മഹാരാഷ്ട്രയിലെ കുന്നുകള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാനും കണ്ണന്‍ സൂരജും. പൊന്‍ നിറമാര്‍ന്ന ഒരു ചരുവില്‍ ഞങ്ങളെത്തി. ആ പൊന്ന്, വിളഞ്ഞ ഗോതമ്പു പാടമായിരുന്നു. ഗോതമ്പു കതിരുകള്‍ വെയില്‍ കാണിക്കുന്ന മാന്ത്രികത ക്യാമറയില്‍ പകര്‍ത്തുന്നതിനിടയില്‍ ഒരു ഗോത്രവര്‍ഗ്ഗ യുവതി ആ വഴി വന്നു. കണ്ണാടി അലങ്കാരങ്ങള്‍ നിറഞ്ഞ വസ്ത്രമണിഞ്ഞിരുന്നു അവള്‍. ശിരോവസ്ത്രത്തിന്റെ അരികുകളില്‍ ചിപ്പിയും നാണയവും കൊണ്ട് അലങ്കാരപ്പണികള്‍ നടത്തിയിരുന്നു. ആ കൗതുകവും ക്യാമറയില്‍ പകര്‍ത്താന്‍ കണ്ണന്‍ ആഗ്രഹിച്ചു. പക്ഷെ ഭര്‍ത്താവിനൊപ്പമേ ഫോട്ടോ എടുക്കാന്‍ സമ്മതിക്കു എന്നവള്‍ പറഞ്ഞു. അയാള്‍ എവിടെയാണെന്ന് ഞാന്‍ ചോദിച്ചു. പണി മാറ്റി വരുന്നുണ്ടെന്ന് പറഞ്ഞു. അയാള്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ വല്ലാതായി. അയാളൊരു കുഷ്ഠരോഗിയായിരുന്നു. വൈരൂപ്യം നിറഞ്ഞ ശരീരത്തോട് ചേര്‍ന്ന് അവള്‍ ഫോട്ടോ എടുത്തോളാന്‍ പറഞ്ഞു.
കടപ്പാട് – ഇന്ന് മാസിക