ശൂന്യമായ കരങ്ങളുമായി
നഗ്നപാദനായ്
നിന്നെ കാണാനെത്തുന്നതിൽ
ലജ്ജയുണ്ടെൻ പ്രിയേ.
കാണിക്കവെക്കാൻ
ചക്കര വാക്കുകൾ പോലും
എന്റെ നാക്കിലൂടെ വരുന്നില്ല.
നിന്നെ മാത്രം കാണാനുള്ള കൺകളിൽ
പതിഞ്ഞത് മറ്റാരൊക്കെയോ ആയിരുന്നു.
നിൻ ചുണ്ടിൽ നിന്നുതിർന്നു വീണ
മൊഴിമുത്തുകൾ പെറുക്കിയെടുക്കാൻ
ബഹളത്തിനിടയിൽ
എൻ കാതുകൾ മറന്നു.
ഗാഢമാം നിദ്രയിൽ
നിന്നെ കിനാവ് കാണാനും കഴിഞ്ഞില്ല.
നീ വിളിച്ചപ്പോൾ
നഗ്നപാദനായ് ഞാൻ ഓടി വന്നതാണ്.
കണ്ണാടിയിൽ മുഖം പോലും നോക്കാതെ.
എന്നാലും എന്റെ ഹൃദയത്തിലെവിടെയോ
നിന്റെയോർമ്മകൾ തുടിക്കുന്നു.
ഇനി നീ എന്നോട് പിണങ്ങിയാലും
നിന്നോടെനിക്ക് പരിഭവമില്ലെൻ പ്രിയേ
പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ
എന്റെ നാവിൽ കുറിച്ചത് നീയായിരുന്നു.