സാമ്പാർ സമരങ്ങൾ

 

images-3കറിക്കലത്തിനുള്ളിലെ
ചൂടും വിങ്ങലും
അടുപ്പിലെ
വിറകു കത്തിയ
ചുവന്നതീയും
ചേർന്നപ്പോൾ
പച്ചക്കായയും
തക്കാളിയും
ഉള്ളിയും
നീല വഴുതനങ്ങയും
ഒന്നിച്ചു സമരം ചെയ്യാൻ
തീരുമാനിച്ചു.

തിളച്ചുമറിഞ്ഞപ്പോൾ
ആലിംഗനബദ്ധരായി
കളകളാരവം മുഴക്കി.

സദ്യ തയ്യാറായി
ഇലയിട്ടപ്പോൾ
ഉരുകിയൊലിച്ച
പച്ചക്കറികൾ
നിൽക്കക്കളിയില്ലാതെ
നിരാഹാര പന്തലിലൂടെ
ഒഴുകി നടന്നു.

സദ്യകഴിഞ്ഞ്
തീ അണഞ്ഞു
ചാരമായപ്പോൾ
മഞ്ഞ നിറമായ
പച്ചക്കറികൾ
ഒരേ സ്വരത്തിൽ
ഒച്ചവെച്ചു നടന്നു.

തീ നമ്മെ പറ്റിച്ചു.
സമരം നിർത്തി പിൻമാറി.
നമുക്കിനിയും
കളകളാരവം മുഴക്കിയാലോ
പാചകക്കാരിക്കെതിരെ?
ബാക്കി വന്ന സാമ്പാർ
വഴിയരികിലൊഴിച്ച്
പല്ലിൽ കുത്തി
ഏമ്പക്കവുമിട്ട്
ആൾക്കൂട്ടംപിരിഞ്ഞു പോയി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here