മാധ്യമത്തിന്റെ വരവും വളർച്ചയും മാറ്റങ്ങളുടെ ഒരു വലിയ ശൃംഖല തന്നെയാണ് സമൂഹത്തിന്റെ പല തട്ടിലും ഉണ്ടാക്കിയത്. പത്രം , ടെലിവിഷൻ – റേഡിയോ ,തുടങ്ങിയവ നമ്മുടെ ദൈനംദിന ജീവിതത്തെ ബന്ധപ്പെടുത്തുന്ന ചർച്ചകൾക്കും, ആസ്വാദനത്തിനുമായിട്ട് പുതിയ ഒരു മേഖലയാണ് തുറന്നിട്ടത് . ലോകത്തിലെവിടെയും നടക്കുന്ന സംഭവ വികാസങ്ങൾ നമ്മുടെ സ്വീകരണ മുറിയിലെ ഇരിപ്പിടത്തിലേക്കു കൊണ്ടുവരാൻ ഈ നവ മാധ്യമങ്ങൾക്ക് സാധ്യമായി. പണ്ട് കാലങ്ങളിൽ ഒരു ദേശത്തു ഒരു വീട്ടിൽ മാത്രം ഒതുങ്ങിരുന്ന ടിവിയും , റേഡിയോയുമൊക്കെ , ഇന്ന് എല്ലാ വീടുകളിലുമായി എന്ന് പറയുന്നതിനേക്കാളും നല്ലത് ഇതൊന്നുമില്ലാത്ത വീടുകൾ ഇന്ന് ഒന്നും രണ്ടുമായി ചുരുങ്ങി എന്നതാകും. ആഴ്ചയിൽ ഒരു ദിവസം വരുന്ന ദൂരദർശനിലെ ചിത്രഗീതവും, മഹാഭാരതത്തിന്റെ സീരിയലും ഒക്കെയാണ് നമ്മുടെ അച്ഛനമ്മമാരുടെ കാലത്തേ ടെലിവിഷൻ ഓർമ്മകളെങ്കിൽ, ഇന്ന് പ്രത്യേകമായി എടുത്ത പറയേണ്ടാത്ത എല്ലാ ദിവസത്തെയും ഒരു ചര്യയായി അത് മാറിയിരിക്കുന്നു.
മറ്റെല്ലാ വിനോദ പരിപാടികളെയും മറി കടന്ന് ടിവിയുടെ ഈ കടന്നു കയറ്റത്തിനു ആക്കം കൂട്ടിയത് സീരിയലുകളുടെ വൻ ഏറ്റെടുക്കലാണ് . ഘട്ടം, ഘട്ടമായി കഥ പറഞ്ഞുകൊണ്ട് നമുക്ക് പരിചിതമായ ജീവിതങ്ങളെ വരച്ചുകാട്ടി, ജനശ്രദ്ധയിലേക്കു കേന്ദ്രികരിച്ചുകൊണ്ട് അവ വളർന്നു. തുടക്കം മുതൽ സ്ത്രീ പ്രേക്ഷകരെ ലക്ഷ്യമാക്കി, അവരുടെ ഒരു വലിയ പിന്തുണയുടെ ബലത്തോടെ, ടിവി മാധ്യമത്തിന്റെ തന്നെ നെടുംതൂണായി സീരിയലുകൾ മാറുകയായിരുന്നു. സ്ത്രീകളുടെ ഒഴിവു സമയത്തിലെ സന്തോഷത്തിന്റെ, ഒത്തുചേരലുകളിലെ ചർച്ചകളിൽ, അങ്ങനെ ആഴമായി തന്നെ വ്യക്തി ജീവിതത്തിന്റെ പല ശ്രേണിയിലേക്കും ഇതിലെ കഥ പാത്രങ്ങളും , കഥകളും എത്താൻ തുടങ്ങി . ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോൾ ഈ ഉപഭോക്ത സംസ്കാരത്തിന് വലിയ കോട്ടം ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധയമാണ് .
കലാമൂല്യ കുറവുകൊണ്ട് ‘മികച്ചത് ‘ എന്ന പദവിയിലേക്ക് ചേർത്ത് വെക്കാൻ ഒന്നു പോലുമില്ലാത്തതുകൊണ്ടും സംസ്ഥാന ടെലിവിഷൻ അവാർഡിൽ , പുരസ്കാരമില്ലാത്ത തട്ടിലേക്ക് സീരിയലുകൾ ഒതുങ്ങി എന്ന വാർത്ത ഏറെ ചർച്ചയാകുന്ന ഒന്നാണ്. ജ്യുറി അംഗങ്ങളുടെ തീരുമാനം കൈയടിയോടെ ഒരു കൂട്ടം സ്വീകരിക്കുമ്പോൾ , സീരിയലിനോടുള്ള അവഗണന, ഒരു ചെറിയ മാധ്യമത്തോടുള്ള പുച്ഛമായി മറുപക്ഷക്കാർ കൂട്ടിവായിക്കുകയാണ്.
നമ്മുടെ ചിന്തകളെയും , എഴുത്തിനെയും , ഭാഷയെയും അങ്ങനെ ആഴമായി ബന്ധപെട്ടു കിടക്കുന്ന എന്തിനെയും വളരെ അധികം സ്വാധീനിക്കാൻ കഴിയുന്ന മാധ്യമങ്ങളാണ് സിനിമയും, സീരിയലുകളും തുടങ്ങി പലതും. ഈ തലത്തിൽ നിന്നു ചിന്തിക്കുമ്പോൾ, സീരിയലുകൾ നമ്മെ പഠിപ്പിക്കുന്നതും , പഠിപ്പിച്ചതും എന്താണ് എന്നത് ഉയർന്നു വരുന്ന ചോദ്യങ്ങളാണ് . സീരിയലുകളുടെ സ്ഥീര പ്രേക്ഷകരായ സ്ത്രീകളുടെ ഇടയിൽ എന്ത് തിരിച്ചറിവുകളാണ്, മാറ്റങ്ങളാണ് കൊണ്ട് വന്നത് എന്നതും പ്രസക്തമാണ്. എന്നാൽ ഒന്ന് പരിശോധിച്ചാൽ അത്ര മാത്രം മാറ്റങ്ങൾ ഒന്നും സീരിയലുകളുടെ ഉള്ളടക്കത്തിലോ പ്രമേയങ്ങളിലോ പോലും തന്നെ വന്നിട്ടില്ല എന്നുള്ളതും വസ്തുതയാണ്. ഭർത്താവിൽ നിന്ന് ക്രൂര മർദ്ദനം ഏറ്റുവാങ്ങി വിങ്ങിപൊട്ടുന്ന ഭാര്യയും , അടുക്കളയിലെ മികവിലൂടെ ഉത്തമയായി മാറിയ സ്ത്രീയെയും ചിത്രീകരിച്ചുകൊണ്ട് , സീരിയലുകൾ പറയുന്ന രാഷ്ട്രീയം സ്ത്രീ വിരുദ്ധവും വിവേചന പരവുമാണ്.
ഈ തരത്തിലുള്ള ആവർത്തിക്കപ്പെടുന്ന കഥ ഗ്രന്ഥിയിലുടെ സമൂഹത്തിന്റെ വളർച്ച തന്നെ എത്ര ചെറുതാണ് എന്ന് അളക്കാൻ പറ്റുന്നതാണ് . മുൻവിധികൾ നീക്കി , ചുറ്റുമുള്ളതിനെ ചോദ്യം ചെയ്യാനോ, വിമർശിക്കാനോ , വ്യക്തി സ്വാതന്ത്ര്യം ആഘോഷിക്കപ്പെടാനോ അനുവദിക്കാത്ത നൂറ്റാണ്ടിന്റെ പഴക്കമുള്ള രീതിയെ പ്രകീർത്തിച്ചുകൊണ്ട് സീരിയലുകൾ എന്താണ് യഥാർത്ഥത്തിൽ പ്രേക്ഷകർക്ക് നീട്ടിവെക്കുന്നത് എന്നത് ഗൗരവമായി കാണേണ്ടതാണ് .
ശക്‌തമായ ഒരു മാധ്യമം എന്ന നിലയിൽ ഒരുപാടു കാര്യങ്ങൾ ഇത്തരം സീരിയലുകൾക്ക് ചെയ്യാൻ സാധിക്കും എന്ന ബോധത്തിലാണ് ഇത്രമാത്രം വിമർശനങ്ങൾ സീരിയലിനു നേരെ ഉയരുന്നത് . സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തി ചേർന്ന് അവരുടെ കഥകൾ സാധാരണക്കാരുടെ ശ്രദ്ധയിലും, സംവാദത്തിലും കൊണ്ടുവരാൻ സീരിയലുകൾക്ക് കഴിയും. നമ്മൾ ഇന്ന് ഏറെ സംസാരിക്കുന്ന സ്ത്രീ ശാക്തീകരണമോ , ട്രാൻസ്ജെൻഡർ- ലെസ്ബിയൻ ജീവിതങ്ങളോ, അങ്ങനെ ഏറെ പ്രാധാന്യമുള്ള സ്വത്വത്തിലെ , സ്വകാര്യതയിലെ രാഷ്ട്രീയത്തെ കുറിച്ചോ ഒന്നും തന്നെ സീരിയലുകൾ സംസാരിക്കുന്നില്ല. നമ്മുടെ ഇടയിൽ ഭൂരിഭാഗം ജനങ്ങളും കാണുന്ന, കേൾക്കുന്ന , ചിന്തിക്കുന്ന മാധ്യമം എന്ന നിലയിൽ ഇത്തരം വിഷങ്ങൾ പ്രമേയങ്ങൾ ആക്കുന്നതിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തന്നെ ഒരു പൊതുബോധം സൃഷ്ടിക്കാൻ സീരിയലിനു കഴിയും .
പുരുഷാധിപത്യവും , ഗാർഹിക പീഡനവും, സ്ത്രീധന പീഡനങ്ങളും ചിത്രികരിക്കുന്നതിലൂടെ ശക്തമായി ഇവയൊക്കെ വീണ്ടും സമൂഹത്തിൽ ഊട്ടി ഉറപ്പിക്കുകയാണ് സീരിയലുകൾ . മഹത്തായ ഭാരതീയ അടുക്കളയിലും , സാറാസിലും വരെ മലയാള സിനിമയുടെ ചെറിയ ഒരു ഭാഗമെങ്കിലും എത്തിനില്‍ക്കുമ്പോൾ, നമ്മൾ എന്നും കാണുന്ന സീരിയലുകൾ, സ്ത്രീ പ്രേക്ഷകർ ഏറ്റവും കൂടുതലുള്ള സീരിയലുകൾ, എവിടെയെത്തി നില്കുന്നു എന്നത് ചിന്തിക്കേണ്ടതാണ് .
മികച്ചതായി തിരഞ്ഞെടുക്കാൻ ഒരു സീരിയൽ പോലും നമ്മുടെ മാധ്യമത്തിൽ ഇല്ലെങ്കിൽ , പൂർണമായ തുടച്ചുമാറ്റലിനു പകരം, ‘എങ്ങനെയാണു മാറേണ്ടത് ‘, വ്യാപാരവിപണനത്തിനും അപ്പുറം ഒരു ‘സാമൂഹ്യ പ്രതിബന്ധത സീരിയലുകൾക്ക് വേണ്ടേ ‘, എന്നതാണ് നമ്മുടെ സംവാദത്തിലേക്കു വരേണ്ടത്. നമ്മൾ ചർച്ചചെയ്യുന്ന മുന്നേറ്റങ്ങളും, കാണാൻ ആഗ്രഹിക്കുന്ന മാറ്റങ്ങളും , ചോദ്യം ചെയുന്ന വിഷയങ്ങളും ഒരു കൂട്ടം മനുഷ്യരിൽ മാത്രം ഒതുങ്ങി നില്കുന്നു. പലപ്പോഴും സ്ത്രീകൾക്ക് നേരെയുള്ള പല അടിച്ചമർത്തലുകളും അവർ തന്നെ സ്വയം തിരിച്ചറിയാനാവാത്ത വിധം അവരിൽ സാമൂഹ്യവത്കരിക്കപ്പെടുന്നു. പുതിയ വിഷയങ്ങളും , കഥകളും ചർച്ചചെയ്തുകൊണ്ട് നമ്മെ വളർത്തുന്ന മാധ്യമമായി സീരിയലുകൾ മാറട്ടെ . അങ്ങനെ ‘മികച്ച സീരിയലുകൾ’ ഒരിക്കൽ കൂടി സമ്മാനമില്ലാത്ത തട്ടായി മാറാതെയിരിക്കട്ടെ .