വെട്ടിയെടുത്ത തലകൾ
തുന്നിക്കെട്ടിയുണ്ടാക്കിയ
പുസ്തകത്തിൽ
വരിവരിയായി നിൽക്കുന്ന
മുഖങ്ങളിൽ
ജീവന്റെ തുടിപ്പുകളുണ്ടായിരുന്നു.
ഹൃദയംകൊത്തിപ്പറക്കുന്ന
കണ്ണുകളുണ്ടായിരുന്നു.
ശിലാ ഹൃദയങ്ങളിൽ
തെളിനീരുറവകൾ വീഴ്ത്തിയ
പുഞ്ചിരികളുണ്ടായിരുന്നു.
വിരഹത്തിന്റെ തടവറകളിലേക്ക്
തുറക്കുന്ന തുരങ്കങ്ങളുണ്ടായിരുന്നു.
ഇന്ദ്രജാലത്തിന്റെ മുഖം മൂടികളുണ്ടായിരുന്നു.
കുറുക്കന്റെ കുതന്ത്രങ്ങളും
കലമാന്റെ ദൈന്യതയുണ്ടായിരുന്നു.
കാക്കയുടെ കൗശലവും
മയിലിന്റെ അഹങ്കാരവും
ഓന്തിന്റെ നിറം മാറ്റവും
കഴുതയുടെ കാമവും ഉണ്ടായിരുന്നു.