”വായിച്ചു കഴിഞ്ഞില്ലേ ഇനിയും തിരിച്ചങ്ങ് കൊടുക്കാനെന്തേ ഇത്ര അമാന്തം ?”
എടുത്തടിച്ചുള്ള ചോദ്യത്തില്‍ നിന്നുള്ള അമ്പരപ്പ് മാറാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നു.
”ഒരാഴ്ച കഴിഞ്ഞ് തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞല്ലേ വായിക്കാന്‍ പുസ്തകം കടം വാങ്ങിയത്?”
ശരിയാണ് ആഴ്ചകള്‍ വളര്‍ന്ന് മാസങ്ങളിലേക്ക് എത്തിയിരിക്കുന്നു.
”കാശ് കടം കൊടുത്താലും പുസ്തകം കടം കൊടുക്കരുതെന്ന് പലരോടൂം ഗീര്‍വാണം വിടാറുള്ളത് സ്വന്തം കാര്യം വന്നപ്പോള്‍ സൗകര്യപൂര്‍വം മറന്നുവല്ലേ? പറഞ്ഞ വാക്ക് പാലിക്കാന്‍ ഉള്ളതാണ്. നാളെ നാളെ എന്നത് നീളെ നീളെ ആകും.” പുസ്തകം നിര്‍ത്താന്‍ കൂട്ടാക്കുന്നതേയില്ല.
”എന്നോ ആര്‍ക്കോ വായിക്കാന്‍ കൊടുത്ത പുസ്തകം തിരിച്ചു കിട്ടാത്തതിന്റെ വേദനയല്ലേ അന്ന് പൂയ്യപ്പിള്ളി മാഷോട് പങ്കിട്ടത്? എന്നിട്ടിപ്പോ ഒരു പുസ്തകം കൈയില്‍ കിട്ടിയപ്പോള്‍ അതങ്ങട് സൂത്രത്തില്‍ സ്വന്തമാക്കാനാണോ ഭാവം?” വാക്ക് ശരങ്ങള്‍ തലങ്ങും വിലങ്ങും എത്തി.
പുസ്തകത്തിന്റെ സഹവാസം എഴുത്തുകാരോടൊപ്പമാണല്ലോ അപ്പോള്‍ ആ വാക്കുകള്‍ക്കും അതിന്റെ മൂര്‍ച്ചക്കും കുറവ് വരില്ല. കുറ്റബോധം ഉള്ളീലേക്ക് കയറിക്കഴിഞ്ഞാല്‍ പ്രതികരണ ശേഷിയും ദുര്‍ലഭമാകുമല്ലേ? എന്റെ നിസഹായവസ്ഥയിലേക്ക് അടുത്ത ചോദ്യവും എത്തി.
” ചോദിച്ചാലേ കൊടുക്കു എന്നുണ്ടോ?”
” അങ്ങിനെയൊന്നുമില്ല” എന്ന് പറഞ്ഞൊഴിയാന്‍ തുടങ്ങിയപ്പോഴേക്കും അടുത്ത ശരം.
”കാശു കൊടുത്തു സ്വന്തമാക്കിക്കൂടെ?”
അല്പ്പം നിര്‍ത്തിയിട്ട് പുസ്തകം ആരോടെന്നില്ലാതെ പറഞ്ഞു.
” കാശു കൊടുത്തു മേടിച്ച പുസ്തകങ്ങളുടെ കാര്യം പറയാതിരിക്കുകയാണു ഭേദം. ചിലതു പുതുമ നഷ്ടപ്പെടാതെ റാക്കില്‍ ഭദ്രമായി ഇരിപ്പുണ്ട്. പുസ്തകം സ്വന്തമല്ലേ സൗകര്യം കിട്ടുമ്പോള്‍ വായിക്കാമല്ലോ എന്ന മട്ടോടെ. പക്ഷെ ചില പുസ്തകങ്ങള്‍ അപ്പോഴേക്കും സഹനത്തിന്റെ നെല്ലിപ്പടിയും കണ്ടു കഴിഞ്ഞ് ചിതലിന്റെയും ഇരട്ട വാലന്റെയും മുന്നില്‍ ചെന്ന് ആത്മഹത്യ ചെയ്തു കളഞ്ഞു’
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലു ഇത്രയും അനുഭവ സമ്പത്തും സാഹിത്യ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായി നില കൊള്ളുന്ന ഞാന്‍ കേവലം ഒരു പുസ്തകത്തിന്റെ മുന്നില്‍ ചൂളൂകയോ ? അതു പാടില്ല ഇനി പുസ്തകം തിരിച്ചു കൊടുത്തിട്ടു തന്നെ കാര്യം.
വായന കഴിഞ്ഞ് ഭദ്രമായി പൊതിഞ്ഞു വച്ചിരുന്ന പുസ്തകമെടുത്ത് ബാഗില്‍ വച്ചു. ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്ന മടുപ്പുകള്‍ക്കിടയിലെ ഇടവേളയില്‍ മൊബൈലെടുത്ത് നമ്പറൊന്നു പരതി കുത്തി നോക്കി.
ഏതാനും കാച്ചിക്കുറുക്കിയ വാക്കുകള്‍ ആകാശത്തേക്ക് ‘ഠ” പ്പേന്ന് പോയി ഉപഗ്രഹത്തോടു കിന്നാരം പറഞ്ഞ് ഫോണിലേക്ക് തിരിച്ചെത്തി.
”സ്ഥലത്തില്ല ഒരാവശ്യത്തിനു കോഴിക്കോടാണ് നാളെ കാണാം ”
ഇനീപ്പോ എന്തു ചെയ്യും വീട്ടില്‍ നിന്ന് ഇറങ്ങു മുന്‍പ് വിളീച്ചാല്‍ മതിയായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ.
ഒരു കിലോമീറ്ററോളം തിരിച്ചു നടന്ന് പുസ്തകം വീട്ടില്‍ കൊണ്ടു വച്ചു വരാന്‍ പറ്റില്ല. അപ്പോഴേക്കും പതിവു ബസ് ‘എടവനക്കാട്’ കഴിഞ്ഞിട്ടുണ്ടാകും.
തന്നെയുമല്ല ജോലിക്കായി ഇറങ്ങിയിട്ട് അപ്പോ തന്നെ തിരിച്ചു കയറുന്നത് ഐശ്വര്യക്കേടാണ് എന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. എല്ലാം കൂടി കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍…..
ഇനീപ്പോ ബാഗില്‍ തന്നെ ഇരിക്കട്ടെ. അതും ബാഗില്‍ വച്ച് ഇന്നു മുഴുവന്‍ നടക്കേണ്ടി വരുമെന്നല്ലേയുള്ളു.
അടുത്ത ദിവസം ഫോണ്‍ വിളിക്കാന്‍ തുനിഞ്ഞില്ല. അതൊരു പക്ഷെ അലോസരമായെങ്കിലോ. അടുപ്പത്തിനു ഒരു വിടവ് ആയാലോ.
ബെന്‍സിയുടെ സ്റ്റോപ്പ് കണ്ടില്ലെന്നു നടിച്ച് ബസ് പോകുന്നതു കണ്ടപ്പോള്‍ പിന്നിലെ ചില്ലിലൂടേ ഒന്നെത്തി നോക്കി. അവിടെ ബെന്‍സിയുടെ പൊടി പോലുമില്ല. ഞാറക്കല്‍ ആയപ്പോഴേക്കും ബെന്‍സിയുടെ ചിത്രം റിംഗ് ടോണിന്റെ മുന്നറിയിപ്പോടെ മൊബൈലില്‍ തെളീഞ്ഞു.
‘ ബസ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഒരു സ്നേഹിതന്റെ കാറു കിട്ടി. നാളെ കാണം. പുസ്തകം ബാഗില്‍ തന്നെ ഇരിക്കട്ടെ.’
അടുത്ത ദിവസം വില്ലനായത് ബസ് തന്നെയായിരുന്നു. സാധാരണ ഗതിയില്‍ മുടങ്ങാത്ത ബസ് അന്ന് മുടങ്ങി. അതോ വൈകിയതോ? ഇനീപ്പോ തിരക്കു കുറഞ്ഞതില്‍ കയറി പോകാനേ ബെന്‍സി ശ്രമിക്കു. വലിയ കാലന്‍ കുടയും ബാഗുമൊക്കെയായി തിരക്കില്‍ എവിടെ കയറാനാ?
ഇനിയിപ്പോള്‍ നാളെയും പറ്റില്ല. ‘ ജനം’ ടി വിയില്‍ ശ്രീ സത്യസായി ബാലവികാസ് കുട്ടികളുടെ ഭജന സംപ്രേക്ഷണം ചെയ്യുണ്ടെന്നു കരുമാലൂര്‍ നിന്ന് വിനോദ് വിളിച്ചു പറഞ്ഞിട്ടുണ്ട് അത് ഒഴിവാക്കാന്‍ പറ്റില്ല. പരിചയമുള്ള ഏതാനും കുട്ടികള്‍ അതില്‍ മുഖം കാണിക്കുന്നുണ്ട്.
പുസ്തപ്പൊതിയെടുത്ത് അലമാരിയില്‍ വച്ചു. ഒപ്പം തന്നെ അടുത്ത ദിവസം പുസ്തകം എടുക്കാന്‍ മറന്നുപോകാതിരിക്കാന്‍ തുണീത്തുമ്പത്ത് കെട്ടിടാറാണു പതിവ്. കെട്ടുകളുടെ എണ്ണം കൂടിയപ്പോള്‍ അത് തരം തിരിച്ചെടുക്കാനാവാത്ത അവസ്ഥ വന്നു പെട്ടിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ഓര്‍മ്മപ്പെടുത്തുന്നതിനു മുന്‍പു തന്നെ പുസ്തകം എടുക്കാനായി അലമാര തുറന്നു. പക്ഷെ അലമാരയില്‍ നിന്ന് പുസ്തകത്തിനു ഇറങ്ങി വരാനൊരു മടി.
പുസ്തകം തിരിച്ചു കൊടുക്കാത്ത എന്റെ അമാന്തത്തെ ചൊല്ലിയുള്ള മൂര്‍ച്ചയേറിയ വര്ത്തമാനങ്ങളൊക്കെ സൗകര്യപൂര്‍വം പുസ്തകമങ്ങു മറന്നതു പോലെ.
താല്‍ക്കാലികമായ ഒരു വിരുന്നു പാര്‍ക്കല്‍ ആയിരുന്നെങ്കിലും അലമാരയും, ബാഗും പിന്നെ ഞാനുമായും പുസ്തകം പൊരുത്തപ്പെട്ടു കഴിഞ്ഞതാകാം. എനിക്കും വിട്ടു പിരിയാനൊരു മടി, ഒരു ആത്മബന്ധം ഉടലെടുത്തിരിക്കുന്നു.
എന്റെയും പുസ്തകത്തിന്റെയും വീര്‍പ്പുമുട്ടലുകള്‍ കാര്യമാക്കാതെ പുസ്തകമെടുത്ത് ബാഗില്‍ വച്ചു.
തൃപ്പൂണിത്തുറ ‘ ലോ ഫ്ലോര്‍ ‘ ബസിലെ പുറകിലെ രണ്ടാം നിരയിലെ സൈഡ് സീറ്റില്‍ അവിടിവിടെ തുള്ളിയായി ചിത്രരചന പോലെ കിടന്ന മഴത്തുള്ളികള്‍ കര്‍ച്ചീഫുകൊണ്ട് തുടച്ച് ഇരുന്നു. തൊട്ടു പുറകില്‍ ഇരുന്ന് ആരോടോ എന്തൊക്കെയോ സംസാരിക്കുന്ന പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ നിന്ന് ചെവി ബലമായി പിടിച്ചു വലിച്ചു കൊണ്ടു വന്ന് ബാഗ് മെല്ലെ തുറന്ന് പുസ്തകമെടുത്തു. പുസ്തകത്തെ ഒന്ന് ഓമനിക്കാന്‍ മറന്നില്ല. ഹൃദയത്തിലെ സ്നേഹം വിരല്‍ത്തുമ്പിലൂടെ ഒഴുകിയെത്തി പുസ്തകത്തിന്റെ ശരീരഭാഗങ്ങളിലേക്കും എത്തിക്കഴിഞ്ഞപ്പോള്‍ പുസ്തകം നിര്‍വൃതിയോടെ ഒരു നിമിഷം മിഴികള്‍ കൂമ്പി.
Click this button or press Ctrl+G to toggle between Malayalam and English