സമയനിഷ്ഠയില്ലാത്ത അതിഥി

 

adhidhi

ഒട്ടും നിനച്ചിരിക്കാതെയല്ലയോ

ഓര്‍ത്തു വിളിക്കാതെയല്ലയോ

സമയനിഷ്ഠയില്ലാത്തയൊരു

അതിഥി പോലവന്നാഗമനം

ഒരു ചെടിയിലൊരു സുന്ദരകുസുമം

പൂത്തു വിരിഞ്ഞു നില്‍ക്കേ

ചുറ്റിലുമേറെ സുഗന്ധം പരത്തി

ചുറ്റുമുള്ള പ്രപഞ്ചം

വിടര്‍കണ്ണാലേ കണ്ടുകൊണ്ടാ-

ഹ്ലാദാശ്ചര്യമാര്‍ന്നു നില്‍ക്കേ

നിശ്ശബ്ദമതിനെ ഇറുത്തുകളയുവാനെത്തും

നിഷ്കളങ്കനായൊരു കൊച്ചുകുട്ടിയെപോല്‍

എവിടെയുമെങ്ങനെയും ഏതുനേരത്തും

ഏതു ജീവനെയും കവരുവാന്‍

രംഗബോധമൊട്ടും ഇല്ലാതെ

രൂപമില്ലാ നിഴലായി എത്തുന്നവന്‍

സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും

സുന്ദരനും വിരൂപനും അവനു സമന്മാര്‍

ഏവരും കൂടെ പോകേണ്ടവര്‍

അവന്‍ വന്നു വിളിച്ചിടുമ്പോള്‍

കരഞ്ഞും കലഹിച്ചും നൊന്തും നോവിച്ചും

നീളും വഴിയിലൂടെ നടന്നു

ഏറെ തളര്‍ന്നു വിറയാര്‍ന്ന

പാദങ്ങള്‍ കഴച്ചു കുഴയുമ്പോഴും

ജീവിതയാതന തന്‍ നീരാളികൈകളില്‍

അകപ്പെട്ടു അലറിവിളിക്കുമ്പോഴും

നീണ്ടകരങ്ങളാല്‍ താങ്ങിയെടുത്തു

ശാന്തമായിട്ടുറക്കി കിടത്തുമവന്‍

ചോരതിളപ്പാര്‍ന്ന യൗവ്വനതേജസ്സില്‍

പൂത്തുതളിര്‍ത്തു നില്‍ക്കുമ്പോഴും

അതിരൌദ്രം പൂണ്ട രാക്ഷസനെപ്പോല്‍

നിണം പുരണ്ട നാവുനീട്ടി എത്തുമവന്‍

പല കാര്യങ്ങളില്‍ പരസ്പരം കോര്‍ക്കുമ്പോഴും

പല ഭാവത്താലന്യോന്യം എതിരിടുമ്പോഴും

അവനെത്താനെനിയെത്ര നാള്‍

എന്നതോര്‍ക്കാത്തതെന്തേയാരും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here