ചലച്ചിത്രം പുതിയ നൂറ്റാണ്ടിന്റെ കലയാണ് എന്ന് മഹാനായ വിപ്ലവകാരിയും നവലോകനായകനുമായ വി.ഐ.ലെനിന്‍ അഭിപ്രായപ്പെട്ട കാര്യം പ്രസിദ്ധം. അദ്ദേഹമതു പറയുമ്പോള്‍ ഗ്രിഫ്ത്തും, ഐസന്‍സ്റ്റീനും, പുഡോവ്കിനും മറ്റും ചലച്ചിത്രകഥയുടെ വ്യാകരണം വികസിപ്പിച്ചെടുത്തുക്കൊണ്ടിരിക്കുകയായിരുന്നു. കലാലോകത്തെ ത്രസിപ്പിച്ച ആ നാളുകള്‍ കടന്നുപോയിട്ട് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും കലയും സാഹിത്യവും സംഗീതവും അഭിനയവും പ്രകൃതിയും ദര്‍ശനവും എല്ലം സംഗമിക്കുന്ന ഒരത്ഭുത പ്രപഞ്ചമായി ചലച്ചിത്രം പരിണമിച്ചിരിക്കുന്നു. അത് കലയും കച്ചവടവും വ്യവസായവും ജീവിതവും വിപ്ലവവും ആനന്ദവും അമര്‍ഷവും ആര്‍ത്തനാദവും, ഉന്മാദവും എല്ലാമാണ്.
എന്നാല്‍ മനുഷ്യനേയും പ്രകൃതിയേയും പ്രപഞ്ചത്തേയും ദാര്‍ശനിക ഗൗരവത്തൊടേ ആവിഷ്കരിക്കുന്ന കല എന്ന നിലയിലാണ് ചലച്ചിത്ര ആധുനിക സമൂഹം നോക്കിക്കാണുന്നത്. അത്തരത്തില്‍ ചലച്ചിത്രകലയെ സമീപിച്ച ഏറ്റവും മഹാനായ ഇന്ത്യക്കാരന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം സത്യജിത്റെ എന്നാണ്. ഒപ്പം ഒരു പേരുകൂടി പരിഗണിക്കതിരിക്കാനാവില്ല. അത് ഋത്വിക് ഘട്ടക്കാണെന്നതിലും ചലച്ചിത്രാസ്വാദകര്‍ക്ക് വ്യത്യസ്തത ഉണ്ടാവാന്‍വയ്യ. മൃണാള്‍സെന്‍, അടൂര്‍ഗോപാലകൃഷണന്‍, അരവിന്ദന്‍, ശ്യാംബെനിഗര്‍ തുടങ്ങിയ പേരുകള്‍ പിന്നീട് തെളിച്ചത്തോടെ തലയുയര്‍ത്തിനില്‍ക്കുന്നു.
സത്യജിത്റെയുടെ ചലച്ചിത്ര ജീവിതം റേ തന്നെ എഴുതുന്ന ആത്മകഥ പോലെ അവതരിപ്പിച്ചിരിക്കുന്ന ശ്രീ.എം.കെ.ചന്ദ്രശേഖരന്റെ ഈ രചനാരീതി ഒട്ടേറെ സവിശേഷതകളുള്ളതാണ്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകാരന്‍, ജീവചരിത്രകാരന്‍ തുടങ്ങി സാഹിത്യരംഗത്ത് മിക്കവാറും എല്ലാ മേഖലകളിലും കൈവച്ച ബഹുമുഖ പ്രതിഭയാണ് എ.കെ.സി.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മുതിര്‍ന്നവരുടെ (House of eldres) സഭയായ രാജ്യസഭയിലെ ചര്‍ച്ചയില്‍ ‘പാഥേര് പാഞ്ചാലി’ ക്കെതിരായി പ്രശസ്തനടി നര്‍ഗ്ഗീസ്ദത്ത് നടത്തിയ ക്രൂരമായ ആക്രമണം നാടകീയമായി പരാമര്‍ശിച്ചുകൊണ്ടാണ് ഗ്രന്ഥം തുടങ്ങുന്നത്. അവസാനത്തെ (ഇരുപത്തിയഞ്ചാം) അദ്ധ്യായത്തിലെത്തുമ്പോള്‍ സിനിമയെപ്പറ്റിമാത്രം കിടന്ന കിടപ്പിലും ചിന്തിക്കുന്ന സ്വന്തം ജീവിതത്തിലെ വ്യത്യസ്ത നിമിഷങ്ങള്‍ ഒരു അസാധാരണ ചലച്ചിത്രത്തിലെന്നപോലെ കടന്നു വരികയാണ്.
ജോലി ചെയ്ത പബ്ലിഷിംഗ് കമ്പനിയുടെ കൊമേഴ്സ്യല്‍ ആര്‍ട്ട് ഡയറക്ടറായിരിക്കുമ്പോള്‍ ഔദ്യോഗികാവശ്യത്തിന് ഇംഗ്ലണ്ടില്‍ പോയപ്പോള്‍ അവിടെ വച്ചു കണ്ട ലോകോത്തര സിനിമകള്‍ ആയിരുന്നു ബാല്യകാലത്ത് മനസ്സില്‍ ഉറഞ്ഞുകൂടിയ അഭിനിവേശം വളര്‍ത്തിയെടുക്കാന്‍ സഹായിച്ചത്. ഡിസീക്കയുടെ ‘ബെസിക്കിള്‍ തീവ്സ്’ എന്ന അതുല്യ സിനിമക്ക് ഇക്കാര്യത്തിലുള്ള പങ്ക് നിസ്സീമമാണ്. ‘ബാറ്റില്‍ഷിപ്പ് പൊതുംകിന്‍’ ഉള്‍പ്പടെയുള്ള 99 സിനിമകളാണ് ഇത്തരത്തില്‍ 5 മാസക്കാലം ലണ്ടനില്‍ താമസിച്ചപ്പോള്‍ കണ്ടത്. ലണ്ടന്‍ ഫിലിംസൊസൈറ്റി ചലച്ചിത്രകാരനായ സത്യജിത്റെയുടെ സൃഷ്ടിയിലും, അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളുടെ സൃഷ്ടിയിലും സുപ്രധാനമായ സ്വാധീനം ചെലുത്തുകയുണ്ടായി.
എത്ര കടുത്ത സാമ്പത്തിക പ്രയാസങ്ങളും പ്രായോഗിക തടസ്സങ്ങളും അഭിമുഖീകരിച്ചുകൊണ്ടാണ് പ്രഥമസിനിമയായ ‘പാഥേര്‍ പാഞ്ചാലി’യുടേ സാക്ഷാത്കാരം പൂര്‍ത്തിയാക്കിയത് എന്ന് ആര്‍ദ്രമായ ഭാഷയില്‍, റേയുടെ വീക്ഷണകോണീലൂടെ എം.കെ.സി.ചിത്രീകരിക്കുന്നു. സാമ്പത്തികസഹായം തേടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവം ചിരിയോടെയും ദു:ഖത്തോടെയും മാത്രമേ നാം വായിച്ചു പൂര്‍ത്തിയാക്കുകയുള്ളൂ.
കല്‍ക്കത്തയില്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങള്‍ ശ്രദ്ധാപൂര്‍വ്വം സംഘടിപ്പിക്കുന്നതും, ചലച്ചിത്രസംഘങ്ങള്‍ സര്‍ഗ്ഗാത്മകമായി പ്രവര്‍ത്തിക്കുന്നതും ഒരു നാടിന്റെ സാസ്ക്കാരിക വളര്‍ച്ചയ്ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന വസ്തുതയും റേയുടെ ജീവിതത്തിലൂടെ എം.കെ.സി വരച്ചു കാണിക്കുന്നു.
എന്താണ് ഈ പുസ്തകത്തിന്റെ കേന്ദ്രപ്രമേയം? അതുല്യനായ ഒരു പ്രതിഭാശാലിയുടെ നിര്‍മ്മിതിയില്‍ ഒട്ടേറെ ഘടകങ്ങള്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആ വ്യക്തിയുടെ അപാരമായ ആത്മശിക്ഷണവും പൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള ക്ഷമാപൂര്‍ണ്ണമായ അന്വേഷണവും അതിനായി സ്വയം വരിക്കേണ്ട ത്യാഗവും ക്ലേശവും കൂടാതെ മഹനീയമായതൊന്നും കൈവരിക്കാന്‍ കഴിയില്ല. സത്യജിത്റെയുടെ ഒരു ചലച്ചിത്രം കാണുന്നതുപോലെ വായിച്ചു കാണാവുന്ന ഒരു സവിശേഷകൃതയാണിത്. ഇപ്പോഴത്തെ പതിപ്പിലുള്ള ചില്ലറ അച്ചടിപ്പിശകുകളും മറ്റും തിരുത്തി വര്‍ദ്ധിതശോഭയോടെ പുറത്തിറങ്ങുന്ന പുതിയപതിപ്പ് ഭാഷയേയും സംസ്ക്കാരത്തെയും ചലച്ചിത്രത്തേയും ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ വ്യാപകമായി വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.