പണ്ട് മുടിയും താടിയും നീട്ടി വളർത്തി തോളിൽ കീറിപ്പറിഞ്ഞ സഞ്ചിയുമായി വരുന്ന ഒരാളെ കണ്ടാൽ നാം അറിയാതെ വഴി മാറിപ്പോകുമായിരുന്നു.ബഹുമാനം കൊണ്ടല്ല.ശരീരത്തിലും വസ്ത്രത്തിലുമൊക്കെ ജലസ്പർശമേറ്റിട്ട് എത്ര നാളായെന്ന സംശയത്തിൽ..അന്നൊക്കെ ആളെ കാണുമ്പോൾ തന്നെ അറിയാം,ഇതാ ഒരു ബുദ്ധിജീവി..ഇന്ന് കാലം മാറി,കഥ മാറി,കോലം മാറി..ഇപ്പോൾ ബുദ്ധി ജീവികൾ ഏതു വേഷത്തിലും വരാം എന്നതാണു സ്ഥിതി.ക്ളീൻ ഷേവ് ചെയ്തു നടക്കുന്നവർക്കു വരെ ബുദ്ധി ജീവിയാകാമെന്ന് വെച്ചാൽ കഷ്ടം തന്നെ.
അതു കൊണ്ടാണ് അയലത്തു താമസിക്കുന്ന ബുദ്ധിജീവിയെ തിരിച്ചറിയാൻ എനിക്കു കഴിയാതെ പോയത്.അല്ലെങ്കിൽ തന്നെ അയലത്തു താമസിക്കുന്നത് ആരെന്ന് ചോദിച്ചാൽ ആർക്കാണ് ഇക്കാലത്തു അറിയാൻ കഴിയുക?സ്വന്തം വീട്ടിൽ തന്നെ ആരൊക്കെ താമസമുണ്ടെന്ന് ഒന്നാലോചിക്കാതെ പറയാൻ കഴിയുമോയെന്ന് സംശയമാണ്.വാട്സ്ആപ്പും ഫെയിസ്ബുക്കും നോക്കി തീർന്നിട്ടു വേണ്ടേ നമുക്ക് മറ്റു കാര്യങ്ങൾ നോക്കാൻ.
ഒരു ദിവസം അയൽ വീട്ടിലെ ബഹളം കേട്ടാണ് ശ്രദ്ധിച്ചത്,രണ്ടു പോലീസുകാരും അവിടുത്തെ താമസക്കാരനും തമ്മിൽ എന്തോ പറഞ്ഞ് ബഹളം കൂട്ടിക്കൊണ്ടിരിക്കുകയാണ്. പോലീസുകാർ സംസാരിക്കുമ്പോൾ മിണ്ടാതിരിക്കുയാണ് ബുദ്ധിയെന്ന് എന്റെ അയൽക്കാരന് അറിയില്ലെന്ന് തോന്നുന്നു..മിണ്ടാതെ നിന്നാൽ ഒരു കേസിലേ പ്രതിയാകൂ, മിണ്ടിക്കഴിഞ്ഞാൽ ഏത് തെളിയാത്ത കേസുകളും നമ്മുടെ പേരിൽ വരാം..ഏതായാലും മടിച്ചു മടിച്ചു ഞാൻ പുറത്തേക്കിറങ്ങി. കാരണം മദ്ധ്യസ്ഥതയ്ക്ക് ചെല്ലുന്നവൻ തല്ല് മേടിക്കുന്നതാണല്ലോ കാലം?
ഞാൻ ഗേറ്റു വരെ ചെന്നപ്പോൾ പോലീസുകാർ പുറത്തേക്ക് വരുന്നു .
’’എന്താ പ്രശ്നം?’’ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
‘’സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് ഒരു മുന്നറിയിപ്പ് കൊടുക്കാൻ വന്നതാണ്. ‘’
അതുശരി,സീരിയലെഴുത്തുകാരനും ബുദ്ധിജീവിയുമെന്നൊക്കെ പറഞ്ഞിട്ട് ആൾ സർക്കാരിന്റെ നോട്ടപ്പുള്ളിയാണെന്ന് തോന്നുന്നു.
‘’എന്താ,സാറേ വല്ല തീവ്രവാദിയോ മാവോവാദിയോ മറ്റോ ആണോ?’’
‘’അതൊന്നുമല്ല. ഇത് സീരിയൽ പീഡനമാ,സീരിയലുകൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ,അതിന്റെ ഭാഗമായി സീരിയൽ എഴുത്തുകാരുടെ ലിസ്റ്റ് എടുത്തു കൊണ്ടിരിക്കുകയാ..’’
‘’അപ്പോൾ ഇങ്ങേര് അത്രയ്ക്ക് പ്രശസ്തനായ എഴുത്തുകാരനാണോ?’’
‘’അതു ശരി,അയൽക്കാരനാണെന്ന് പറഞ്ഞിട്ട് ഇതൊന്നും അറിയില്ലേ,നിങ്ങളുടെ അയൽവാസി ഒരുപാട് കണ്ണീർ പരമ്പരകളുടെ സൃഷ്ടാവാണ്. ഇപ്പോൾ കൊറോണക്കാലമായപ്പോഴാണ് അൽപ്പം വിശ്രമം കിട്ടിയത്.’’
കാര്യമറിഞ്ഞ സ്ഥിതിയ്ക്ക് ഇനി അകത്തേക്ക് പോകേണ്ട. പോയാൽ ഞാൻ അയാളുടെ സഹായിയാണെന്ന് വിചാരിച്ച് എനിക്കെതിരെയും വല്ല നടപടിയും വന്നേക്കാം. പോലീസുകാരുടെ പുറകെ വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ആലോചിച്ചു, ഈ നടപടികൾ കുറെ നേരത്തെ വന്നിരുന്നെങ്കിൽ എത്ര കുടുംബങ്ങളിൽ വീട്ടമ്മമാരൊഴുക്കിയ ലിറ്റർ കണക്കിന് കണ്ണുനീർ ലാഭിക്കാമായിരുന്നു.
’’സീര്യലിൽ നിന്നുദിക്കുന്നു ലോകം,
സീര്യലാലസ്തമിക്കുന്നു,
സീര്യൽ താൻ ശക്തി ജഗത്തിൽ,
സീര്യൽ താൻ ആനന്ദമാർക്കും..’’
മഹാകവി കുമാരനാശാൻ ഇക്കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ ഇങ്ങനെയേ എഴുതുമായിരുന്നുവെന്നതിൽ ഒരു സംശയവുമില്ല.