സീര്യായനം

 

 

 

 

 

പണ്ട് മുടിയും താടിയും നീട്ടി വളർത്തി തോളിൽ കീറിപ്പറിഞ്ഞ സഞ്ചിയുമായി വരുന്ന ഒരാളെ കണ്ടാൽ നാം അറിയാതെ വഴി മാറിപ്പോകുമായിരുന്നു. ബഹുമാനം കൊണ്ടല്ല. ശരീരത്തിലും വസ്ത്രത്തിലുമൊക്കെ ജലസ്പർശമേറ്റിട്ട് എത്ര നാളായെന്ന സംശയത്തിൽ..അന്നൊക്കെ ആളെ കാണുമ്പോൾ തന്നെ അറിയാം, ഇതാ ഒരു ബുദ്ധിജീവി.. ഇന്ന് കാലം മാറി, കഥ മാറി, കോലം മാറി.. ഇപ്പോൾ ബുദ്ധി ജീവികൾ ഏതു വേഷത്തിലും വരാം എന്നതാണു സ്ഥിതി. ക്ളീൻ ഷേവ് ചെയ്തു നടക്കുന്നവർക്കുവരെ ബുദ്ധി ജീവിയാകാമെന്ന് വെച്ചാൽ കഷ്ടം തന്നെ.

അതു കൊണ്ടാണ് അയലത്തു താമസിക്കുന്ന ബുദ്ധിജീവിയെ തിരിച്ചറിയാൻ എനിക്കു കഴിയാതെ പോയത്. അല്ലെങ്കിൽ തന്നെ അയലത്തു താമസിക്കുന്നത് ആരെന്ന് ചോദിച്ചാൽ ആർക്കാണ് ഇക്കാലത്തു അറിയാൻ കഴിയുക? സ്വന്തം വീട്ടിൽ തന്നെ ആരൊക്കെ താമസമുണ്ടെന്ന് ഒന്നാലോചിക്കാതെ പറയാൻ കഴിയുമോയെന്ന് സംശയമാണ്. വാട്സ്ആപ്പും ഫെയിസ്ബുക്കും നോക്കി തീർന്നിട്ടു വേണ്ടേ നമുക്ക് മറ്റു കാര്യങ്ങൾ നോക്കാൻ.

ഒരു ദിവസം അയൽ വീട്ടിലെ ബഹളം കേട്ടാണ് ശ്രദ്ധിച്ചത്, രണ്ടു പോലീസുകാരും അവിടുത്തെ താമസക്കാരനും തമ്മിൽ എന്തോ പറഞ്ഞ് ബഹളം കൂട്ടിക്കൊണ്ടിരിക്കുകയാണ്. പോലീസുകാർ സംസാരിക്കുമ്പോൾ മിണ്ടാതിരിക്കുകയാണ് ബുദ്ധിയെന്ന് എന്റെ അയൽക്കാരന് അറിയില്ലെന്ന് തോന്നുന്നു. മിണ്ടാതെ നിന്നാൽ ഒരു കേസിലേ പ്രതിയാകൂ, മിണ്ടിക്കഴിഞ്ഞാൽ ഏത് തെളിയാത്ത കേസുകളും നമ്മുടെ പേരിൽ വരാം.. ഏതായാലും മടിച്ചു മടിച്ചു ഞാൻ പുറത്തേക്കിറങ്ങി. കാരണം മദ്ധ്യസ്ഥതയ്ക്ക് ചെല്ലുന്നവൻ തല്ല് മേടിക്കുന്നതാണല്ലോ കാലം?

ഞാൻ ഗേറ്റു വരെ ചെന്നപ്പോൾ പോലീസുകാർ പുറത്തേക്ക് വരുന്നു .

’’എന്താ പ്രശ്നം?’’ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.

‘’സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് ഒരു മുന്നറിയിപ്പ് കൊടുക്കാൻ വന്നതാണ്. ‘’

അതുശരി, സീരിയലെഴുത്തുകാരനും ബുദ്ധിജീവിയുമെന്നൊക്കെ പറഞ്ഞിട്ട് ആൾ സർക്കാരിന്റെ നോട്ടപ്പുള്ളിയാണെന്ന് തോന്നുന്നു.

‘’എന്താ,സാറേ വല്ല തീവ്രവാദിയോ മാവോവാദിയോ മറ്റോ ആണോ?’’

‘’അതൊന്നുമല്ല. ഇത് സീരിയൽ പീഡനമാ, സീരിയലുകൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ, അതിന്റെ ഭാഗമായി സീരിയൽ എഴുത്തുകാരുടെ ലിസ്റ്റ് എടുത്തു കൊണ്ടിരിക്കുകയാ..’’

‘’അപ്പോൾ ഇങ്ങേര് അത്രയ്ക്ക് പ്രശസ്തനായ എഴുത്തുകാരനാണോ?’’

‘’അതു ശരി, അയൽക്കാരനാണെന്ന് പറഞ്ഞിട്ട് ഇതൊന്നും അറിയില്ലേ, നിങ്ങളുടെ അയൽവാസി ഒരുപാട് കണ്ണീർ പരമ്പരകളുടെ സൃഷ്ടാവാണ്. ഇപ്പോൾ കൊറോണക്കാലമായപ്പോഴാണ് അൽപ്പം വിശ്രമം കിട്ടിയത്.’’

കാര്യമറിഞ്ഞ സ്ഥിതിയ്ക്ക് ഇനി അകത്തേക്ക് പോകേണ്ട. പോയാൽ ഞാൻ അയാളുടെ സഹായിയാണെന്ന് വിചാരിച്ച് എനിക്കെതിരെയും വല്ല നടപടിയും വന്നേക്കാം. പോലീസുകാരുടെ പുറകെ വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ആലോചിച്ചു, ഈ നടപടികൾ കുറെ നേരത്തെ വന്നിരുന്നെങ്കിൽ എത്ര കുടുംബങ്ങളിൽ വീട്ടമ്മമാരൊഴുക്കിയ ലിറ്റർ കണക്കിന് കണ്ണുനീർ ലാഭിക്കാമായിരുന്നു.

’’സീര്യലിൽ നിന്നുദിക്കുന്നു ലോകം,

സീര്യലാലസ്തമിക്കുന്നു,

സീര്യൽ താൻ ശക്തി ജഗത്തിൽ,

സീര്യൽ താൻ ആനന്ദമാർക്കും..’’

മഹാകവി കുമാരനാശാൻ ഇക്കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ ഇങ്ങനെയേ എഴുതുമായിരുന്നുവെന്നതിൽ ഒരു സംശയവുമില്ല.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകുഞ്ഞുകവിതകള്‍
Next articleശുഭചിന്ത
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English