സനന്ദനനും താമരപ്പൂക്കളും

(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ അഞ്ചാമത്തെ കഥാപ്രസംഗം )

sankaraഗുരുവിനെ ദേവതുല്യനായി കണ്ടു വന്ന നാടാണ് നമ്മുടേത്. ഗുരുവിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും പണ്ടത്തെ ശിക്ഷ്യന്‍ മാര്‍ക്ക് മടിയുണ്ടായിരുന്നില്ല. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം ഗുരുവിന്റെ മാനിക്കുന്ന ശിഷ്യന്‍ മാരുടെ എണ്ണം ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു.

ഗുരുവിനെയൊന്നു വണങ്ങാന്‍ പോലും
ഇന്നു പലര്‍ക്കും മടിയാണ്
നിന്ദിക്കാനും കല്ലെറിയാനും
ഇന്നു പലര്‍ക്കും ചൊടിയാണ്
ഗുരുക്കന്മാരെ നിന്ദിക്കുന്നതിലാണ് ഇന്നും പല ശിഷ്യന്മാരും ആനന്ദം കണ്ടെത്തുന്നത്. എന്താ ശരിയല്ലേ? എന്നാല്‍ ഗുരു ഈശ്വര തുല്യനാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന നിരവധി കഥകള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. അത്തരത്തില്‍ പെട്ട ഒരു കൊച്ചു കഥയാണ് കഥാപ്രസംഗരുഉപേണ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

ഗുരുവിനു വേണ്ടി ത്യാഗം ചെയ്തൊരു
ശിഷ്യന്‍ തന്നുടെ കഥ കേള്‍ക്കു
തിന്മക്കെതിരെ പടവാളൊങ്ങിയ
ശിഷ്യന്‍ തന്നുടെ കഥ കേള്‍ക്കു

ജഗദ് ഗുരു ശ്രീ ശങ്കരാചാര്യരുടെ ജീവിതവുമായി ബ്വന്ധപ്പെട്ട ഒരൈതിഹ്യ കഥ. അതാണ് സനന്ദനനും താമര‍പ്പൂക്കളും

പ്രിയപ്പെട്ടവരെ, നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ കഥ നടക്കുന്നത്.

നേരം അസ്തമയത്തോടടുത്തിരിക്കുന്നു. അതാ അങ്ങോട്ടു നോക്കു, ആ തടാകത്തീരത്ത് ഒരാള്‍ തപസു ചെയ്യുന്നതു കണ്ടോ.

സന്ധ്യമയങ്ങും നേരത്തവിടെ
തപസിരിക്കുവതാരാണ്
ഏകാന്തതയുടെ തീരത്തങ്ങനെ
തപസ്സിരിക്കുവതാരാണ്

അത് മറ്റാരുമല്ല ലോകം മുഴുവന്‍ ആദരിക്കുന്ന ജഗദ് ഗുരു ശങ്കരാചാര്യന്‍. അദ്ദേഹം ഇപ്പോള്‍‍ ഏകനാണ്. ശിഷ്യന്മാരെല്ലാം സന്ധ്യാസ്നാനത്തിനായി തടാകത്തിന്റെ മറുകരയിലെവിടെയോ പോയിരിക്കുകയാണ്.

ഈ തക്കം നോക്കി ദുഷ്ടനായ ഒരു കാപാലികന്‍ മെല്ലെ മെല്ലെ നടന്ന് അദ്ദേഹത്തിന്റെ സമീപമെത്തി.

ചുവന്ന തെച്ചിപ്പൂവുകണക്കെ
ജ്വലിച്ചു നില്‍ക്കും കണ്ണുകളൂം
കഴുത്തിലസ്ഥികള്‍ കോര്‍ത്തു നിരത്തിയ
ഞാണുകിടക്കും മാലകളും.

ഒറ്റ നോട്ടത്തില്‍ ആരും പേടിച്ചു ചൂളി പോകുന്ന ഒരു ഭീകരന്‍. അയാള്‍ ആചാര്യരെ തപസില്‍ നിന്നും ഉണര്‍ത്തി.

” അങ്ങേക്ക് എന്തു വേണം? ഈ സായന്തനത്തില്‍ അങ്ങ് എന്തിനാണ് എന്നെ തേടി വന്നത്” വിനയപൂര്‍വം ശങ്കരാചാര്യന്‍ ചോദിച്ചു.

” സ്വര്‍ഗ്ഗ പ്രാപ്തിക്കു വേണ്ടി ഒരു യാഗം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു” കാപാലികന്‍ അറിയിച്ചു.

” കൊള്ളാം , വളരെ നല്ലത്. അതിന് എന്റെ എന്തു സഹായമാണ് അങ്ങേക്കുവേണ്ടത് മടി കൂടാതെ ചോദിച്ചോളൂ”

” എന്റെ യാഗം വിജയിക്കുന്നതിന് ഒരു മഹാ പണ്ഡിതന്റെ ശിരസ്സ് ആവശ്യമാണ് അങ്ങയുടെ തല കിട്ടിയാല്‍ ആ ആഗ്രഹം സഫലമാകും ” ദുഷ്ടനായ കാപാലികന്‍ അറിയിച്ചു.

കാപാലികനുടെ മനസിലിരിക്കും
മോഹം കേട്ടൊരു ഗുരുദേവന്‍
സാമോദത്തൊടു പുഞ്ചിരി തൂകി
കോപം തെല്ലും കൂടാതെ

ശങ്കരാചാര്യര്‍ നിറഞ്ഞ മനസോടെ പറഞ്ഞു.

”എന്റെ ശിരസുകൊണ്ടു അങ്ങേക്കു സ്വര്‍ഗം കിട്ടുമെങ്കില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്”

” എങ്കില്‍ തല വെട്ടിയെടുക്കാന്‍ സദയം അനുവദിച്ചാലും” കാപാലികന്‍ കൂപ്പുകയ്കളോടെ ആചാര്യരുടെ മുഖത്തേക്കു നോക്കി.

” ഇപ്പോള്‍‍ എന്റെ ശിഷ്യന്മാരാരും സമീപത്തില്ല അങ്ങ് എത്രയും വേഗം എന്റെ ശിരസ്സ് വെട്ടിയെടുത്തോളൂ ” ശങ്കരാചാര്യര്‍ അനുവാദം നല്‍കി. അദ്ദേഹം കണ്ണുകള്‍ പൂട്ടി ധ്യാന നിരതനായിരുന്നു.

കാപാലികനുടെ മുഖം ചുവന്നു
കണ്ണുകള്‍ രണ്ടും തീപൊരിയായ്
വാള്‍ത്തല തേച്ചു മിനുക്കി നീചന്‍ ‘
ശങ്കരഗുരുവിന്‍ തല കൊയ്യാന്‍

കാപാലികന്റെ മുഖം ഭയാനകമായി. അസ്ഥിമാലകളും തലയോട്ടികളും തൂങ്ങിയാടുന്ന നെഞ്ച് പെരുമ്പറ പോലെ മിടിച്ചു. അയാള്‍ ആചാര്യന്റെ കഴുത്തിനു നേരെ വാളോങ്ങി.

ഒരുനിമിഷം……

സന്ധ്യാസ്നാനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു സനനന്ദന്‍ എന്ന ശിഷ്യന്‍. തടാകത്തിന്റെ മറുകരയില്‍ വച്ചു തന്നെ ഈ രംഗം കണ്ടു. എന്ത്? തന്റെ ജീവന്റെ ജീവനായ ഗുരുവിന്റെ തല കൊയ്യാന്‍ ഏതോ ഭീകരന്‍ വാളുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു.

ഭീതിയുണര്‍ത്തും രംഗം കണ്ടവ
നക്ഷണമൊന്നു നടുങ്ങിപ്പോയ്
എങ്ങെനെ ഗുരുവിനെ രക്ഷിച്ചീടും
എന്നറിയാതെ വിതുമ്പിപ്പോയ്

ഗുരു ഭക്തനായ സനനന്ദന്റെ ചോര തിളച്ചു. വേഗം അങ്ങോട്ടു പാഞ്ഞെത്തിയില്ലെങ്കില്‍ ആ ഭീകരന്‍ തന്റെ ഗുരുവിന്റെ തല കൊയ്യും. താന്‍ തടാകം ചുറ്റി വരുമ്പോഴേക്കും പ്രിയപ്പെട്ട ഗുരുവിന്റെ കഥ കഴിഞ്ഞിരിക്കും എന്താണു ചെയ്യുക എന്താണൊരു വഴി ?…

സനനന്ദന്‍ ഒരു നിമിഷം ചിന്തിച്ചു പെട്ടന്നയാള്‍ സ്ഥകാലങ്ങള്‍ മറന്നു. തടാകമാണ് തന്റെ മുന്നിലുള്ളതെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ച് അയാള്‍ ജലത്തിന്റെ ഉപരിതലത്തിലൂടെ നടന്നു.

അത്ഭുതം !

സനനന്ദന്‍ കാലെടുത്തുവച്ച ഓരോ സ്ഥലത്തും ഓരോ വലിയ താമരപ്പൂക്കള്‍ ഉയര്‍ന്നു വന്നു.

പൂക്കള്‍ വിരിച്ചൊരു നേര്‍ വഴിയങ്ങനെ
രൂപപ്പെട്ടു തടാകത്തില്‍
പൂക്കളിലൂടാപ്പാദം വച്ചവ-
നോടിക്കേറി മുന്നോട്ട്

താമര‍പ്പൂക്കളിലൂടെ വായുവേഗത്തില്‍ സഞ്ചരിച്ച് സനനന്ദന്‍ ഗുരുവിന്റെ സമീപത്തെത്തി. ഗുരുവിനെ വെട്ടാന്‍ വാളോങ്ങി നിന്ന ദുഷ്ടനായ കാപാലികന്റെ കയ്യില്‍ നിന്ന് അയാള്‍ ആയുധം പിടിച്ചു വാങ്ങി.

” എന്റെ ആചാര്യന്റെ ദേഹത്ത് ഒരു പോറല്‍ പോലും ഏല്പ്പിക്കാന്‍ നിന്നെ ഞാന്‍ അനുവദിക്കില്ല” സനനന്ദന്‍ കാപാലികന്റെ നേര്‍ക്ക് വാളുയര്‍ത്തി. കാപാലികന്‍ ഒരു സംഹാരമൂര്‍ത്തിയേപ്പോലെ സനനന്ദനെ വകവരുത്താനൊരുങ്ങി.

ഏറ്റുമുട്ടലിനിടയില്‍ സനന്ദന്‍ കാപാലികന്റെ നെഞ്ചും വയറും കുത്തിക്കീറി.

ബഹളമിതെന്തന്നറിയാനായി
കണ്ണു തുറന്നു ഗുരു ദേവന്‍
അടിപിടി കൂടുവതാരെന്നറിയാന്‍
ചുറ്റും പരതീ ഗുരുദേവന്‍

എന്താണാവോ ഇവിടെ നടന്നത് ധ്യാനലീനനായിരുന്ന ശങ്കരാചാര്യര്‍ കണ്ണൂ തുറന്ന് നാലു പാടും നോക്കി. അപ്പോള്‍ കണ്ടതോ?

തന്റെ തലയറുക്കാന്‍ വന്ന കാപാലികന്‍ അതാ ചോരയില്‍ കുളിച്ച് കുടല്‍മാല പുറത്തു ചാടി ചത്തു മലച്ചു കിടക്കുന്നു. തൊട്ടടുത്തായി തന്റെ പ്രിയ ശിഷ്യന്‍ സംഹാരരുദ്രനേപ്പോലെ ചോരയൊലിക്കുന്ന വാളുമായി കലി പൂണ്ടു നില്‍ക്കുന്നു.

നടന്നതെല്ലാം തൃക്കണ്ണുകളാല്‍
മനസിലാക്കി ഗുരുദേവന്‍
ശിഷ്യന്‍ ചെയ്തതു ശരിയല്ലെന്നും
കണക്കു കൂട്ടി ഗുരുദേവന്‍
ദുഷ്ടനാണെങ്കിലും ഭിക്ഷുവിനേപ്പോലെ യാചിച്ചു വന്ന ഒരാളെ ശിഷ്യന്‍ ദാരുണാമായി കൊന്നത് ശങ്കരാചാര്യര്‍ക്ക് സഹിക്കാനായില്ല. അദ്ദേഹം ശിഷ്യനെ കണക്കറ്റ് ശാസിച്ചു. പക്ഷെ സനനന്ദന്‍ അടങ്ങിയില്ല. അയാള്‍ ഗുരുവിനെ താണു വണങ്ങിക്കൊണ്ട് പറഞ്ഞു

” ഗുരോ ഈ ലോകത്തെ മുഴുവന്‍ സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ കഴിവുള്ളതാണ് അങ്ങയുടെ ശിരസ്സ്. അത് വെറുമൊരു ദുഷ്ടനായ കാപാലികന്റെ ഇഷ്ടത്തിനു വേണ്ടി ദാനം ചെയ്യാനുള്ളതല്ല. ദയക്കും ഒരതിരൊക്കെ വേണം”

പ്രിയ ശിഷ്യന്റെ സ്നേഹത്തിനു മുന്നില്‍ ഗുരുവിനു തോല്‍ക്കേണ്ടി വന്നു. ഒരക്ഷരം പോലും എതിര്‍ത്തു പറയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

അപ്പോഴേക്കും സന്ധ്യാസ്നാനത്തിനു പോയ മറ്റു ശിഷ്യന്മാരും വന്നെത്തി. സംഭവമറിഞ്ഞ് അവര്‍ സനനന്ദനെ കെട്ടിപ്പുണര്‍ന്നു. സമയത്തിനൊത്ത് സനനന്ദന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഗുരുവിനെ നഷ്ടപ്പെടുമായിരുന്നെന്ന് അവര്‍ക്കെല്ലാം ബോധ്യപ്പെട്ടു.

സ്വന്തം ഗുരുവിനെ രക്ഷിക്കാനായി
ധീരത കാട്ടി പ്രിയ ശിഷ്യന്‍
അതിന്റെ പേരില്‍ സതീര്‍ത്ഥ്യരെല്ലാം
അഭിനന്ദിച്ചു സനനന്ദനെ

അന്നു മുതല്‍ സനനന്ദന് പുതിയൊരു പേരു കൂടി കിട്ടി. അതിമനോഹരവും അര്‍ഥ സമ്പുഷ്ടവുമായ ഒരു പേര് പത്മപാദര്‍.

ഗുരുവിനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പ്രതീകമായിട്ടാണ് ഈശ്വരാനുഗ്രഹത്തിന്റെ ഓരോ താമരപ്പൂവ് സനനന്ദന്റെ ഓരോ കാലടി വയ്പ്പിലും ഉയര്‍ന്നുവന്നത്. പാദം വച്ചിടത്തെല്ലാം പത്മങ്ങള്‍ വിരിഞ്ഞതുകൊണ്ടാണ് പത്മപാദര്‍ എന്ന പേര് സനന്ദന് ലഭിച്ചത്. നോക്കണേ ഗുരു ഭക്തിയുടെ ശക്തി.

ഗുരുവിന്‍ വാക്കുകള്‍ കേട്ടീടേണം
ഗുരുവിനെ നമ്മള്‍ നമിക്കേണം
അറിവിന്‍ ചെപ്പു തുറന്നു തരുന്നൊരു
ഗുരുവിനെ നന്നായോര്‍ക്കേണം

പ്രിയപ്പെട്ടവരേ നമുക്കും ഗുരുനാഥന്മാരെ ഉള്ളു തുറന്ന് സ്നേഹിക്കാം. അവര്‍ കാട്ടിത്തരുന്ന വെളിച്ചത്തിന്റെ വഴിയിലൂടെ മുന്നോട്ടു നീങ്ങാം. വിജയം സുനിശ്ചിതമായിരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here