സര്‍ക്കാര്‍ വക “കുടി”…?

 

fb_img_1447148738781

റിട്ടയഡ് ഹെഡ് മാസ്റ്റര്‍ നീലലോഹിതന്‍ സാര്‍ രാവിലെ പത്രപാരായണ ലഹരിയിലാണ്.  പെട്ടെന്നാണ് ഒരു സര്‍ക്കാര്‍ ജീപ്പ് വീടിനു മുന്നില്‍ ബ്രേക്കിട്ടത്!?

ഒരു സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാഞ്ഞു വന്ന് തൊഴുതു.

“ഗുഡ് മോണിംഗ് സാര്‍…”

“..ഗുഡ് ..മോണിംഗ്… എന്താ..? മനസ്സിലായില്ല..?”

“ഞങ്ങള്‍ ലിക്കര്‍ എഡ്യൂക്കേഷന്‍ സ്ക്വാഡ് ഉദ്യോഗസ്ഥരാണ്. സാര്‍ മദ്യപിക്കുമോ..?”

“ഇല്ല…ഞാന്‍ മദ്യപിക്കില്ല.. മദ്യപാനം ഞാന്‍ വെറുക്കുന്നു.”

“സര്‍ക്കാരിന്റെ പുതിയ മദ്യനയം എല്ലാവരേയും മദ്യപിപ്പിക്കുക എന്നതാണ്.  എന്നാലേ  സര്‍ക്കാരിന് കൂടുതല്‍ വരുമാനം ഉണ്ടാകൂ..?  ജനങ്ങളെ സേവിക്കാന്‍ വരുമാനം കൂട്ടേണ്ടത്‌ അത്യാവശ്യമാണ്.  അതുകൊണ്ട് സാറ് മദ്യപാനം തുടങ്ങണം..”

“ഇല്ല.  ഞാന്‍ മദ്യപാനം തുടങ്ങുന്ന പ്രശ്നമേയില്ല.  ഇതെന്‍റെ ഉറച്ച തീരുമാനമാണ്..”

“അങ്ങനെയാണെങ്കില്‍ സാറ് അധികനികുതി കൊടുക്കേണ്ടി വരും.  അതാ സര്‍ക്കാരിന്‍റെ തീരുമാനം..”

“എത്ര വരും അധിക നികുതി?”

“…പ്രതിദിനം ഒരു ഫുള്ള് എന്ന കണക്കില്‍ മാസം 30 കുപ്പിയുടെ വില അധികനികുതിയായി നല്‍കേണ്ടിവരും..”

“സാരമില്ല.  നികുതി എത്ര വന്നാലും നല്‍കാന്‍ ഞാന്‍ തയ്യാറാ.  പക്ഷേ  മദ്യപാനം തുടങ്ങുകയില്ല..”

“ശരി.  ഇവിടെ മറ്റു താമസക്കാര്‍ ആരൊക്കെയുണ്ട്?”

“ഭാര്യ മാത്രം.  മക്കളെല്ലാം വെളിയിലാണ്..”

“ഭാര്യയെ ഒന്നു വിളിക്കാമോ..?”

“അതിനെന്താ.  നീലാംബരീ…….?”

“എന്തിനാ നിങ്ങളിങ്ങനെ വിളിച്ചു കൂവുന്നേ..?  ഞാനിതാ വന്നു കഴിഞ്ഞു..”

അടുക്കളയില്‍ നിന്നും നീലാംബരി കലിതുള്ളി കടന്നുവന്നു.

“ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാ.  എല്ലാവരും മദ്യം നിര്‍ബന്ധമായും കഴിച്ചു ശീലിക്കണമെന്നാ സര്‍ക്കാരിന്‍റെ പുതിയ നയം…”

“അതിനു ഞാനെന്തോ വേണം…?”  നീലാംബരിയുടെ കലി അടങ്ങിയില്ല.

“നീലാംബരി ചേച്ചിയോട് ഒരു കാര്യം ചോദിക്കാനാ ഞങ്ങള്‍ വിളിപ്പിച്ചേ.  ചേച്ചി മദ്യപിക്കുമോ..? ഉദ്യോഗസ്ഥര്‍ ചോദിച്ചു.

“ഞാനോ..? ഏയ്‌..  ജീവിതത്തിലിന്നേവരെ ഞാന്‍ മദ്യപിച്ചിട്ടില.. ഇത് സത്യം…”

“ശരി…എന്നാല്‍ ഇന്ന് മുതല്‍ ചേച്ചി മദ്യപിച്ചു തുടങ്ങണം.  അല്ലെങ്കില്‍ സര്‍ക്കാരിന് അധികനികുതി കൊടുക്കേണ്ടിവരും.  ഏതാണ്ട് മാസം 30 ഫുള്‍ ബോട്ടിലിനു തുല്യമായ തുക..”

“അല്ലെങ്കിലോ..?”

“അല്ലെങ്കില്‍ മദ്യപാനം തുടങ്ങണം.  കുറഞ്ഞത്‌ ദിവസം ഒരു കുപ്പിയെങ്കിലും നിര്‍ബന്ധമായി അകത്താക്കണം..”

“അങ്ങനെയാണെങ്കില്‍ ഞാന്‍ കുടി തുടങ്ങാം.  സ്ത്രീകള്‍ക്കും മദ്യത്തിന്‍റെ രുചിയും സുഖവും ഒന്നറിയണമല്ലോ?  പുരുഷന്മാര്‍ മാത്രം കുടിച്ചാല്‍ മതിയോ..?”

“ചേച്ചിക്ക് കുടി തുടങ്ങാനുള്ള എല്ലാ ആശംസകളും നേരുന്നു.  കൂടാതെ ഒരു പ്രത്യേക സമ്മാനവുമുണ്ട്.  ഒരു ഫുള്‍ ബോട്ടില്‍ മദ്യം.  തികച്ചും സൗജന്യമായി,.  ഇതാ പിടിച്ചോ..”

സന്തോഷത്തോടെ നീലാംബരി കുപ്പി വാങ്ങി കക്ഷത്ത് തിരുകി.

“ഒരിക്കല്‍ കൂടി എല്ലാവിധ മദ്യാശംസകളും നേര്‍ന്നുകൊണ്ട് ഞങ്ങളിറങ്ങുന്നു..”

വിജയാഹ്ലാദത്തോടെ ലിക്കര്‍ എഡ്യൂക്കേഷന്‍ സ്ക്വാഡ് തിരിച്ചു പോയി.

നീലാംബരി കുപ്പി പൊട്ടിച്ചു. ഗ്ലാസിലൊഴിച്ചു.  കുടി തുടങ്ങി.

സാരി മടക്കിക്കുത്തികൊണ്ട്:  “…അടിപൊളി…?”

ഭാര്യയുടെ  കോപ്രായങ്ങള്‍ കണ്ടും കേട്ടും പിമ്പിരിയായി സാറ് നിലത്ത് കുഴഞ്ഞു വീണു.

അപ്പോഴും സാറിനു ചുറ്റും ചുവടുകള്‍ വച്ച് നീലാംബരി ചേച്ചി മദ്യനൃത്തം തുടരുകയായിരുന്നു…

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here