പൗരാണിക നാട്യരൂപമായ കൂടിയാട്ടം അവതരണത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വേദിയൊരുങ്ങുന്നു. ഭാരതീയ കലാരൂപങ്ങളും പാരമ്പര്യവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മാക്കെ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ജില്ലാ ഭരണകൂടം എന്നിവര്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്‌കൂളുകളിലാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്.
ജില്ലയിലെ 53 സ്‌കൂളുകളിലാണ് ജനുവരി 10 മുതല്‍ ഫെബ്രുവരി 10 വരെ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. സാധാരണ അവതരണത്തില്‍ നിന്ന് വ്യത്യസ്തമായി കൂടിയാട്ടം എന്ന കലാരൂപത്തെ സൂക്ഷ്മ തലത്തില്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിനു വേണ്ടി കലാകാരന്മാരുമായി ആശയസംവാദത്തിനുള്ള അവസരം കൂടി പരിപാടി ലക്ഷ്യമിടുന്നു.
ഒന്നേകാല്‍ മണിക്കൂര്‍ പരിപാടിയില്‍ ആദ്യത്തെ അര മണിക്കൂറില്‍ കൂടിയാട്ടം എന്ന കലാരൂപത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. മുദ്രകള്‍, നവരസങ്ങള്‍, ചമയം എന്നിവ സംബന്ധിച്ച പഠനക്ലാസാണ് ആദ്യ അരമണിക്കൂറില്‍ നടക്കുക. തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ നീളുന്ന അവതരണത്തില്‍ ഒരു ഇതിഹാസ കഥയുടെ ചെറിയ ഭാഗം കൂടിയാട്ടത്തിലെ എല്ലാ ചമയങ്ങളോടും കൂടി അവതരിപ്പിക്കും.
ലോകത്തെ തന്നെ ഏറ്റവും പൗരാണിക കലാരൂപമായ കൂടിയാട്ടത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിലുണ്ടാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശം. സംസ്‌കൃത നാട്യരൂപമായ കൂടിയാട്ടത്തിന് ഏകദേശം 2000 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രവേദികളില്‍ അവതരിപ്പിച്ച് വരുന്ന കൂടിയാട്ടം മാത്രമാണ് പൗരാണികകലാരൂപങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നത്. മാനവികതയുടെ അഗാധവും അദൃശ്യവുമായ പാരമ്പര്യത്തിന്റെ ഉല്‍കൃഷ്ട സൃഷ്ടിയായി യുനെസ്‌കോ അംഗീകരിച്ച കലാരൂപമാണ് കൂടിയാട്ടം.
വൈവിധ്യമാര്‍ന്ന സാംസ്‌കാരികപാരമ്പര്യത്തെയും പൈതൃകത്തെയും സംരക്ഷിക്കുകയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി ഐ.ഐ.റ്റി പ്രൊഫസ്സര്‍ ഡോ. കിരണ്‍ സേത്ത് 1977 ല്‍ സ്ഥാപിച്ച സ്വതന്ത്ര പ്രസ്ഥാനമാണ് സ്പിക് മാക്കെ (സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമംഗ്സ്റ്റ് യൂത്ത്). 1987 ല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്പിക് മാക്കെ കഴിഞ്ഞ വര്‍ഷം 500 വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു