ശീമക്കൊന്ന പൂവുകൾക്ക് വയലറ്റ് നിറം ചേർന്ന വെളുപ്പാണ്. അവ പൂത്തുലഞ്ഞു നില്കുന്നത് കാണാനും ഭംഗിയേറെയാണ്.
ശീമക്കൊന്നക്ക് താഴെ പൂക്കൾ വീണുകിടക്കുന്നതാണ് കാണാൻ കൂടുതൽ ഭംഗി.
ഭംഗി പോലെത്തന്നെ മണവും ഉണ്ടായിരുന്നെങ്കിൽ…
പഞ്ചായത്ത് ശ്മശാനം അതിർത്തി തിരിച്ചിരിക്കുന്നത് ചുറ്റും ശീമക്കൊന്ന വളർത്തിയാണ്…
അതിനോട് ചേർന്നാണ് ഭാസ്കരൻ നമ്പ്യാരുടെ കണ്ടവും, അതും വേർതിരിചിരിക്കുന്നത് ശീമക്കൊന്ന വേലികൊണ്ടാണ്. മിക്കതും പൂത്തുലഞ്ഞു നില്കുന്നു
ഇടവത്തിന് മുൻപ് വിത്തിറക്കണം. നിലം ഉഴുതാൻ ഇപ്പൊ എല്ലാരും കുഞ്ഞിരാമനെയാണ് വിളിക്കാറ്, കുഞ്ഞിരാമൻ ഒരു പുരോഗമനവാദിയായ കമ്മ്യൂണിസ്റ്റാണ്,
ഒരു ഉഴൽ മെഷീൻ സ്വന്തമായുണ്ട്. പണ്ട് പടിക്കലെ അബൂബക്കർ ഒരു മെഷീൻ കൊണ്ടുവന്നു, ഓന്റെ എളയാപ്പാ വാങ്ങികൊടുത്തതാണ്,
അന്ന് അതിനെതിരെ നിരാഹാരം കിടന്നിരുന്നു കുഞ്ഞിരാമൻ.
ഇന്ന് മിക്കവരും കുഞ്ഞിരാമനെയാണ് വിളിക്കാറ്, അതാണ് ലാഭവും.
പക്ഷെ ഭാസ്കരൻ നമ്പ്യാർ വിജയനെയാണ് ഏല്പിക്കാറ്, കാലങ്ങളായി വിജയന്റെ അപ്പനപ്പൂപ്പന്മാർ തൊട്ട് അവരാണ്.
അതുമാത്രമല്ല കുഞ്ഞിരാമന്റെ രാഷ്ട്രീയധാരയുമായി ഭാസ്കരൻ നമ്പ്യാർക്ക് പൊരുത്തപ്പെടാനാവില്ല.
വെള്ളകീറുന്നതിനു മുൻപേ വിജയനും ജാനകിയും പണിക്കെത്തി
വടക്കേലെ നാണിയുടെ മോളാണ് ജാനകി
ജാനകിയുടെ അച്ഛൻ രാഘവൻ പട്ടാളത്തിലായിരുന്നു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്, പിന്നെ ജാനകി പള്ളിക്കൂടത്തിൽ പോയില്ല.
ഒരു ഉച്ചയ്ക്ക് മുറ്റത്ത് ദേശീയപതാക പുതച്ച് അച്ഛനെ കിടത്തിയിരുന്നു. കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ മയിൻപൊട്ടി മരണപ്പെടുകയായിരുന്നു.
നാണി, നമ്പ്യാർ കുടുംബത്തിലേതായിരുന്നു. എന്നാൽ, ജാനകിയുടെ അച്ഛൻ അത്ര വരില്ല.
ആറടിയോളം ഉയരവും വിരിഞ്ഞ നെഞ്ചും. ഏത് പെണ്ണും മോഹിക്കും.
ഗോവിന്ദന്റെ ചായക്കടയിൽ പത്രം വായിച്ചിരിക്കെയാണ് കണ്ടപ്പൻ നമ്പ്യാരോട് ജാനകിയുടെ അച്ഛൻ അത് പറഞ്ഞത്.
“നാണിയെ എനിക്കിഷ്ടമാണ്.”
“ന്റെ മോളെ കെട്ടാൻ നിനക്കെന്താ യോഗ്യത, കമ്മ്യൂണിസം വളന്നു ഇപ്പൊ ഒന്നിനും വകതിരിവില്ലാതായി..”
“ഞാൻ ഒരു പട്ടാളക്കാരനാണ്…”
“അയിന്”
“അതാണ് യോഗ്യത”
“ല്ല… ന്റെ മോളെ ഒരന്യജാതിക്കു കൊടുക്കൂല, അത് കണ്ടു നീ പനിക്കേം വേണ്ട, നാടെവിടെക്കാ ഓടണെന്റെ കൊട്ടിയൂരപ്പാ…”.
കണ്ടപ്പൻ നമ്പ്യാർ ദേഷ്യപ്പെട്ടു കുടിച്ച ചായ പാതിവെച്ചു ഇറങ്ങിപ്പോയി.
അന്ന് നാണിക്ക് പത്തൊമ്പത് വയസ്സ് തികഞ്ഞു, കുടുംബക്ഷേത്രത്തിൽ നിന്നും ഇറങ്ങി വരുമ്പോ നേരേ മുന്നിൽനിന്നു രാഘവൻ വരുന്നുണ്ട്
നാണി മുഖമുയർത്തി ഒരിക്കലേ നോക്കിയുള്ളു, നാണം കൊണ്ടു തല താഴ്ത്തി ഇടക്കണ്ണിട്ടു രാഘവനെ നോക്കി നടന്നു.
മുന്നിൽ നിന്നു രാഘവൻ പറഞ്ഞു
“നാണി നിക്ക്..”
നാണി സ്തബ്ദയായി നിന്നു. കാലിൽ നിന്നും തലയോട്ടി വരെ വിറയലുണ്ട്, എങ്കിലും എന്തിനാവും എന്നറിയാനുള്ള ആകാംഷ…
നന്ദനാരുടെ കഥയിലെ പട്ടാളക്കാരൻ… സങ്കല്പത്തിലെ പുരുഷൻ.,
വലതു കാലുകൊണ്ട് നാണി അർദ്ധവൃത്തങ്ങൾ വരച്ചു കൊണ്ടിരിന്നു.
“ഞാൻ അച്ഛനെ കണ്ടിരുന്നു”
“എന്തിന്…..” മുഖമുയർത്താതെ വിറയലോടെയാണ് നാണി ചോദിച്ചത്
“എന്റെ പുതിയ വീട്ടിലേക്ക് വിളക്കുകൊണ്ട് കേറാൻ ഒരാള് വേണം, നിന്റെ അച്ഛനോട് ചോദിച്ചു, പറ്റില്ല എന്നാ പറഞ്ഞേ, നീ വരുവോ ഞാൻ വിളിച്ചാൽ.”
നാണിക്കൊന്നും പറയാൻ കഴിഞ്ഞില്ല… അവൾ ആ മുഖത്ത് നോക്കി നാണത്തോടെ ചിരിച്ചുകൊണ്ടോടി.
ഞാൻ വരും, ഇറങ്ങി വന്നേക്കണം
നാണി ഒന്ന് തിരിഞ്ഞു നോക്കി.
സീമകൊന്ന വേലിക്കിപ്പുറത്തു നിന്ന് ഒരു മഴപെയ്ത രാത്രിയിൽ രാഘവൻ നാണിയെ വിളിച്ചു.
ഉമ്മറ വാതിൽ തുറന്നു നാണി വരുന്നത് രാഘവൻ വരാന്തയിൽ തൂക്കിയിട്ട ചെമ്മിനി വിളക്കിന്റെ ഇരുണ്ട വെളിച്ചത്തിൽ കണ്ടു.
വേലിക്കലെ സീമകൊന്ന പടിഞ്ഞാറൻ കാറ്റിൽ അടിയുലഞ്ഞു
നാണിയുടെ അമ്മ മുറ്റത്തേക്ക് ഓടി വന്നു,
നീ പോവല്ലേ മോളെ…. ആർത്തലച്ചു കരഞ്ഞു
കണ്ടപ്പൻ നമ്പ്യാർ ഭാര്യോടായി പറഞ്ഞു
“നീ കെടന്ന് മോങ്ങാതെടി പുകഞ്ഞ കൊള്ളി പുറത്തു, ഈ മുറ്റത്ത് കയറി പോവരുത്.. എന്റെ വായ്കരിയിടാനും ഇങ്ങോട്ട് ന്നേക്കരുത്…..എനിക്കിങ്ങനെ ഒരു മോളില്ല…”.
നാണി രാഘവന്റെ കൂടെ പോയി, അമ്മ വേലിക്കൽ വരെ വന്നു, നെഞ്ചത്തലച്ചു കരഞ്ഞു,
കൂടെ പടിഞ്ഞാറൻ കാറ്റിൽ സീമക്കൊന്നകൾ ആടിയുലഞ്ഞു, പൊട്ടി കരഞ്ഞു
പടിഞ്ഞാറ്‌നിന്ന് ഒരു കരിം കാർമേഘം ഇരുണ്ടു പൊങ്ങി
വിജയൻ ഇടതു കൈ നെറ്റിയിൽ വച്ചു പടിഞ്ഞാറു നോക്കി പറഞ്ഞു
നല്ല മഴക്കാറുണ്ട് ജാനകി, തണുത്ത കാറ്റിനു മണ്ണിന്റെ മണമുണ്ട്..
കൂടുതൽ നേരം നീണ്ടുനിന്നില്ല… മഴ ശക്തിയായി പെയ്തു, അതിലേറെ ശക്തിയായി കാറ്റ് വീശി,
കാറ്റിന്റെ അടിയേറ്റ് സീമക്കൊന്നകൾ കരഞ്ഞു.
വിജയൻ ജാനകിയോടായി പറഞ്ഞു
“ആ നെൽപ്പോരേലേക്കു കേറിനിന്നോ, മഴ പെട്ടന്ന് നിക്കുംന്ന് തോന്നുന്നില്ല”
ജാനകി വലതു കൈ തലയിൽ വച്ചു നെല്പുരേലേക്കോടി.
നെല്പുരയ്ക്ക് വലിയ സ്ഥലമൊന്നുമില്ലായിരുന്നു, തെങ്ങിൻ തടി കീറി കുത്തിനിർത്തിയ തൂണ് ചാരി സീമക്കൊന്നകൾ മഴയത്തു ഇളകിയാടുന്നത് ജാനകി നോക്കി നിന്നു.
വിജയൻ ജാനകിക്ക് പുറകിലായി നിന്നു. മഴക്ക് ശക്തികൂടി, ജാനകി ഒന്നുകൂടി പിറകോട്ടു നിന്നു.
പടിഞ്ഞാറ്‌നിന്ന് വീശുന്ന കാറ്റിനു നല്ല തണുപ്പ്.
കാറ്റിൽ സീമക്കൊന്നമരങ്ങൾ പരസ്പരം ഉമ്മവച്ചു.
ഒരു സീമക്കൊന്ന തന്നെ വലിച്ചു മുറുക്കുന്നതായി ജാനകിക്ക് തോന്നി, തന്റെ ശ്വാസോശ്വാസത്തിൽ ഉണ്മദമായ ഒരു സീമക്കൊന്ന പൂമണം…..
Click this button or press Ctrl+G to toggle between Malayalam and English