ഈശ്വരനെ തേടി അലയുമ്പോൾ

 

ഉരൽപുരയിൽ നിന്ന് ഉമ്മറകോലായ് വരെ എത്തി നിൽക്കുന്ന ഏകമകന്റെ വിറയാർന്ന ശബ്ദം കേട്ടുകൊണ്ടാണ് ജാനകിയമ്മ പടിപ്പുര കടന്നത്. കോലായോട് അടുക്കും തോറും “അമ്മേ” എന്ന മകന്റെ ദീനരോധനം അന്തരീക്ഷത്തിൽ മാറ്റൊലികൊള്ളുന്നത് ജാനകിയമ്മക്ക് വ്യക്തമായി കേൾക്കാമായിരുന്നു. അന്നത്തെ കച്ചവടം കഴിഞ്ഞ് മിച്ചം വന്ന പപ്പടകെട്ടുകൾ സൂക്ഷിച്ചിരുന്ന സഞ്ചി കോലായിൽ വെച്ച് അവർ ഉരൽപുരയിലേക്കോടി. വീട്ടിൽ വളർത്തുന്ന നായ്ക്ക് തുല്യം സ്വന്തം മകനെ വെറുംതറയിൽ ഉരലിനോടു ചേർത്ത് കെട്ടിയിരിക്കുന്ന കാഴ്ചയാണവിടെ അവരെ വരവേറ്റത്. ഏതൊരു അമ്മയ്ക്കാണ് മകനെ ഈ നിലയിൽ കണ്ടു നിൽക്കാൻ സാധിക്കുന്നത്. എന്തെങ്കിലും ഒരു നിവർത്തി ഉണ്ടായിരുന്നെങ്കിൽ ഇരുപത്തിനാലു വയസ്സുള്ള ഒരാൺകുട്ടി ഈ നിലയിൽ ഇവിടെ…… ഭക്ഷണം പോലും പരസഹായം കൂടാതെ കഴിക്കാൻ സാധിക്കാത്ത ഒരാളിനോട് ആർക്കാണ് ഇത്ര ക്രൂരമായി പെരുമാറാൻ കഴിയുക. ജനാകിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.” കണ്ണാ…. “എന്ന വിളി മുഴുവിപ്പിക്കും മുൻപേ അവരുടെ കണ്ഠം ഇടറി. മകനെ കെട്ടിപിടിച്ചവർ തേങ്ങി.

സരോജിനിയുടെ ശബ്ദമാണ് ഉരൽപുരയിൽ തളം കെട്ടിയിരുന്ന നിശബ്ദതയെ ഭേതിച്ചത്. ” ദേ തള്ളേ ഈ അസത്തിനെ എവിടേലും കൊണ്ടുപോയികള, അല്ലെങ്കിൽ കൂടെ കൂട്ടിക്കോണം നിങ്ങൾ… ബുദ്ധികെട്ട ജന്തു”. “ഒന്നാമതെ മന്ദബുദ്ധി! ഇപ്പോ ദാ ചെക്കന് കണ്ണും കണ്ടൂടാണ്ട് ആയിരിക്കണു. അതെങ്ങനാ സ്വന്തം അച്ഛനെ കുരുതി കൊടുത്തോണ്ട് ജനിച്ചതല്ലേ…അനുഭവിച്ചോ തള്ളേം മോനും. എന്റെ മകന്റെ കൂട്ടുകാര് വന്നപ്പോ കൊണ്ടു കെട്ടിയിട്ടതാ നികൃഷ്ടജീവിനെ ഇവിടെ. ഇങ്ങനൊരു സാധനത്തിനെ മുൻപിൽ പ്രതിഷ്ഠിക്കുന്നതന്റെ കുട്ടിക്കൊരു കുറച്ചിലാ”. ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ച് സരോജിനി തൊടുത്തുവിട്ട അമ്പ് പോലെ അടുക്കള വാതിൽ പിന്നിട്ടു. എവിടെക്കാണ് ഇനി മകനെയും കൊണ്ട് ഇറങ്ങേണ്ടത്. ഇവിടം വിട്ടാൽ മുകളിൽ ആകാശം താഴെ ഭൂമി എന്നതാണ് അവസ്ഥ. മകനെ ജാനകിയമ്മ ഗർഭവതിയായിരുന്ന സമയത്താണ് വിഷം തീണ്ടി അവരുടെ ഭർത്താവ് മരണമടയുന്നത്. അത് ജനിക്കാൻ പോകുന്ന കുട്ടിയുടെ ദോഷം ആണെന്ന് നാട്ടുകാർ വിധിയെഴുതി. അതോടുകൂടി ഭർതൃവീട്ടിൽ നിന്ന് ബന്ധുക്കൾ ആട്ടിപായിച്ചു. മാതാപിതാക്കൾ നേരത്തെ തന്നെ നഷ്ട്ടപ്പെട്ട ജാനകിയമ്മയ്ക്ക് ഈ ലോകത്ത് ഏകാശ്വാസം സഹോദരനായിരുന്നു. കഴിഞ്ഞ വർഷം ഏട്ടനും മരണമടഞ്ഞു. വല്ലാത്തൊരു വിധിയാണ് എന്റേത്. താങ്ങാൻ വരുന്നവരുടെ തല ആദ്യമേ തെറിക്കും അവർ മനസ്സിൽ പറഞ്ഞു. അതിലേറെ സങ്കടപ്പെടുത്തുന്നത് ആ പഴിയെല്ലാം ദോഷം എന്ന പേരിൽ വന്നുചേരുന്നത് മകന്റെ തലയ്ക്ക് മുകളിലും.
ഏട്ടന്റെ മരണശേഷം പിന്നിടങ്ങോട്ട് സഹോദര പുത്രിയുടെ അധീനതയിലായീ കുടുംബഭരണം. അതോടെ ജാനകിയമ്മയ്ക്കും കൂടി അവകാശപ്പെട്ട മണ്ണിൽ ഒരു അഭയാർത്ഥി ആകേണ്ടി വന്നു അവർ. സരോജിനിയുടെ ഭാഷയിൽ പറഞ്ഞാൽ അവളെ ചുറ്റി പറ്റി കഴിയുന്ന രണ്ടു ഇതിൾകണ്ണികൾ. മണ്ണോ പണമോ അതൊന്നും അവരാഗ്രഹിക്കുന്നു  പോലുമില്ല. തന്റെ മകനെ ഒരു മനുഷ്യനായി മാത്രം കണ്ടാൽ മതിയായിരുന്നു ഇവിടെയുള്ളോർ അത്ര മാത്രമാണ് ജാനകിയമ്മയുടെ ഏക ആശ. മണ്ണ് ചവിട്ടി പൊട്ടിച്ച് വീടു വീടാന്തരം കയറി ഇറങ്ങി പപ്പടം വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് ഇത്രനാൾ അന്നത്തിനുള്ളവക ആ സാധുസ്ത്രി കണ്ടെത്തിയിരുന്നത്. അപ്പോഴാണ് കൂനിൻമേൽ കുരു എന്ന കണക്കെ കാഴ്ചയുടെ രൂപത്തിൽ വിധി മകന്റെ ശരീരത്തിൽ പ്രഹരമേല്പിക്കുന്നത്. മകനെയും കൊണ്ട് അവർ ഇനി കയറി ഇറങ്ങാത്ത ആശുപത്രികളില്ല, വിളിക്കാത്ത ഈശ്വരൻമാരില്ല. പക്ഷെ അവനു മുന്നിൽ ഇപ്പോഴും ഇരുട്ട് തന്നെ. ആ ഇരുട്ട് തന്റെ ജീവിതത്തിൻ മേലാണ് പടർന്നിരിക്കുന്നത് എന്ന് ജാനകിയമ്മക്ക് നല്ല ബോധ്യവും ഉണ്ട്. വന്നുവന്ന് ഭക്ഷണത്തിന്റെ സ്ഥാനം മരുന്നുകൾ കൈയ്യേറി തുടങ്ങിയിരിക്കുന്നു. ആഗ്രഹമുള്ള ഭക്ഷണം കഴിക്കാൻ വകയില്ലെങ്കിലും നുള്ളിപെറുക്കി മരുന്നിന് പണം സ്വരൂപിക്കണം എന്നതാണ് അവസ്ഥ. എത്രനാളിങ്ങനെ മുമ്പോട്ട് പോകാൻ സാധിക്കും,ഈ വയസ്സുകാലത്ത് !. തന്റെ മരണശേഷം ശിഷ്ടകാലം അവനെങ്ങനെ കഴിഞ്ഞു കൂടും ആരുണ്ട് മകന് തുണ?. സംഘർഷഭരിതമായ ഇത്തരം ചോദ്യങ്ങൾ ജാനകിയമ്മയുടെ മനസ്സിലെത്തിയ അതേ നിമിഷത്തിൽ തന്നെയാണ് സരോജിനിയുടെ ശബ്ദം വീണ്ടും ഉയർന്ന് കേട്ടത്. “സന്ധ്യയായ് നാമം ജപിച്ചോളു കുട്ട്യോളെ”. ഇത്തവണ ജാനകിയമ്മക്ക് ഉള്ളിലൊരു ചിരിയാണ് കടന്നു വന്നത്. ഇതൊരു കപടഭക്തി ആണോ എന്നുള്ള സംശയവും ജാനകിയമ്മയുടെ ഉള്ളിൽ ഉടലെടുക്കാതിരുന്നില്ല. ഈശ്വരന്റെ മനോഹരമായ സൃഷ്ടികളിലൊന്നായ മനുഷ്യനോട് അത് എന്ത് തന്നെ കുറവിന്റെ പേരിലായാലും മനുഷ്യത്വരഹിതമായ് പെരുമാറി കൊണ്ട് ഈശ്വരസ്തുതി എത്രതന്നെ പാടിയിട്ടും എന്ത് മേമ്മയാണുള്ളത്. സഹജീവികളിൽ ഈശ്വരസാന്നിധ്യം ദർശിക്കാതെ ദൈവത്തെ തേടി അവിടെയും ഇവിടെയും അലയുമ്പോൾ ഈ മണ്ണിൽ മനുഷ്യരൂപത്തിൽ പിറവി കൊള്ളുന്ന ഈശ്വരന്റെ അസ്ഥിത്വത്തെ കണ്ടില്ലെന്നു നടിക്കുന്നത് എത്ര തന്നെ വിഡ്ഢിത്തമാണ്. ഈ ലോകത്തിന്റെ വികലചിന്താഗതികളെ ഓർത്തു നെടുവീർപ്പെടുമ്പോഴും…. ഉദയസൂര്യന്റെ പ്രഭ ഒരുനാളിൽ തങ്ങളുടെ ജീവിതത്തെ സ്പർശിക്കുമെന്ന പ്രതീക്ഷയിലാണ് ജാനകിയമ്മയും മകനും.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English