സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം അനുവദിച്ചു. 50000 രൂപയ്ക്കും രണ്ട് ആൾജാമ്യത്തിലുമാണ് കാസർകോട് ജില്ലാ സെഷൻ കോടതി ജാമ്യം അനുവദിച്ചത്. ശനിയാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നവ്യവസ്ഥയിലാണ്
ജാമ്യം.
‘പന്തിഭോജനം’ എന്ന പുസ്തകത്തെക്കുറിച്ചു പരാമർശിക്കവെ ജാതീയമായി അവഹേളിച്ചെന്നാരോപിച്ചു സുഹൃത്തും അയൽവാസിയുമായ എൽഐസി ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. എന്നാൽ തന്റെ രചനകൾ പാവപ്പെട്ടവർക്കും പിന്നാക്ക വിഭാഗക്കാർക്കും വേണ്ടിയുള്ളതാണെന്നു സന്തോഷ് പറഞ്ഞു. തന്നെ ദലിത് വിരുദ്ധനായി ചിത്രീകരിക്കുന്നതിൽ സങ്കടമുണ്ടെന്നും അദ്ദേഹം കോടതിക്കു പുറത്ത് മാധ്യമങ്ങളോടു വ്യക്തമാക്കി.
ഹോസ്ദുർഗ് പൊലീസ് ആണ് സന്തോഷിനെതിരെ കേസെടുത്തത്. കാസർകോട് എസ്എംഎസ് ഡിവൈഎസ്പി ഓഫിസിൽ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് നടന്ന സാഹിത്യോൽസവത്തിലാണ് സന്തോഷ് വിവാദ പരാമര്‍ശനം നടത്തിയത്. പരാതിയെ തുടര്‍ന്നു സന്തോഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജാരാകാന്‍ കോടതി നിര്‍ദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണു സന്തോഷ് ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരായത്. അറസ്റ്റു രേഖപ്പെടുത്തിയ സന്തോഷിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. വൈകിട്ട് ജാമ്യവും അനുവദിച്ചു. മാവിലൻ സമുദായത്തെയും സർവോപരി പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെയും മനഃപൂർവം അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണു സന്തോഷ് പരാമര്‍ശം നടത്തിയതെന്നു പരാതിയില്‍ പറയുന്നു.