പുതിയ നോവൽ സമുദ്രശിലയുമായി സുഭാഷ് ചന്ദ്രൻ

മലയാള കഥയിൽ ഏറെ വായനക്കാറുള്ള ഒരെഴുത്തുകരനാണ് സുഭാഷ് ചന്ദ്രൻ.കഥകൾക്കൊപ്പം നോവലുകളും എഴുതാൻ തുടങ്ങിയതോടെ അതിലും വായനക്കാരെ സൃഷ്ടിക്കാൻ എഴുത്തുകാരനായി. മനുഷ്യന് ഒരാമുഖം എന്ന നോവൽ നിരവധി മലയാളികളെ സ്വാധീനിച്ചു ഇപ്പോൾ പുതിയ നോവലുമായി എത്തുകയാണ് സുഭാഷ് ചന്ദ്രൻ. സമുദ്രശില എന്നാണ് നോവലിന്റെ പേർ.325 രൂപയാണ് പുസ്തകത്തിന്റെ വില. നോവലിന് എഴുത്തുകാരൻ തന്നെ നൽകിയ ആമുഖം വായിക്കാം:

രണ്ടായിരത്തിപ്പതിനെട്ട് ജൂലായ് ഇരുപത്തേഴ്.
കലണ്ടറിൽ വ്യാസപൂർണിമ എന്നു വിശേഷിപ്പിക്കപ്പെട്ട തീയതിയിൽ, എത്രയോ വർഷങ്ങൾക്കു ശേഷം രക്തചന്ദ്രൻ (Red moon) ഉദിച്ച രാത്രിയിൽ, അംബയും ഞാനും തമ്മിൽ കുറെക്കാലമായി നിലനിന്നിരുന്ന അതിസങ്കീർണമായ ബന്ധം അവസാനിച്ചു. എന്റെ അതേ പ്രായമായിരുന്നു അംബയ്ക്കും. എന്തിന്, ജനനമാസവും പിറന്നാളും (മകരം മകീര്യം) ഒന്നാണെന്നുപോലും ഒരു സന്ദേശത്തിൽ അവർ സൂചിപ്പിച്ചിരുന്നു. എന്നെ പരിചയപ്പെടുന്ന കാലത്ത് കോഴിക്കോടു നഗരത്തിലെ ഒരു ഫ്ളാറ്റിൽ, രോഗിയായ ഏകമകനോടൊപ്പം താമസിക്കുകയായിരുന്നു അവർ. ഒപ്പം താമസിച്ചിരുന്ന അവരുടെ അമ്മ മുൻപേ മരിച്ചിരുന്നു. ഇപ്പോൾ ആ ഫ്ളാറ്റ് ശൂന്യമാണ്. അംബയും മകൻ അനന്തപത്മനാഭനും തലേന്നും പിറ്റേന്നുമായി ഭൂമി വിട്ടതോടെ ഇപ്പോൾ നിങ്ങളുടെ
കൈയിലിരിക്കുന്ന ഈ പുസ്തകത്തിൽ അവരുടെ മരണാനന്തരജീവിതം ആരംഭിക്കുകയാണ്.

മുൻപൊരിക്കൽ മാതൃഭൂമിയുടെ യാത്ര എന്ന പ്രസിദ്ധീകരണത്തിൽ വന്ന എന്റെ ഒരു യാത്രാവിവരണമായിരുന്നു അംബയെ എന്നിലേക്കെത്തിച്ചത്. നഗരത്തിലെ ഒരു ദന്താശുപത്രിയിൽ അണപ്പല്ലു പറിക്കാനായി കാത്തിരുന്ന വേളയിൽ, ടീപ്പോയിയിൽ കിടന്നിരുന്ന ആ മാഗസിനിലാണ് അവർ എന്റെ പേർ ആദ്യമായി കണ്ടത്. ഡോക്ടർ പേരു വിളിക്കും മുൻപുള്ള ഇടവേളയിൽ അലസമായി മറിച്ചുനോക്കിയ താളുകൾക്കിടയിൽക്കണ്ട് വെള്ളിയാങ്കല്ലിന്റെ ചിത്രമായിരുന്നു അവരെ സവിശേഷമായി ആകർഷിച്ചത് എന്ന് അവർ പിന്നീട് എന്നോടു പറഞ്ഞു. ആ ലേഖനംപോലും പൂർണമായി അംബ വായിച്ചിരുന്നില്ല. എന്റെ കഥകളോ നോവലോ വായിച്ചിട്ട് എന്നെ പരിചയപ്പെടണമെന്ന് ആഗ്രഹിച്ച ആളുകളിൽ നിന്ന് അതുകൊണ്ടുതന്നെ അംബ വേറിട്ടുനിന്നു.

അറബിക്കടലിന്റെ മാറിൽക്കിടക്കുന്ന വിജനമായ വെള്ളിയാങ്കല്ലിൽ കാമുകനുമൊത്ത് ഒരു പൗർണമിരാത്രിയിൽ താൻ തങ്ങിയിട്ടുണ്ടെന്ന് അംബ പിന്നീടെനിക്കെഴുതിയപ്പോൾ ഞാൻ വിസ്മയിക്കുകതന്നെ ചെയ്തു. ആ വിസ്മയമായിരുന്നു സമുദശിലയുടെ ആധാരശുതിയായത്. പല മട്ടിൽ എട്ടുവട്ടം മാറ്റിയെഴുതിയിട്ടും അതെന്നെ പക്ഷേ തൃപ്തനാക്കിയില്ല. പകൽ മുഴുവൻ ഉത്തരവാദപ്പെട്ട ഒരു ജോലി (ആ ഏഴു വർഷങ്ങളിൽ ഞാൻ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല പേറുകയായിരുന്നു) ചെയ്ത ക്ഷീണിതനാകുന്നതാണ് ആ അതൃപ്തിയുടെ കാരണമെന്ന് അക്കാലങ്ങളിൽ ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഒടുവിൽ ഒരൊൻപതാം വട്ടത്തിനു കോപ്പിട്ട് ഞാൻ ആറുമാസത്തെ ശമ്പളമില്ലാ അവധിയിലേക്ക് മുങ്ങാംകുഴിയിട്ടു. എഴുത്തുമുറിയിലെ ആ അടച്ചിരിപ്പ് എല്ലാ തലങ്ങളിലുമുള്ള ഒരു പുതുക്കിപ്പണിയലിലാണ് കലാശിച്ചത്. എഴുത്തിന്റെ സമയങ്ങളിൽ എന്നെ മുൻപും ആവേശിച്ചിട്ടുള്ള സൃഷ്ടന്മാദത്തിന്റേതായ ആ പ്രത്യേക മനോനില ഇത്തവണ അതിന്റെ വിശ്വരൂപം കാണിച്ചു.

അംബയുമായുള്ള സംവാദങ്ങൾ കൊടുമ്പിരിക്കൊണ്ട് ആ ദിവസങ്ങളിൽ ശ്രദ്ധ പാളി ഞാൻ നടക്കല്ലിൽ പാദം മടങ്ങി വീണു. സായു തകർന്ന വലതുപാദവുമായി മുറിക്കു പുറത്തേക്കു മാത്രമല്ല, കസേരയിൽ നിന്ന് എഴുന്നേറ്റുനടക്കാൻ പോലുമാകാത്ത സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് വിധി എന്നെ സമുദശിലയിൽ ഇരുപത്തിനാലു മണിക്കൂറും കെട്ടിയിട്ടു. ഒൻപതു ദശകങ്ങൾക്കിപ്പുറം, ഒരിക്കൽക്കൂടി പ്രളയം കേരളത്തെ വിഴുങ്ങുന്നത് എനിക്ക് കസേരയിൽ ഇരുന്ന് മനക്കണ്ണാൽ മാത്രം കാണേണ്ടിവന്നു. അങ്ങകലെ എന്റെ ജന്മനാടായ കടുങ്ങല്ലൂരിലേക്ക് പെരിയാർ ഇരമ്പിക്കയറിവന്ന് സർവതിനേയും മുക്കിക്കളഞ്ഞത് വാസ്തവമാണോ നോവലിലെ സങ്കല്പമാണോ എന്നുറപ്പിക്കാനാവാതെ ഞാൻ മിഥ്യയിൽ കുടുങ്ങി ശ്വാസം മുട്ടി.

ഒടുവിൽ ഒൻപതാം വട്ടം എന്റെ മുന്നിൽ സമുദശില ഒൻപത് അധ്യായങ്ങൾ വീതമുള്ള മൂന്നു ഭാഗങ്ങളായി ഉയിർത്തുവന്നു; ഇക്കുറി ഏതാണ്ട് പൂർണതയിലേക്ക് ശിരസ്സെത്തിച്ച മട്ടിൽ. എന്നാൽ നോവലിന്റെ അനുബന്ധമായി കൊടുക്കണമെന്ന് ഞാനാഗ്രഹിച്ച ഒൻപതു പ്രത്യക്ഷങ്ങളിൽ ഒന്ന് – അംബ വരച്ച ആത്മച്ഛായാചിത്രം- അപ്പോഴും പിടിതരാതെ നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി ഇക്കഴിഞ്ഞ ഏഴുമാസക്കാലം എന്നിലേക്കെത്താതെ വഴിമുട്ടി നിന്നു. ഇപ്പോഴിതാ, അവരുടെ അവസാന ആഗ്രഹങ്ങളിലൊന്നിന്റെ പൂർത്തീകരണമായി അതും എന്നിലേക്കെത്തിയിരിക്കുന്നു. സൃഷ്ടിയുടെ അവിശ്വസനീയമായ നെടുനീളൻ സമുദ്രയാത്രയിൽ നിന്ന് ഞാൻ തിരിച്ചെത്തിയതിന്റെ വിശ്വസനീയമായ തെളിവായി ആ ആത്മച്ഛായ ഈ പുസ്തകത്തിൽ നിങ്ങൾക്കു കാണാം-അവസാനപുറത്തിൽ.

നോവലെഴുത്ത് എന്നസർഗപ്രക്രിയയെ മുഖ്യപ്രമേയമാക്കുന്ന ഒരു നോവൽത്രയത്തിലെ രണ്ടാമത്തെ പുസ്തകമാണ് ഇത്. ആദ്യത്തേത്, മനുഷ്യന് ഒരു ആമുഖം, പത്തുവർഷക്കാലത്തെ സർഗധ്യാനത്തിന്റെ ഫലമായിരുന്നു. ആദ്യനോവൽ എഴുതിത്തീർത്തതിന്റെ പശ്ചാത്തലത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം ഞാൻ വെള്ളിയാങ്കല്ലിലേക്ക് ആ സാഹസികയാത്ര നടത്തിയത്, 2009-ൽ. വാടകയ്ക്കെടുത്ത ഒരു മത്സ്യ ബന്ധനബോട്ടിൽ, മാതൃഭൂമിയിലെ സഹപ്രവർത്തകരോടൊപ്പം ആഴക്കടലിലേക്ക് മുന്നേറുമ്പോൾ ഒരിക്കലും അത് മറ്റൊരു നോവലിന്റെ ബീജാവാപമാണെന്ന് തിരിച്ചറിയാനാവുമായിരുന്നില്ല. സംഘാംഗങ്ങളെല്ലാം പുരുഷന്മാരായിരുന്നു. കിലോമീറ്ററുകളോളം ഉൾക്കടലിനു നേർക്ക് ബോട്ടോടിച്ച് ഒടുവിൽ സന്ധ്യയോടെ ഞങ്ങൾ ആ നിർജന ശിലാദ്വീപിൽ എത്തിച്ചേർന്നപ്പോൾ, പുരുഷസങ്കല്പങ്ങളുടെ നീലക്കടലിനു നടുവിൽ അധികമാരും എത്തിച്ചേർന്നിട്ടില്ലാത്ത സ്ത്രീജന്മത്തിന്റെ പ്രഹേളികയിലേക്കാണ് ഞാൻ കാലെടുത്തുവെക്കുന്നതെന്ന വിചിത്രമായ ഒരു തോന്നൽ എന്നെ ആവേശിച്ചു. പക്ഷേ, ഒരു യാത്രാവിവരണത്തിൽക്കവിഞ്ഞ എന്തെങ്കിലുമൊന്നെഴുതുവാൻ അതെന്നെ പ്രാപ്തനാക്കുമെന്ന് ആ നിമിഷത്തിലോ അതിനു പിന്നീടെപ്പോഴെങ്കിലുമോ എനിക്കു ബോധ്യം വന്നിരുന്നില്ല; അംബയെ നേരിൽ കാണുവോളം.

കോഴിക്കോടുനഗരത്തിൽ, മലയാളത്തിന്റെ മഴക്കാലമായ ഇടവം, മിഥുനം, കർക്കിടകം എന്നീ മാസങ്ങളിൽ എന്റെ കണ്മുന്നിൽ അരങ്ങേറിയ കഥയാണ് സമുദശില. എന്നാൽ വ്യാസഭാരതത്തിലെ ഒരു നിർണായകസന്ദർഭം മുതൽ ഇക്കഴിഞ്ഞ വ്യാസപൂർണിമാദിനമായ ജൂലായ് ഇരുപത്തേഴുവരെ അംബയുടെ ജീവിതം പടർന്നുകിടക്കുന്നു. ആദ്യ നോവൽ എഴുതിക്കഴിഞ്ഞ വർഷത്തിൽ, 2009-ൽ, ആശയമായി തുടങ്ങിവെച്ച സമുദശില, ആദ്യനോവലിനെപ്പോലെ കൃത്യം പത്തുവർഷത്തെ പൊരുന്നയിരുപ്പിൽനിന്നാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. യാഥാർഥ്യത്തെക്കാൾ യഥാർഥമായി ഒരെഴുത്തുകാരനു തോന്നുന്ന സർഗാത്മകവും മായികവുമായ ഒരു പുതിയ ആഖ്യാനഭൂമിക മലയാളത്തിനു സമ്മാനിക്കണമെന്ന കൊതിയാണ് എന്നെ ഈ പത്തു വർഷവും ഇതിനു പിന്നാലെ നടത്തിച്ചത്. അതിനെനിക്കു സാധിച്ചോ എന്ന് വിധിയെഴുതേണ്ടത് ഇനി വായനക്കാരാണ്.

പ്രിയപ്പെട്ട വായനക്കാർക്ക്, എന്നെ ഇതിന്റെ രചനാവേളയിൽ അണഞ്ഞുപോകാതെ കാത്ത എന്റെ പ്രിയതമയ്ക്ക്, പിന്നെ അൻപത്തൊന്നക്ഷരങ്ങളായി എന്നെ മുലയൂട്ടിയ ആ വലിയ അംബയ്ക്ക്, നമ്മുടെ ഭാഷയ്ക്ക്, എല്ലാവർക്കുമായി എന്നെത്തന്നെ ചാലിച്ചുവരച്ച ഈ അംബയെ സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here