ഉത്തര കൊറിയ ബോംബിടുമോ ചേട്ടാ?” ചായക്കടയിൽ പത്രവും വായിച്ചിരുന്ന കുമാരൻ വ്യാകുലതയോടെ ചോദിച്ചു.
“അമേരിക്കയെ വീണ്ടും ലോക പോലീസാക്കാൻ നടക്കുകയല്ലേ ആ ട്രംപ്.. അങ്ങേര് വെറുതെ നോക്കിനിൽക്കില്ല!”
“ഇങ്ങനെ പോയാൽ ലോകസമാധാനം എന്താകും?” ദു:ഖത്തോടെ ചിന്തിച്ച് കുമാരൻ താടിയ്ക്ക് കൈയും കൊടുത്തിരുന്നു.
അപ്പോൾ കുമാരന്റെ മകൻ അങ്ങോട്ട് ഓടിവന്നിട്ട് പറഞ്ഞു,
“അച്ഛാ, നമ്മുടെ അതിരിൽ ഉള്ള വേലി അയൽക്കാരൻ ദിവാകരൻ ചേട്ടൻ കേറ്റി കെട്ടി. അവിടെ വഴക്ക് നടക്കുകയാ.. വാ…”
അത് കേട്ടതോടെ കുമാരൻ തോളിൽ കിടന്ന തോർത്തെടുത്ത് തലയിൽ കെട്ടി. മുണ്ടും മടക്കി കുത്തി. അരയിൽ ചേടിവെച്ചിരുന്ന കത്തിയും ഊരിപ്പിടിച്ച് മകനുമായി അങ്ങോട്ട് ധൃതിയിൽ നടന്നു പോയി.
അത് കണ്ട് അന്ധാളിച്ചിരുന്ന രാമൻ നായർ പറഞ്ഞു,
“ഇതുവരെ ലോകസമാധാനത്തെ പറ്റി വേവലാതിപ്പെട്ടിരുന്ന ആളായിരുന്നു !”
“നേരാ ” ചായപ്പാത്രം ഉയർത്തി ഗ്ലാസ്സിലേക്ക് ചായ ഒഴിച്ച് ആറ്റി കൊണ്ടിരുന്ന ദിവാകരൻ ചേട്ടനും അത് സമ്മതിച്ചു.