കോവിലകത്തെ ഓണദിവസം.. കാണം വിറ്റും കടം വാങ്ങിയും പരിചാരകർക്കും മന്ത്രിമാർക്കും കോടിയും മോടിയും കുറയ്ക്കാതെ പോറ്റിയ പൊന്നുതമ്പുരാൻ പരിചാരാദികളുടെ ഊണ് കാണാനിറങ്ങി.
പതിനാറു കറിയും പായസവും, ആഹാ ബഹുകേമം .. ഇലകളിൽ സമൃദ്ധി വഴിയുന്നു.. പൊക്കിളോളമെത്തുന്ന പൊന്നുമാലയിലൊന്നു വിരലോടിച്ചു തമ്പുരാൻ തിരുമനസ്സിലോർത്തു. അനന്തരം അകത്തളങ്ങളിൽ അകത്താരമ്മയൊരുക്കിയ ആൾനീളം വാഴയില ലക്ഷ്യമാക്കി നടന്നു..
മന്ത്രിപുംഗവന്മാരുമൊത്തു ആമോദം സദ്യ കഴിഞ്ഞ തമ്പുരാൻ കൈക്കുഴ മുതൽ അംഗുലീയഗ്രം വരെ നക്കുന്ന നേരം അകത്താരമ്മ ചെവിയ്ക്കരികിൽ വന്നുണർത്തിച്ചു.
“പത്തായം വടിച്ചു കോരി അങ്ങുന്നേ.. നാളേയ്ക്ക് ഒരു പിടി നെല്ലെടുക്കാനില്ല.”
മൃഷ്ടാന്ന സാദ്യ കഴിഞ്ഞു മുറുക്കിനു വട്ടം കൂട്ടുന്നതിനിടയിൽ തിരുവയർ ഓർത്തുള്ള ആധിയാൽ തമ്പുരാൻ വിളിച്ചു.
“കണക്കിപ്പിള്ളേ..”
ഭോജനം കഴിഞ്ഞു ചാരുമഞ്ചത്തിലമർന്നു പബ്‌ജി കളിച്ചുകൊണ്ടിരുന്ന കണക്കിപ്പിള്ള ഞെട്ടി ഉണർന്നു നോക്കി.
“നാളേയ്ക്ക് നെല്ലില്ല്യാത്രേ.. ന്താ ഒരു പോംവഴി..? കോവിലകത്ത് ഊണ് മുടങ്ങാൻ പാടില്ല്യ”
കണക്കൻ ഒന്ന് പരുങ്ങി.
“ദേശക്കാരുടെയെല്ലാം നെല്ല് കോവിലകത്തേക്ക് കരംപിരിച്ചു കഴിഞ്ഞു തമ്പുരാനെ..അവറ്റകള് പട്ടിണിയാണെന്നാ കേക്കണേ. വ്യാപാരികളോട് നെല്ല് വാങ്ങിയാലോ..?”
“അതിനു ദ്രവ്യം വേണ്ടേ .?” തമ്പുരാൻ ചോദിച്ചു.
“വക അകത്തുതന്നെ ഉണ്ടല്ലോ തമ്പുരാനെ, മുൻപ് വിറ്റതിൻ ബാക്കി രണ്ടു ചെമ്പുരുളി ഇരിക്കുന്നു. രണ്ടു മാസം പിടിച്ചു നിൽക്കാൻ അത് മതിയാവും. അപ്പോഴേയ്ക്കും അടുത്ത വഴി കാണാം.. മൂന്നു മാസം കഴിഞ്ഞാ അടുത്ത കൊയ്ത്താവില്ലേ ..?”
“അതും ഒരു പോംവഴിയാണ്.. പക്ഷെ നാമെല്ലാം വിറ്റു തുലയ്ക്കുന്നു എന്ന് പ്രജകൾ പറയില്ലേ..?” തമ്പുരാൻ ആരാഞ്ഞു.
കണക്കിപ്പിള്ള മൊബൈൽ ഫോൺ വട്ടം കറക്കി ഒരു നൊടി ചിന്തയിലാണ്ടു.. തൽക്ഷണം കണ്ണുകളിൽ ഒരു പൂത്തിരി തെളിഞ്ഞു.
“ഒരു വഴിയുണ്ട് തമ്പുരാനെ, ഒരു വഴിയുണ്ട്”
“വേഗം പറയ്കാ”.. തമ്പുരാൻ അക്ഷമനായി..
“വയൽക്കരയിലെ അടിയാന്റെ വീട്ടിനകത്തു രണ്ടു ചാക്ക് നെല്ലിരുപ്പുണ്ട്”..
“അത് നിനക്കെങ്ങനെ അറിയാം..?” തമ്പുരാന് സംശയം.
“അത്.. അടിയാന്റെ മോള് ആ മുറിയിലാണ് കിടപ്പ്.” ചെറു നാണം കൊണ്ട് കണക്കിപ്പിള്ള തോളത്തെ തോർത്തുമുണ്ടിന്റെ അറ്റം കടിച്ചു.
“എങ്കിൽ താമസം വിനാ അടിയാൻ പൂഴ്ത്തി വെച്ചിരിക്കുന്ന ആ രണ്ടു ചാക്ക് നെല്ല് പിടിച്ചെടുക്കൂ.. ആ ദേശദ്രോഹി പട്ടിണി കിടക്കട്ടെ..”
കല്പിച്ചിട്ടു തമ്പുരാൻ വീണ്ടും ചാരുമഞ്ചത്തിലേക്കു ചാഞ്ഞു..
അടിയാത്തി പഞ്ഞകാലത്തേക്കുള്ള കപ്പ വാട്ടിയതു മുറ്റത്തു ചിക്കികൊണ്ടിരിക്കെ ആണ് ആഹാ ഓഹോ ശബ്ദാദികളോടെ മന്ത്രിയുടെ ചുവന്ന ബോർഡ് വെച്ച പല്ലക്കും വഹിച്ചു സേവകർ ആ മുറ്റത്തെത്തിയത്. അവിചാരിതമായ ആ വരവിൽ ഒന്ന് പകച്ച അടിയാത്തി അയയിൽ കിടന്ന തോർത്തിൽ മുഖം തുടച്ച് കൈകൂപ്പി നിന്നു..
“എന്താണങ്ങുന്നേ ഇതുവഴി..?”
“നിന്റെ പുരുഷനെവിടെ..?” പുംഗവൻ തിരക്കി..
“ജോലിയിലാണങ്ങുന്നേ”.. ഭയംകൊണ്ട് അടിയാത്തി അല്പം കുടി കുനിഞ്ഞു..
“കണക്കിപ്പിള്ളേ, അകത്തു കയറി ആ ചാക്ക് കെട്ടുകൾ എടുപ്പിക്കൂ” ഇത് പറയെ മന്ത്രിയുടെ കണ്ണുകൾ മുറ്റത്തു ചിക്കിയ വെള്ളുകപ്പയിൽ പരതി നടന്നു..
നിമിഷങ്ങൾക്കുള്ളിൽ മൺകൂരയിൽനിന്നും രണ്ടുചാക്കു നെല്ലുമായി സേവകർ പുറത്തെത്തി.. അടിയാത്തി നിന്ന് വിറച്ചു..
“തമ്പുരാനേ.. എന്താണിത്..?”
“നീ പൂഴ്ത്തിവെച്ച നെല്ല് കോവിലകം പത്തായത്തിലേക്കു വരവുവെയ്ക്കുന്നു”.. മന്ത്രി പറഞ്ഞു.
“അരുത് അങ്ങുന്നേ.. വിത്താണത്.. നിലമുഴുവോരിൻ ഉയിരാണത്..
ഇനിയൊരു വിതയില്ലാതായിപോകും തമ്പുരാനെ, കൊണ്ടുപോകരുത്…” അടിയാത്തി കേണു..
“ഈ കപ്പയ്ക് കരം കെട്ടിയോടി..? ഹും, പിരിച്ചോളാം..
നടക്കിൻ സേവകരെ കോവിലകത്തേക്ക്..” മന്ത്രി അമറി..
വരുംകാല വറുതിയെ മുന്നിൽ കണ്ട അടിയാത്തിയുടെ കണ്ണുകളിൽനിന്നു കണ്ണുനീർ വഴിഞ്ഞു, ഉടൽ വിയർത്തു കുഴഞ്ഞു വീണു.
പരിചാരക വൃന്ദം കോവിലകത്തെത്തി, നെല്ല് പത്തായത്തിൽ പകർന്നു.. തമ്പുരാൻ കുമ്പകുലുക്കി ചിരിച്ചു, അകത്താരമ്മ ആശ്വാസ നെടുവീർപ്പയച്ചു.. പത്തായത്തിൽ ചൊരിഞ്ഞ നെല്ലിന്റ പടമെടുത്തു ‘#സമൃദ്ധി’ എന്ന ഹാഷ്ടാഗ് ചേർത്ത് കണക്കിപ്പിള്ള ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റിട്ടു.. സേവക വൃന്ദത്തിന്റെ ലൈകും ഷെയറും കുമിഞ്ഞു..
എണ്ണതീർന്നു കെട്ടുപോയ വിളക്കിന്റെ അന്ധകാരത്തിൽ ഉമ്മറത്തിരുന്ന അടിയാൻ അകലെ കോലോത്തെ വെളിച്ചം കണ്ടു കണ്ണുകൾ ഇറുക്കിയടച്ചു…
പിൻകുറിപ്പ്: ഇത് വെറും കെട്ടുകഥ മാത്രം.. സമകാലീന വാർത്തകളോട് സാമ്യം തോന്നിയാൽ അത് തികച്ചും നിങ്ങളുടെ ഉത്തരവാദിത്വം ആയിരിക്കും..
നന്നായിട്ടുണ്ട്.. ഇനിയും എഴുതണം
Excellent narration….
Keep it up…
Best of luck for next endeavour..