ഓല കെട്ടിമറച്ചതിൻ ഛായയിൽ
ഒന്നിച്ചുമൊത്തിക്കുടിച്ചിരുന്നു.
കരിപിടിച്ച് കറുത്ത മേൽക്കൂരയിൽ
അർക്ക രശ്മികൾ ഒളികണ്ണെറിഞ്ഞിരുന്നു.
കോരനും ചോയിയും കോമുവും മമ്മുവും
പങ്ക് വെച്ചൊന്നിച്ചിരുന്നിരുന്നു.
സഞ്ചിയിൽ വേവുന്നതേയിലച്ചണ്ടിയിൽ
ചായയ്ക്കൊരേ നാമമായിരുന്നു.
കൂട്ടിമുറുക്കിച്ചുവന്ന ചുണ്ടോരോന്നിലും
അരിമുറുക്കിൻ കഷ്ണമുണ്ടായിരുന്നു.
നാല്കാലുള്ള മരത്തിന്റെ ബെഞ്ചിലായ്
നാലഞ്ച് പേരൊന്നിച്ചിരുന്നിരുന്നു.
ആവി പാറുന്ന ഗ്ലാസിലെ ചായയിൽ
ഊതിയൂതിക്കുടിച്ചിരുന്നു.
പണികഴിഞ്ഞെത്തും തൊഴിലാളികൾ മെല്ലെ
പട്ടിണിക്കഥകൾ പറഞ്ഞിരുന്നു.
ജാതിയും മതവുമുയർത്തിയ മതിലുകൾ
ചായക്കടക്കന്യമായിരുന്നു.
ഇല്ലായ്മയിൽ നൊന്തുവെന്ത മനസ്സുകൾ
ചായയിലാർദ്രമായ് തീർന്നിരുന്നു.
ഭാരതനാടിന്റെ ചെറിയൊരു ഭൂപടം
ചായക്കടയിലുണ്ടായിരുന്നു.
മണ്ണിന്റെ ഗന്ധവും വിണ്ണിൻ നിറങ്ങളും
രാഷ്ട്രതന്ത്രത്തിൻ കുതന്ത്രങ്ങളും
നർമ്മവും ഹാസ്യവും കലയും സാഹിത്യവും
പീടികത്തിണ്ണയിൽ വാണിരുന്നു.
മതിലുകൾ പൊക്കിയുയർത്തിയ വില്ലകൾ
വില്ലനായി നമ്മിൽ വിരുന്നു വന്നു
നാളുകൾ നീങ്ങവെ മാളുകൾ നിർമ്മിച്ച്
ചായക്കടകളെ താഴിട്ടുപൂട്ടി നാം
സൗഹൃദത്തിന്റെ ചായയ്ക്ക് പകരമായ്
മുഖപുസ്തകത്തിലെ പൂക്കൾ വന്നു.
ജാതി മതങ്ങളും തമ്മിൽ കലഹിച്ച്
സൗഹൃദം താഴിട്ടു മുദ്രവെച്ചു.
മതിലുകൾക്കപ്പുറം വിങ്ങും മനസുകൾ
കണ്ടിട്ടും കാണാതെ അഭിനയിച്ചു.
ടീഷർട്ടുമിട്ട് ടീ ഷോപ്പുകൾ തേടി
പിസ്സയും ബർഗ്ഗറും കാത്തിരിക്കുന്നു നാം.