(കേരളത്തെ ഗ്രസിച്ച മഹാപ്രളയം ഒരു താക്കീതും ഒപ്പം മനുഷ്യ നന്മയുടെ തിരിച്ചറിവും ആയിരുന്നു. ഈ പ്രളയം ഒട്ടേറെ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു. അവയിലേക്കുള്ള ഒരെത്തി നോട്ടമാണ് കെ കെ പല്ലശ്ശനയുടെ ‘പൂജ്യം കൊണ്ടുള്ള ഗുണനം’ എന്ന ഇരുപത്തിയഞ്ചു ചെറുകഥകളുടെ സമാഹാരം. അതില്‍ രണ്ടാമത്തെ കഥ )
മാളത്തില്‍ വെളളം കയറിയപ്പോള്‍ മൂര്‍ഖന്‍ പുറത്തു ചാടി. ചുറ്റും വെള്ളമാണ് ഒരു വിധത്തില്‍ നീന്തി അടുത്തു കണ്ട ഒരു വീടിന്റെ മേല്പ്പുരയില്‍ ചെന്നു പറ്റി. വീട് മുക്കാലും മുങ്ങിയിരിക്കുകയാണ്.
രക്ഷപ്പെട്ട ആശ്വാസത്തോടെ ചുറ്റും നോക്കിയപ്പോഴാണ് തൊട്ടടുത്തു തന്നെ ഒരു ചങ്ങാതി നനഞ്ഞു വിറച്ചിരിക്കുന്നതു കണ്ടത്. മറ്റാരുമല്ല, പുഴയോരത്തെ പൊന്തപ്പടര്‍പ്പില്‍ താമസമാക്കിയ ഒരു ചെങ്കീരി. മൂര്‍ഖന്റെ ഉള്ളൊന്നു കാളി. പക്ഷെ കീരി കണ്ടിട്ടും കാണാത്ത മട്ടില്‍ ഇരിക്കുകയാണ്.
അപ്പോഴതാ ഒരെലി പ്രളയ ജലത്തില്‍ ഒഴുകി വരുന്നു. ചങ്ങാതി ഇടം വലം നോക്കാതെ പുരപ്പുറത്തേക്കു നീന്തിക്കയറി. ശരീരം മൊത്തത്തില്‍ ഒന്നു കുടഞ്ഞു പതുക്കെ പരിസരം നിരീക്ഷിച്ചു. മുന്നില്‍ മൂര്‍ഖനെ കണ്ടപ്പോള്‍ മൂപ്പരുടെ പാതി ജീവന്‍ ചോര്‍ന്നു പോയി. പക്ഷെ പാമ്പ് അനങ്ങിയില്ല.
സമയം കടന്നു പോയി വെള്ളം ഉയര്‍ന്നു കൊണ്ടേയിരുന്നു. എലിയിരുന്ന സ്ഥലത്ത് വെള്ളമെത്തി. എലി രണ്ടും കല്പ്പിച്ച് പാമ്പിന്റെ സമീപത്തു ചെന്നിരുന്നു. പാമ്പ് അപ്പോഴും അനങ്ങിയില്ല. വെള്ളം പാമ്പിരിക്കുന്ന ഉയരത്തിലും എത്തി. പാമ്പും എലിയും കീരിയിരിക്കുന്നിടത്തേക്കു ചെന്നു. കീരി ഒന്നു നോക്കുകപോലും ചെയ്യാതെ അതേ ഇരുപ്പിരുന്നു.
പിന്നീട് നീന്തി വന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. അയാള്‍ നേരെ വീടിന്റെ മേല്‍ക്കൂരയില്‍ കയറി നിന്നു. പുരപ്പുറത്തെ കാഴ്ച കണ്ട് അയാള്‍ ആദ്യം ‘ അയ്യോ’ എന്നുറക്കെ നിലവിളിച്ചുകൊണ്ട് പുറകോട്ടു മാറി. പിന്നെ പ്ലാസ്റ്റിക് കവറില്‍ ഭദ്രമായി പൊതിഞ്ഞു വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തെടുത്ത് ചറപറാന്ന് പത്തിരുപത് ഫോട്ടോ എടുത്തു. മൂന്നാലു സെല്‍ഫിയും. അതിനു ശേഷം പുരയിലേക്കു ചാഞ്ഞു നില്‍ക്കുന്ന മരത്തിന്റെ ചില്ലയൊടിച്ച് മൂന്നിനേയും തല്ലിക്കൊന്നു.
അനന്തരം അയാള്‍ എടുത്ത സെല്‍ഫി വിവിധ ഗ്രൂപ്പുകളിലേക്കു പോസ്റ്റു ചെയ്തു തുടങ്ങി.
Click this button or press Ctrl+G to toggle between Malayalam and English