ബാബ,
ശീതമേറ്റു മരവിച്ച വിരലുകൾ
തലോടി
അങ്ങകലെ പാതയോരത്തെങ്ങോ
പാടത്തെയോർത്തു വിതുമ്പുന്നുണ്ടാവുമെന്നറിയാം
അങ്ങ് ,
ഗ്രാമം വിട്ടു പോയതിൽപ്പിന്നെ,
പകുതിയിൽ പതറി ബാക്കിയായ
പാടവരമ്പിൽ
നിലച്ച ഹൃദയം
പോലെയാ
ട്രാക്ടർ,
മീതെ
നിങ്ങൾ
മടങ്ങിയെത്തുന്നതും കാത്ത്
ഹൃദയച്ചൂട് പകരുന്നു
കുറേ വേനൽ കിളികൾ,
അരികെ ഞങ്ങളും.
ഗോതമ്പു പാടത്തിലൂടെ പോകുമ്പോഴൊക്കെ
ഉപ്പുകാറ്റു വന്നു കരളിൽ തട്ടും
കണ്ണീർ പൊഴിയിക്കും.
ബാബ,
ചോളക്കാടുകൾക്കിടയിലൂടെ നിങ്ങൾ
വിജയിച്ചു തിരിച്ചെത്തുന്നയാരവം
കേട്ടു ഞാനിടക്കിടെ
ഉറക്കം വിട്ടെണീക്കും.
മഞ്ഞുമൂടിയ പാടങ്ങളിൽ
ഞങ്ങൾ ഹൃദയങ്ങൾ
നിങ്ങൾക്കായ്
ചേർത്തു വെച്ചിരിക്കുന്നു.
ഉണർന്നിരിക്കുന്ന പ്രാർത്ഥനകൾ
ഒപ്പമുണ്ടെന്നറിയിച്ച്
കണ്ണുനിറയുന്ന ഒരു പിടി
കടുകു പൂക്കളെ
നെഞ്ചോടു ചേർക്കുന്നു