സൗപര്‍ണികയുടെ മരണം

sauparnika

 

ചുറ്റും കാടു പിടിച്ചു തുടങ്ങിയ, പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ അവള്‍ തനിച്ചാണ് നിന്നത്. അവള്‍ ആ നില്‍പ്പ് നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയി.

ഗേറ്റ് തുറന്ന് ഒരാള്‍ വരുന്നത് അവള്‍ ദൂരെ നിന്നേ കണ്ടു. അടുത്തു വന്നപ്പോള്‍ അത് മേനോന്‍ സാറിന്‍റെ ഇളയ മകന്‍ രാമചന്ദ്രന്‍റെ ഡ്രൈവര്‍ ഹരിയാണെന്ന് അവള്‍ക്ക് മനസിലായി.

മിസ്സ്  മേനോന്‍, അങ്ങനെ നിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി. നിന്നെ ഞങ്ങള്‍ വില്‍ക്കാന്‍ പോകുകയാണ്. അതും ലേലം വിളിച്ച്……….. കിട്ടുന്ന തുക മുതലാളിമാര്‍ പങ്കിട്ടെടുക്കും. നിന്‍റെ ഈ കാത്തിരിപ്പ് അങ്ങനെ അവസാനിക്കും…………………. :

അവളെ കണ്ട് ആര്‍ത്തട്ടഹസിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. അതു കേട്ട് അവള്‍ ഞെട്ടി. ഒഴുകാന്‍ തുടങ്ങിയ അവളുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിച്ച്, താക്കോലെടുത്ത് അയാള്‍ അവളുടെ വാ തുറന്ന്‍ അകത്തേക്ക് കയറിപ്പോയി.

കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നിന്ന തെക്കേപാടത്ത് മാധവ മേനോന്‍ പണി കഴിപ്പിച്ച, അദ്ദേഹം ജീവിതത്തിന്‍റെ സിംഹഭാഗവും ചെലവഴിച്ച വീടായിരുന്നു അത്.

തന്‍റെ സ്വപ്ന സൗധത്തിന് പേരിടുന്ന കാര്യത്തില്‍ കടുത്ത മൂകാംബിക ദേവി ഭക്തന്മാരായ അദേഹത്തിനോ ഭാര്യ സരോജിനി ടീച്ചര്‍ക്കോ രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല.

സൗപര്‍ണിക. എന്നും ദേവിയുടെ സാമീപ്യം അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുണ്യനദി. അങ്ങനെയാണ് ഒറ്റപ്പാലത്തിനടുത്ത് ദേശീയ പാതയില്‍ നിന്ന്‍ കുറച്ചു മാറി, റോഡ് സൈഡില്‍ തന്നെയുള്ള പതിനഞ്ച് സെന്‍റ് സ്ഥലത്ത് സൗപര്‍ണിക ജനിക്കുന്നത്.

ആ നാളുകളില്‍ വീട്ടില്‍ എന്നും ഉല്‍സവമായിരുന്നു…………….. സംസ്ഥാനത്തിലെ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള, ജനങ്ങളില്‍ സ്വാധീനമുള്ള, അവരെ ഇഷ്ടപ്പെടുന്ന, അവര്‍ ഇഷ്ടപ്പെടുന്ന വലിയ ഒരു രാഷ്ട്രീയ നേതാവിന്‍റെ വീട്. പലപ്പോഴും അധികാര കസേരകള്‍ കപ്പിനും ചൂണ്ടിനുമിടയ്ക്ക് അദേഹത്തിന് നഷ്ട്ടപ്പെട്ടപ്പോഴും ആ ഇഷ്ടത്തിന് ഒരു ഉടവും തട്ടിയില്ല. ജനങ്ങള്‍ എന്നും അദേഹത്തിന് വലിയ ഒരു ആവേശമായിരുന്നു.

ഒരു കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തെ മനസ്സ് വിഷമിച്ച നിലയില്‍ സൗപര്‍ണിക കണ്ടിട്ടുള്ളത്. അളവറ്റ സ്വത്തും സൗഭാഗ്യവുമുണ്ടായിട്ടും അതനുഭവിക്കാന്‍ കുട്ടികളില്ല എന്നത് അദേഹത്തിന്‍റെയും സരോജിനി ടീച്ചറുടെയും തീരാദുഖമായിരുന്നു. തന്‍റെ തിരക്കുകള്‍ക്കിടയില്‍ മാധവ മേനോന്‍ അത് പലപ്പോഴും മറന്നെങ്കിലും ആ ദുഖം ടീച്ചറെ എല്ലായ്പ്പോഴും വേദനിപ്പിച്ചു. അങ്ങനെയാണ് അനാഥാലയത്തില്‍ നിന്ന് കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ അവര്‍ ഇരുവരും തീരുമാനിച്ചത്. അതും ഒരാളേയല്ല, ഒന്നിനു പുറകെ ഒന്നായി, വിവിധ സ്ഥലങ്ങളില്‍ നിന്ന്‍ മൂന്നു പേരെ………….. രണ്ടാണും ഒരു പെണ്ണും. പണ്ടു മുതലേ കുട്ടികള്‍ എന്നു വെച്ചാല്‍ ടീച്ചര്‍ക്ക് വലിയ ഇഷ്ടമായിരുന്നു.

ആ ദിവസങ്ങളാണല്ലോ തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ സമ്മാനിച്ചതെന്ന് സൗപര്‍ണിക ഓര്‍ത്തു. കുട്ടികളുടെ കൊഞ്ചലുകള്‍, കളി ചിരികള്‍………….. എല്ലാം അവിടെ നിറഞ്ഞു നിന്നു. സരോജിനി ടീച്ചര്‍ക്കും തന്‍റെ ജീവിതം തിരിച്ചു കിട്ടിയതു പോലെയാണ് തോന്നിയത്.

കുട്ടികളുടെ ഐശ്വര്യം കൊണ്ടോ എന്തോ മേനോന്‍ സാറിന് അധികം താമസിയാതെ സംസ്ഥാന വ്യവസായ മന്ത്രി പദം കിട്ടിയപ്പോള്‍ എല്ലാവരും തലസ്ഥാനത്തേക്ക് താമസം മാറി. അന്നും ഇന്നും എന്നും അദേഹത്തെ താന്‍ സാര്‍ എന്നു മാത്രമല്ലേ വിളിച്ചതെന്ന് സൗപര്‍ണിക അപ്പോള്‍ ഓര്‍ത്തു. ഒരു പക്ഷേ സരോജിനി ടീച്ചറെ ടീച്ചര്‍ എന്നു വിളിച്ചു ശീലിച്ചതാകാം അതിനു കാരണമെന്ന് അവള്‍ക്ക് അപ്പോള്‍ തോന്നി.

മന്ത്രിയായെങ്കിലും ഒറ്റപ്പാലം വഴി കടന്നു പോകുമ്പോഴെല്ലാം അദ്ദേഹവും കുടുംബവും മറക്കാതെ സൗപര്‍ണികയില്‍ എത്തിയിരുന്നു. അവര്‍ക്ക് രണ്ടു പേര്‍ക്കും അവളെ അത്രക്ക് ഇഷ്ടമായിരുന്നു. ആ നല്ലവരായ മാതാപിതാക്കളുടെ ആദ്യ മകളായി പിറന്നതില്‍ അവള്‍ക്കും അഭിമാനം തോന്നി. അദ്ദേഹം അധികാരത്തിലിരുന്ന അഞ്ചു വര്‍ഷവും പലപ്പോഴും അവള്‍ തനിച്ചായിരുന്നു. ഇടക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും വന്നു നോക്കുമെന്നല്ലാതെ, മിക്കപ്പോഴും ഒറ്റക്കായ ആ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് സൗപര്‍ണിക ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയത്. തന്‍റെ കുടുംബത്തെ വേര്‍പിരിഞ്ഞു നില്‍ക്കുന്നതിന്‍റെ വേദന ഉള്ളിലൊതുക്കിക്കൊണ്ട് അവള്‍ ആ മാറ്റം ആസ്വദിക്കാന്‍ പഠിച്ചു.

അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോള്‍ തിരിച്ച് തന്‍റെയടുത്തേക്ക് വരാന്‍ മേനോന്‍ സാര്‍ ആഗ്രഹിച്ചെങ്കിലും പ്രതിപക്ഷത്തെ ഭാരിച്ച ഉത്തരവാദിത്വങ്ങളും കുട്ടികളുടെ പഠനവും അദേഹത്തെയും കുടുംബത്തെയും തലസ്ഥാനത്ത് തന്നെ തുടരാന്‍ നിര്‍ബന്ധിതനാക്കിയെന്ന് ഇടക്ക് ആരോ ഫോണില്‍ പറയുന്നതു കേട്ട് സൗപര്‍ണിക അറിഞ്ഞു. അത് ഒരു നീണ്ട കാലയളവ് തന്നെയായിരുന്നു. എങ്കിലും മിക്കപ്പോഴും തന്‍റെ പ്രിയപ്പെട്ട നാട്ടുകാരെയും കടിഞ്ഞൂല്‍ സന്തതിയെയും കാണാന്‍ അദ്ദേഹം സമയം കണ്ടെത്തി. തന്‍റെ അടുത്ത് വരുമ്പോഴാണ് ശരിക്കുള്ള സന്തോഷവും സമാധാനവും അറിയുന്നതെന്ന് അദ്ദേഹം പലരോടും പറയുന്നത് കേട്ട് സൗപര്‍ണികയുടെ കണ്ണുകള്‍ പലപ്പോഴും നിറഞ്ഞിട്ടുണ്ട്. ഇടക്ക് ആരോ വീടും സ്ഥലവും വില്‍ക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍, മേനോന്‍ സാര്‍ പറഞ്ഞത് ഇപ്പൊഴും അവളുടെ കാതുകളിലുണ്ട്.

കാര്യമൊക്കെ ശരിയാ, ജോസഫേ………….. പക്ഷേ എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ആരെങ്കിലും സ്വന്തം മകളെ വില്‍ക്കാന്‍ നോക്കുമോ ? ങേ……………..

ആ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷം കൊണ്ട് അദേഹത്തെ കെട്ടിപ്പിടിക്കണമെന്ന് തോന്നിയെങ്കിലും, അതിനു കഴിയാതെ, അവള്‍ വാതിലുകളും ജനലുകളും അടച്ച് അദേഹത്തെ ചേര്‍ത്തു പിടിച്ചു. മൂകാംബികയിലേക്കുള്ള യാത്രയും സൗപര്‍ണികയിലേക്കുള്ള ഈ വരവും മാധവ മേനോന് എന്നും ഭാവിജീവിതത്തിലേക്കുള്ള നല്ല ഒരു ഊര്‍ജവും ഉന്‍മേഷവുമാണ് നല്‍കിയത്.

അവസാനകാലത്ത് സജീവ രാഷ്ട്രീയം വിട്ട് വിശ്രമജീവിതത്തിനായി അദ്ദേഹം കുടുംബസമേതം തിരിച്ചു വന്നപ്പോള്‍ തുടക്കത്തില്‍ സൗപര്‍ണിക സന്തോഷിച്ചെങ്കിലും കാര്യങ്ങള്‍ പഴയ പോലെയല്ലെന്ന് അവള്‍ക്ക് വളരെ വേഗം മനസിലായി. അതിനകം മക്കളെല്ലാം വിവാഹിതരായി പല നിലകളിലായി കഴിഞ്ഞിരുന്നു. പക്ഷേ അവരെല്ലാം അച്ഛനമ്മമാരെ പോലെയല്ലെന്ന് അവള്‍ക്ക് തിരിച്ചു വരവിന്‍റെ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ മനസിലായി. എല്ലാവര്‍ക്കും എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത മാത്രമേയുള്ളൂ. സത്യസന്ധനും ആദര്‍ശവാനുമായ ആ അച്ഛന്‍ അതിനു വഴങ്ങാത്തത് കുടുംബത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിച്ചു. അച്ഛനും മക്കളും തമ്മിലുള്ള പ്രശ്നത്തില്‍ ഇടയില്‍പ്പെട്ട് വലഞ്ഞത് പാവം സരോജിനി ടീച്ചറാണ്. തന്‍റെ അച്ഛന്‍റെയും അമ്മയുടെയും ദുഖത്തില്‍ മനം നൊന്ത് പലപ്പോഴും രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട് സൗപര്‍ണിക മേനോന്‍ എന്ന്‍ സ്വയം വിളിക്കുന്ന ആ പാവം പലപ്പോഴും……………….

മക്കളുടെ വഴി വിട്ട പോക്കില്‍ മനം നൊന്താണ് തന്‍റെ എഴുപത്തി രണ്ടാമത്തെ വയസ്സില്‍ മേനോന്‍ സാര്‍ പോയത്. അതിനിടക്ക് ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ ഒരുപാട് അപവാദങ്ങളും കേട്ടു അദ്ദേഹം. തന്‍റെ ജീവിതം കൊണ്ട് ഒരു പാഠം പഠിച്ച അദ്ദേഹം വീടും സ്ഥലവും ടീച്ചറുടെ പേരില്‍ എഴുതി വെച്ചു. മറ്റ് സ്വത്തുക്കള്‍ മക്കള്‍ക്കും നല്കി. പക്ഷേ അവിടെയും തന്‍റെ അച്ഛന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് സൗപര്‍ണികക്ക് പിന്നിട് മനസിലായി. അമ്മയുടെ കാലശേഷം തങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന വീടിനും സ്ഥലത്തിനും വേണ്ടി മക്കളും മരുമക്കളും മല്‍സരിക്കുന്നതിനും അവള്‍ സാക്ഷിയായി. മക്കളുടെ ആഗ്രഹമറിഞ്ഞ് തന്‍റെ ജീവനെടുക്കാന്‍ ടീച്ചര്‍ ദേവിയോട് കണ്ണീരോടെ പ്രാര്‍ഥിക്കുന്നത് കണ്ടപ്പോള്‍ മനം നൊന്ത് സ്വയം ജീവനൊടുക്കാന്‍ പോലും ശ്രമിച്ചിട്ടുണ്ട് ആ പൊന്നു മകള്‍………

പക്ഷേ ദേവിയല്ല മക്കള്‍ തന്നെ ആ നല്ല ജീവന്‍ എടുക്കുന്നത് ആ പ്രിയ പുത്രി അധികം താമസിയാതെ തന്നെ നേരില്‍ കണ്ടു. അസുഖ ബാധിതയായ ടീച്ചര്‍ക്ക് മതിയായ മരുന്നോ ദാഹജലം പോലുമോ നല്‍കാതെ എല്ലാവരും കൊല്ലാക്കൊല ചെയ്തപ്പോള്‍ സൗപര്‍ണിക കണ്ണു നീരൊഴുക്കി. ആ കണ്ണീരാണ് ആ അമ്മക്ക് അമൃതായി മാറിയത്. എന്നാല്‍ എല്ലാവരുടെയും ആഗ്രഹം പോലെ ടീച്ചര്‍ പോയതോടെ വീണ്ടും അടുത്ത പ്രശ്നം തലപൊക്കി. സൗപര്‍ണികയെ സ്വന്തമാക്കണം, കൂടുതല്‍ ഭാഗം വേണം എന്ന കാര്യത്തില്‍ മാത്രം എല്ലാവര്‍ക്കും ഒരേ മനസ്സായിരുന്നു…………

ആരൊക്കെയോ തൊട്ടടുത്തെത്തിയപ്പോഴാണ് സൗപര്‍ണിക പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ന്നത്. ഹരിയും മേനോന്‍ സാറിന്‍റെ മകളുടെ ഭര്‍ത്താവ് ജയാനന്തന്‍റെ സുഹൃത്ത് സുധീന്ദ്രനുമാണ് വന്നതെന്ന് കണ്ടപ്പോള്‍ അവള്‍ അവരുടെ സംഭാഷണം ശ്രദ്ധിച്ചു.

ഏതായാലും മുതലാളിമാരുടെ പിണക്കം മാറിയത് നന്നായി. അല്ലെങ്കില്‍ ഇതെന്നും ഒരു ഭാര്‍ഗവിനിലയം പോലെ കിടന്നേനെ………….. : വീടിന് ചുറ്റും നടക്കുന്നതിനിടയില്‍ ഹരി പറഞ്ഞു.

ഉവ്വേ. അതിന് എല്ലാവരും ദോസ്തുക്കളായെന്ന് ആരാ പറഞ്ഞത് ? ഇതൊന്ന്‍ വിറ്റോട്ടെ……….. അപ്പോഴറിയാം അടുത്ത അടി തുടങ്ങുന്നത്, പൈസയുടെ കാര്യം പറഞ്ഞ്………… ഇനി ആരൊക്കെ ആര്‍ക്കൊക്കെ കൊട്ടേഷന്‍ കൊടുക്കുമെന്നും കാത്തിരുന്നു കാണാം. ആരും ഒട്ടും മോശമല്ല……………. : സുധീന്ദ്രന്‍ പരിഹാസത്തോടെ പറഞ്ഞു. അത് പക്ഷേ ഹരിക്ക് അത്ര വിശ്വസനീയമായി തോന്നിയില്ല.

പക്ഷേ കിട്ടുന്ന തുക തുല്യമായി വീതിക്കാമെന്ന് മൂന്ന്‍ പേരും അഡ്വക്കേറ്റ് ഇടിക്കുളയുടെ മുന്നില്‍ എഴുതി ഒപ്പിട്ടു കൊടുത്തതല്ലേ? അതങ്ങനെ തെറ്റിക്കാന്‍ പറ്റുമോ? : ഹരി സംശയം പ്രകടിപ്പിച്ചു.

അത് ഹരീ നിനക്ക് അറിയാഞ്ഞിട്ടാ……….. അഡ്വക്കേറ്റ് ഇടിക്കുള മൂന്നു പേരുടെയും സുഹൃത്താ. ആ നിലക്കുള്ള ഒരു മധ്യസ്ഥ ശ്രമമായി കണ്ടാല്‍ മതി ഇതിനെ. അല്ലാതെ പറഞ്ഞ വാക്കില്‍ ഉറച്ചു നില്ക്കാന്‍ ശ്രീരാമചന്ദ്രനൊന്നുമല്ലല്ലോ ഇവരാരും. ആ വാക്ക് മാറി വരുന്ന ലേല തുക പോലെ മാറിയും മറഞ്ഞുമിരിക്കും. നിന്‍റെ മുതലാളിയെ കുറിച്ച് നിനക്കു തന്നെ അറിയാവുന്നതല്ലേ? : സുധീന്ദ്രന്‍ അടുത്തുള്ള മാവില്‍ ചാരി നിന്നുകൊണ്ട് ചോദിച്ചു.

അത് ശരിയാ………….അങ്ങേരുടെ ചില നേരത്തെ സ്വഭാവം കാണുമ്പോള്‍ എനിക്കു തന്നെ തോന്നിയിട്ടുണ്ട് മേനോന്‍ സാറിന് എങ്ങനെ ഈ അബദ്ധം പറ്റിയെന്ന്. പിന്നെ എല്ലാ മഹാന്മാര്‍ക്കും ഇങ്ങനെ ഒരു കണ്ടക ശനി പറഞ്ഞിട്ടുള്ളതാ…………. അത് അവസാനം അവരുടെ ജീവന്‍ എടുക്കുകയും ചെയ്യും. : ഹരി പറഞ്ഞു.

തുറന്നു കിടന്ന ഗേറ്റില്‍ കൂടി രണ്ടു മൂന്നു വാഹനങ്ങള്‍ അകത്തു വരുന്നത് സൗജ്പര്‍ണിക കണ്ടു. തന്നെ ലേലം വിളിച്ച് വാങ്ങിക്കാന്‍ വന്നവരാകുമെന്ന് അവള്‍ ഊഹിച്ചു. മേനോന്‍ സാറിന്‍റെ മക്കളായ ബാലകൃഷ്ണനും രാമചന്ദ്രനും മരുമകന്‍ ജയാനന്തനും മറ്റു ചിലരും ഇറങ്ങുന്നത് കണ്ട് അവജ്ഞയോടെ അവള്‍ മുഖം തിരിച്ചു.

ഹരിയും സുധീന്ദ്രനും അവരുടെ അടുത്തേക്ക് ചെന്നു.

മുറിയൊക്കെ അടിച്ചു വാരിയില്ലേ ? : രാമചന്ദ്രന്‍ ഹരിയെ കണ്ടപ്പോള്‍ ചോദിച്ചു.

അത് നേരത്തെ ചെയ്തു. പിന്നെ കുടിക്കാനുള്ളതൊക്കെ പുറത്തു നിന്ന് വാങ്ങിച്ചു. ഇവിടെ ഗ്യാസില്ല………………. : ഹരി പറഞ്ഞു.

അല്ലെങ്കിലും ഇവരൊന്നും ഇവിടെ നിന്ന്‍ കഴിക്കുന്നവരല്ല. വലിയ പുള്ളികളാ…………. രാവിലെ താജ് ഉച്ചക്ക് ഒബറോയ്…………….. അല്ലേ അലി? : ബാലകൃഷ്ണന്‍ ചിരിച്ചു കൊണ്ട് തന്‍റെ കൂടെ വന്ന കോട്ടിട്ടയാളോട് ചോദിച്ചു.

അങ്ങനെയൊന്നുമില്ല കൃഷ്ണാ, നമ്മള്‍ വല്ലപ്പോഴും തട്ടുകടയില്‍ നിന്നും കഴിക്കും………… : അലി തന്‍റെ കോട്ട് ഒതുക്കിക്കൊണ്ട് വളരെ ഭവ്യതയോടെ പറഞ്ഞു.

ദേ, വീടും പരിസരവുമൊന്നും കണ്ടില്ലെന്ന്‍ പിന്നീടാരും പറഞ്ഞേക്കരുത്. ഇതാണ് സ്ഥലം. പതിനഞ്ച് സെന്‍റുണ്ട്. ആരും തിരിഞ്ഞു നോക്കാനില്ലാത്തത് കൊണ്ടാണ് ഇപ്പോ ഈ കോലത്തില്‍ കിടക്കുന്നത്…………… : അകത്തേക്ക് കയറുന്നതിന് മുമ്പായി പടിക്കെട്ടുകള്‍ക്ക് താഴെ നിന്ന്‍ ജയാനന്തന്‍ ചുറ്റും കാണിച്ചു കൊണ്ട് പറഞ്ഞു. ലേലം വിളിക്കാന്‍ വന്നവര്‍ ചുറ്റും ഒന്ന്‍ കണ്ണോടിച്ചു.

അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ? നിങ്ങള്‍ അകത്തേക്ക് വാ………….. : അല്പം ഈര്‍ഷ്യയോടെ ജയാനന്തനോട് പറഞ്ഞിട്ട് രാമചന്ദ്രന്‍ പടിക്കെട്ട് കയറി മുകളില്‍ നിന്ന്‍ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു. എല്ലാവരും അയാളുടെ പുറകെ വീടിനകത്തേക്ക് കയറി.

എല്ലാവരും ഇരിക്ക്. പെട്ടെന്നുള്ള ഏര്‍പ്പാടായത് കൊണ്ട് ഇത്രയൊക്കെയേ പറ്റിയുള്ളൂ…………….. : ഹാളിലെ കസേരകള്‍ ചൂണ്ടി രാമചന്ദ്രന്‍ പറഞ്ഞു. അവിടത്തെ സൗകര്യങ്ങളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് ബാക്കിയുള്ളവര്‍ക്ക് മനസിലായി.

ഇവിടെ കുറെ നാളായിട്ട് ആരുമില്ല അല്ലേ? : ഇരിക്കുന്നതിനിടയില്‍ കോണ്ട്രാക്റ്റര്‍ മനോഹരന്‍ ചോദിച്ചു.

ഇല്ല. അതെങ്ങനെയാ ? എന്‍റെ ബിസിനസ് അങ്ങ് കൊച്ചിയിലല്ലേ. അനിയന്‍ കോയമ്പത്തൂരും കോഴിക്കോടുമായി നില്‍ക്കുന്നു. അളിയന്‍ തിരുവനന്തപുരത്ത് ഡോക്ടറും. പിന്നെ ആര്‍ക്കാ ഇവിടെ നില്ക്കാന്‍ സമയം ? : ബാലകൃഷ്ണന്‍റെ മറുപടി കേട്ട് അത് ശരിവെക്കുന്ന മട്ടില്‍ രാമചന്ദ്രനും തലയാട്ടി. അവകാശത്തര്‍ക്കം മൂത്തപ്പോഴാണ് തങ്ങള്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കാതായതെന്ന് പക്ഷേ മൂവരും പറഞ്ഞില്ല.

ഇരിക്കുന്നതിന് മുമ്പ് നമുക്ക് എല്ലാം ഒന്നു കാണാം. അപ്പോ ഏകദേശം ഒരു ധാരണയുണ്ടാവുമല്ലോ……………. : രാമചന്ദ്രന്‍ പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഓരോ മുറിയും കാണാനായി അയാളുടെ കൂടെ വന്നു.

ഇത് അച്ഛന്‍റെ മുറിയായിരുന്നു. അച്ഛന്‍ പോയതിന് ശേഷം അമ്മയുടെ……………. : അടുത്തുള്ള കിടപ്പ് മുറിയില്‍ എത്തിയപ്പോള്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ആ മുറിയില്‍ അപ്പോഴും തന്‍റെ അച്ഛന്‍റെയും അമ്മയുടെയും സാന്നിദ്ധ്യമുണ്ടെന്ന് സൗപര്‍ണികയ്ക്ക് തോന്നി. അവരുടെ ഓര്‍മകളില്‍ ഒരു നിമിഷം അവളുടെ കണ്ണുകള്‍ നിറഞ്ഞു.

അതായത് ദ ഗ്രേറ്റ് മാധവ മേനോന്‍റെ…………… നിങ്ങള്‍ക്കിത് വേണമെങ്കില്‍ അദേഹത്തിന്‍റെ സ്മാരകമാക്കാം. അല്ലെങ്കില്‍ മറിച്ചു വില്‍ക്കാം. അദേഹത്തിന്‍റെ വീടാവുമ്പോ പൊന്നിന്‍ വില കിട്ടും………………… : ജയാനന്തന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

തന്‍റെ അച്ഛന്‍റെ പേര് ഉച്ചരിക്കാന്‍ അയാള്‍ക്കെന്ത് യോഗ്യതയാണ് ഉള്ളതെന്ന് സൗപര്‍ണിക സ്വയം ചോദിച്ചു. ജയാനന്തന്‍ കാരണം സ്ത്രീകള്‍ക്ക് പലര്‍ക്കും വഴി നടക്കാന്‍ പറ്റുന്നില്ല എന്ന്‍ പലരും അച്ഛനോട് പരാതി പറഞ്ഞിരുന്ന കാര്യം അപ്പോള്‍ അവളുടെ മനസിലെത്തി.

ഇനി അഥവാ നിങ്ങള്‍ ഇത് പൊളിച്ചു വിറ്റാല്‍ കൂടി ഞങ്ങള്‍ ചോദിക്കില്ല, പോരേ ? ………………. വാങ്ങിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം………………. : ഉടന്‍ തന്നെ രാമചന്ദ്രന്‍ ജയാനന്തനെ തിരുത്തി. അത് കേട്ട് ജയാനന്തന്‍ ഉള്‍പ്പടെ എല്ലാവരും ചിരിച്ചു.

ഒറ്റ നില മാത്രമുള്ള ആ വീടിന്‍റെ എല്ലാ മുറികളും കണ്ടതിന് ശേഷം അവര്‍ തിരിച്ച് ഹാളിലെത്തി.

ഇനി എല്ലാവരും ഇരിക്ക്……………… നമുക്ക് മറ്റ് കാര്യങ്ങളിലേക്ക് കടക്കാം……………. : രാമചന്ദ്രന്‍ പറഞ്ഞപ്പോള്‍ എല്ലാവരും അവിടെയുള്ള കസേരകളില്‍ ഇരിക്കാന്‍ തുടങ്ങി.

ഹരീ, ഇവര്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും എടുക്ക്………………… : രാമചന്ദ്രന്‍ നിര്‍ദേശിച്ചപ്പോള്‍ ഹരി തലയാട്ടിക്കൊണ്ട് അകത്തേക്ക് പോയി. അല്പ സമയത്തിനകം അയാള്‍ ഒരു പ്ലേറ്റില്‍ എല്ലാവര്‍ക്കുമുള്ള കൂള്‍ഡ്രിങ്ക്സുമായി വന്നു. എല്ലാവരും ഓരോ ഗ്ലാസ് എടുക്കാന്‍ തുടങ്ങി.

വീടിന് എത്ര വര്‍ഷത്തെ പഴക്കമുണ്ട് ? : അലി ചോദിച്ചപ്പോള്‍ രാമചന്ദ്രന്‍ ബാലകൃഷ്ണനെ നോക്കി.

ഒരു മുപ്പതു വര്‍ഷത്തെ പഴക്കമുണ്ട്. പക്ഷേ ഇപ്പൊഴും നല്ല സ്ട്രോങ് ആണ്. അക്കാലത്ത് ഇന്നത്തെ പോലെ മായം ചേര്‍ക്കുന്ന ഏര്‍പ്പാടോന്നും ഇല്ലല്ലോ. ഇനിയും ഒരു മുപ്പത് കൊല്ലം ഇതു പോലെ തന്നെ നില്ക്കും ഈ വീട്…………………. : ബാലകൃഷ്ണന്‍ അഭിമാനത്തോടെ പറഞ്ഞു. അയാള്‍ മനപൂര്‍വം തന്‍റെ പ്രായം കുറച്ചു പറഞ്ഞതാണെന്ന് സൗപര്‍ണികയ്ക്ക് മനസിലായി. പക്ഷേ തന്‍റെ മാതാപിതാക്കളുടെ കൂടെയല്ലാതെ വേറൊരാളുടെ കൂടെ ജീവിക്കുന്ന കാര്യം അവള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു.

മാത്രമല്ല, നാഷണല്‍ ഹൈവേയും ഫിലിം സിറ്റിയുമൊക്കെ വളരെ അടുത്താണ്. ഇനി അഥവാ ഇത് പൊളിച്ച് ഫ്ലാറ്റോ മറ്റോ പണിതാലും മുടക്കുന്നതിന്‍റെ നാലിരട്ടി തിരിച്ചു കിട്ടും………………………. : രാമചന്ദ്രന്‍ പറഞ്ഞപ്പോള്‍ ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി.

വിലയുടെ കാര്യം ഓരോരുത്തരും ആലോചിക്കുന്നതിന്‍റെയിടക്കാണ് അലി അയാള്‍ക്ക് എതിര്‍വശത്തുള്ള ഭിത്തിയില്‍ മുകളറ്റത്ത് നീണ്ടു നില്‍ക്കുന്ന പൊട്ടല്‍ കണ്ടത്.

അതെന്താ പറ്റിയത് ? അയാള്‍ രാമചന്ദ്രനോട് ചോദിച്ചു. രാമചന്ദ്രനും ബാലകൃഷ്ണനും എല്ലാം അത് അപ്പോഴാണ് ശ്രദ്ധിച്ചതെങ്കിലും തങ്ങളുടെ ഞെട്ടല്‍ അവര്‍ സമര്‍ത്ഥമായി മറച്ചു വെച്ചു.

ഓ………. അത് സാരമില്ല. കുറെ നാള്‍ ഇവിടെ ആരുമില്ലാത്തത് കൊണ്ട് പറ്റിയതാണ്. ഒന്ന്‍ സിമന്‍റിട്ടാല്‍ ശരിയാകും………………………… കെട്ടിടമാണെങ്കിലും അത് നമ്മള്‍ വിചാരിക്കുന്ന പോലെയല്ല. താമസക്കാര്‍ ആരുമില്ലെങ്കില്‍ പെട്ടെന്ന് നശിക്കും. : ജയാനന്തന്‍ നിസാരമായി ചിരിച്ചു കൊണ്ട് പറഞ്ഞു. പക്ഷേ അവരെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് എല്ലാവരും നോക്കി നില്‍ക്കേ ആ പൊട്ടല്‍ വലുതായി താഴേക്ക് നീണ്ടു വന്നു. സകലരും ഒരു ഞെട്ടലോടെ അറിയാതെ എഴുന്നേറ്റു നിന്നു. പെട്ടെന്ന് പുറത്ത് എന്തോ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടപ്പോള്‍ അവരെല്ലാം ഒരു പോലെ പുറത്തേക്കോടി. മുറ്റത്തെത്തി തിരിഞ്ഞു നോക്കിയപ്പോള്‍ വീടിന്‍റെ ഒരു വശം തകര്‍ന്ന് താഴെ വീഴുന്ന കാഴ്ചയാണ് അവര്‍ കണ്ടത്……………… അപ്പോള്‍ സൗപര്‍ണികയുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞിരുന്നു. ഒരിക്കലും തുറക്കാത്ത വിധം………….

കാലം കടന്നു പോകവേ, അവകാശത്തര്‍ക്കത്തിലും തുടര്‍ന്നുള്ള വ്യവഹാരത്തിലും പെട്ട്, തകര്‍ന്നു പോയ ആ വീടും സ്ഥലവും കൂടുതല്‍ കാട് പിടിച്ച് കിടക്കവേ, അതിലെ വന്ന സരസനായ ഒരു വഴിപോക്കന്‍ പുറത്തെ മതിലിലെ പൊടി പിടിച്ച സൗപര്‍ണിക എന്ന ബോര്‍ഡിന് താഴെ ചോക്കു കൊണ്ട് ഇങ്ങനെ എഴുതി വെച്ചു.

ജനനം 17.08.1972

മരണം 05.12.2012

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English