സമരപുഷ്പങ്ങൾ പൂത്തു നില്‍ക്കുന്ന നിൻ
തണലിലിത്തിരി തണുവേറ്റിരിക്കവെ,
കനലു പോലെ,യെരിഞ്ഞൊരാ നാളുകള്‍
നിനവിലോടിയെത്തുന്നു പിന്നെയും.
പകുതി പ്രഞ്ജയിൽ വിപ്ലവാവേശങ്ങൾ,
പകുതി പ്രഞ്ജയിൽ പ്രണയാഭിലാഷങ്ങൾ,
ചുണ്ടില്‍, എരിയുന്ന ലഹരി തൻ കുറ്റികള്‍,
നെഞ്ചില്‍ നല്ലൊരാ നാളെ തൻ സ്വപ്‌നങ്ങള്‍.
നോക്കിലഗ്നി നിറച്ചു വെളിപാടുമായ്
പാതയോരങ്ങൾ പിന്നിട്ട പകലുകൾ,
ചിന്ത രാകി മിനുക്കുവാൻ വാക്കിന്‍റെ
പന്തമേന്തി നടന്നൊരാ രാത്രികള്‍.
അക്ഷരം കെണ്ടൊരഗ്നിയായ്, വാഴ്വിന്‍റെ
ലക്ഷ്യമേറെ തിരഞ്ഞോരു നാളുകള്‍ ,
വ്യഥ മറക്കുവാൻ , കഥ ചൊല്ലിയന്യർ തൻ
പഴികൾ കേട്ടോരു ഗതകാല സ്മരണകള്‍.
“വിശപ്പിനേക്കാൾ വലുതല്ല വിപ്ലവം”
കരഞ്ഞുറക്കെ പറഞ്ഞൊരാ,മാത്രകൾ,
പ്രണയശൂന്യം പ്രപഞ്ചമെന്നാർത്തു,കൊണ്ടെ-
വിടയോ പോയ് മറഞ്ഞൊരെൻ നിദ്രകൾ.
ലഹരി കാർന്നോരു കരളുമായ് ജീവിതം,
ഇടറി വീണോരു സായാഹ്നവേളകൾ,
ബോധമണ്ഡലത്തിങ്കൽ നിന്നെവിടയോ
ധ്യാനമെന്നാരോ,മൊഴിഞ്ഞൊരാ സന്ധ്യകൾ.
ഓർമ്മ നീളുന്നു പടരുന്നു പിന്നെയും
പരതി നോക്കുന്നു ഭൂതകാലങ്ങളിൽ,
തിരികെയെത്തുന്നു ഏറെ,യസ്വസ്ഥമായ്
തിരയൊടുങ്ങാ,ക്കടലു പോൽ ക്ഷുഭിതമായ്.
ബോധിവൃക്ഷം തിരഞ്ഞു തളർന്ന ഞാൻ
ബോധമറ്റു നിൻ ചോട്ടിലെത്തീടവെ,
ആദ്യമായ് ഞാന്‍ വിളിച്ച, മുദ്രാവാക്യം,
ഓർത്തു ചൊൽകയോ നിന്നുടെ ശാഖകള്‍?
സമരമാർഗ്ഗം പഠിപ്പിച്ച വൃക്ഷമെ,
സമരസപ്പെടാൻ പഠിപ്പി,ക്കുകെന്നെയും,
കനലു കാളുന്ന ചിന്തകൾക്കപ്പുറം
കനിവുണങ്ങാത്ത ശാന്തി തേടട്ടെ ഞാന്‍.