ഇനിയെത്ര ജൻമങ്ങൾ
നീതിബോധത്തിൻ
മരക്കുരിശേന്തി ഞാന്‍
ഇതിലെ നടക്കണം?
ഇനിയെത്ര ജൻമങ്ങൾ
ധർമ്മശാസ്ത്രത്തിന്‍റെ
ഗീതകൾ പാടുവാൻ
രഥവുമായ് അണയണം?
ഇനിയെത്ര ജൻമങ്ങൾ
എരിതീയില്‍ കരിയാത്ത
ശാഖിയായ് നിന്നു ഞാൻ
കല്പനയരുളണം?
വാഴ്വിന്‍റെ വാഗ്ദത്ത ഭൂമികൾ
തേടാതെ, കർമ്മധർമ്മങ്ങളെ
വിസ്മരിച്ചിന്നു നീ,
നല്ലയൽക്കാരന്‍റെ സ്വത്തു
മോഹിക്കവെ, എന്തിനെൻ
ജൻമങ്ങളെന്നോർത്തിടുന്നു ഞാന്‍.
നിന്നയോ മർത്ത്യ, ഞാനിത്ര
മേൽ സ്നേഹിച്ചു?
നിന്നിലൊ എന്നെ ഞാൻ
കാണുവാന്‍ ആശിച്ചു?
നീ എന്നും കൊതിച്ചതും,
പിന്നെ വിതച്ചതും,
നീ കൊയ്തെടുത്തു നിൻ
അറകളില്‍ നിറച്ചതും,
ആദിപാപത്തിന്‍റെ വിത്തുകള്‍
മുളച്ചു പടുമരമായി മാറിയതിൽ
ഉരുവായ കനി,കളതു
നീ ഓർത്തിടുന്നുവോ?
വിപണിയില്‍ നീയതും
വില പേശി വിൽക്കവേ
ഞാനുമെൻ വചനവും
വിലകെട്ടു നിൽക്കയായ് .
ഇനിയെന്തിനായ് ഞാന്‍
അവതരിച്ചീടണം?
പുതിയ കാലത്തിന്‍റെ, പുത്തനാം
പാപങ്ങള്‍, പുതിയ നിയമങ്ങളായ്
എഴുതി നീ ചേർക്കവേ ,
പുതിയ പ്രവാചകൻ ചൊന്നതീ
വാക്കെന്ന തെളിവിനോ?പിന്നെയും
കുരിശു മരണത്തിനോ?
“ശിലയിലും ഞാന്‍ തന്നെ”
എന്നു ഞാന്‍ ചൊല്ലവേ ,
ശില മാത്രമാക്കി നീ
എന്നെ മാറ്റീല്ലയോ?
“എത്രമേൽ സ്നേഹിച്ചിടുന്നുവോ
നിന്നെ നീ,യത്ര മേൽ
സ്നേഹിക്ക നിന്നയൽക്കാരനെ”
എന്നു ഞാന്‍ ചൊല്ലി, നീ
സ്നേഹിച്ചതൊ, അവൻ
അരുമയായ് പോറ്റുന്നൊ-
രജവൃന്ദം,മതു നിന്‍റെ
അതിഥിയ്ക്കു സദ്യയൊ
രുക്കുവാൻ മാത്രമായ്!
മാതാവിൻ കാൽക്കീഴി-
ലുള്ളൊരാ സ്വർഗ്ഗത്തെ*,
മാതാവിൻ കണ്ണീരില്‍
നീ തിരഞ്ഞീടുമ്പോൾ,
എന്തു നീ വായിച്ച**തെ-
ന്നോർത്തിടുന്നു ഞാന്‍.
മതി നിന്‍റെ കേളികൾ,
മതികെട്ട കൂത്തുകൾ,
മതിയാക്കിടാം നിന്‍റെ
അട്ടഹാസം.
ഇനിയില്ലൊരവതാരം,
ഇല്ല പ്രവാചകർ,
ഇനി നീ,വിധി-
യ്ക്കപ്പെടേണ്ട കാലം.
വറുതിയായ് കെടുതിയായ്
കത്തുന്ന വേനലായ്,
മാരിയായ് പ്രളയമായ്
മാറാത്ത വ്യാധിയായ്,
വിധി നിന്നെ അനുയാത്ര
ചെയ്തിടുമ്പോൾ,
ഇവിടെ നിൻ സൃഷ്ടികള്‍
എല്ലാം നശിച്ചിടും,
നീ തീര്‍ത്ത മതിലുകള്‍
എല്ലാം തകർന്നിടും,
ഞാനെന്ന ഭാവത്തില്‍
നീ നിൻ മനസ്സിന്‍റെ,ആഴങ്ങളില്‍
തീർത്ത ചീട്ടുകൊട്ടാരങ്ങൾ
എന്നേയ്ക്കു,മെന്നേയ്ക്കുമായ്
വീണുടഞ്ഞിടും.
പിന്നെ നിൻ മിഴിനീരിൽ ,
മുങ്ങി നീ നിവരുമ്പോൾ
പുതിയൊരു മാനവൻ
നിന്നിൽ ഉയിരാർന്നിടും.
അവനിവിടെ, അവനിയിലെ
ദൈവമായ് തീർന്നിടും,
അവനിലെൻ ആശകൾ
മുകുളിതമായിടും.
(* വചനം
** വിശുദ്ധ ഖുര്‍ആനിലെ ആദ്യ വാക്ക്, “വായിക്കുക”.)