സര്‍ഗ്ഗം- 2022 കഥാപുരസ്‌ക്കാരം

 

കുടുംബശ്രീ സംസ്ഥാന മിഷന്റെ സര്‍ഗ്ഗം 2022 കഥാപുരസ്‌ക്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭ സി ഡി എസ് രണ്ടിലെ പി നിതയുടെ ‘ത്ഫു’ എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. കോട്ടയം അയ്മനം കുഴിഞ്ഞാര്‍ സി ഡി എസ്സിലെ ധന്യ എന്‍ നായരുടെ ‘തീണ്ടാരി’ രണ്ടാം സ്ഥാനവും മലപ്പുറം പള്ളിക്കല്‍ സി ഡി എസിലെ ടി വി ലതയുടെ ‘നിരത്ത് വക്കിലെ മരങ്ങള്‍’ മൂന്നാംസ്ഥാനവും  നേടി.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം 15,000, 10,000, 5000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

എട്ടുപേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും നല്‍കും. ബേബി ഗിരിജ (പാലക്കാട്), എ ഊര്‍മിള (തിരുവനന്തപുരം), എം കെ വിജയലക്ഷ്മി, പി കെ ഇര്‍ഫാന, എം ജിഷ (മൂവരും കണ്ണൂര്‍), എം ടി റാഷിദ സുബൈര്‍ (മലപ്പുറം), ശ്രീദേവി കെ ലാല്‍ (എറണാകുളം), അനുജ ബൈജു (കോട്ടയം) എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായത്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തിലൂടെ കുടുംബശ്രീ മിഷന്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുകയാണെന്ന് കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
ഡോ. പി കെ രാജശേഖരന്‍, കെ എ ബീന, കെ രേഖ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കഥകള്‍ ആഖ്യാന മികവുള്ളതാണെന്നും വനിതകള്‍ സാഹിത്യ ലോകത്തേക്ക് വരുന്നത് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ജൂറി വിലയിരുത്തി.

ആകെ 1338 രചനകളാണ് ലഭിച്ചത്. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 60ല്‍ 40 പേര്‍ക്കായി കേരള സാഹിത്യ അക്കാദമിയുടെയും കിലയുടെയും സഹകരണത്തോടെ തൃശ്ശൂരില്‍ കഥാ ശില്‍പ്പശാല നടത്തിയിരുന്നു. അന്തിമ പട്ടികയില്‍ ഇടം നേടിയ 60 പേരുടെ രചനകള്‍ കുടുംബശ്രീ പുസ്തകമായി പ്രസിദ്ധീകരിക്കും. ഏപ്രില്‍ 10നു വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ സരസ് മേളയുടെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English