നാഭികമലത്തില്‍ പൊട്ടിവിടരുന്ന
നാനാദിശോന്‍മുഖ സൃഷ്ടിപ്രവാഹത്തെ,
നാന്‍മുഖക്രീഡയെ, പാര്‍ത്തു രസിച്ചിടും,
കാലമനന്തമായ് നീളുന്നമെത്തമേല്‍
പള്ളികൊള്ളുന്നോരു വിശ്വാത്മസത്തയെ,
മര്‍ത്ത്യമസ്തിഷക്കത്തില്‍ കൂണുപോല്‍ പൊട്ടിയൊ-
രര്‍ത്ഥമില്ലാത്ത സങ്കല്‍പമായ് മാറ്റി നീ.
ചിച്ചക്തിത്താമരമേലെ വസിക്കുന്ന
പിച്ചകസ്മേരം പൊഴിക്കുമെന്‍റമ്മയെ,
അക്ഷരസത്തയാം രുദ്രാക്ഷമാലയും
മോക്ഷദഗ്രന്ഥവും പാടുന്ന വീണയും
പേറി വരമാരി പെയ്യുന്ന വാണിയെ,
വ്യര്‍ത്ഥപ്രതീകമായ് മാറ്റിച്ചിരിച്ചു നീ.
സംസാരസാഗരം താണ്ടി, ആത്മജ്ഞാന-
ശിംശപാവൃക്ഷച്ചുവട്ടില്‍ മരുവുന്ന
നിത്യസ്വരൂപിണിയെ കണ്ടുകുമ്പിട്ട്,
കമ്പിതഗാത്രനായ് സത്യകൃതാര്‍ത്ഥനായ്,
ഹര്‍ഷാമൃതമുണ്ണും പ്രാണന്‍റെയുണ്ണിയെ,
ഹാസ്യം കലര്‍ത്തി പരിഹസിച്ചാര്‍ത്തു നീ.
പഞ്ചേന്ദ്രിയങ്ങളും, അഷ്ടരാഗങ്ങളും,
മൂന്ന് ഗുണങ്ങളും, വിദ്യയവിദ്യയും,
പത്തുമൊരെട്ടും പടവുകളീവിധം
താണ്ടിത്തളരുമ്പോള്‍, ആത്മവിശുദ്ധിയില്‍.
പട്ടാസനത്തിലിരുന്നു തെളിയുന്ന
ബോധവിളക്കാകും അന്ത്യജ്യോതിസ്സിനെ,
എന്‍റെയുള്ളില്‍ വിളങ്ങും മഹാസ്വാമിയെ,
വൈകൃതരതിയുടെ പുത്രനായ് മാറ്റിയ
ഭാവനാദാരിദ്ര്യം കുത്സിതം ഹേ കവേ!
നീയറിയുക മഹാകവിപുംഗവാ!
തായയാം വിദ്യയും, സത്യമാം വിഷ്ണുവും,
സാഗരം താണ്ടിയ മാരുതിവീരനും,
പിന്നെ മലയിലെ സ്വാമിയും, സര്‍വ്വവും,
നാനാത്വമല്ലവ, ഏകത്വസംസ്കൃതി,
വിശ്വാത്മസത്തയാം അദ്വൈതസംസ്തുതി.
അറിയില്ലയെങ്കില്‍ ഉരിയാടവേണ്ട,
ഭോഷ്കുകള്‍ ഘോഷിച്ച് ബഹളിക്കവേണ്ട,
ഈ സമഭാവനയുടെ ചിന്തയിലീ-
മഹാഭൂവിഭാഗത്തില്‍ ദളിതനില്ല,
സവര്‍ണ്ണനുമില്ല, ഉണ്ടെന്ന് കല്‍പിച്ച്
വിപ്ലവം ഘോഷിക്കവേണ്ട, മഹാകവേ!
നാറുന്ന യുക്തിയാം ജൂബതന്‍ കീശയില്‍
നീ കോടി പാവങ്ങളെയിട്ടു കിലുക്കി,
പാശ്ചാത്യയുക്തികള്‍ കേട്ടുതളര്‍ന്നവര്‍
വിഫലമാം സ്വപ്നങ്ങള്‍ കണ്ടു മയങ്ങി.
ജല്‍പിച്ച് മുന്നോട്ട് നീങ്ങും കവിത്വമെ!
നിനക്കക്ഷരജ്ഞാനം കൊടുത്തതാര്?
പൊന്നമ്മയാം ശ്രീവിദ്യാവാണിയല്ലാതെ?
അറിയുമോ നിന്നിലെ ഉണ്മ ആരെന്ന്?
അനന്തതല്‍പശ്ശായി വിഷ്ണുവല്ലാതെ?
ശുഷ്കമസ്തിഷ്കസിരാപടലങ്ങള്‍ക്ക്
ചിന്താ-ബോധ വൈദ്യുതി തന്നതാരെന്ന്?
മലയിലെ സ്വാമിയാം ജ്യോതിസ്സല്ലാതെ?
നിന്‍ ഉല്‍പതിഷ്ണുത്വവ്യഗ്രതയാരെന്ന്?
പ്രാണപ്ലവഗനാം മാരുതിയല്ലാതെ?
മതി വിപ്ലവം, നീ വായടച്ചീടുക,
സത്യസനാതനദര്‍ശനമാര്‍ഗ്ഗത്തില്‍
ഇന്ത്യ മുന്നോട്ട് കുതിച്ചിരിക്കും, ഇനി
ലോകത്തിനാവശ്യമില്ല, കവേ! നിന്‍റെ
അഭിശപ്തഭൗതികതത്വശ്വാനത്വം
സത്യത്തെ തൊട്ടറിഞ്ഞ കവേ, സധൈര്യം പാടുക!
അസത്യത്തെ കൂട്ടുപിടിച്ചു പുലമ്പുന്നവർ തൊണ്ട പൊട്ടുമാറു അലറട്ടെ, അവരുടെ കോലാഹലം കാലതാമസം കൂടാതെ നിശബ്ദമായികൊള്ളും.
വിജയിപ്പൂതാക!
നമസ്തെ ഹരിദാസ്-ജി! വളരെ നന്ദി! അമ്മ ശ്രീവിദ്യ ശരണം.!