യശ:ശരീരനായ സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി സംഘടിപ്പിച്ചുവരുന്ന സംസ്കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിനു വേണ്ടിയുള്ള ഈ വര്‍ഷത്തെ മത്സരത്തില്‍ ബീനയുടെ ‘സെറാമിക് സിറ്റി’ എന്ന ചെറുകഥ പുരസ്കാരത്തിനു അര്‍ഹമായി.
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിനിയായ ബീന 14 വര്‍ഷമായി സൗദി അറേബ്യയിലെ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ : തീരെ ചെറിയ ചിലര്‍ ജീവിച്ചതിന്റെ മുദ്രകള്‍ (നോവല്‍), ഒസ്സാത്തി (നോവല്‍) .
ജി. സി. സി. രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ മുന്‍പ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൌലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഖത്തര്‍, U. A. E., സൗദി, ബഹ്‌റൈന്‍, ഒമാന്‍ എന്നീ G.C.C. രാജ്യങ്ങളില്‍ നിന്നുമായി 62 കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്.
സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അശോകന്‍ ചരുവില്‍, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലന്‍, ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.
50,000 രൂപയും പ്രശസ്തിഫ ലകവുമാണ് പുരസ്കാരം. നവംബര്‍ 20 നു വെള്ളിയാഴ്ച വൈകീട്ട് 5.30നു സൂം മീറ്റിംഗ് വഴി നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയില്‍ വെച്ച് പുരസ്കാര സമര്‍പ്പണം നടക്കും. ജൂറി അംഗങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും. അവാര്‍ഡ് സമര്‍പ്പണത്തിന് ശേഷം സംസ്കൃതി അംഗങ്ങളുടെ നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍ എന്നീ കലാപരിപാടികള്‍ ഉണ്ടായിരിക്കും.