സെപിയ മോഡിലൊരു നഗരദൃശ്യം

images
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഈ  നഗരത്തില്‍ കാലു കുത്തുന്നത്. മാസത്തില്‍ ഒരു തവണ വെച്ച് ഇത് വഴി കടന്ന് പോകാറുണ്ടെങ്കിലും, ജന്മസ്ഥലം എന്ന കോളത്തില്‍ സംശയമേതുമില്ലാതെ എഴുതിച്ചേര്‍ക്കാറുള്ള, ഈ നഗരത്തില്‍ ഒന്നിറങ്ങാന്‍ തോന്നാറില്ല. കാരണം ചോദിക്കുകയാണെങ്കില്‍, ബാല്യവും കൌമാരവും യൌവനത്തിന്‍റെ തുടക്കവും ചേര്‍ത്ത് ജീവിതത്തിന്‍റെ  രണ്ടര  ദശാബ്ദത്തോളം ചിലവഴിച്ച    ഇവിടെ എനിക്ക് വേണ്ടപ്പെട്ടവരാരും തന്നെയില്ല എന്ന് വേണമെങ്കില്‍ കള്ളം പറയാം. ഒരുപക്ഷെ  ചരിത്രങ്ങള്‍ ഒരുപാട്  ഉറങ്ങിക്കിടക്കുന്ന ഇവിടുത്തെ മണ്ണില്‍ ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത (മറക്കാന്‍ കഷ്ടപ്പെടുന്ന) ചില ചരിത്രങ്ങള്‍ കണ്ണു രണ്ടും തുറന്നു വെച്ച് ഉണര്‍ന്നിരിക്കുന്നുണ്ട് എന്ന വിശ്വാസമാവും എന്‍റെ മനപ്പൂര്‍വമുള്ള ഒഴിഞ്ഞു മാറലിനു കാരണം. അല്ലെങ്കിലും കഥയില്‍ ചോദ്യമില്ലല്ലോ. പക്ഷെ ഒന്നുണ്ട് – ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും ഈ നഗരവുമായി ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് എന്‍റെ മേല്‍ കൊരുത്ത് വെച്ചിരിക്കുന്ന പോലെ. എത്ര തന്നെ മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും എന്‍റെ ഭാഷയില്‍ പെരുമാറ്റത്തില്‍ ഈ നഗരം കടന്ന് വരുന്നു. ആദ്യമായി പരിചയപ്പെടുന്നവര്‍ പോലും “നിങ്ങള്‍  __________കാരനല്ലേ എന്ന് ചോദിക്കുന്നു”. പറിച്ചു മാറ്റാനാവാത്ത ഒരാവരണമായി ഈ നഗരം എനിക്കുമേല്‍ അത്രയ്ക്ക് അലിഞ്ഞു ചേര്‍ന്നത്‌ പോലെ.
സത്യത്തില്‍ ഇപ്പോഴത്തെ ഈ വരവും മുന്‍കൂട്ടി നിശ്ചയിച്ചതല്ല.  പുറപ്പെടാനുള്ള സമയം കഴിഞ്ഞിട്ടും വണ്ടി പ്ലാട്ഫോമില്‍ അനക്കമറ്റു കിടക്കുകയായിരുന്നു. മുന്നിലുള്ള ട്രാക്കിലെവിടെയോ പാളം തെറ്റിക്കിടക്കുന്ന ഒരു ഗുഡ്സ് വണ്ടി കാരണം യാത്രയില്‍ മൂന്നോ നാലോ മണിക്കൂറുകളുടെ താമസം നേരിടേണ്ടി വരുന്നതിലുള്ള റെയില്‍വേയുടെ ഖേദപ്രകടനം  കേട്ടപ്പോഴാണ്  ബസിനു പോയാല്‍ നേരത്തെ എത്തുമെന്ന് എനിക്കുള്ളിലെ പ്രായോഗികന്‍ ചിന്തിച്ചത്. ബസ്‌ യാത്രയുടെ മുഷിപ്പിനെ കുറിച്ചും വഴിയിലുണ്ടായെക്കാവുന്ന ട്രാഫിക്ക് ബ്ലോക്കുകളെ പറ്റിയും പറഞ്ഞ് ഞാന്‍ എതിര്‍പ്പുയര്‍ത്തിയെങ്കിലും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഞാന്‍ പുറത്തിറങ്ങി. വണ്ടി നിന്നിരുന്നത്  അവസാനത്തെ പ്ലാട്ഫോര്‍മിലായിരുന്നു. വെളിയില്‍ ഓട്ടോറിക്ഷകള്‍ സര്‍ക്കാരോഫീസിലെ മേശകള്‍ പോലെ നിരന്നിരിക്കുന്നുണ്ട്. മടിശീലയില്‍ കനമില്ലാത്തവനെന്നു മനസിലാക്കിയാതിനാലാവണം, ഞങ്ങളുടെ നേരെ വരല്ലേ എന്ന് പുറകിലെ കണ്ണുകള്‍ പറയുന്നത് പോലെ. കഷ്ടി മൂന്നു കിലോമീറ്ററോളം അകലെയുള്ള ബസ്‌ സ്റ്റാന്റിലേക്ക്  നടക്കാമെന്ന് തീരുമാനിച്ചത് ഞാന്‍ തന്നെയാണ്. എന്ത് കൊണ്ടോ  പ്രായോഗികന്‍  അതിന്  എതിര്‍പ്പൊന്നും പറഞ്ഞില്ല.
സ്റ്റേഷന്‍ കവാടത്തിലെ വിളക്കുമരത്തിനു താഴെ പമ്മി നില്‍ക്കുന്ന ഇരുട്ടില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുണ്ട്. കടും നിറമുള്ള ചേല ചുറ്റി ചായം തേച്ച ചുണ്ടുകളുമായി അന്നത്തെ വേട്ടക്കാരനായി കാത്തു നില്‍ക്കുന്ന ഇരകള്‍.  തൊട്ടാല്‍ ചിരിക്കുന്ന കുപ്പിവളകളണിഞ്ഞിരുന്ന കൈകളില്‍  ഇപ്പോള്‍ മോബൈലുകളാണെന്ന വ്യത്യാസം മാത്രം.  തൊഴിലിടങ്ങളില്‍ നിന്നും മടങ്ങുന്ന വീട്ടമ്മമാര്‍ ക്ഷീണിതമെങ്കിലും ശാന്തമായ മുഖങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്  അവര്‍ക്ക് മുന്നിലൂടെ വേഗത്തില്‍ നടന്നു പോകുന്നു. അവര്‍ക്ക് പുറകിലായി   ഞാനും  റോഡിലേക്കിറങ്ങി. ഒരു തിരിവു കഴിഞ്ഞാല്‍ ആ റോഡ്‌ നേരെ ചെന്ന് നില്‍ക്കുന്നത് ഒരു അങ്ങാടിയുടെ മുന്നിലാണ്. രാജ്യത്തിനു വെളിയില്‍ പോലും ഏറെ പേര് കേട്ടിട്ടുള്ള അങ്ങാടിയാണത്. നഗരത്തെ കീറിമുറിച്ച് കൊണ്ട് പുതിയതായി  എളുപ്പ വഴികള്‍ ഏറെ വന്നിട്ടുണ്ടാകാമെങ്കിലും അങ്ങാടിക്കുള്ളിലൂടെ നടക്കാനാണ് ഞാന്‍ തീരുമാനിച്ചത്. പണ്ട്  ഇടയ്ക്കിടെ പൊട്ടിത്തകര്‍ന്ന സ്ലാബുകളുണ്ടായിരുന്ന നടപ്പാത കറുപ്പും വെള്ളയും നിറങ്ങളിലുള്ള സിമന്‍റ് കട്ടകള്‍ പാകി ഭംഗിയാക്കിയിരിക്കുന്നു. പാതയില്‍ കൃത്യമായ ഇടവേളകളില്‍  വിളക്കു കാലുകളും   ഇരിക്കാനായി ഇരുമ്പ്  ബെഞ്ചുകളും. വിളക്കുകള്‍ എല്ലാം കത്തുന്നില്ലെങ്കിലും ആവശ്യത്തിനു പ്രകാശം അവിടെയുണ്ട്.  ബെഞ്ചുകളില്‍ അത് സംഭാവന ചെയ്ത പ്രമുഖന്‍റെ പേര് വലിയ അക്ഷരങ്ങളില്‍ എഴുതിയത് ആ അരണ്ട വെട്ടത്തിലും വെട്ടിത്തിളങ്ങുന്നു. കോടികള്‍ മുടക്കി നഗര സൌന്ദര്യവല്‍ക്കരണം നടത്തിയ മേയര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡും അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നില്ക്കുന്ന അദ്ധേഹത്തിന്‍റെ ചിരിക്കുന്ന പടമുള്ള പോസ്ടറും നടക്കുന്ന വഴിയില്‍ ഞാന്‍ കണ്ടു.
റോഡ്‌ തിരിയുന്നത് ഒരു മേല്‍പ്പാലത്തിലാണ്. അവിടെ കൈവരിയില്‍ പിടിച്ചു കൊണ്ട് ഞാന്‍ താഴെ പാളത്തില്‍ ചത്തു കിടക്കുന്ന ഇരുട്ടിലേക്ക് നോക്കി നിന്നു. ഓര്‍മ്മകളെന്നെയും കൊണ്ട് ആ ഒഴിഞ്ഞ പാളങ്ങളിലൂടെ പരക്കം പാഞ്ഞു തുടങ്ങിയപ്പോള്‍ എനിക്കൊരു മൂളിപ്പാട്ട് പാടാന്‍ തോന്നി. കടന്ന് പോയ കടല വില്‍പ്പനക്കാരനെ ഞാന്‍ കൈകൊട്ടി വിളിച്ചു. അല്‍പം നീരസത്തോടെയാണെങ്കിലും  അയാള്‍ മടങ്ങി വന്നു. പരമാവധി കോലനാക്കിയ കടലാസ്സു പൊതിയില്‍ അയാള്‍ കടലണികള്‍ നിറച്ചു. അത് പത്തു രൂപയ്ക്കു  മാത്രമില്ലെന്ന് പ്രായോഗികന്‍ ഉള്ളിലിരുന്ന് കണക്കുകള്‍ നിരത്തി പറഞ്ഞപ്പോള്‍ ഞാന്‍ അയാളോട് വഴക്കിട്ടു. ഇത്തരം ചീളുകളാലൊന്നും പറ്റിക്കപ്പെടാന്‍ പാടില്ലല്ലോ.  പൊതിയില്‍ കൊള്ളാത്തതിനാല്‍  അധികം വന്ന കടലമണികള്‍ അയാള്‍ കൈയ്യിലേക്കിട്ടു  തന്നു. പിന്നെ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.
അധികമായി കിട്ടിയ കടലമണികള്‍ ചുരുട്ടിപ്പിടിച്ച കൈ കൊണ്ട് തടിച്ച പേഴ്സ് ജീന്‍സിന്‍റെ പിന്‍കീശയിലേക്ക് തള്ളിക്കയറ്റുമ്പോഴാണ്‌ അത് സംഭവിച്ചത്. എങ്ങു നിന്നോ ഓടി വന്ന ഒരുത്തന്‍ ആ പേഴ്സും തട്ടിപ്പറിച്ച് കൊണ്ട് എനിക്ക് മുന്നിലൂടെ ഓടുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ഞാന്‍ ഒരു നിമിഷം തരിച്ചു നിന്നു പോയി. കടലമണികള്‍ നടപ്പാതയില്‍ വീണുരുണ്ടു ചിരിച്ചു. അധികം ദൂരമായില്ല, പതിച്ചതിന് ശേഷം ബാക്കി വന്ന കട്ടകള്‍ കൂട്ടിയിട്ടതില്‍ തട്ടിയാവണം അവന്‍ കമിഴ്ന്നടിച്ച് വീണു. എന്‍റെ പേഴ്സ് അവന്‍റെ  പക്കലാണ്  എന്നത് പോലുമോര്‍ക്കാതെ  വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുകയാണ് എന്ന തിരിച്ചറിവില്‍ ഞാന്‍ അവനു നേരെ ഓടി.
അവന്‍ അപ്പോഴും നിലത്തു നിന്നും എഴുനേറ്റിട്ടില്ല. ശെരിക്കും പറഞ്ഞാല്‍ കാല്‍ മുട്ടുകള്‍ കുത്തി മുഖം കൈകളില്‍ പൂഴ്ത്തി മുസല്‍മാന്മാര്‍ നിസ്കരിക്കുന്നത് പോലെയാണ് അവനിരിക്കുന്നത്. അടുത്തെത്തിയപ്പോള്‍ അവന്‍റെ ഉയര്‍ന്നു താഴുന്ന പുറം ഭാഗം എനിക്ക്  കാണാന്‍ സാധിച്ചു. അവന്‍ കരയുകയാണ്. അല്പനേരം അങ്ങനെ നോക്കി നിന്ന ശേഷമാണ് ഞാന്‍ അവന്‍റെ തോളില്‍ പതുക്കെ കൈ അമര്‍ത്തിയത്. അകത്തു നിന്നും പ്രായോഗികന്‍ പലതും വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവനു നേരെ കുനിഞ്ഞപ്പോള്‍  പ്രാവിന്‍റെ കുറുകല്‍ പോലെയുള്ള ആ തേങ്ങല്‍ ഞാന്‍ വ്യക്തമായും കേട്ടു. ഞാനവനെ പതുക്കെ പിടിച്ചെഴുന്നെല്പിക്കാന്‍ ശ്രമിച്ചു.
അവന്‍ തീരെ ചെറിയകുട്ടിയായിരുന്നില്ല. എന്നാല്‍ പത്തു വയസിനു മുകളില്‍ പ്രായം അവനില്ല എന്നെനിക്കു തീര്‍ച്ചയാണ്.  ഞാനവനെ ബെഞ്ചിലിരിക്കാന്‍ സഹായിച്ചു. അവനപ്പോഴും എങ്ങലടിച്ച് കരയുകയാണ്. സൈക്കിളുന്തി പോകുന്ന ചായക്കാരനോട് ഒരു ചായ വാങ്ങി ഞാനവനു കൊടുത്തു. ചായ കുടിക്കുന്നതിനിടയില്‍ ഇടയ്ക്കിടെ  വിതുമ്പി പോകുമ്പോഴെല്ലാം  ചായയും തുപ്പലും അവന്‍റെ വായില്‍ നിന്നും ഒഴുകി. അത് കണ്ടു എനിക്ക് ഓക്കാനം വന്നു. പുറകിലെ ഇരുട്ടിലേക്ക് നീട്ടിത്തുപ്പിക്കൊണ്ട് ഞാനവനു നേരെ  തിരിഞ്ഞു.
“ഇനിക്ക്…ഇനിക്കെന്‍റെ എച്ചീനെ കാണണം”
എനിക്കെന്തെങ്കിലും ചോദിക്കാന്‍ സാവകാശം തരാതെ അവന്‍ വീണ്ടും എങ്ങലടിച്ച് തുടങ്ങി.
“എവിടെയാ നിന്‍റെ ഏച്ചി…?”  ഞാന്‍ ചോദിച്ചു.
“അവര് പിട്ച്ചോണ്ട് പോയതാ…ഇനിക്കെന്‍റെ എച്ചീന്‍റടുത്ത് പോണേ…”
അവന്‍ ഉറക്കെ കരയുകയാണ്.
ചായക്കാരന്‍ അല്പം ദൂരെയായി  ഞങ്ങളെ തന്നെ നോക്കിക്കൊണ്ട്‌ നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്‍റെ നോട്ടം കണ്ടിട്ടാവണം അയാള്‍ സൈക്കിളുമുന്തി നടന്നു പോയി.
“ആരാ…അവര്…എന്താണ്ടേയെന്നു പറ നീയ്…ഞാന്‍  കൊണ്ടോവാം നിന്നെ ഏച്ചീന്‍റടുക്കെ…”
അവന്‍റെ തോളില്‍ കൈയമര്‍ത്തി ഞാനത് പറഞ്ഞത് എന്തിന്‍റെ ബലത്തിലാണെന്ന് എനിക്കറിയില്ല. ഒരു വേള, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഈ നഗരത്തില്‍ ഉപേക്ഷിച്ചു പോയ കുപ്പായം വീണ്ടുമെടുത്ത്  അണിയാന്‍ പോവുകയാണോ എന്ന് പോലും പ്രായോഗികന്‍ എന്നോട് ചോദിച്ചു. എനിക്കതിന്  ഉത്തരമില്ലായിരുന്നു. പക്ഷെ ഒന്നുറപ്പാണ്. ആത്മാര്‍ത്ഥമായി തന്നെയാണ്  ഞാനത്  പറഞ്ഞത്. അത് മനസിലായിട്ടാവണം അവന്‍റെ  കരച്ചിലൊന്നൊതുങ്ങി; പിന്നെ അവന്‍ പതുക്കെ പറഞ്ഞു തുടങ്ങി:
അന്നത്തെ വൈകുന്നേരവും അങ്ങാടിയിലൂടെ കൈകള്‍ കോര്‍ത്തു നടക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആ ബേക്കറിക്ക് മുന്നിലെത്തിയപ്പോള്‍ എന്നുമെന്ന പോലെ അന്നും സ്വിച്ചിട്ട പോലെ അവന്‍ നിന്നു. അവന്‍റെ കണ്ണുകള്‍ ചില്ലുകൂട്ടിലെ ആ ചുവന്ന പലഹാരത്തില്‍ തന്നെയാണ്. എന്നാല്‍ എന്നും ചെയ്യാറുള്ള  പോലെ ചേച്ചി അവനെ പിടിച്ചു വലിച്ചില്ല. പകരം അവളുടെ പാവാടച്ചരടിന്‍റെ  അറ്റത്ത് തൂക്കിയിട്ടിരുന്ന തുണിസഞ്ചിയുടെ വായ പിളര്‍ത്തി ഉള്ളിലെ ചില്ലറത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി. പിന്നെ അവനോട് ഒരു കള്ളച്ചിരി ചിരിച്ച് അവിടെ
തന്നെ നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് അവള്‍ കടയിലേക്ക് കയറിപ്പോയി. അല്പം കഴിഞ്ഞു കാണും; കുനിഞ്ഞ ശിരസ്സോടെയാണ് അവള്‍ തിരിച്ചു വന്നത്. “അമ്പത് റൂപയില്‍  കമ്മി തരൂല പോലും…ത്ഫൂ…” അവള്‍ ആരുടെയൊക്കെയോ മുഖത്തേക്ക് നീട്ടിത്തുപ്പി. അവളുടെ  ശൂന്യമായ കൈകളിലേക്ക് നോക്കി പകച്ചു നിന്ന അവനെയും വലിച്ചു കൊണ്ട് അവള്‍ വേഗത്തില്‍ നടന്നു.
അങ്ങാടിയുടെ ഉള്‍വഴികളിലൂടെ അവരൊരുപാട് നടന്നു കാണണം. വഴിയത്രയും അവന്‍ എങ്ങലടിക്കുകയായിരുന്നു. അവരിപ്പോള്‍  ഒരു മൈതാനിയിലെ കലുങ്കില്‍ ഇരിക്കുകയാണ്. അവള്‍ തന്‍റെ മടിയില്‍ മുഖമര്‍ത്തി തേങ്ങുന്ന അനിയന്‍റെ തലമുടിയിലൂടെ വിരലോടിക്കുകയാണ്. അല്‍പനേരം കഴിഞ്ഞ് കാണും എന്തോ ചിന്തിച്ചുറപ്പിച്ചത്  പോലെ അവനെ നേരെയിരുത്തി അവള്‍ എണീറ്റു.
“ഇവിടെ ഇരി തമ്പീ…ഏച്ചി ശീഗ്രം പോയി കൊണ്ട് വരേ…”
അവനെ നോക്കി കണ്ണിറുക്കി അവള്‍ ഇരുട്ടിലേക്ക് ഓടിപ്പോയി. ഇടത് കൈ കൊണ്ട് തുടച്ച കണ്ണുകളില്‍ പ്രതീക്ഷയുടെ നാളം തെളിച്ചു കൊണ്ട്   അവനാ  ഇരുട്ടിലേക്ക് നോക്കിയിരുന്നു. അധിക നേരമായി കാണില്ല. നെഞ്ചോടടുക്കി പിടിച്ചിരുന്ന ആ പലഹാരം  അവന് നീട്ടിക്കൊണ്ട് അവള്‍ നിന്നു കിതച്ചു. അവന്‍ ആര്‍ത്തിയോടെ അത് വാങ്ങി  തിന്നാന്‍ തുടങ്ങി. രണ്ടാമത്തെ കടി കടിച്ചതും പുറകില്‍ നിന്നുള്ള തള്ളില്‍ അവള്‍ അവനു മുന്നിലേക്ക്‌ തെറിച്ചു വീണു. അവന്‍റെ കയ്യില്‍ നിന്നും ആ പലഹാരക്കഷ്ണം മണ്ണിലേക്ക് വീണു.
“നായിന്മകളെ…ഓടിയാല്‍ പിടിക്കില്ലെന്ന് കര്‍ത്യോ”
ഹിന്ദി കലര്‍ന്ന മലയാളം പറയുന്ന രണ്ടു പേര്‍. അവര്‍ അവളെയും വലിച്ചു കൊണ്ട് ഒരു കെട്ടിടത്തിലേക്ക് പോകുന്നു. പുറകെ പോയി കാലില്‍ വലിക്കുന്ന അവനെ അവര്‍ ചവിട്ടിത്തെറിപ്പിച്ചു.
“പോടാ..പോയി നൂറു റൂപാ കൊണ്ട് വാ…എന്നാ കൊണ്ടോവാം ഇവളെ…പോ”
അവന്‍ വീണിടത്ത് നിന്നുമെണീറ്റ്  എന്തോ ലക്ഷ്യമാക്കി ഇരുട്ടിലേക്കോടി.
“സാറ് ഇനിക്കൊരു നൂറുറുപ്പ്യ തര്വോ?”
കഥ കേട്ടിരിക്കുന്ന എന്‍റെ കണ്ണിലേക്കു നോക്കിയാണ് അവന്‍റെ ചോദ്യം.
“നീ വാ….”
ഞാനവനെയും കൊണ്ടാണോ അതോ അവന്‍ എന്നെയും വലിച്ചാണോ ഓടിയതെന്നറിയില്ല; ഞങ്ങളിപ്പോള്‍ ആ മൈതാനിയിലാണ്. ഒത്ത നടുക്കുള്ള പുരാതനമായ വിലക്ക് മരത്തില്‍ നിന്നും പെയ്യുന്ന മഞ്ഞ വെട്ടത്തില്‍ ആ നഗര ദൃശ്യം സെപിയ മോഡിലെടുത്ത ഒരു ചിത്രത്തെ ഓര്‍മ്മപ്പെടുത്തി. മൈതാനിക്ക് അതിരിടുന്നത് ഓടു മേഞ്ഞ ഒരേ പോലെയുള്ള കെട്ടിടങ്ങളുടെ ഒരു നിരയാണ്.
“അങ്ങോട്ടാ…എച്ചീനെ ഓര് കൊണ്ടോയെ…”
അത്തരമൊരു കെട്ടിടത്തെ ചൂണ്ടിയാണ് അവന്‍ പറയുന്നത്. ഞങ്ങളിപ്പോള്‍ അതിനു മുന്നിലാണ്.
മരക്കോവണി ഞരങ്ങുന്ന ശബ്ദം കേട്ടാണ് ഞാന്‍ കുനിഞ്ഞു നോക്കിയത്. പടികളിറങ്ങി വരുന്ന പെണ്‍കുട്ടി. അവളുടെ മെലിഞ്ഞു നീണ്ട മുഖം ഏറെ പരിചിതമാണെന്ന് ഓര്‍ക്കുമ്പോള്‍ അടുത്ത് നിന്നു കൊണ്ട് “ഏച്ചി” എന്നാ കുരുന്നു ചുണ്ടുകള്‍ മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാം.
ചോരയിറ്റുന്ന ചുണ്ടിന്‍റെ കോണില്‍ പുഞ്ചിരിയുമായി അവളിറങ്ങി വന്നു. എന്നാല്‍ അവളുടെ തിളങ്ങുന്ന കണ്ണുകളില്‍ ഒരു കുട്ടിക്ക് ചേരാത്ത ഗൌരവം ഉണ്ടായിരുന്നു. അടുത്ത് നില്‍ക്കുന്ന എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അവള്‍ അവനരികിലേക്ക്‌ ചെന്ന് അവന്‍റെ മുടിയിലൂടെ വിരലോടിക്കാന്‍ . പെട്ടെന്നെന്തോ ഓര്‍ത്ത പോലെ കയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടെടുത്ത് കുടുക്ക് പൊട്ടിക്കിടക്കുന്ന മേലുടുപ്പിനുള്ളില്‍ തിരുകി, പാവാടച്ചരടിലെ സഞ്ചി തുറന്ന് ആ പലഹാരമെടുത്ത് അവള്‍ അവനു നീട്ടി. വിദേശികള്‍ ആ പലഹാരത്തിന് നല്‍കിയ പേര് മധുരമൂറുന്ന മംസമെന്നാണെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നില്ല. അല്ലെങ്കിലും എല്ലാമൊന്നും  അറിയേണ്ട പ്രായം അവന് ആയിട്ടില്ലല്ലോ.  അവന്‍ ആ പലഹാരം  രണ്ടു കൈയ്യും നീട്ടി വാങ്ങി. പിന്നെ രണ്ടു പേരും കൈകള്‍ കോര്‍ത്ത് പിടിച്ച് നടന്നു തുടങ്ങി. ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടിക്ക് ഞാന്‍ സങ്കല്‍പ്പിച്ചു നല്‍കിയ മുഖമാണ് അവള്‍ക്കെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അവര്‍ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.
നീണ്ട ഹോണ്‍ കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. വണ്ടി അപ്പോഴേക്കും കിതച്ചു കൊണ്ട്  ഇളകിത്തുടങ്ങിയിരുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here