണ്ണും മുക്കും ചുണ്ടും എങ്ങനെ ഇരുന്നാലും പ്രശ്നമില്ല. വീട് എത്തി എന്ന് അമ്മായിഅമ്മ പറഞ്ഞത് എന്നെ വർത്തമാന കാലത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു…
വളരെ തിരക്കുള്ള ഒരു വഴിയിലാണ് വീട്. വഴിയിൽ നിന്നും വീട്ടിലേക്കാണ് കാൽ എടുത്തു വയ്ക്കുന്നത്. എന്നാൽ ഉള്ളിൽ കയറി കഴിഞ്ഞാൽ വളരെ വിശാലമായ നടുമുറ്റം. നടുമുറ്റത്തിനു ചുറ്റും മുറികൾ. വീട് നിറച്ചു ആളുകൾ. ഭർത്താവിന്റെ വലിയച്ഛൻ പുറത്തേക്കു വന്നു ഞങ്ങളെ സ്വീകരിച്ചു. വലിയമ്മ വന്നു എന്നെ കൈ പിടിച്ചു സ്നേഹത്തോടെ അകത്തേക്ക് കൂട്ടി കൊണ്ടുവന്നു. നേരെ പാട്ടിയുടെ അടുത്തേക്ക്. പാട്ടിയുടെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്. എണ്ണ കറുപ്പ്. ചുക്കിച്ചുളിഞ്ഞ ശരീരം. ബ്ലൗസ് ഇടാറില്ല. ഗ്രാമത്തിലെ സ്റ്റൈലിൽ ആണ് സാരി. കൊച്ചുമകൻ സ്വന്തം ജാതിയിൽ നിന്നും കല്യാണം കഴിക്കാത്തതിൽ കുറച്ചു കുണ്ഠിതം പാട്ടിക്കുള്ളതായി ഞാൻ കേട്ടിരുന്നു. എന്നാൽ എന്നെ കണ്ടതും കൈപിടിച്ച് കൂടെ ഇരുത്തി എന്റെ കവിളിൽ ഒരു ഉമ്മ തന്നു. എന്റെ മനസിലുണ്ടായിരുന്ന എല്ലാ ആശങ്കകളും പറന്നകന്നു. എന്നെ ഭർത്താവിന്റെ കസിൻസ് വീടും സ്ഥലവും കാണാൻ പുറത്തേക്കു കൊണ്ടുപോയി. നല്ല പച്ചപ്പുള്ള തൊടി, വെള്ളം നിറഞ്ഞുള്ള രണ്ടു കിണർ… മൊത്തത്തിൽ ഒരു നല്ല കർഷക ഗ്രാമം.
ഊണിനു ഇരിക്കാൻ വീട്ടിൽ നിന്നും വിളി വന്നു. വല്യച്ഛന്റെ എട്ടു വയസുള്ള പേരക്കുട്ടിയെ എന്റെ ഭർത്താവ് കൊഞ്ചിച്ചു കൊണ്ടിരുന്നു. എന്നെ കണ്ടതും അവളോട് “അക്കവേ പുടിച്ചിരിക്ക” എന്ന് ചോദിച്ചു. അവൾ നാണിച്ചു തല ആട്ടി. “എന്ന പുടിച്ചിതു?” തല കുനിച്ചു അവൾ പറഞ്ഞു “അക്ക റൊമ്പ സുവപ്പു”…..
സ്ഥലകാലം മറന്നു ഞാൻ ഉറക്കെ ചിരിച്ചു. വിരോധാഭാസം!!!!!! മുന്നൂറ്റി എഴുപതു കിലോമീറ്റര്‍ വരുത്തിയ വ്യത്യാസം…