സാൽമണും മലിഞ്ഞീനും – പ്രകൃതിയുടെ സൗന്ദര്യവും നിഗൂഢതയും

ചൂണ്ടയിൽ പിടിച്ച സാൽമണുമായി ലേഖകൻ
ചൂണ്ടയിൽ പിടിച്ച സാൽമണുമായി ലേഖകൻ ഒരു മത്സ്യബന്ധന ബോട്ടിൽ, സാൻ ഫ്രാൻസിസ്ക്കൊ ഉൾക്കടലിൽ.

പുഴയിലേക്ക് തിരിച്ചുള്ള തന്റെ പ്രയാണത്തിന് തയ്യാറായി ഒരു സാൽമൺ അഴിമുഖത്തെത്തുമ്പോൾ അതിന് പൂർണ്ണ വളർച്ചയായിട്ടുണ്ടാകും. പൊതുവേ 2-7 വർഷങ്ങൾ കൊണ്ടാണ് ഒരു സാൽമൺ മുട്ടയിൽ നിന്ന് വിരിഞ്ഞ്, ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെ വിജയകരമായി കടന്നുപോയി ഒരു മനോഹരമായ മത്സ്യമായി മാറി, തന്റെ ജീവിതചക്രത്തിന്റെ അവസാന ഘട്ടമായ പ്രജനനത്തിനുവേണ്ട എല്ലാ കരുതലുകളുമെടുത്ത്, കടലിലെ ജീവിതം മതിയാക്കി, പുഴയിലെ ഒഴുക്കിനെതിരെ നീന്തി തന്റെ ജന്മസ്ഥലത്തെത്തുവാൻ തയ്യാറായി അഴിമുഖത്തെത്തുന്നത്. ജനുസ്സരിച്ച് വലിപ്പത്തില്‍ വളരേ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പൊതുവേ വലിയ മത്സ്യങ്ങൾ ആണ് 57 കിലോഗ്രാം വരേ തൂക്കം വയ്ക്കാവുന്ന സാൽമൺ. അത്ര ചെറിയ കാലയിളവിൽ ആ തോതില്‍ വലിപ്പം വയ്ക്കുന്നത് മത്സ്യലോകത്ത് അപൂർവ്വമാണ്. അഴിമുഖത്തുനിന്ന് നദിയുടെ ഒഴുക്കിനെതിരെ സഞ്ചരിച്ചു തുടങ്ങിയാൽ, മറ്റൊന്നിനും ശ്രദ്ധകൊടുക്കാതെ, ഒരു നീന്തൽ താരം തന്റെ ജീവിതത്തിലെ ഏറ്റവും പ്രമാദമായ മത്സരത്തിൽ പങ്കെടുക്കുന്നതുപോലെ, നദിയിലെവിടെയോ ഉള്ള, താൻ പിറന്ന ചരൽക്കുഴി ലക്ഷ്യമാക്കി, നിരവധി മൈലുകൾ താണ്ടി, അത് പാഞ്ഞു പോകും. തന്റെ നെയ്‌മുറ്റിയ ശരീരം ലോകത്തിലെ ഏറ്റവും രുചിയുള്ള വിഭവങ്ങളിൽ ഒന്നാണെന്ന് അറിയാവുന്ന മനുഷ്യരും മൃഗങ്ങളും പക്ഷികളും അത് അവരുടെ ആഹാരമാക്കാന്‍ ശ്രമിക്കുമെന്ന് ഒരു പക്ഷേ അതിന്ന് അറിയില്ലായിരിക്കാം. മറ്റു ജീവികളുടെ ഭക്ഷണമാകാതെ രക്ഷപ്പെട്ടാലും സാധാരണ ഗതിയില്‍ ഒട്ടും അനുകൂലമായ സാഹചര്യമല്ല പുഴയുടെ മുകൾ ഭാഗത്തും ആ നീണ്ട യാത്രയില്‍ അതിനെ കാത്തിരിക്കുന്നത്.

Book of Eels by Patrik Svensson
Book of Eels by Patrik Svensson

പുഴയിലെ ആഴം കുറഞ്ഞതും കല്ലുകൾ നിറഞ്ഞതുമായ തന്റെ ജന്മസ്ഥലത്ത് എത്തിച്ചേരുന്നതുവരെ ആ മീൻ വിശ്രമിക്കില്ല, ഒന്നും ഭക്ഷിക്കുകയുമില്ല. കടലില്‍ ജീവിക്കുമ്പോള്‍ അതിനുണ്ടായിരുന്ന വെള്ളി നിറത്തില്‍ നിന്ന് വര്‍ണശബളമായ ഒരു രൂപമാറ്റവും ആ കാലയിളവില്‍ അതിനുണ്ടാകും, ഇണയെ ആകര്‍ഷിക്കാനായി. ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ പെൺ സാൽമൺ പുഴയുടെ അടിത്തട്ടില്‍, അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറന്ന് വീണതുപോലെയുള്ള ഒരു കൽക്കുഴി ഉണ്ടാക്കി, അതിൽ മുട്ടകൾ നിക്ഷേപിക്കും. ആൺ സാൽമൺ ആ മുട്ടകളില്‍ ബീജസങ്കലനം ചെയ്യും. പ്രകൃതി തങ്ങളെ ഏല്പിച്ച ആ പ്രജനന പ്രക്രിയയിൽ അങ്ങനെ പലവട്ടം പങ്കെടുത്തും പട്ടിണികൊണ്ടും അവശരായി, അവർ അവസാനം ആ നദിയിൽ ചത്തുപൊങ്ങും.

Tin Drum by Gunter Grass
Tin Drum by Gunter Grass

സാൽമണിന്റെ കഥ ഇത്തരത്തിൽ കാൽപ്പനികവും കാവ്യാത്‌മകവുമൊക്കെയാണ്. പുരാതന കാലം മുതൽ തന്നെ അതിനെ പിടിക്കാൻ പല മാർഗ്ഗങ്ങളും ഭക്ഷിക്കാൻ പല ചേരുവകളും പാചകവിധികളും പ്രകീർത്തിക്കാൻ പുസ്തകങ്ങളും മനുഷ്യർ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ പാവം മലിഞ്ഞീന്റെ കഥ അതല്ല. മലിഞ്ഞീൻ പാമ്പോ മീനോ എന്നു പലർക്കും ഇപ്പോഴും തീർച്ചയില്ല. ജുഗുപ്സയുടെ അടയാളമായി അത് എപ്പോഴും ജനപ്രിയ കലകളിൽ പ്രത്യക്ഷപ്പെടുന്നു. അതിൽ ഏറ്റവും ഞെട്ടലുണ്ടാക്കുന്നതും വായനക്കാരെ ജീവിതകാലത്തോളം വേട്ടയാടുന്നതുമായ ഒരു വിവരണം ഗുന്തർ ഗ്രാസിന്റെ റ്റിൻ ഡ്രമിലേതാണ്. തകരച്ചെണ്ട കൊണ്ടുനടക്കുന്ന ആ നോവലിലെ നായകനായ ഓസ്ക്കര്‍ എന്ന കുട്ടിയും ഗർഭിണിയായ അവന്റെ അമ്മ ആഗ്നസും പിതാവ് ആൽഫ്രഡും അമ്മയുടെ കാമുകൻ ജാനും കടൽത്തീരത്തുകൂടി നടക്കുമ്പോൾ വെള്ളത്തിൽ നിന്ന് കുതിരത്തല വലിച്ചുകയറ്റുന്ന ഒരാളെ അവർ കാണാനിടയാകുന്നു. കുതിരത്തല പൊക്കിയെടുക്കുമ്പോൾ അതിൽ നിന്ന് അറപ്പുളവാക്കുന്ന തരത്തിൽ മലിഞ്ഞീനുകൾ പുറത്തേക്ക് ഊർന്ന് വീഴുന്നു. ആൽഫ്രഡ് അതിൽ നിന്ന് കുറച്ച് വാങ്ങുകയും ചെയ്യും. ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുന്ന ആഗ്നസ് ഒരു തരം ഭ്രാന്തമായ മനോനിലയിൽ എത്തിച്ചേരും. കാരണം അവർ തന്റെ ഗർഭത്തിന്റെ ഉത്തരവാദി ഭർത്താവോ കാമുകനോ എന്ന് അറിയാതെ അതിനെ ഒരു വിഷവിത്ത് പോലെ ചുമന്നുകൊണ്ട് നടക്കുന്ന സമയത്താണ് തികച്ചും ബീഭത്സമായ ആ മീന്‍പിടുത്തത്തിന്റെ കാഴ്ചക്കാരിയാകുന്നത്. വീട്ടിലെത്തിയ ശേഷം ഭ്രാന്തമായ ഒരാവേശത്തോടെ ആഗ്നസ് മലിഞ്ഞീൻ കഴിക്കാൻ തുടങ്ങുന്നു. ആൽഫ്രഡ് വാങ്ങിയ മീനുകൾ തീരുമ്പോൾ അവൾ ചന്തയിൽ നിന്ന് ഉണക്കിയ മലിഞ്ഞീനുകൾ വാങ്ങിക്കൊണ്ടുവരും. അഗ്നസിന്റെ മരണത്തിലാണ് അവളുടെ മലിഞ്ഞീനോടുള്ള അമിതാവേശം കൊണ്ടുചെന്നെത്തിക്കുന്നത്. മരണത്തിന്റെയോ അതിലുപരി എഴുത്തുകാരൻ നോവലിലൂടെ പറയാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭയാനകതയുടെയോ ഒക്കെ പ്രതീകമായി മലിഞ്ഞീനുകള്‍ വായനക്കാരുടെ തലയിൽ പുളഞ്ഞു നടക്കും, ആ മീനിന്റെ ജീവിതം പോലെ തന്നെ പല നിഗൂഢതകളും അവശേഷിപ്പിച്ചുകൊണ്ട്.

പൂർണ വളർച്ചയെത്തിയ സാൽമൺ - സമുദ്രത്തിലും നദിയിൽ തിരിച്ചെത്തിയ ശേഷവും.
പൂർണ വളർച്ചയെത്തിയ സാൽമൺ – സമുദ്രത്തിലും നദിയിൽ തിരിച്ചെത്തിയ ശേഷവും.

സാൽമൺ പുഴയിൽ ജനിച്ച്, കടലിലെത്തി വളർന്ന് വലുതായി, ജന്മസ്ഥലത്ത് തിരിച്ചെത്തി പ്രകൃതിയേൽപ്പിച്ച പ്രജനനപ്രക്രിയയിൽ പങ്കെടുക്കാൻ ശ്രമിച്ച്, പുഴയിൽ ചത്തുപൊങ്ങുകയോ തിരിച്ചുപോക്കില്‍ മറ്റു ജീവികളുടെ ഭക്ഷണമാകുകയോ ചെയ്യുന്നു. മലിഞ്ഞീൻ കടലിൽ ജനിച്ച്, പുഴകളിലെയും ഉൾനാടൻ ജലാശയങ്ങളിലെയും കുളങ്ങളിലെയും കല്ലിടുക്കുകളിൽ നീന്തിയെത്തി ജീവിതത്തിൽ പ്രത്യേകിച്ച് ഉദ്ദേശങ്ങളൊന്നുമില്ലാത്തതുപോലെ ഉദാസീനമായി ജീവിച്ചുപോകും. തികച്ചും അനിയന്ത്രിതമായ ഒരു സമയത്ത് മലിഞ്ഞീൻ, പ്രജനനത്തിന് വേണ്ട പ്രകൃതിയുടെ വിളികേട്ട് കടലിലേക്കുള്ള പ്രയാണത്തിന് തയ്യാറെടുക്കുന്നു, അതിന്റെയവസാനം ജീവനൊടുക്കുന്നു. പ്രകൃതിയുടെ നിര്‍മിതികളായ ഇത്തരം കൗതുകകരമായ ജീവചക്രങ്ങളിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കടലിനും പുഴക്കുമിടയില്‍ എതിരെ നീന്തുന്ന രണ്ടു സങ്കീര്‍ണജീവിതങ്ങളുടെ ഉടമകളാണ് സാൽമണും മലിഞ്ഞീനും. അനാദിമുതല്‍ ആ പ്രക്രിയയില്‍ പങ്കെടുത്തിരുന്നത് മീനുകളും പ്രകൃതിയും മാത്രമായിരുന്നു. ആ സന്തുലിത സമവാക്യത്തെ മനുഷ്യന്റെ ഇടപെടല്‍ ഇന്ന് തകര്‍ത്തിരിക്കുകയാണ്. അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് ഈ മത്സ്യങ്ങള്‍ മാത്രമല്ല പ്രകൃതിയും കൂടിയാണ്.

സാൽമൺ മത്സ്യത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ്, പ്രകൃതിശാസ്‌ത്രത്തിൽ മനുഷ്യൻ കൈവരിച്ച പുരോഗതിക്കൊപ്പം വളർന്ന് പരിപൂർണ്ണതയിലെത്തി എന്നു പറയാം. സാൽമണെക്കുറിച്ച് എന്തെങ്കിലും അറിയാൻ ബാക്കിയുണ്ടോ എന്ന് സംശയമാണ്. പക്ഷേ, മലിഞ്ഞീന്റെ കാര്യത്തിൽ നടന്നിട്ടുള്ള പഠനങ്ങൾ പരിമിതമാണ്. അതുകൊണ്ട് തന്നെ അതിന്നെക്കുറിച്ചുള്ള അറിവിനെക്കാൾ കൂടുതൽ കെട്ടുകഥകളോ അജ്ഞതയോ ആണ് പൊതുജനങ്ങൾക്കിടയിലുള്ളത്. മലിഞ്ഞീൻ കടലിൽ ജനിച്ച്, നാട്ടിലെ തോട്ടിലോ കുളത്തിലോ വന്നെത്തി, അവിടെ ഒരു കല്ലിടുക്കിൽ തന്റെ ജീവിതത്തിന്റെ ശിഷ്ടകാലം പ്രത്യേകിച്ചൊന്നും ചെയ്യാതെ കഴിച്ചുകൂട്ടി, ഒരു ദിവസം പ്രജനനത്തിനുവേണ്ടിയുള്ള പ്രകൃതിയുടെ വിളികേട്ട് കടലിലേക്ക് തിരിച്ചുപോകും എന്ന് വിശ്വസിക്കാൻ തയ്യാറുള്ളവർ കുറവാണ്. കാരണം സാൽമണിന്റെ ജീവിതത്തിലെ പല ഘട്ടമായുള്ള ശാരീരിക രൂപാന്തരീകരണവും പുഴയിലൂടെ ഇരുദിശയിലേക്കുള്ള പ്രയാണവുമൊക്കെ ശ്രദ്ധിച്ചു നോക്കുന്നവര്‍ക്ക് പ്രയാസമില്ലാതെ മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്. പക്ഷേ, മലിഞ്ഞീന്റെ കാരത്തിൽ ആ വ്യക്തത തീരെ ഇല്ല. മലിഞ്ഞീനെക്കുറിച്ച് കൂടുതല്‍ അറിയാൻ ജിജ്ഞാസുക്കളും പ്രകൃതിശാസ്ത്രജ്ഞരും ചിരകാലമായി നടത്തിയിട്ടുള്ള പരിശ്രമങ്ങളുടെ രസകരമായ ചില കഥകൾ നമുക്ക് പിന്നാലെ നോക്കാം.

ചരിത്രത്തിൽ റോമൻ രേഖകളിലാണ് സാൽമൺ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. വെള്ളത്തിൽ വളരെ ഉയരത്തിൽ കുതിച്ചുചാടാൻ കഴിവുള്ള സാൽമണിന് ആ കഴിവുമായി ബന്ധിച്ചാണ് റോമക്കാര്‍ അതിന്ന് അങ്ങനെ പേരിട്ടത്. ഇംഗ്ലീഷില്‍ സാമെന്‍ (Salmon) എന്നാണ് ഈ മീനിന്റെ പേര് ഉച്ചരിക്കുന്നത്. (മലയാളത്തില്‍ സാധാരണ സാല്‍മണ്‍ എന്ന് പറയുന്നതുകൊണ്ട് ആ വാക്കുതന്നെ ഈ ലേഖനത്തില്‍ തുടര്‍ന്നുപയോഗിക്കുന്നു.) ഇന്ന് ഫ്രാൻസിന്റെ ഭാഗമായ പ്രദേശങ്ങളിലെ നദികളിൽ ആണ് റോമക്കാര്‍ സാൽമണിനെ ആദ്യം കണ്ടതായി പുരാതനരേഖകളിലുള്ളത്. യൂറോപ്പില്‍ അറ്റ്ലാന്റിക് സമുദ്രത്തിലേക്കൊഴുകുന്ന നദികളിലെല്ലാം സാൽമൺ സർവ്വസാധാരണമായിരുന്നു, അവിടെ പല സ്ഥലങ്ങളിലും ജനങ്ങളുടെ ഭക്ഷണത്തിന്റെ പ്രധാനഭാഗവുമായിരുന്നു. വ്യവസായ വിപ്ളവത്തിന്റെ ഒരു പ്രധാന വിപത്ത് യൂറോപ്യൻ നദികളിലെ അറ്റ്ലാന്റിക് സാൽമണിന്റെ വംശനാശമായിരുന്നു. വ്യവസായശാലകൾ നദികളിലേക്ക് തള്ളിയ മാലിന്യങ്ങൾ മറ്റു ജീവജാലങ്ങളെപ്പോലെ സാൽമണിന്റെ നിലനിൽപ്പിനെയും സാരമായി ബാധിച്ചു. വ്യവസായശാലകൾക്ക് ആവശ്യമായ വെള്ളത്തിനും ഊർജ്ജത്തിനും വേണ്ടി നദികളിൽ കെട്ടിയ അണകളാണ് യൂറോപ്യൻ നദികളിൽ നിന്ന് സാൽമൺ അപ്രത്യക്ഷമാകാൻ മറ്റൊരു കാരണം. കടലിലേക്ക് പോകാനും നദികളിലേക്ക് തിരിച്ചുവരാനും കഴിയാതെ പ്രജനനചക്രത്തിന് തടസ്സം നേരിട്ടപ്പോൾ ആയുസ്സ് കുറവായ സാൽമണിന് വംശനാശമുണ്ടാകാൻ അധിക നാളെടുത്തില്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ, വ്യവസായ വിപ്ളവം യൂറോപ്പിൽ കൊടുമ്പിരിക്കൊണ്ടപ്പോള്‍ സാൽമൺ അവിടത്തെ മിക്കവാറും നദികളിൽ നിന്ന് പിന്‍വാങ്ങി.

അമേരിക്കയുടെ അറ്റ്ലാന്റിക്ക് തീരത്തും ധാരാളം സാൽമൺ ഉണ്ടായിരുന്നു. തീരദേശത്ത് ജീവിച്ചിരുന്ന തദ്ദേശീയരായ അമേരിക്കക്കാരുടെ പ്രധാനഭക്ഷണവുമായിരുന്നു അത്. അമേരിക്കൻ വൻകരയിലെത്തിയ ആദ്യത്തെ യൂറോപ്യന്മാരുടെ ശ്രദ്ധ അധികവും കൃഷിയിലും തടിയിലും മൃഗരോമത്തിലുമൊക്കെയായിരുന്നു. പ്രകൃതിസമ്പത്തുകൊണ്ട് ധന്യമായിരുന്ന പുതിയ നാട്ടിൽ സാൽമൺ അവരുടെ വ്യാപാരച്ചരക്കാകാൻ കുറെ സമയമെടുത്തു. യൂറോപ്പിൽ സാൽമണിന്റെ നാശത്തിന് കാരണമായ കാര്യങ്ങളൊക്കെ തന്നെയാണ് അമേരിക്കയിലും അറ്റ്ലാന്റിക് സാൽമണിന്റെ വംശനാശത്തിന് ഇടയായത് – വ്യവസായവൽക്കരണം മൂലമുള്ള നദികളിലെ മലിനീകരണവും അണക്കെട്ട് നിർമാണവും. 1960-കളിൽ അറ്റ്ലാന്റിക് സാൽമൺ അമേരിക്കന്‍ വന്‍കരയില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായി. അപ്പോഴേക്കും സാൽമണെ വളർത്തുവാനുള്ള വൈദഗ്‌ദ്ധ്യം അമേരിക്കയിലും യൂറോപ്പിലും വികസിപ്പിച്ചെടുത്തിരുന്നു. കടലിൽ തന്നെ കെട്ടുന്ന “കൂടു”കളിലാണ് സാൽമണെ വളർത്തുന്നത്. സാൽമണിന്റെ ജീവചക്രത്തെ ഗൗനിക്കാതെ കൃത്രിമ ഭക്ഷണവും മരുന്നുകളും കൊടുത്ത് പ്രകൃതിവിരുദ്ധമായി വളർത്തിയെടുക്കുന്ന അറ്റ്ലാന്റിക് സാൽമണ്‍ ഇന്ന് അമേരിക്കയിലും യൂറോപ്പിലും സുലഭമാണ്. ഇതിനിടെ സാൽമൺ വംശമറ്റു പോകുന്ന ഇടങ്ങളിൽ ഹാച്ചറികളില്‍ കുഞ്ഞുങ്ങളെ ഉൽപ്പാദിച്ച് പുഴകളിലേക്ക് വിട്ടും അണക്കെട്ടുകളിൽ സാൽമണ് സഞ്ചരിക്കാനുള്ള കോണികൾ നിര്‍മിച്ചുമൊക്കെ പ്രകൃതിയുടെ തകര്‍ന്ന താളം വീണ്ടെടുക്കാന്‍ വളരെയേറെ ശ്രമങ്ങൾ ആധുനികകാലത്ത് മനുഷ്യര്‍ നടത്തിയിട്ടുണ്ട്. പക്ഷേ, പ്രകൃതിയെ നമ്മുടെ ആവശ്യത്തിനുവേണ്ടി വളച്ചെടുക്കാന്‍ നടത്തുന്ന അത്തരം പരീക്ഷണങ്ങള്‍ മിക്കവാറും എല്ലായിടത്തും പരാജയപ്പെടുകയാണ് പതിവ് .

സാൽമണെ രക്ഷിക്കാനുള്ള മനുഷ്യന്റെ ഇടപെടലുകൾക്ക് ചെറിയ വിജയം കണ്ടത് അമേരിക്കൻ വൻകരയുടെ പസഫിക്ക് തീരത്താണ്. സാൽമണിന്റെ ചരിത്രം ഏറ്റവും പുറകോട്ട് പോകുന്നതും ഈ പ്രദേശത്തു തന്നെ. സാൽമണിന്റെയും തദ്ദേശീയരുടെയും ജീവിതങ്ങൾ ഇത്രയും ഇഴചേർന്ന് കിടക്കുന്ന വേറെയൊരു പ്രദേശവും ലോകത്തുണ്ടെന്ന് തോന്നുന്നില്ല. ഇന്നത്തെ റഷ്യയിലെയും ജപ്പാനിലെയും പസഫിക് തീരത്തെ ആദിമനിവാസികളും സാൽമണിന്റെ ചരിത്രത്തിൽ ഉൾപ്പെടുന്നുണ്ട്. ആദ്യത്തെ സാൽമൺ മത്സ്യബന്ധനക്കാർ ജപ്പാനിലെ ജോമോൻ സംസ്ക്കാരത്തിൽ നിന്നുള്ളവരാണെന്നാണ് ചരിത്രാതീതകാലത്തുനിന്നുള്ള സൂചനകൾ. ഏകദേശം 20,000 വർഷങ്ങൾക്ക് മുമ്പ് അവർ അന്ന് സൈബീരിയയ്ക്കും അലാസ്ക്കയും ഇടക്കുണ്ടായിരുന്ന കരമാർഗ്ഗം വഴി അമേരിക്കൻ വൻകരകളിൽ എത്തിയിട്ടുണ്ടാകുമെന്നാണ് ഒരു സിദ്ധാന്തം. അതിന്റെ സത്യാവസ്ഥ എന്തുതന്നെ ആയാലും 7,000-8,000 വർഷങ്ങൾക്കുമുമ്പ് മുതൽ സാൽമൺ പസഫിക്ക് സമുദ്രതീരത്ത് താമസിച്ചിരുന്നവരുടെ പ്രധാന ഭക്ഷണമായിരുന്നുവെന്നതിന് തെളിവുണ്ട്. യൂറോപ്യന്മാരുടെ വരവും അവരുടെ ക്രമാതീതമായ മത്സ്യബന്ധനവും സാൽമൺ സമൃദ്ധമായിരുന്ന കൊളമ്പിയ പോലുള്ള വൻനദികളിൽ സാൽമണിന്റെ എണ്ണത്തിൽ വൻതോതിൽ ഇടിച്ചിൽ ഉണ്ടാക്കി. എന്നാലും ഈ പ്രദേശത്ത്, കാലിഫോർണിയയുടെ വടക്കൻ തീരം മുതൽ അലാസ്ക്ക വരെയുള്ള പസഫിക്ക് സമുദ്രത്തിലും അതിലേക്ക് ഒഴുകുന്ന നദികളിലും, ഇന്നും പല ജനുസ്സിലുമുള്ള സാൽമൺ ഉണ്ട്. അവയെ വംശനാശം വരാതെ കാക്കുന്നത് സാൽമൺ ഹാച്ചറികളിൽ നിന്ന് പുറത്തുവിടുന്ന കുഞ്ഞുങ്ങളും മത്സബന്ധനത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുമാണ്. പസഫിക് സമുദ്രത്തിന്റെ ഏഷ്യന്‍ തീരങ്ങളിലും സാല്‍മണ് വംശനാശം വന്നിട്ടില്ല.

അറ്റ്ലാന്റിക് സമുദ്രത്തിന്റെയും പസഫിക് സമുദ്രത്തിന്റെയും തീരപ്രദേശങ്ങളിലും അവയിലേക്ക് ലയിക്കുന്ന നദികളിലും മാത്രമാണ് സാൽമൺ കാണപ്പെടുന്നത്. (അതിൽ അറ്റ്ലാന്റിക് സാൽമണ് ഏതാണ്ട് വംശനാശം സംഭവിച്ചുവെന്ന് നാം കണ്ടല്ലോ.) മലിഞ്ഞീനുകൾ ലോകത്തിന്റെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്നുണ്ട്. പക്ഷേ, ആൻഗ്വില ആൻഗ്വില (Anguilla Anguilla) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന യൂറോപ്യൻ മലിഞ്ഞീനാണ് ദാർശനികരുടെയും ഗവേഷകരുടെയുമൊക്കെ ഏറെ ശ്രദ്ധയാകർഷിച്ചിടുള്ളത്. സർഗാസോ കടൽ (Sargasso Sea) എന്ന അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗത്താണ് അവ ജനിക്കുന്നത്. യൂറോപ്പിലെ കടല്‍ത്തീരങ്ങളിലെത്തി, നദികളിലൂടെ സഞ്ചരിച്ച് ഉൾനാടൻ ജലാശയങ്ങള്‍ വരെ നീന്തിയെത്തും. നദികളിലോ തോടുകളിലോ കുളങ്ങളിലോ അവ ദീർഘകാലം ജീവിക്കും. മൈലുകൾ താണ്ടിയെത്തുന്ന മലിഞ്ഞീൻ ഒരു താവളം കണ്ടെത്തി അവിടെ താമസം തുടങ്ങിയാൽ പിന്നെ അധികദൂരമൊന്നും സഞ്ചരിക്കില്ല. അതിന്റെ താവളത്തിൽ നിന്ന് ബലമായി വേറെയിടത്താക്കിയാൽ അധികം വൈകാതെ അവിടെ തിരിച്ചെത്തുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്വന്തം താവളത്തിലേക്ക് തിരിച്ചുപോകേണ്ടതെന്ന് മലിഞ്ഞീന് എങ്ങനെ അറിയാമെന്ന കാര്യം ഇപ്പോഴും പ്രകൃതിയുടെ രഹസ്യങ്ങളിലൊന്നാണ്. സാൽമണെപ്പോലെ പ്രത്യേക ഒരു കാലപരിധിയൊന്നുമില്ല മലിഞ്ഞീന് പ്രജനനത്തിനുവേണ്ടി ജനിച്ചിടത്തേക്ക് തിരിച്ചു പോകാൻ. 15-30 വർഷങ്ങൾക്കിടയിൽ ആ തിരിച്ചുപോക്ക് ഉണ്ടാകാം. സാൽമണിന്റെ ആയുസ്സ് 6-7 വർഷങ്ങൾ ആണെങ്കിൽ 50 വർഷങ്ങള്‍ക്ക് മുകളില്‍ പ്രായമുള്ള മലിഞ്ഞീനുകളെ കണ്ടെത്തിയിട്ടുണ്ട്.

പുഴയിലെ കൽക്കുഴികളിൽ പെൺ സാൽമൺ നിക്ഷേപിച്ച മുട്ടകളിൽ ആൺമത്സ്യം ബീജസങ്കലം നിർവഹിച്ച് കഴിഞ്ഞാൽ അധികം വൈകാതെ, കുഞ്ഞുങ്ങളെ പരിരക്ഷിക്കാനൊന്നും കാത്തുനിൽക്കാതെ രണ്ടുപേരും മരണം പ്രാപിക്കും. മുട്ടയിൽ നിന്ന് വിരിയുന്ന കുഞ്ഞുങ്ങളെ അലവിൻ (Alevin) എന്നാണ് വിളിക്കുന്നത്. മുട്ടക്കരു അലവിന്റെ ഭാഗമായി തുടരും, അതിന്റെ ഊർജ്ജശ്രോതസ്സായിട്ട്. ജനിച്ചയുടനെ അലവിനുകൾ പുഴയുടെ ആഴമുള്ള, താഴ്ഭാഗത്തേക്ക് നീന്തിത്തുടങ്ങും. മറ്റു ജീവികളില്‍ നിന്ന് രക്ഷപ്പെടാനാണ് അവ ധൃതിയിൽ പുഴയുടെ താഴ്ഭാഗത്തെ ആഴത്തിലേക്ക് നീന്തുന്നത്. ആ ഘട്ടം ഏകദേശം ഒരു മാസത്തോളം നീണ്ടുപോകും, അപ്പോഴേക്കും അലവിന്റെ ഉള്ളിലുള്ള മുട്ടക്കരു ഉപയോഗിക്കപ്പെട്ട് അലിഞ്ഞുതീർന്നിട്ടുണ്ടാകും. ഒരു മത്സ്യത്തിന്റെ രൂപം സാൽമൺ കുഞ്ഞിനുണ്ടാകുന്നത് ആ സമയത്തോടുകൂടിയാണ്. അതിനെ ഫ്രൈ (Fry) എന്നാണ് വിളിക്കുന്നത്. കടലിലേക്ക് പോകുന്നതിന്ന് മുമ്പ് പുഴയിൽ വച്ച് പാർ (Parr), സ്‌മോൾട്ട് (Smolt) എന്നീ രണ്ടു രൂപഭേദങ്ങളില്‍ക്കൂടി സാൽമൺ കടന്നുപോകും. സ്‌മോൾട്ടിന്റെ രൂപത്തിലാണ് സമുദ്രത്തിലേക്ക് പോകാൻ തയ്യാറായി സാൽമൺ അഴിമുഖത്ത് എത്തുന്നത്. അവിടെ വച്ച് ഒരു പരിപൂര്‍ണ്ണ കടൽമീനായി അത് രൂപാന്തരം പ്രാപിക്കും, വെള്ളിയുടെ നിറവും അത് കൈക്കൊള്ളും. കടലിൽ സുലഭമായ ആഹാരങ്ങൾ കഴിച്ച് കൊഴുക്കുക എന്നതാണ് കടലിൽ സാൽമണിന്റെ പ്രധാന ലക്ഷ്യം. പൂർണ്ണവളച്ചയെത്തിയ ഒരു സാൽമണിന്റെ 95% തൂക്കവും അതിന് വക്കുന്നത് കടലിലെ ജീവിതകാലത്താണ്.

കടലിൽ മലിഞ്ഞീന്റെ ജീവിതം ആരംഭിക്കുന്നത് ഒരു കൃമിയുടെ രൂപത്തിലാണ്. എതാനും മില്ലിമീറ്ററുകൾ മാത്രം നീളമുള്ള ഈ ജീവികൾ ലെപ്റ്റോസെഫാലസ് ലാർവ (Leptocephalus Larva) എന്നാണ് അറിയപ്പെടുന്നത്. അതിന്റെ തലയുടെ ചെറിയ ആകൃതിയിൽ നിന്നാണ് അതിന് ആ പേര് കിട്ടിയിട്ടുള്ളത്. ചെറിയ തലയും സുതാര്യമായ ശരീരമൊക്കെയുമായി ജനനം മുതലേ മലിഞ്ഞീന് വൈരൂപ്യം പ്രകൃതിദത്തമായി ലഭിച്ചിട്ടുള്ളതാണ്. ജനിച്ചിട്ട് അധികം വൈകാതെ തന്നെ മലിഞ്ഞീൻ കുഞ്ഞുങ്ങൾ ഉൾനാടൻ ജലാശയങ്ങളിലേക്കും പുഴകളിലേക്കുമുള്ള അവരുടെ യാത്ര തുടങ്ങും. ഏകദേശം മൂന്നു വർഷത്തോളം നീണ്ടുപോകാം സമുദ്രത്തിലൂടെയുള്ള കരപറ്റാനുള്ള ആ ദീർഘയാത്ര. അവയ്ക്ക് എങ്ങനെയാണ് ലക്ഷ്യസ്ഥാനത്തെക്കുറിച്ച് അറിയാവുന്നതെന്നൊക്കെയുള്ളത് ശാസ്ത്രത്തിന് ഇന്നും അജ്ഞാതമാണ്. ഗവേഷകർക്ക് ഇന്നും വളരെക്കുറച്ചേ മലിഞ്ഞീനെക്കുറിച്ച് അറിവുള്ളൂ – സാൽമണുമായി താരതമ്യം ചെയ്താൽ മലിഞ്ഞീനു ചുറ്റും നിഗൂഢതയാണ് ഏറെ. കരയോടടുത്ത് മലിഞ്ഞീൻ കുഞ്ഞുങ്ങൾ എത്തുമ്പോഴേക്കും 2-3 ഇഞ്ച് വലിപ്പം വച്ചിട്ടുണ്ടാകും. ശരീരത്തിന്റെ സുതാര്യത അപ്പോഴും വിട്ടുപോകാതെ സ്ഫടിക നൂലുപോലെ ആയിത്തീരുന്ന അവയെ ഗ്ളാസ് ഈൽ (Glass Eel) എന്നാണ് വിളിക്കുന്നതും. മലിഞ്ഞീന്റെ ജീവിതത്തിലെ രണ്ടാം ഘട്ടമാണത്. അത് മനുഷ്യരുടെ ശ്രദ്ധയിൽ പെടുന്നതും അപ്പോഴാണ്. യൂറോപ്പിൽ പലയിടത്തും പ്രത്യേകിച്ച് സ്പെയിനില്‍ ഗ്ളാസ് ഈൽ ഒരു വിശിഷ്ടഭോജ്യമാണ്, നല്ലൊരു പങ്ക് മലിഞ്ഞീനുകൾക്ക് ഉൾനാടൻ മത്സ്യമായി പരിണമിക്കാൻ അവസരം ലഭിക്കാതെ അങ്ങനെ ആഹാരമായി തീരുന്നു.

ഗ്ളാസ് ഈൽ ശുദ്ധജലത്തിലേക്ക് പ്രവേശിക്കുന്നതോടുകൂടി മലിഞ്ഞീന്റെ ജീവിതത്തിലെ മൂന്നാം ഘട്ടമായ യെലോ ഈൽ (Yellow Eel) എന്ന രൂപം പ്രാപിക്കും. സുതാര്യ ശരീവവും മറ്റും കൈവിട്ട് സാധാരണക്കാര്‍ക്ക് അറിയാന്‍ പറ്റുന്ന രൂപത്തിൽ മലിഞ്ഞീൻ ആകുന്നത് അപ്പോഴാണ്. ഏതുതരത്തിലുള്ള പുഴകളിലൂടെയും തോടുകളിലൂടെയും ഉൾനാടൻ ജലാശയങ്ങളിലൂടെയും സഞ്ചരിക്കാനുള്ള കഴിവ് ആ രൂപത്തില്‍ മലിഞ്ഞീൻ കൈവരിച്ചിട്ടുണ്ടാകും. വെറും നനവുമാത്രമുള്ള കരഭാഗത്തുകൂടി പാമ്പിനെപ്പോലെ ഇഴഞ്ഞുപോകാനും വരണ്ട ജലാശയങ്ങളുടെ അടിയിലെ ചേറിൽ വെള്ളം വരുന്നതും കാത്ത് വളരെക്കാലം നിഷ്‌ക്രിയാവസ്ഥയിൽ കിടക്കാനുമൊക്കെ അതിന്ന് സാധിക്കും. അതുകൊണ്ടാണ് അതൊരു മത്സ്യം തന്നെയാണോ എന്ന് സാധാരണക്കാർ സംശയിക്കുന്നത്.

സമുദ്രത്തിൽ നിന്നുള്ള മലിഞ്ഞീന്റെ സുദീർഘയാത്ര അവസാനിക്കുന്നത് അത് ഒരു ശുദ്ധജലാശയത്തിലോ പുഴയിലോ തന്റെ താവളം കണ്ടുപിടിക്കുമ്പോഴാണ്. നേരത്തെ പറഞ്ഞതുപോലെ അവിടെ നിന്ന് മലിഞ്ഞീൻ പിന്നെ എങ്ങോട്ടും പോകില്ല, പ്രജനനത്തിന് പ്രകൃതിയുടെ വിളി അതിന് എന്നെങ്കിലുമുണ്ടാകുന്നതു വരെ. സമുദ്രത്തിലെ തന്റെ ജന്മസ്ഥലത്തേക്കുള്ള തിരിച്ചുപോക്കിലാണ് മലിഞ്ഞീന് നാലാമത്തേതും അവസാനത്തേതുമായ രൂപപരിണാമം സംഭവിക്കുക. ചളിയുടെയും കലക്കവെള്ളത്തിന്റെയും നിറം കൈവെടിഞ്ഞ് മലിഞ്ഞീൻ വെള്ളി നിറം കൈവരിക്കും, പ്രത്യുൽപ്പാദന ഗ്രന്ഥികൾ അടക്കമുള്ള അവയവങ്ങൾക്കും വൻതോതിലുള്ള വ്യത്യാസം വയ്ക്കും, മുട്ടകളോ ബീജമോ ഉൽപ്പാദിച്ച് അത് ശരീരത്തിൽ കാത്തുവയ്ക്കും. സാൽമണെപ്പോലെ തന്നെ പ്രജനനത്തിനുവേണ്ടിയുള്ള തിരിച്ചുപോക്കിൽ മലിഞ്ഞീനും അതുവരെ ശരീരത്തില്‍ ശേഖരിച്ച കൊഴുപ്പാണ് ആ ദീർഘയാത്രക്ക് ഊര്‍ജ്ജമായി ഉപയോഗിക്കുക. ആ കൊഴുപ്പിന്റെ മികവിൽ സാൽമണും മലിഞ്ഞീനും ഏറ്റവും ഭക്ഷ്യയോഗ്യവും ആ സമയത്തുതന്നെയാണ്.

കടലിൽ പ്രധാനമായി ജീവിക്കുകയും പ്രത്യുൽപ്പാദനത്തിനായി ശുദ്ധജലത്തേക്ക് വരികയും ചെയ്യുന്ന സാൽമണെപ്പോലെയുള്ള മത്സ്യങ്ങളെ അനാഡ്രമസ് (Anadromous) മത്സ്യങ്ങൾ എന്നാണ് വിളിക്കുന്നത്. ഈ ഇനത്തിൽ സാൽമണോട് രൂപസാദൃശ്യം തോന്നുന്ന ട്രൗട്ട് പോലെയുള്ള മത്സ്യങ്ങളും ഉണ്ട്. പ്രത്യുൽപ്പാദനത്തിന് കടലിലേക്ക് തിരിച്ചുപോകുന്ന മലിഞ്ഞീൻ പോലുള്ള മത്സ്യങ്ങളെ കാറ്റാഡ്രമസ് (Katadromous) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുഴകളിലും ജലാശയങ്ങളിലും മനുഷ്യന്റെ വൻതോതിലുള്ള കൈകടത്തലുകൾ, പ്രത്യേകിച്ചും മലിനീകരണവും അണക്കെട്ടുകളുടെ നിർമാണവും, ഈ മത്സ്യങ്ങളുടെ പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട യാത്രയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അറ്റ്ലാന്റിക് സാൽമണിന്റെ കാര്യത്തിൽ – അതിന്ന് മിക്കവാറും വംശനാശം വന്നു കഴിഞ്ഞു എന്ന് നാം മുമ്പ് കണ്ടല്ലോ. കാലാവസ്ഥ വ്യതിയാനം, പസഫിക് സമുദ്രത്തിൽ ലയിക്കുന്ന നദികളിൽ, പ്രത്യേകിച്ചും കാലിഫോർണിയയിലൂടെ ഒഴുകുന്നവയിൽ, വെള്ളത്തിന്റെ ചൂട് കൂട്ടുകയും ഒഴുക്കുവെള്ളത്തിന്റെ വ്യാപ്തി കുറക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ആ വ്യതിയാനങ്ങള്‍ സാൽമൺ കുഞ്ഞുങ്ങളെ ടാങ്കർ ലോറിയിൽ കൊണ്ടുപോയി അവയ്ക്ക് ജീവിക്കാന്‍ മെച്ചമായ സാഹചര്യങ്ങളില്‍ ആക്കുന്നതുവരെയുള്ള നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു കഴിഞ്ഞു.

അരിസ്റ്റോട്ടിലിന്റെ കാലം മുതൽ മലിഞ്ഞീനെക്കുറിച്ച് കൂടുതൽ അറിയാൻ ചിന്തകരും പിന്നീട് പ്രകൃതിശാസ്ത്രജ്ഞരും പരിശ്രമിച്ചിട്ടുണ്ട്. എന്നിട്ടും കഴിഞ്ഞ നൂറ്റാണ്ടിലേ അതിന്റെ ജീവിതചക്രത്തെക്കുറിച്ചുള്ള വ്യക്തമായ അറിവുകൾ ലഭ്യമായി തുടങ്ങിയുള്ളൂ. ഇന്നും പല കാര്യങ്ങൾക്കും സാഹചര്യ തെളിവുകളേ ശാസ്ത്രജ്ഞർക്ക് നിരത്തുവാനുള്ളൂ. അരിസ്റ്റോട്ടിൽ ആധികാരികമായി ജീവജാലങ്ങളെക്കുറിച്ച് ഹിസ്റ്റോറിയ അനിമാലിയം (Historia Animalium) എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. എന്നാൽ മലിഞ്ഞീനെക്കുറിച്ച് അദ്ദേഹം പറയുന്നത് അത് ചളിയിൽ നിന്ന് ജനിക്കുന്നതാണെന്നും ലിംഗഭേദമില്ലാത്ത ഒരു ജീവിയാണുമെന്നൊക്കെയാണ്. മലിഞ്ഞീനെ സൂഷ്‌മപരിശോധന നടത്തിയിട്ടാണ് അദ്ദേഹം അത്തരം വിലയിരുത്തലുകൾ നടത്തിയതെന്നും ഓര്‍ക്കണം. ലിംഗമോ മുട്ടയോ അതിന്റെ ശരീരത്തിൽ കാണാഞ്ഞതുകൊണ്ടായിരിക്കും അദ്ദേഹം അത്തരമൊരു അനുമാനത്തിൽ എത്തിയിട്ടുണ്ടാകുക. മലിഞ്ഞീനിൽ പ്രത്യുൽപ്പാദനാവയങ്ങൾ ഉണ്ടാകുന്നത് സമുദ്രത്തിലേക്ക് പ്രജനനാര്‍ത്ഥമുള്ള അതിന്റെ തിരിച്ചുപോക്കിലാണെന്ന് ഓർക്കുക, അതുകൊണ്ട് ശുദ്ധജലത്തിൽ നിന്ന് പരീക്ഷണത്തിനുവേണ്ടി പിടിക്കുന്ന മലിഞ്ഞീനിൽ അതിന്റെ ലൈംഗീകാവസ്ഥയെക്കുറിച്ച് യാതൊരു തെളിവും ഉണ്ടാകില്ല. മലിഞ്ഞീന്റെ രൂപപരിണാമത്തെക്കുറിച്ച് ധാരണയില്ലാത്തുകൊണ്ട് സാധാരണക്കാരും ശാസ്ത്രകുതുകികളും അതിന്നെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പടച്ചുവിട്ടു. അത്തരം കെട്ടുകഥകള്‍ ആ മീനിന്റെ നിഗൂഢത വർദ്ധിപ്പിച്ചതേയുള്ളൂ.

പത്തൊമ്പതാം നൂറ്റാണ്ടോകൂടി മലിഞ്ഞീന്റെ ലിംഗനിർണയം പ്രകൃതിശാസ്ത്രത്തിൽ പ്രവർത്തിക്കുന്നവരുടെ ഒരു പ്രധാന അന്വേഷക വിഷയമായി തീർന്നു. അക്കാലത്ത് ജർമനിയിൽ നടത്തിയ ഒരു മത്സരം വളരെ രസകരമാണ്. മുട്ടയോടുകൂടിയുള്ള മലിഞ്ഞീനെ കണ്ടുപിടിക്കുന്നവർക്ക് ഒരു പ്രഫസർ 50 മാർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. അനവധി മലിഞ്ഞീനുകളെ അദ്ദേഹത്തിന് തപാലിൽ അയച്ചുകിട്ടി. പക്ഷേ, അതിലൊന്നും മുട്ടയുള്ള ഒന്നിനെ കണ്ടുപിടിക്കാൻ കഴിയാതെ ആ പരീക്ഷണം പരാജയപ്പെട്ടു. മലിഞ്ഞീൻ ഒരു ദ്വിലിംഗജീവിയാണെന്ന വാദത്തിന് ആ പരീക്ഷണത്തിന്റെ പരാജയം ആക്കം കൂട്ടി. പക്ഷേ, 1824-ൽ മാർട്ടിൻ റത്ക്കേ എന്ന ജർമൻ പ്രഫസർ സ്‌ത്രണ പ്രത്യുൽപ്പാദന അവയവങ്ങളുള്ള ഒരു മലിഞ്ഞീനെ കണ്ടെത്തി ശാസ്ത്രീയാന്വേഷണ രീതിക്ക് ഒരു വലിയ വിജയം സമ്മാനിച്ചു.

ഒരു ആൺ മലിഞ്ഞീനെ കണ്ടെത്തുവാനുള്ള തിരച്ചിൽ പിന്നെയും തുടർന്നു, വൃഷണമുള്ള മലിഞ്ഞീനെ തേടിയുള്ള ശാസ്ത്രലോകത്തിന്റെ ആ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് 1876-ൽ സിഗ്‌മണ്ട് ഫ്രോയിഡ് മലിഞ്ഞീന്റെ നിഗൂഢത മറനീക്കാന്‍ നോക്കിയത്. അന്ന് 19 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഫ്രോയിഡ് യൂണിവേഴ്സിറ്റി ഓഫ് വിയന്നയിൽ വിദ്യാർഥി ആയിരുന്നു, പ്രശസ്ത പ്രഫസർ ആയ കാൾ ക്ളൗസിന്റെ കീഴിൽ. അദ്ദേഹത്തിന് അഡ്രിയാട്ടിക്ക് സമുദ്രതീരത്തുള്ള ട്രീയസ്റ്റ് എന്ന നഗരത്തിൽ കടൽജീവികളെക്കുറിച്ചുള്ള ഗവേഷണത്തിനായി ഒരു പരീക്ഷണശാല ഉണ്ടായിരുന്നു. ഫ്രോയിഡിനെ അങ്ങോട്ട് പ്രഫസർ അയച്ചത് വളരെ ലളിതമായ ഒരു പരീക്ഷണം നടത്തുവാനായിരുന്നു – കിട്ടാവുന്ന അത്രയും മലിഞ്ഞീനുകളെ തുറന്നുനോക്കി വൃഷണമുള്ള ഒന്നിനെ കണ്ടുപിടിക്കുക. അരിസ്റ്റോട്ടിൽ തുടങ്ങി വച്ച അന്വേഷണം പൂർത്തീകരിക്കണമെങ്കിൽ ഒരു ആൺ മലിഞ്ഞീനെ കണ്ടെത്തിയേ തീരൂ, അതുകൊണ്ട് ആ പരീക്ഷണത്തിന് പ്രകൃതിശാസ്‌ത്രജ്ഞരുടെ ഇടയിൽ വളരെ പ്രാധാന്യവുമുണ്ടായിരുന്നു. ആ സമയത്ത് ഒരു പ്രകൃതിശാസ്‌ത്രജ്ഞനാകണമെന്നായിരുന്നു ഫ്രോയിഡിന്റെ ആഗ്രഹം. ഒരു മാസം കൊണ്ട് ഏകദേശം 400 മലിഞ്ഞീനുകളെ കീറിമുറിച്ച് അവയുടെ അന്തരഭാഗങ്ങളെ മൈക്രോസ്കോപ്പിന്റെ അടിയിൽ ഫ്രോയിഡ് പരിശോധിച്ചു. എന്നിട്ടും പുരുഷ ലൈംഗീകാവയവുമായി ബന്ധപ്പെട്ട ഒന്നും അദ്ദേഹത്തിന് കണ്ടെത്താനായില്ല. ശാസ്ത്രത്തിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്ന ഫ്രോയിഡ് അതിന്റെ രീതികളുടെ പരിമിതികൾ ആ ഒറ്റ പരീക്ഷണം കൊണ്ട് മനസ്സിലാക്കി. വെറുമൊരു പ്രകൃതിശാസ്‌ത്രജ്ഞനാകാതെ മനുഷ്യമനസ്സിന്റെ സങ്കീർണതയെ അപഗ്രഥിക്കുന്ന സൈക്കോഅനാലിസിസിലേക്ക് തിരിയാൻ, ഒരു പക്ഷേ, ആ അനുഭവം അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.

ഫ്രോയിഡിന്റെ പരാജയപ്പെട്ട പരീക്ഷണത്തിന് ശേഷം 20 വർഷങ്ങൾ കൂടി എടുത്തു രണ്ടായിരം വർഷത്തോളം ചിന്തകരെയും ശാസ്ത്രജ്ഞരെയും ജിജ്ഞാസുക്കളായ പൊതുജനങ്ങളെയും നട്ടം കറക്കിയ ആ പ്രശ്നത്തിന് പരിഹാരമുണ്ടാകാൻ – സിസിലിയിൽ മെസീനക്കടുത്ത് ഒരു ആൺ മലിഞ്ഞീനെ കണ്ടെത്തി. നേരത്തേ വിവരിച്ചതുപോലെ, മലിഞ്ഞീൻ പ്രജനനത്തിന് വേണ്ടി തിരിച്ചു സമുദ്രത്തിലേക്കുള്ള യാത്രയിൽ എവിടെയോ വച്ചാണ് തന്റെ ലിംഗഭേദം പുറത്തറിയിക്കുന്നത്. അത്തരമൊരു സാധ്യത ഫ്രോയിഡടക്കമുള്ള അന്വേഷകർ കണക്കിലെടുത്തില്ല, അവരുടെ പരാജയത്തിന്റെ പ്രധാന കാരണവും അതു തന്നെയായിരുന്നു.

സാൽമണിന്റെയും മലിഞ്ഞീന്റെയും ജീവിതങ്ങൾക്ക് ധാരാളം സാമ്യങ്ങളും അതിലേറെ വൈരുദ്ധ്യങ്ങളും ഉണ്ട്. ഏറ്റവും മനോഹരമായ മത്സ്യങ്ങളിലൊന്നായിട്ടാണ് നാം സാൽമണെ എവിടെയും ചിത്രീകരിച്ചു കാണുന്നതെങ്കിൽ വൈരൂപ്യത്തിന്റെയും നിഗൂഢതയുടെയും പ്രതീകമായിട്ടാണ് കലയിലും സാഹിത്യത്തിലും മതഗ്രന്ഥങ്ങളിലും മലിഞ്ഞീനെ ഉപയോഗിച്ചിട്ടുള്ളത്, പലരും അതിനെ മത്സ്യത്തിന്റെ കൂട്ടത്തിൽ പെടുത്താൻ പോലും തയ്യാറല്ല. സാൽമൺ ഏറ്റവും രുചികരമായ മത്സ്യങ്ങളിലൊന്നാണെന്ന് അത് കഴിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു, മലിഞ്ഞീൻ ഭക്ഷണയോഗ്യമാണെങ്കിലും ഒരു കല്യാണവിരുന്നിൽ അതിനെ ഒരു വിഭവമായി കാണാനുള്ള സാധ്യത വളരെ കുറവാണ്. സാൽമണെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ് ഏതാണ്ട് പൂർണ്ണമാണ്, മലിഞ്ഞീൻ ഇപ്പോഴും ശാസ്ത്രജ്ഞർക്ക് പല കാര്യങ്ങളിലും പിടി കൊടുക്കാതെ തെന്നി മാറി തന്റെ ഇഷ്ടതാവളമായ ഒരു കല്ലിടുക്കിന്റെ സ്വകാര്യതയിൽ ഒതുങ്ങിക്കൂടുന്നു. സാൽമണിന്റെ രൂപഭംഗി അതിനെ വംശനാശം വരുത്തുന്നതിൽ നിന്ന് മനുഷ്യരെ പിന്തിരിപ്പിച്ചിട്ടില്ലെങ്കിലും അതിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട പരിശ്രമങ്ങൾ സജീവമാണ്, പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടലുകൾ കൊണ്ട് പണ്ട് ലോകത്തെങ്ങും സുലഭമായിരുന്ന മലിഞ്ഞീനും വംശനാശത്തെ നേരിടുന്നുണ്ടെങ്കിലും അതേക്കുറിച്ച് ഒന്നും തന്നെ മുഖ്യധാര മാധ്യമങ്ങളിൽ കാണാറില്ല.

സ്വീഡിഷ് എഴുത്തുകാരനായ പാട്രിക് സ്വെൻസൻ സാൽമണും മലിഞ്ഞീനും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് മലിഞ്ഞീനുകളുടെ പുസ്തകം (The Book of Eels) എന്ന പുസ്തകത്തിൽ ഒരു ദാര്‍ശനികച്ചുവയോടെ ഇങ്ങനെ പറയുന്നുണ്ട്: തിളങ്ങുകയും മിന്നുകയും ഭ്രാന്തുപിടിച്ച് നീന്തുകയും സാഹസികമായി ചാടുകയും ചെയ്യുന്ന സാൽമണിൽ നിന്ന് വ്യത്യസ്ഥനാണ് മലിഞ്ഞീൻ. പൊങ്ങച്ചക്കാരനും സ്വാര്‍ത്ഥനുമായിട്ടാണ് സാൽമണെപ്പറ്റി തോന്നുക. മലിഞ്ഞീന് കുറച്ചുകൂടി സന്തുഷ്ടിയുണ്ടെന്ന് തോന്നുന്നു. തന്റെ അസ്തിത്വത്തെക്കുറിച്ച് അത് വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കാറില്ല.

Salmon - A Fish, the Earth, and the History of Their Common Fate by Mark Kurlansky
Salmon – A Fish, the Earth, and the History of Their Common Fate by Mark Kurlansky

ചെറുപ്പത്തിൽ തന്റെ പിതാവിന്റെയൊപ്പം മലിഞ്ഞീൻ പിടിക്കാൻ പോകുന്നതിന്റെ ഹൃദയഹാരിയായ വിവരണങ്ങളും, മലിഞ്ഞീനെ എങ്ങനെ പ്രകൃതിശാസ്ത്രജ്ഞരും കലാകാരന്മാരും ചിന്തകരും പൊതുജനങ്ങളും പുരാതനകാലം മുതൽ കൈകാര്യം ചെയ്തു പോന്നതെന്നും രസകരമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. നല്ലൊരു പുസ്തകത്തിൽ നിന്ന് അതിനെ ഒരുത്തമ വായനയിലേക്ക് ഉയർത്തുന്നത് മലിഞ്ഞീന്റെ നിഗൂഢവും വിചിത്രവുമായ ജീവിതത്തിന് എഴുത്തുകാരൻ ദാർശനികമാനങ്ങൾ കൊടുക്കുമ്പോഴാണ്, പുസ്തകത്തിന്റെ പേരു തന്നെ ആ ശ്രമത്തിന് തുടക്കമിടുന്നുണ്ടെന്ന് വായിച്ചെടുക്കാമല്ലോ. മാർക്ക് കുർലാൻസ്ക്കിയുടെ “സാൽമൺ – ഒരു മീനും ഭൂമിയും അവരുടെ പൊതുവിധിയുടെ ചരിത്രവും (A Fish, the Earth, and the History of Their Common Fate)” എന്ന പുസ്തകം സാൽമണെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശം തന്നെയാണ്. ഈ പുസ്തകത്തിൽ മനുഷ്യന്റെ ചൂഷണത്തിന് വിധേയമായി അനുദിനം ക്ഷയിച്ചു വരുന്ന പ്രകൃതിയുടെ ഒരു പ്രതീകമായിട്ടാണ് സാൽമണെ ചിത്രീകരിച്ചിട്ടുള്ളത്. ആ ഉൾക്കാഴ്ചയാണ് അതിനെ മറ്റൊരു സാൽമൺ പുസ്തകം എന്നതിനപ്പുറം പ്രകൃതിശാസ്ത്രത്തിന്റെ ഒരു മികച്ച പൊതുവായനയാക്കി മാറ്റുന്നത്.

പ്രകൃതിദത്തമായ സാല്‍മണ്‍ സുലഭമായി ഇപ്പോഴും കിട്ടുന്ന ഏകസ്ഥലം അലാസ്ക്കയാണ്. പൊതുവേ പസഫിക് സമുദ്രത്തിന്റെ രണ്ട് തീരങ്ങളിൽ നിന്ന് സാൽമൺ ഇതുവരെ അപ്രത്യക്ഷമായിട്ടില്ല, ബാക്കിയെല്ലായിടങ്ങളിലും അതിന്ന് വംശനാശം വരികയോ അതിന്റെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്. ചിനൂക്ക് അല്ലെങ്കിൽ കിംഗ് സാൽമൺ (Chinook), കോഹോ (Coho), സോകൈ (Sockeye), ചം (Chum), പിങ്ക് (Pink) എന്നിങ്ങനെ 5 തരം സാല്‍മണുകള്‍ പസഫിക് സമുദ്രത്തിന്റെ അമേരിക്കന്‍ ഭാഗത്ത് കാണപ്പെടുന്നു. മാസു (Masu) അല്ലെങ്കില്‍ ചെറി (Cherry) സാല്‍മണും അതിന്റെ തന്നെ ഉപവര്‍ഗ്ഗമായ അമാഗോ (Amago) സാല്‍മണും പസഫിക് സമുദ്രത്തിന്റെ ഏഷ്യന്‍ തീരങ്ങളില്‍ മാത്രമുള്ള സാല്‍മണുകളാണ്. ഇതില്‍ അമാഗോ സാല്‍മണ്‍ കടലിലേക്ക് പോകാതെ ഉള്‍നാടന്‍ ജലാശയ മത്സ്യമായി ജീവിക്കുന്നതായും കാണപ്പെടുന്നുണ്ട്.

വ്യവസായ പുരോഗതിയുടെ ദുരന്തങ്ങളിലൊന്നാണ് പുഴകളിൽ നിന്നുള്ള സാൽമണിന്റെ തിരോധാനം. അറ്റ്ലാന്റിക് സാല്‍മണ് സംഭവിച്ച വംശനാശം പോലെ. സാൽമൺ നീന്തിയിരുന്ന പുഴകളിലും തോടുകളിലുമുള്ള, മലിഞ്ഞീൻ അടക്കമുള്ള മറ്റു ജീവികളുടെ വിധിയും അതു തന്നെയാണ്. സാൽമൺ മീനുകളിലെ താരമായതുകൊണ്ട് അതിന് പ്രത്യേക ശ്രദ്ധ ലഭിക്കുകയും അതിന്റെ അത്ഭുതകരമായ ജീവിതത്തെക്കുറിച്ചും അപചയത്തെക്കുറിച്ചും നമുക്കടുത്തറിയാൻ അവസരം ലഭിക്കുകയും ചെയ്യുന്നു. കൗതുകരമായ കാര്യങ്ങൾ മറ്റു ജീവികളുടെ ജീവിതത്തിലും കാണാൻ കഴിഞ്ഞേക്കും, നമ്മൾ അവയെ ഉറ്റുനോക്കാത്തത്ത് സാൽമണിന്റെ ഭംഗിയോ (രുചിയോ) മലിഞ്ഞീന്റെ നിഗൂഢതയോ പോലെ എന്തെങ്കിലും പ്രത്യേകത അവയ്ക്ക് ഇല്ലാത്തതുകൊണ്ടായിരിക്കും.

റഫറൻസുകൾ:

1. The Books of Eels by Patrik Svensson, 2019, Ecco, ISBN 978-0-06-296881-4
2. Salmon – A Fish, the Earth, and the History of Their Common Fate by Mark Kurlansky, 2020, Patagonia, ISBN 978-1-938340-86-4
3. Indian Mottled Freshwater Eel, Anguilla bengalensis Bengalensis (Gray, 1831), A Threatened Species of Indian Subcontinent- A Review by Mondal A and Chakravortty D, International Journal of Oceanography & Aquaculture, Volume 3 Issue 1.
4. U.S. Geological Survey website, https://www.usgs.gov/
5. Wild Salmon Center website, https://wildsalmoncenter.org/salmon-species/

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English