സത്യമേവ ജയതേ

 

alternative-artistic-beautiful-black-favim-com-4060839

എന്തൊരു തിരക്കായിത്. ഈ സിറ്റിയിലെ  ജനസംഖ്യയുടെ നല്ലൊരു  ശതമാനവും ഇപ്പോള്‍ ഈ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ ഉണ്ടാകും. ഇതിനു മാത്രം രോഗങ്ങളോ. ജീവിതസൗകര്യങ്ങള്‍ കൂടിവരുന്നതിനനുസരിച്ച് രോഗങ്ങളും കൂടി വരികയാണെന്ന് പറയുന്നത് വെറുതെയല്ല.അതോ ഓരോ മനുഷ്യനും  തന്‍റെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം  കൊടുക്കുന്നതു കൊണ്ടാണോ  ഹോസ്പിറ്റലുകളില്‍ ഈ തിരക്ക്.മണിക്കൂറുകള്‍ ക്യൂവില്‍  നിന്നു എങ്ങനെയല്ലോ ഡോക്ടറെ കണ്ടു. ഇനി മരുന്ന്‍ വാങ്ങണം .

സൈക്യാട്രി ബ്ലോക്കിലൂടെ പോയാല്‍ എളുപ്പം ഫാര്‍മസിയിലെത്താം. സൈക്യാട്രിബ്ലോക്കിലാകട്ടെ മറ്റു വിഭാഗങ്ങളിലുള്ളതിന്‍റെ പത്തിരട്ടിയാണ് തിരക്ക്. ആ തിരക്കുകളിലൂടെ എന്തോ ആലോചിച്ച് നടക്കുന്നതിനിടെ ഞാനറിയാതെയാണ്  എന്‍റെ കണ്ണുകള്‍ ആ മരബെഞ്ചില്‍ സൈക്യാട്രിസ്റ്റിനെ കാണാന്‍ കാത്തിരിക്കുന്ന ആ കുടുംബത്തിലേക്ക് ചെന്നു പതിച്ചത്.

ഏതാണ്ട് പത്ത്മുപ്പത്തഞ്ചുവയസ്സ് പ്രായം തോന്നുന്ന വെളുത്ത് മെലിഞ്ഞ മുടിയിലൊക്കെ അകാലനര ബാധിച്ചുതുടങ്ങിയ  ഒരു യുവതി ഇനിയെന്തെന്നറിയാത്ത മട്ടില്‍ അകലേക്കു കണ്ണുംനട്ടിരിക്കയാണ്. അവളുടെ മടിയില്‍ ഇരുന്ന്‍ തള്ളവിരലുണ്ണുകയാണ്  ഒന്നര വയസ്സുള്ള ഒരു കൊച്ചുകുട്ടി. അവള്‍ക്കു ചുറ്റിലും തൊട്ടും തൊടാതെയും നില്‍ക്കുന്നു ഏതാണ്ട് 3നും 11നും ഇടയില്‍ പ്രായമുള്ള  മൂന്ന്‍ പെണ്‍കുട്ടികള്‍. കുറച്ചുമാറി ഞാനാണ് മഹാറാണി  എന്ന ഭാവത്തില്‍ ഇരിക്കുന്നുണ്ടൊരമ്മച്ചി. അവരിടയ്ക്കിടയ്ക്ക് അവളുടെ ചലനങ്ങളും നോട്ടങ്ങളും വീക്ഷിക്കുന്നുമുണ്ട്.

മറ്റൊരു രോഗിക്ക് കൂട്ടു വന്ന ഒരു സ്ത്രി  ഒരു രഹസ്യം പറയുന്ന മട്ടില്‍ അവരോട് ചോദിച്ചു.

“ആരിക്കാ അസുഖം, എന്താ പറ്റ്യേ”

അവര്‍ അവളെ ചൂണ്ടികാണിച്ചുക്കൊണ്ട് പറഞ്ഞു.

“ഓള്‍ക്ക്‌, പിരാന്ത്‌ അല്ലാണ്ടെന്ത് . എന്‍റെ മോന്‍റെ വിധീന്ന്‍ പറഞ്ഞാ മതീല്ലോ.”

അപ്പോഴാണ് ഞാനവളെ ശരിക്കും നോക്കിയത്. ഇവളെ ഞാന്‍ ഇതിനു മുന്‍പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ. എവിടെയാണെന്നങ്ങ്  ഓര്‍മ്മ വരുന്നില്ല.

മരുന്ന്‍ വാങ്ങാനായി  ഫാര്‍മസിക്കുമുന്പില്‍  ക്യൂ നില്‍ക്കുമ്പോഴും  എന്‍റെ ചിന്ത അവളെ കുറിച്ചായിരുന്നു. അവളെ ഞാന്‍ എവിടെയാണ്  കണ്ടിട്ടുള്ളത്. ഞാനെന്‍റെ മനസ്സിനെ ഒന്നു ഇന്നലെകളിലേക്ക് പായിച്ചു. പടവുകളിറങ്ങി  എന്‍റെ വിവാഹജീവിതവും  കലാലയജീവിതവും കഴിഞ്ഞ്  സ്ക്കൂള്‍ ജീവിതത്തില്‍ എട്ടാംക്ലാസിലെത്തി നില്ക്കയാണ്  മനസ്സിപ്പോള്‍.

അവിടെ ഞാന്‍ കണ്ടു. അക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിന്  സ്റ്റേജില്‍  നിന്നു കൊണ്ട് പ്രസംഗിക്കുകയാണ്  മുടിയൊക്കെ  രണ്ടുഭാഗം പിന്നിയിട്ട അതിസുന്ദരിയായ ഒരു പെണ്‍കുട്ടി. അവള്‍ടെ പേര് —- നാവിന്‍തുമ്പോളം  വരുന്നുണ്ട് . ങ്ഹാ കിട്ടി  മാളവിക അതായിരുന്നു അവള്ടെ  പേര് . പാഠ്യവിഷയങ്ങളില്‍  മാത്രമല്ല . പാഠ്യേതര  പ്രവര്‍ത്തനങ്ങളിലും ആ സ്ക്കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിനി. അദ്ധ്യാപകരുടെ കണ്ണിലുണ്ണി. കുപ്പത്തൊട്ടിയിലെ  മാണിക്യം എന്നാണ് അദ്ധ്യാപകര്‍ അവളെ കുറിച്ച് പറഞ്ഞിരുന്നത്. അതിനു കാരണം അവളുടെ കുടുംബപശ്ചാത്തലം തന്നെയായിരുന്നു. അവള്‍ക്കു അച്ഛനില്ല. രണ്ടാനച്ഛനാണ്. അയാളാകട്ടെ ഏത് സമയവും കള്ളുകുടിയും ചീട്ടുകളിയും തെമ്മാടിത്തരവും ഒക്കെയായി നടക്കുന്ന തികഞ്ഞ ഒരാഭാസന്‍.വളരെ വൃത്തികെട്ട കണ്ണിലൂടെയാണ് അയാള്‍ അവളെ കണ്ടിരുന്നത്. അയാളുടെ തെമ്മാടിത്തരങ്ങള്‍ തടയാന്‍ പോയിട്ട് ഒന്നു പ്രതികരിക്കാന്‍ പോലും  ശേഷിയില്ലാത്ത  ഒരു പാവമായിരുന്നു അവളുടെ അമ്മ.

ഈ കഥകളൊന്നും  അവള്‍ എന്നോട് പറഞ്ഞതല്ല.അങ്ങനെ വ്യക്തിപരമായ കാര്യങ്ങള്‍   പരസ്പരം സംസാരിക്കത്തക്ക  സൗഹൃദമൊന്നും  നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ വെവ്വേറെ ഡിവിഷനുകളിലായിരുന്നു. കണ്ടാല്‍ അങ്ങോട്ടുമിങ്ങോട്ടുമറിയാം അത്ര തന്നെ. അവളുടെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന  അവളുടെ  ആത്മാര്‍ത്ഥ സുഹൃത്ത് അനാമിക എന്‍റെ ട്യൂഷന്‍ ക്ലാസ്സിലെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. അനാമിക പറഞ്ഞാണ് ഞാനീ കാര്യങ്ങളൊക്കെ അറിഞ്ഞത്.

ഞങ്ങള്‍ പത്താം ക്ലാസ്സിലെത്തിയപ്പോള്‍ അക്കൊല്ലത്തെ അദ്ധ്യാപകരുടെ റാങ്ക് പ്രതീക്ഷയായിരുന്നു  അവള്‍. പക്ഷേ ഓണാവധി  കഴിഞ്ഞതില്‍ പിന്നെ അവള്‍ സ്ക്കൂളില്‍ വന്നിട്ടില്ല. രണ്ടാഴ്ച കഴിഞ്ഞിട്ടും അവളെ സ്ക്കൂളിലേക്ക് കാണാതായപ്പോള്‍ അദ്ധ്യാപകര്‍  അവളുടെ വീട്ടില് അന്വേഷിച്ചു ചെന്നു . അപ്പോള്‍ അവളുടെ അമ്മ പറഞ്ഞു.

“ഓണാവധിക്ക് ഓള്ടെ കല്യാണം കഴിഞ്ഞ് സാറമ്മാരേ, ഓളിപ്പം ഭര്‍ത്താവിന്റെ വീട്ടിലാ.”

“കല്യാണം കഴിഞ്ഞെന്നോ, നിങ്ങളെന്ത് ഭ്രാന്തായീ പറേന്നെ.” അദ്ധ്യാപകര്‍ക്ക് അത് വിശ്വസിക്കാനേയായില്ല.

“ഞാമ്പറഞ്ഞത് സത്യാ, സാറേ.” അവളുടെ അമ്മ ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു.

“നിങ്ങളെന്ത് അക്രമാ ആ കുട്ടിയോട് ഈ കാട്ടിയെ, നല്ല ഭാവിയ്ണ്ടായിര്ന്ന കൊച്ചിന്‍റെ ഭാവി നിങ്ങള്  തൊലച്ചില്ലേ.”  തോമസ്‌ സാര്‍  പറഞ്ഞു.

“ഓള്ടെ രണ്ടാനച്ഛന്‍  ഒര് വൃത്തിക്കെട്ടവനാ  സാറെ, ഓള് വളര്ന്നേനനുസരിച്ച് അയാള്‍ക്ക് ഓള്ടെ മേലുള്ള പൂതിയും കൂടി കൂടി  വരികയാ, ഇനിയും ഞാനോളെ ഈ വീട്ടില് നിറ്ത്തിയാല്‍ ആ ദുഷ്‌ടന്‍  എന്‍റെ മോളെ ——  അങ്ങനെ സംഭവിക്കാണ്ടിരിക്കാന്‍ എന്‍റെ മുന്‍പില്‍  ഈയൊരു വഴിയേ ഉണ്ടായിര്ന്നുള്ളൂ.”

“ആട്ടെ അവരവളെ പഠിപ്പിക്ക്വോ.” മാധവന്‍ സാര്‍ ചോദിച്ചു.

“പഠിപ്പിക്കണംന്ന്‍ ഞാനോനോട് പറഞ്ഞ് അപ്പം ഓന്‍ പറഞ്ഞത്  സ്ക്കൂളിലും കോളേജിലൊന്നും അയച്ച്  പഠിപ്പിക്കാനല്ല ഓന്‍ കല്യാണം കഴിക്ക്ന്നത്  ഓന്‍റെയും  വീട്ട്കാര്ടേയും  കാര്യങ്ങള് നോക്കാനാന്ന. പിന്നെ ഞാനെന്ത് പറയ്യാനാ.”

“അവന്‍റെ വീട്ടില് ആരൊക്കെയുണ്ട് .”ലീലാമ്മ  ടീച്ചറുടെ വകയാണ് ചോദ്യം.

“അച്ഛനും അമ്മയും വയസ്സായ ഒര് മുത്തശ്ശിയും പിന്നെ 4 അനിയന്മാരും. എന്‍റെ മോളെ കണ്ടിട്ട്  ഒാന് അത്രയ്ക്കും ബോധിച്ചതു കൊണ്ട് അവര് പൊന്നും  പണോന്നും ചോയിച്ചില്ല. ചോയിച്ചാ തന്നെ ഞാന്‍ ഏട്ന്ന്‍ട്ത്ത് കൊട്ക്കാനാ.”

ആ അമ്മയുടെ  നിസ്സഹായതയ്ക്കു മുമ്പില്‍  മുട്ടു മടക്കാനേ അദ്ധ്യാപകര്‍ക്കായുള്ളൂ. അതിനുശേഷം അവളുടെ ഒര് വിവരവും ഞാനറിഞ്ഞിട്ടില്ല. പിന്നെയിപ്പോ ഇതാ ഇവിടെ  വെച്ചാണ് അവളെ കാണുന്നത്. അവള്‍ക്കെന്താണ് സംഭവിച്ചത് . ആ അമ്മച്ചി പറഞ്ഞത് സത്യമായിരിക്ക്വോ. അവളൊരു മനോരോഗിയായി  മാറിയോ. അതറിയാതെ എന്‍റെ മനസ്സിന് ഇനിയൊരു സ്വസ്ഥതയും കിട്ടില്ല. പണ്ടേ സ്ത്രീകളുടെ ദുരിതങ്ങള്‍ കാണുമ്പോള്‍ എനിക്ക് ഭയങ്കര സഹതാപാ. ഉള്ളില്‍ അല്പം ഫെമിനിസം ഉള്ളത് കൊണ്ടായിരിക്കാം അത്. എന്‍റെയീ ഫെമിനിസ്റ്റ് ചിന്താഗതിയാണ് എന്‍റെ ജീവിതത്തിലെ ദുരന്തത്തിനും കാരണമായതെന്നാ അച്ഛന്‍ പറയുന്നെ. അച്ഛന്‍ മാത്രമല്ല  എന്‍റെ സുഹൃത്തുക്കളും  സഹപ്രവര്‍ത്തകരും എല്ലാം അതുതന്നെയാ  പറയുന്നെ. പക്ഷേ എന്‍റെ ജീവിതത്തില്‍ സംഭവിച്ചത് ഒരു ദുരന്തമാണെന്ന്‍ എനിക്ക് ഇന്നേവരെ തോന്നിയിട്ടില്ല.

സിവില്‍കോടതിയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഞാനും അഡ്വക്കേറ്റായ മഹേഷും തമ്മിലുള്ള വിവാഹം. ആദ്യമൊന്നും വലിയ കുഴപ്പങ്ങളില്ലാതെ  മുന്നോട്ട് പോയികൊണ്ടിരുന്ന ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍  കടന്നു കൂടിയത് എനിക്ക് മഹേഷിനേക്കാളും  കൂടുതല്‍ കേസുകള്‍ കിട്ടി തുടങ്ങിയപ്പോഴായിരുന്നു. അപ്പോള്‍ ഒരേ പ്രൊഫഷനിലുള്ള ഏത് ദമ്പതികളെയും ബാധിക്കുന്ന ആ രോഗം ഞങ്ങള്‍ക്കിടയിലും കടന്നു വന്നു. ഈഗോ. മഹേഷിനേക്കാളും പേരും പ്രശസ്തിയും എനിക്കുണ്ടാകുമോ എന്നയാള്‍ ഭയപ്പെട്ടു.

ആയിടെയാണ് വിവാദമായ ഒരു കൊലക്കേസ് വാദിക്കാന്‍ എനിക്കവസരം കിട്ടിയത്. ഈ കേസുകൂടി ഞാന്‍ ജയിച്ചാല്‍ മഹേഷിന് എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ ഞാനെത്തുമെന്ന്‍ അയാള്‍ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആ കേസ് ഏറ്റെടുക്കരുതെന്ന്‍ മഹേഷ്‌ എന്നോട് പറഞ്ഞു. എനിക്കത് അംഗീകരിക്കാനായില്ല.

എനിക്ക് അംഗീകരിക്കാന്‍ പറ്റാതിരുന്നത് മഹേഷിന്റെ ഉള്ളിലുള്ള കോംപ്ലക്സിനെയായിരുന്നു. മഹേഷിനാണ് ഇപ്പോ ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നതെങ്കില്‍ ഏറ്റവും കൂടുതല്‍  സന്തോഷിക്കുന്നതു  ഞാനായിരിക്കും. ഒരു ഭര്‍ത്താവിന് ഉയര്‍ച്ചയുണ്ടാകാന്‍ ഞാനടക്കം എല്ലാ ഭാര്യമാരും  താങ്ങും തണലുമായി നില്ക്കും. എന്നാല്‍ ഒരു ഭാര്യ തന്‍റെ സ്വന്തം കഴിവു കൊണ്ട്  ഉയര്‍ച്ചയിലെത്താന്‍  ശ്രമിക്കുമ്പോള്‍  സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും അടിച്ചമര്‍ത്താതിരുന്നൂടെ. സ്ത്രീകളെപ്പോഴും പുരുഷന്‍റെ വാലായി നില്ക്കണമെന്ന്‍  എവിടെയാണ് പറഞ്ഞിട്ടുള്ളത്. ആ സംഭവം മുട്ടന്‍ വഴക്കായി   ഒടുവിലാ വഴക്ക് ഡൈവോഴ്സിനായി  കുടുംബകോടതിയിലെത്തി നില്ക്കയാണിപ്പോള്‍.

ഞാനും മഹേഷും തമ്മിലുള്ള പ്രശ്നം അറിഞ്ഞ് എന്‍റെയൊരു സഹപ്രവര്‍ത്തക  ഒരിക്കല്‍ എന്നോട് പറഞ്ഞു.

“നീയൊരു പെണ്ണല്ലേ, നിനക്കൊന്നു വിട്ടുവീഴ്ച ചെയ്തൂടെ, പെണ്ണുങ്ങള്‍ പത്തി താഴ്ത്തിയാല്‍ മാത്രമേ കുടുംബം സുഖകരമായി മുന്നോട്ടു പോകൂ.”

അത് കേട്ടപ്പോള്‍ എനിക്കവളോട് എന്തെന്നില്ലാത്ത അമര്‍ഷമാണ് തോന്നിയത്. എല്ലായ്പ്പോഴും തോല്‍ക്കുവാനുള്ളതാണോ പെണ്‍ജന്മങ്ങള്‍. സ്ത്രീകള്‍ക്ക്‌ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടേണ്ടത് ഇത് പോലുള്ള ചിന്താഗതികളില്‍  നിന്നും തങ്ങളുടെ മനസ്സിനെ ബാധിച്ച അലസതയില്‍ നിന്നുമൊക്കെയാണ്.

രണ്ടാഴ്ച  കഴിഞ്ഞ്  വളരെ യാദൃശ്ചികമായിട്ടാണ്  അവളെ ഞാന്‍ വീണ്ടും കണ്ടത്. ബസ് സ്റ്റാന്‍ഡില്‍ വെച്ച്.ബസ് സ്റ്റാന്‍ഡില്‍ ഒരു മൂലയ്ക്ക് ബസ്സ്‌ കാത്തു നില്ക്കുകയാണ് അവള്‍. ശര്‍ക്കരകഷ്ണത്തിന്മേല്‍ ഈച്ച പൊതിഞ്ഞതു പോലെ  അവളെ പറ്റി പിടിച്ചു നില്ക്കുന്നുണ്ട് ആ മൂന്ന്‍ പെണ്‍കുട്ടികള്‍. ഇളയ കുട്ടിയെ മാത്രം കാണാനില്ല. ഞാന്‍ ചുറ്റിലും ഒന്നു പരതി. അപ്പോഴതാ കുറച്ചു മാറി ആ ഇളയ കുട്ടിയേയും എടുത്തു കൊണ്ട് ബസ് സ്റ്റാന്‍ഡിലെ ജ്യൂസ് കടയില്‍ നിന്ന്‍ ജ്യൂസ് വാങ്ങികൊടുക്കുന്നു  പ്രായം ചെന്ന ഒരു സ്ത്രീ. ഇതന്നു കണ്ട അമ്മയല്ലല്ലോ. അന്നു കണ്ടതൊരു പക്ഷേ അവളുടെ അമ്മായിയമ്മയായിരിക്കാം. ഇതായിരിക്കും സ്വന്തം അമ്മ.

ഞാന്‍ അവളുടെ അടുത്ത് ചെന്ന്‍ ചോദിച്ചു  “മാളവികയല്ലേ” എന്നെ തുറിച്ചൊന്നു നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല. അവള്‍ക്കെന്നെ മനസ്സിലായില്ലേ. ഇനി  മനസ്സിലായിട്ടും മനസ്സിലായില്ല എന്നു നടിക്കയാണോ. അതോ എന്നെ  ഓര്‍ത്തെടുക്കുവാന്‍ പറ്റാത്തവിധം അവളുടെ ഓര്‍മ്മകളൊക്കെ മരവിച്ചു പോയോ.

“ഓള്‍ക്കു നല്ല സുഖമില്ല, മോളേതാ” പിന്നില്‍  നിന്നുള്ള സംസാരം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍  അവളുടെ അമ്മ

“എന്‍റെ പേര് അപര്‍ണ്ണ, ഞാന്‍ മാളവികയുടെ കൂടെ സ്ക്കൂളില്‍ പഠിച്ചതാ. എന്താ മാളവികയ്ക്ക്‌ പറ്റിയത്.”

“ഒന്നും പറയണ്ട ന്‍റെ മോളേ, കഷ്ടപ്പെട്ത്തി  കഷ്ടപ്പെട്ത്തി ആ ദുഷ്ടന്മാര്  ന്‍റെ കുട്ടിയെ ഒര് മാനസികരോഗിയാക്കി മാറ്റി,” സഹിക്കവയ്യാത്ത സങ്കടത്തോടെ ആ അമ്മ പറഞ്ഞു.

“രണ്ടാനച്ഛന്‍റെ എടങ്ങാറ്ന്ന്‍ ഓള് രക്ഷപ്പെട്ടോട്ടേന്ന്‍ കര്തിയാ ചെറ് പ്രായത്തീ തന്നെ ഓളെ കെട്ടിച്ചയച്ചത്. ആദ്യോന്നും വല്യ കൊഴപ്പണ്ടായിര്ന്നില്ല. പിന്നെ ഓന്‍ ഗല്‍ഫീ പോയി ഒര് കൂട്ട്കാരന്‍റെ കൂട എന്തോ കച്ചോടൊക്കെ തൊടങ്ങി.അങ്ങനെ അവരിക്ക് വല്യ പൈസയും സ്ഥിതിയൊക്കെയായി. അപ്പം നമ്മളുമായിട്ട്ള്ള  ബന്ധം അവരിക്ക് ഒര് കൊറച്ചിലായി തോന്നി തൊടങ്ങി.പിന്നെയങ്ങോട്ട് ന്‍റെ മോളെ ഇട്ടങ്ങ് കഷ്ടപ്പെട്ത്താന്‍ തൊടങ്ങി. ആ  വീട്ടിലെ  സകല പണിയും  ഓള് ഒറ്റയ്ക്ക്  ചെയ്യണം. ആരും ഒര് കൈ സഹായിക്കൂല. പണിയെട്ത്ത് പണിയെട്ത്ത് ന്‍റെ കുട്ടീടെ കോലം കെട്ട്. അപര്‍ണ്ണയ്ക്കറിയില്ലേ എന്ത്  സുന്ദരിയായിര്ന്ന്‍ പണ്ടെന്‍റെ  മോള് . അതിന് വെശപ്പ് മാറത്തക്ക എന്തേലും തിന്നാനോ  കുടിക്കാനോ കൊട്ക്കയോ, മാറിയുടുക്കാന്‍ നല്ലൊരു തുണി വാങ്ങി കൊട്ക്കയോ ഒന്നും ചെയ്യില്ല. വിളിച്ചോണ്ട് വന്ന്‍ രണ്ടീസം ന്‍റെ കൂട  നിറ്ത്താന്ന്‍ വിചാരിച്ചാല് അയിനും സമ്മയിക്കൂല. ഞാനോളെ കാണാന് അങ്ങോട്ട് ചെന്നാലോ ന്‍റെ മുമ്പീന്ന്‍ നല്ല പെര്മാറ്റായിരിക്കും. ഞാന്‍ തിരിച്ച് പോന്നാല് പരാതി പറയാന്‍ അമ്മയെ വിളിച്ച് വര്ത്തീന്നു പറഞ്ഞ് ന്‍റെ മോളെ പൊതിരെ തല്ലും. അതറിഞ്ഞപ്പോ ഞാന്‍ പിന്നെ അങ്ങട്ടും പോകാണ്ടായി. ഇപ്പം അവരിക്ക് ന്‍റെ മോളെ എങ്ങനേലും ഒഴിവാക്കണം. അയിന് വക്കീല് പറഞ്ഞ് കൊട്ത്ത ബുദ്ധിയാ മാനസികരോഗിയാണെന്ന് വര്ത്തി  തീര്‍ക്കാന്‍. അതിന് വേണ്ടി അവരുടെ  പരിചയത്തിലുള്ള ഒര്  മാനസിക ഡോക്ടറെ കണ്ട്  കണ്ണീ കണ്ട മര്ന്നൊക്കെ ന്‍റെ കുട്ടിയെ കൊണ്ട് കഴിപ്പിച്ച് ഓളെ ശരിക്കുമൊരു മനസികരോഗിയാക്കി മാറ്റി.”

ഇത്രയും പറഞ്ഞു തീരുമ്പോഴേക്കും അമ്മയുടെ നേര്യതിന്‍റെ  തുമ്പ്കണ്ണീരില്‍  കുതിര്‍ന്നിരുന്നു.

“ആ ദുഷ്ടന്മാര് ഒര്ക്കാലത്തും ഗൊണം പിടിക്കൂല.” അവളുടെ ഭര്‍ത്താവിനെയും വീട്ടുകാരെയും ശപിച്ചു കൊണ്ട് അമ്മ തുടര്‍ന്നു

“എല്ലായെന്‍റെ തെറ്റാ, എന്ത് നന്നായി  പഠിച്ചോണ്ടിര്ന്നതാ ന്‍റെ മോള്. അന്ന്‍ കല്യാണം കഴിപ്പിച്ചയക്കാണ്ട് പഠിക്കാന്‍ വിട്ടിര്ന്നേല്‍  ഇന്നെന്‍റെ മോള്  നല്ലനെലയിലെത്തിയേനെ.  അന്നയിനും എനിക്ക് ശേഷിയ്ണ്ടായിര്ന്നില്ല. പെണ്‍മക്കളുള്ള തള്ളമാര്  എന്നെപ്പോലെ ഒന്നിനും കൊള്ളാത്ത പാവങ്ങളായാല് പറ്റൂല. ജീവിതത്തിനോടും വിധിയോടും പൊരുതി ജയിക്കുന്ന തന്‍റേടികളായിരിക്കണം. എന്നാലേ ആ മക്കള് കൂടി ഗതി പിടിക്കയുള്ളൂ. പത്തില്  പത്ത് പൊര്ത്തയ്ള്ള  ബന്ധായിര്ന്ന്‍. അതായിപ്പോ ഇങ്ങനെയായത്.

“ജാതകപ്പൊരുത്തോം ജാതിപ്പൊരുത്തോം  സാമ്പത്തികപ്പൊരുത്തോം           ഒന്നുയില്ലേലും വേണ്ടില്ലമ്മേ , മനപ്പൊരുത്തം ഉണ്ടായാ മതി.ദാമ്പത്യബന്ധത്തില് ഏറ്റവും അത്യാവശ്യം വേണ്ടത് അതാ.” അനുഭവജ്ഞാനത്തിന്‍റെ വെളിച്ചത്തില്‍ ഞാന്‍ പറഞ്ഞു.

“അമ്മ വേവലാതിപ്പെടേണ്ട, അവളുടെ പ്രശ്നങ്ങള്‍ക്കൊക്കെയും നമ്മുക്ക് പരിഹാരം കാണാം. എന്തിനും ഏതിനും ഞാനുമുണ്ടാകും അമ്മേടെ കൂടെ.”  മനോവിഷമം    കൊണ്ട് തളര്‍ന്നവശയായ ആ അമ്മയെ ഞാന്‍ ആശ്വസിപ്പിച്ചു.

മാളവികയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് ഒരു  ദൌത്യമായി ഞാന്‍ ഏറ്റെടുത്തു. അവളുടെ വീട് ഞാന്‍ താമസിക്കുന്ന ടൌണില്‍ നിന്നും വളരെ അകലെയായത്  കൊണ്ട് ഞാന്‍ അവളുടെ കൂടെ  അവളുടെ വീട്ടില്‍ താമസിച്ചു. എന്‍റെ സുഹൃത്തായ ഒരു സൈക്കോളജിസ്റ്റിന്‍റെ സഹായത്തോടെ അവളെ ബാധിച്ചിട്ടുള്ള വിഷാദരോഗത്തില്‍ നിന്നും പയ്യെ അവളെ കര കയറ്റാന്‍ ശ്രമിച്ചു. അതിലൊരളവു വരെ ഞാന്‍ വിജയിക്കുകയും ചെയ്തു. ഞാന്‍ അവളോട് പറഞ്ഞു.

“നീ ഇനിയും കരഞ്ഞും സങ്കടപ്പെട്ടും ഇര്ന്നാല് നിന്നെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവു തന്നെയാ ജയിക്കുന്നത്. നീ പിന്നെയും പിന്നെയും തോറ്റുകൊണ്ടിരിക്കയാ. അത് പാടില്ല. അവന്‍റെ മുമ്പില്‍ നീ ജയിക്കണം. അതിന് നീയും മക്കളും സുഖമായും  സന്തോഷമായും ജീവിക്കുന്നത്  അവന്‍ കാണണം. ”

അമ്മയോടും ഞാന്‍ പറഞ്ഞു.

“അമ്മേ, മാളവികയുടെ അസുഖമൊക്കെ പൂര്‍ണ്ണമായി മാറി കഴിഞ്ഞിരിക്കുന്നു. ഇനി നമ്മള്‍ ചെയ്യേണ്ടത് അവള്‍ക്കും മക്കള്‍ക്കും ആരേയും ആശ്രയിക്കാതെ സുഖമായി ജീവിക്കാന്‍ എന്തെങ്കിലും വരുമാനമാര്‍‍ഗം ഉണ്ടാക്കികൊടുക്കുക എന്നതാണ്. സ്ത്രീകള്‍ക്ക്‌ സ്വയം തൊഴില്‍ ചെയ്യാന്‍ പലവിധത്തിലുള്ള  വായ്പകളും ഇന്നു കിട്ടും.അത് പ്രയോജനപ്പെടുത്തി നമ്മുക്ക് ചെറിയ രീതിയിലുള്ള ഒരു സ്ഥാപനം തുടങ്ങാം.”

അത് കേട്ടയുടനെ അമ്മ അകത്തേക്ക് പോയി അമ്മയുടെ പേരിലുള്ള ആ വീടിരിക്കുന്ന 5 സെന്‍റ് വസ്തുവിന്‍റെ പ്രമാണം എടുത്തുകൊണ്ടു വന്ന്‍  എന്‍റെ നേരെ നീട്ടികൊണ്ട് പറഞ്ഞു.

“മോളേ, ചെറിയ രീതിയില് തൊടങ്ങിയാ പോര , സാമാന്യം നല്ല രീതിയില് തന്നെ തൊടങ്ങണം. എന്‍റെ മോളും മക്കളും സുഖായി ജീവിക്കുന്നത് ഓന്‍ കാണണം.”

അങ്ങനെ ഞങ്ങളെല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായി ആ ചെറിയ ടൌണിന്‍റെ  ഹൃദയഭാഗത്ത് മാളവികയ്ക്കായി ഒരു കംപ്യൂട്ടര്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കംപ്യൂട്ടര്‍ സെന്‍ററിന്‍റെ ഉദ്ഘാടനം  കഴിഞ്ഞതിന്‍റെ പിറ്റേന്ന്  എല്ലാവരോടും യാത്ര പറഞ്ഞ് ഞാന്‍ ഇറങ്ങാന്‍ നില്ക്കുമ്പോള്‍  മാളവിക പറഞ്ഞു.

“അപര്‍ണേ, നീ കൂടെയുണ്ടാകുമ്പോള്‍ എല്ലാത്തിനും ഒരു ധൈര്യമുണ്ട്. നിനക്ക് രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് പോയാ പോരെ.”

“എന്‍റെയിവ്ടത്തെ  കടമ കഴിഞ്ഞു. എനിക്കിനി  എന്‍റെ ജീവിതത്തിനോടു  ഒരു കടമ ചെയ്തു തീര്‍ക്കാനുണ്ട്.”  ചിരിച്ചുകൊണ്ട് ഞാന്‍ പടിയിറങ്ങി.

പിറ്റേന്നാണ് മഹേഷുമായുള്ള  ഡൈവോഴ്‌സ് കേസിന്‍റെ അവസാന സിറ്റിങ്ങ്. അന്ന്‍  കുടുംബകോടതിയില്‍ മഹേഷ്‌ എനിക്കെതിരെ ഉന്നയിച്ച ആരോപണം കേട്ട് ഞാന്‍  വിറകൊണ്ടു  നിന്നു പോയി.

“അവള്‍ക്ക്‌ സ്ത്രീത്വമില്ല. അവളിപ്പോള്‍ പണ്ട് സ്ക്കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന  മാളവിക എന്നു പേരുള്ള ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീയോടൊപ്പമാണ് താമസം. അവള്‍ക്ക് പെണ്ണുങ്ങളെയേ പറ്റൂ. ”

ഇത്രയും നീചമായി ചിന്തിക്കുന്ന ഒരുത്തന്‍റെ കൂടെയാണല്ലോ  കുറച്ചു കാലമെങ്കിലും ജീവിച്ചതെന്നോര്‍ത്ത് എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നി. മാനസികപൊരുത്തമുള്ള രണ്ടാത്മാര്‍ത്ഥസുഹൃത്തുക്കള്‍ അതാണും  പെണ്ണും ആവണമെന്നില്ല. പെണ്ണും പെണ്ണും ആയാലും അടുത്തിടപഴകിയാല്‍ പ്രകൃതിവിരുദ്ധം . സമൂഹത്തിന് നിരക്കാത്തത്. ഒട്ടും ചേരാത്ത രണ്ടു മാനസങ്ങള്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴെ  പരസ്പരം പുലഭ്യം പറഞ്ഞാലും  തമ്മിതല്ലിയാലും വിവാഹം എന്ന ഉടമ്പടിയുടെ പേരില്‍ അത് നിയമാനുസൃതം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here