നിനച്ചിരിക്കാതൊരു ദിനം ഞാൻ, ഒരു മുഖം കണ്ടു,
ഒരു മനമായ്, കഴിഞ്ഞു പോയ കാലങ്ങൾ ഓർമ്മ വന്നു.
വർഷമേഘം പോലെ പെയ്‌തൊരോർമ്മപ്പെയ്ത്തിൽ
നനഞ്ഞിടുന്നു, മറന്നിടാത്ത ദിനങ്ങളോരോന്നും.
ഒരു കുടയും, ഒരു നാണവും, ഒരു മഷിത്തണ്ടും,
ചെറുതേങ്ങലും, ഒലിച്ചിറങ്ങും ചാന്തിന്റെ ചെഞ്ചോപ്പും,
ചതഞ്ഞ റോസാദലച്ചവർപ്പും, പൂത്ത പൂക്കൈതയും,
പരന്നൊഴുകും നിലാവും, പിന്നെ നിശബ്‌ദനിശീഥിനിയും,
വിയർത്തൊലിക്കും വെയിലിലും കുളിരേകുമൊരാൽ മരവും,
മരച്ചുവടും, കടത്തിണ്ണയും, തേൻ-നിലാവിൻ മധുരിമയും,
മധുരമാകുമീയോർമ്മത്തെന്നലിൽ മുകിലിൽ മിഴി പാകവെ,
മനമോ തീർത്തു മായാമരീചിക സാഗരപ്പൊൻ തോണി.
അതിലോ നീയും, ഞാനും, പിന്നെ; നിലയില്ലാ ജലവും
തിരതല്ലീടും തിര തൻ മാറിൽ പതിയെ ചാഞ്ചാടി.