സംസ്ഥാന സമ്മേളനം..!?

dog

ഒരു വലിയ ബാനര്‍ മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. അതില്‍ വലിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്:

“T. P. A. സംസ്ഥാന സമ്മേളനം”

പിന്നാലെ ആയിരമല്ല..പതിനായിരമല്ല..ലക്ഷക്കനക്കിനു ജാഥാംഗങ്ങള്‍ അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുകയാണ്.

“റ്റീ.പീ.ഏ. സിന്ദാബാദ്….”

“സംസ്ഥാന സമ്മേളനം സിന്ദാബാദ്…”

“സൂചനയാണിത് സൂചന മാത്രം..

സൂചന കണ്ടു പഠിച്ചില്ലെങ്കില്‍….?”

മുദ്രാവാക്യംവിളി അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്.

പട്ടണത്തിലെ പ്രധാന വീഥികളിലൂടെ സഞ്ചരിച്ച് ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷം ജാഥ സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു.

“സമ്മേളനം ഉടന്‍ ആരംഭിക്കുന്നതാണ്….”

തുടരെതുടരെയുള്ള അനൗണ്‍സ്മെന്‍റ് കേള്‍ക്കാം.

കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന പന്തല്‍. വേദിയില്‍ സംസ്ഥാന നേതാക്കന്മാര്‍, ജില്ല നേതാക്കന്മാര്‍, എല്ലാരുമുണ്ട്.

“ഈ യോഗത്തിന്റെ അധ്യക്ഷനായി നമ്മുടെ സംസ്ഥാന സെക്രട്ടറി ശ്രീമാന്‍ രാജമാണിക്യത്തെ ക്ഷണിച്ചുകൊള്ളുന്നു….”

രാജമാണിക്യം വേദിയിലേയ്ക്ക് കയറി. നിറഞ്ഞു കവിഞ്ഞ സദസ്സിനെ വണങ്ങി. അധ്യക്ഷകസേരയില്‍ ഉപവിഷ്ടനായി.

“അടുത്തതായി ആശംസാപ്രസംഗങ്ങള്‍ നടത്തുന്നതിനായി ശ്രീമാന്‍………ശ്രീമാന്‍…………ശ്രീമതി……….ശ്രീമതി…………ഇവരെ വേദിയിലേയ്ക്ക് ക്ഷണിച്ചുകൊള്ളുന്നു….”

എല്ലാവരും വേദിയിലെ കസേരകളില്‍ അമര്‍ന്നു.

അധ്യക്ഷന്‍ എഴുനേറ്റു മൈക്ക് ചാടിപ്പിടിക്കുന്നു.

“പ്രിയപ്പെട്ട അംഗങ്ങളെ, നമ്മുടെ കാണപ്പെട്ട ദൈവം ആരാണെന്ന് നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാമായിരിക്കും..?എന്നാലും ഞാന്‍ ആ ദൈവത്തെ നിങ്ങളുടെ മുന്നില്‍ പരിചയപ്പെടുത്തുകയാണ്.(ചുരുട്ടിവച്ചിരുന്ന ഒരു വലിയ ഫോട്ടോ പുറത്തെടുത്തുകൊണ്ട്) ഇതാണ് നമ്മുടെ കാണപ്പെട്ട ദൈവം. ഈ ദൈവം ഇന്ന് നമ്മുടെ കേന്ദ്ര മന്ത്രിയാണ്. നമുക്ക് വേണ്ടി വാദിക്കാന്‍….നമ്മുടെ ജീവന്‍ രക്ഷിക്കാന്‍…ഈ ഒരു മന്ത്രി മാത്രമേ ഇന്ന് നമുക്കുള്ളൂ. ഈ മന്ത്രി ഉണ്ടാക്കിയ ഒരു നിയമത്തിന്റെ ബലത്തിലാണ് നമ്മളീ ലോകത്ത് പച്ചജീവനോടെ ഇരിക്കുന്നത് തന്നെ…? അല്ലെങ്കില്‍ നമ്മളെയെല്ലാം സര്‍ക്കാര്‍ വിഷം കുത്തിവച്ചു കൊല്ലുമായിരുന്നു..? ഈ മന്ത്രിയുടെ ആയുരാരോഗ്യത്തിനു വേണ്ടി എല്ലാവരും ആത്മാര്‍ഥമായി പ്രാര്‍ഥിക്കണമെന്ന് ഞാന്‍ താഴ്മയായി ആപേക്ഷിച്ചുകൊള്ളുന്നു…”

അങ്ങനെ സമ്മേളനം അവസാനിച്ചപ്പോള്‍ രാത്രി പത്തു മണി കഴിഞ്ഞിരുന്നു.

യോഗാനന്തരം എല്ലാവരും ചേര്‍ന്ന് ഒരു സമൂഹ മുദ്രാവാക്യംവിളി നടത്തി.

“…റ്റീ.പീ.ഏ. സിന്ദാബാദ്…”

“….തെരുവ് പട്ടി…അസോസിയേഷന്‍…സിന്ദാബാദ്….”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here