സരയൂ തേങ്ങികരഞ്ഞു

 

 

 

 

 

 

 

രാമാ ദശരഥ പുത്രാ

മാറോടണച്ച്

പുൽകട്ടെ നിന്നെ ഞാൻ

എൻ നെഞ്ചിലെ നനവാർന്ന

സ്നേഹത്തിട്ടയിൽ നിദ്രാ

തൽപ്പമൊരുക്കട്ടെ ഞാൻ.

എന്നാഴങ്ങളിൽ നീയഴലായലിഞ്ഞ മാത്രയിൽ

തകർന്നുവെൻ നെഞ്ചകം

രാജ പുത്രാ,

ആരറിഞ്ഞു പെയ്തൊടുങ്ങാത്ത നിൻ കണ്ണീർക്കടൽ…

ആരറിഞ്ഞു നിന്നഗാധവിരഹം…..

കാടകമറിഞ്ഞില്ല

കാലനറിഞ്ഞില്ല

കാലമോ കൺപൊത്തി പിന്തിരിഞ്ഞു..

പുത്രതാപത്താൽ നീറിയ

താതനും ഭർതൃ ദുഖത്താലുരുകിയ പത്നിയും

സോദരനാശത്തിൽ

സ്വന്തബന്ധങ്ങളും

കേണു വീണു തകർന്നുവല്ലോ…

കോസല പുരിയിലെ

കൈ കേയി മാതാവ്

നിർദയം

തള്ളിപ്പറഞ്ഞ നേരം

അല്ലലിൻ നോവിലും

പുഞ്ചിരി തൂകി നീ

ആരണ്യ വാസം തെരഞ്ഞെടുത്തു…..

വൈദേഹി വേർപെട്ട് ഭൂവിൽ

മറഞ്ഞപ്പോൾ ഇടനെഞ്ചു

ശോകത്താൽ വെന്തുവല്ലോ

ദുർഘട പാതയിൽ ഏകനായ്‌ നീങ്ങവേ കേട്ടു, നടുക്കുമാ

പിതൃ വിയോഗം…

എന്നിട്ടും കലിയടങ്ങാ

പകപോക്കുവാൻ വിധിയെന്നും

നായാടി നിന്നെ രാമാ…
.

വൻദുരന്തങ്ങൾ വിതച്ചു കൊയ്തു പിന്നെ

അന്തകനായ് വന്ന

മാമുനിയും

താപസ വേഷം പൂണ്ടെത്തിയ

യമദേവൻ കാലനാണെന്നതും

നീയറിഞ്ഞോ…

പൂർവാശ്രമങ്ങൾ തൻ

പാപകർമങ്ങളാൽ

ബന്ധിതനായല്ലോ

നീയും ദേവാ

പൂർവ സൂരികൾ

വിതറിയ കർമ്മങ്ങൾ

ക്കപ്പുറമല്ലല്ലോ രാമ ജൻമം…

എൻ നെഞ്ചിനാഴത്തിൽ

തന്മാത്രയായ് നിന്നെ

തൽക്ഷണം ചേർത്തല്ലോ

ദുഃഖ പുത്രാ…

ജീവിതക്കടലുകൾ നീന്തിപ്പിടയുവാൻ ഇനിയെത്ര

ജന്മമെടുക്കും പുത്രാ…!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English