രണ്ടാമത് അക്കിത്തം പുരസ്കാരത്തിന് തന്നെക്കാൾ അർഹരായവർ മലയാളത്തിലുണ്ട്. എന്നാൽ, ‘തപസ്യ’ എന്ന മാധ്യമത്തിലൂടെ അക്കിത്തത്തിന്റെ അനുഗ്രഹം എനിക്കു ലഭിച്ചു. ‘വെളിച്ചം ദുഃഖമാണുണ്ണീ’ എന്ന അക്കിത്തത്തിന്റെ രണ്ടു വാക്കുകളിൽ ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചിത്രമുണ്ട്. നന്മ ദുഃഖമാണ്, തിന്മയാണ് സുഖകരം. തപസ്യ കലാസാഹിത്യ വേദിയുടെ അക്കിത്തം പുരസ്കാരം കവി പി.നാരായണക്കുറുപ്പിൽനിന്നു സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്രഗാനത്തിന്റെ പ്രശസ്തിയിൽ തന്റെ കവിതകൾക്കു വേണ്ടത്ര പ്രചാരം ലഭിക്കാതെപോയെന്നും ശ്രീകുമാരൻതമ്പി പറഞ്ഞു. സ്വയം എഴുതി ചിട്ടപ്പെടുത്തിയ ‘മനസ്സൊരു വായനശാല’ എന്ന ഗാനവും ‘അമ്മയ്ക്കൊരു താരാട്ട്’ എന്ന കവിതയും അദ്ദേഹം വേദിയിൽ പാടി.
തപസ്യ സംസ്ഥാന അധ്യക്ഷൻ പ്രൊഫ. പി.ജി.ഹരിദാസ് അധ്യക്ഷനായി. പി.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. തപസ്യ ഭാരവാഹികളായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, അനൂപ് കുന്നത്ത്, ജി.എം.മഹേഷ്, തിരൂർ രവീന്ദ്രൻ, സുജിത് ഭവാനന്ദൻ, അക്കിത്തം നാരായണൻ, കവി കല്ലറ അജയൻ തുടങ്ങിയവർ പങ്കെടുത്തു.