ഒന്നിനുമല്ലാതെ വെറുതെ…. നടക്കണം
നിറ നിലാവിൽ….പൗർണമി രാവിൽ..
പാതിമനം കുളിരും സ്വപ്നവുമായി
പാതിമനം നിറയും മൗനവുമായി
ഏകയായി…പഥികയായി …..പന്ഥാവുമായി…
നടക്കണം.
കാലടികൾ കാണാതെ…
പൂഴിമണലിൽ പൂണ്ടു പോകാതെ..
കടലിലേക്ക് ചേർന്ന് കിടക്കും
കല്ലിൽ….ആകാശച്ചെരുവിൽ….കാറ്റാടി മരങ്ങളിൽ…
തിരയെഴുതും സ്വകാര്യനിശ്വാസങ്ങളറിയണം
പുല്കാനാവേശമായ് തീരമണയും തിരയെ അറിയണം
നിശയുടെ മറവിൽ അമ്പിളിക്കീഴിൽ
നടക്കും സംഗമത്തിൻ ഊർജ്ജമറിയണം
ആവേശം നെഞ്ചേറ്റണം
പൂഴിമണൽ വാരി കൈവിരലുകളിലൂടൂർത്തണം
കടൽ മനസ്സറിയണം, തിരയറിയണം,തീരമറിയണം
തിരയുടെ കൊഞ്ചലിൽ തീരം തണുക്കുന്നത് കാണണം
അമ്പിളിവെട്ടത്തിൽ പളുങ്കുമണികൾ പോൽ തിളങ്ങും
ജലത്തിൻ നനവറിയണം
നിശബ്ദതയിൽ നിശാചരനായി
ചാരത്തുണ്ടാവണം മറ്റൊരു നിശയായി
നിലാവറിയുന്നവൻ; ഏകനാം പഥികൻ
മൗനനിമിഷങ്ങൾ കൈമാറണം
വിരലുകൾ കോർത്തയയ്ക്കണം
നിശ്വാസങ്ങൾ കാതോർക്കണം
ഹൃദയമന്ത്രണമറിയണം
മുട്ടിയുരുമ്മാതെ മുട്ടിയുരുമ്മി
പറയാതെ പറഞ്ഞു
മനസ്സുകളെ പുണരാൻ വിട്ട്
പുളകമറിയാൻ വിട്ട്
അകന്നിരിക്കണം ഒരു ചാൺ അകലെ…
കടലിനെ കാണണം
നിലാവിൽ മറിഞ്ഞു..ചുഴിഞ്ഞു പൊങ്ങും തിര..
മനസ്സോ ശാന്തം സൗമ്യം
വീർപ്പുമുട്ടും ഏകാന്തതയ്ക്ക് വിരാമം
തടവിലിടപ്പെട്ട മനസ്സിന് തണുപ്പ്
കടൽക്കാറ്റേറ്റ്….തിരയുടെ കൊഞ്ചൽ കേട്ട്…
തീരത്തിന്റെ കോരിത്തരിപ്പിൽ
പാദങ്ങൾ നനച്ച്; നനഞ്ഞു
ധ്യാനനിമഗ്നരായി….
പിന്നെയും പിന്നെയും തീരത്തെ
ആഞ്ഞു പുൽകി പിറകോട്ട് വലിയും
തിരയുടെ കൂടെ നടന്ന് പതിയെ പതിയെ
ഉപ്പ് കലർന്ന വെള്ളത്തിൽ…കണ്ണീരിൽ നിന്നും
വേർതിരിച്ചെടുത്ത ഉപ്പ്
പൊടിച്ചു ചേർക്കണം
പിന്നെ കണ്ണ് നീർ നീർച്ചോലയാകും
മലമുകളിൽ പെയ്യുന്ന ആദ്യമഴ തളം കെട്ടിയ
ജലത്തിൽ നിന്നുയിർക്കൊണ്ട
കണ്ണാടി സമം തെളിനീർ
ഇളം മധുരം; ഇളം തണുപ്പ്
കോരുന്ന കുമ്പിളിൽ നനുത്ത തരിപ്പ്
അത്രയും ആയാൽ ഏകനാം പഥികന്റെ
കണ്ണിലേക്കാദ്യനോട്ടമെറിയണം
ഇരുളിൽ തിളങ്ങും പളുങ്കുമണി സമം മിഴിയിൽ
മിഴി ചേരും നിമിഷം- മനസ്സിൽ അറിയുന്ന
സ്‌നേഹസ്‌ഫോടനത്തിൽ; അതിൻ കണികകൾ
ദേഹമാകെ പടർത്തും കമ്പനത്തിൽ;
ഒട്ടിയിരിക്കാതെ- ഒരു കൈയകലത്തിൽ
ഇരുന്നൊരു നേർത്ത…..വളരെ നേർത്ത മന്ദസ്മിതം
അകലെയാകാശച്ചെരുവിൽ അപ്പോൾ കുഞ്ഞു നക്ഷത്രങ്ങൾ മിന്നി ചിരിക്കും
വാൽ നക്ഷത്രങ്ങൾ ഓടി മറയും
എല്ലാം കണ്ടറിഞ്ഞു മൗനമായി
ഇണചേരാ നിശ്വാസവുമായി
അങ്ങനെയിരിക്കണം…..പുലരുവോളം
ഉറങ്ങാതെ……….ഉണർത്താതെ……
ഓർമ്മകൾ പെയ്യാതെ……….മേഘങ്ങൾ നിഴൽ വീശാതെ……..മഴയില്ലാതെ……..
മഞ്ഞു പെയ്യുന്ന കടലിൽ
മഞ്ഞിൽ കുളിച്ച തീരത്തിൽ
വിരൽത്തുമ്പുകൾക്ക്
വിരൽത്തുമ്പുകളെ അറിയാനൊരവസരം
അതിന്നവസാനം മണൽത്തരികൾ
പറ്റിപ്പിടിച്ച കൈത്തലങ്ങളും കാൽപ്പാദങ്ങളുമായി
എഴുന്നേറ്റ് തിരികെ….തിരികെ….
ആ മൗനത്തിന് എന്ത് സുഖമായിരിക്കും………
ആ കടലിന് എന്തഴകായിരിക്കും ………
ആ തിരയ്ക്ക് എത്ര തണുപ്പായിരിക്കും
ഹാ, മോഹങ്ങളേ നിങ്ങളെന്നെ കെട്ടിവരിയല്ലേ
ഞാൻ നിസ്സഹായ………..