സമാധാനം

പുതിയ ഫോട്ടോ എടുക്കാന്‍ പോവുമ്പോള്‍
ആയിരം ചോദ്യങ്ങളായിരുന്നു

ലൈസന്‍സ് പുതുക്കാനാണോ
ബാങ്ക് എക്കൗണ്ടിനാണോ
എന്തിനാണ്
എന്തിനാണ്

ഇനി മെലിയാനില്ലാത്തവണ്ണം
മെലിഞ്ഞ കൂട്ടുകാരന്റെ സ്റ്റുഡിയോയില്‍
തടിക്കാനാവുന്നിടത്തോളം തടിച്ച ജോലിക്കാരിയുടെ
കണ്ണുകള്‍ ചോദ്യചിഹ്നം പോലെ
ഉന്തി നിന്നു,

പ്രിന്റെടുക്കുമ്പോള്‍
അവളുടെ പല്ലവി
ഇത്രവലിപ്പത്തിലിപ്പോള്‍
ഈ ഫോട്ടോ എന്തിനാണ്
ഇത്തരം ഫോട്ടോ ആരും
സ്വയം വന്നെടുപ്പിക്കാറില്ലല്ലോ
നാളുപത്തോ പതിനഞ്ചോ കഴിയുമ്പോ ബന്ധുക്കളാരെങ്കിലും
വന്നു ചെയ്യിക്കാറാണല്ലോ പതിവ്

ഫ്രേം ചെയ്യുന്നോടത്ത്
മിന്നിക്കത്തുന്ന ബള്‍ബ് വാങ്ങുന്നോടത്ത്
വാടാത്ത പൂക്കളുടെ മാല കിട്ടുന്നോടത്ത്
നിത്യശാന്തി നേരുന്ന സ്റ്റിക്കര്‍ ഒട്ടിക്കുന്നിടത്ത്
ഒക്കെയും അനുപല്ലവി

വീടെത്തി
ഉമ്മറ വാതിലിന് നേരെ
ചുമരില്‍ ആണിയടിച്ച്
മാലയിട്ട്
കെടാവിളക്കിന് സ്വിച്ചിട്ട്
മാറി നിന്ന് നോക്കുമ്പോള്‍

ഉള്ളില്‍ നിന്ന്
ചരണം പൊട്ടി മുളക്കുന്നു
തത്വമസി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here