ദൈവവും സാത്താനും
അവിഹിത വേഴ്ചയിലാണ്
ഇനിയും നിങ്ങൾ
സമരം ചെയ്യുന്നതാർക്കുവേണ്ടി?
സിരകളിൽ ഒഴുകി നടക്കേണ്ട
ചോരത്തുള്ളികൾ
തെരുവിലൊഴുക്കിക്കളയരുത്.
താരാട്ടുകൾ പാടേണ്ട നാവുകൾ
മുദ്രാവാക്യങ്ങളാൽ തളർത്തരുത്.
ജീവൻ കൊടുത്ത്
സ്വാതന്ത്യം നേടിത്തന്നവർ
രാജ്യദ്രോഹികളായിരുന്നെന്ന്
ചെരുപ്പ് നക്കിയവർ
തിട്ടൂരമിറക്കുന്നു.
ആകാശങ്ങൾക്ക്
വില പറഞ്ഞു കഴിഞ്ഞു.
ആറുകൾ കുപ്പികളിൽ നിറഞ്ഞു.
ജീവവായുവിനുള്ള വിലപേശൽ
അവസാനഘട്ടത്തിലാണ്.
മണ്ണിനിപ്പോൾ
പണ്ടെപ്പോലെ
രക്തദാഹമില്ല.
ചുടുചോര ഇനിയും
മണ്ണിലൊഴിച്ച് കളയരുത്.
ഇനി നമുക്ക്
അനങ്ങാത്ത വിരലുകളെ
വാഴ്ത്തിപ്പാടാം
മിണ്ടാത്ത നാവുകളെക്കുറിച്ച്
കവിതകളെഴുതാം
നിർവികാരതയുടെ
കോട്ടുവായെക്കുറിച്ച്
പ്രബന്ധങ്ങൾ രചിക്കാം.
പേടിക്കുകയേ വേണ്ട..
കർണ്ണങ്ങൾ ബധിരരാണ്
നയനങ്ങൾ അന്ധരാണ്
നാവുകൾ മൂകരാണ്
അതിമനോഹരം ശബ്നം …..ദൈവവും സാത്താനും അവിഹിത വേഴ്ചയിലാണ് …ആകാശങ്ങൾക്ക് വില പറഞ്ഞു കഴിഞ്ഞു ..
ആറുകൾ കുപ്പികളിൽ നിറഞ്ഞു ….അർത്ഥ ഗംഭീരമായ വരികൾ …