കച്ചവടം

 

ബീച്ചിലേക്ക് ആളുകൾ ഇറങ്ങുന്നതിന്റെ സമീപം അവൻ തന്റെ വണ്ടി പാർക്ക് ചെയ്തു. ടയറിന്റെ മുന്നിലും പിന്നിലും ഓരോ കല്ലുവച്ച് വണ്ടി ഹാൻഡ് ബ്രേക്ക് ആക്കി. ബീച്ചിലേക്ക് നോക്കിയ അവന്റെ മുഖത്ത് സന്തോഷം അലതല്ലി സന്ധ്യ ആകുന്നതിനു മുൻപ് തന്നെ നല്ല ആളുണ്ടല്ലോ.

“കപ്പലണ്ടി, കപ്പലണ്ടി, ചൂട് കപ്പലണ്ടി “അവന്റെ വിളിയുടെ താളം കടൽ കാറ്റിനെ പോലെ ആളുകളെ ആകർഷിച്ചു കൊണ്ടിരുന്നു.

അതിനിടയിൽ അവന്റെ വണ്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നു ഇറങ്ങിവന്ന സുന്ദരിയായ യുവതിയിൽ അവന്റെ കണ്ണുകളുടക്കി.എന്തോ ഒരു ആകർഷണം അവന് ആ
മുഖത്ത്‌ തോന്നി. ചില സ്ത്രീകളുടെ സൗന്ദര്യം ഇങ്ങനെയാണ് ഈ ചക്രവാളത്തിന്റെ സൗന്ദര്യത്തെപോലും തോൽപ്പിക്കും അയാൾ മനസ്സിൽ പറഞ്ഞു. കാറിൽ നിന്ന് ഏകദേശം എഴുപതു വയസ്സോളം പ്രായമുള്ള ഒരാൾ ഇറങ്ങി. വേഷങ്ങൾ കണ്ടിട്ട് ഏതോ കോടീശ്വരനായ അച്ഛനും മകളും ആണെന്ന് തോന്നുന്നു. അവളുടെ സൗന്ദര്യത്തിൽ ചൂഴ്ന്ന് ഇറങ്ങുന്ന അവന്റെ കണ്ണുകളുടെ കാന്തശക്തിയിലാണോ എന്ന് അറിയില്ല അവൾ അവന്റെ ഉന്തുവണ്ടിക്കു സമീപം വന്നപ്പോൾ പെട്ടെന്ന് നിന്നു.
“ഒരു പൊതി കപ്പലണ്ടി വാങ്ങിയാലോ, പാവം കച്ചവടക്കാരൻ ജീവിക്കാൻ വേണ്ടിയല്ലേ”. അവളുടെ ശബ്ദവും സുന്ദരമായിരിരുന്നു . കപ്പലണ്ടി കൊറിച്ചു കൊണ്ട് അവർ ബീച്ചിലെ തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് മറയുന്നത് വരെ അവന്റെ കണ്ണുകൾ അവരെ പിന്തുടർന്നുകൊണ്ടിരുന്നു.

സന്ധ്യമയങ്ങി തുടങ്ങിയതോടെ ബീച്ചിൽ നിന്ന് ആളുകൾ പോവുകയും പുതിയ ആൾക്കാർ വരികയും ചെയ്തുകൊണ്ടിരുന്നു. ആ യുവതിയും വയോധികനും തിരികെ അയാളെ കടന്നു പോയി.ആ യുവതിയുടെ ഒരു നോട്ടത്തിന് അയാളുടെ മനസ്സ് വല്ലാതെ കൊതിച്ചു. പക്ഷേ ഉണ്ടായില്ല.തന്റെ കണ്ണുകൾ ആ യുവതിയെ പിന്തുടരുമ്പോഴും നിത്യ തൊഴിൽ അഭ്യാസിയായ അയാളുടെ കൈകൾ ആവശ്യക്കാരുടെ കയ്യിൽനിന്നും പൈസ വാങ്ങി കപ്പലണ്ടി പൊതികൾ കൊടുക്കുന്നുണ്ടായിരുന്നു.

കാറിന് സമീപം എത്തിയ യുവതി അയാൾ കൊടുത്ത ഒരു നോട്ടും വാങ്ങി കാറിൽ കയറാതെ എതിർദിശയിലേക്ക് നടന്നു പോകുന്നത് അവൻ കണ്ടു . ഈ സമയത്ത് എന്തിനാണ് ഇവർ കാറിൽ കയറാതെ ഒറ്റയ്ക്ക് നടന്നു പോയത് അച്ഛനുമായി വല്ലോം പറഞ്ഞു പിണങ്ങിക്കാണും . ഈ കടൽതീരത്തെ മുഴുവൻ ആവാഹിക്കാൻ തക്ക സൗന്ദര്യവദിയായ അവളെ ഒറ്റക്ക് വിടാൻ ആ പിതാവിന് പേടി തോന്നുന്നില്ലേ. അവളെ കുറിച്ചുള്ള ചിന്ത അവനെ അസ്വസ്ഥനാക്കി. എത്രയോ നാളായി ഇവിടെയുള്ള ഞാൻ വൈകുന്നേരങ്ങളിൽ ആയിരക്കണക്കിന് പെൺകുട്ടികളെ കണ്ടിട്ടുണ്ട് അവരുടെ ഒന്നും മുഖം ഇങ്ങനെ മനസ്സിലേക്ക് കയറാറില്ലല്ലോ അവൻ ചിന്തിച്ചു. അവരിൽ ഒന്നും കണ്ടിട്ടില്ലാത്ത ഒരു ഐശ്വര്യവും നിഷ്കളങ്കതയും യുവതിയിൽ കാണുന്നു. അവളുടെ കണ്ണുകളുടെ ആകർഷണീയതക്ക് വർഷങ്ങളായി തന്നെ ആകർഷിക്കുന്ന ഈ കടൽതിരകളെക്കാൾ ശക്തിയുണ്ടെന്ന് അയാൾക്ക് തോന്നി.

ദിനകരൻ കടലിലേക്ക് കൂടുതൽ മുങ്ങിയതോടെ കടൽത്തീരം ഇരുൾ മൂടി . കടൽക്കാറ്റ് ഏറ്റു സന്തുഷ്ടമായ മനസ്സോടെ ആളുകൾ തിരിച്ച് അവരുടെ കൂടുകളിലേക്ക് ചേക്കേറി . തിരക്കു കുറഞ്ഞതോടെ കപ്പലണ്ടിക്കാരൻ തന്റെ പണപ്പെട്ടിയിലെ നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി കടൽതീരത്തോട് ഇന്നത്തേക്ക് വിട പറയാൻ ഒരുങ്ങി.

തിരക്കൊഴിഞ്ഞ ഇരുൾ മൂടിയ പാർക്കിങ് ഏരിയലിലേക്ക് ഒരു കാർ വന്നു നിന്നു . അതിൽനിന്ന് ഒരു യുവാവും യുവതിയും ഇറങ്ങി അവർ ഉന്തുവണ്ടിയുടെ സമീപം എത്തിയപ്പോൾ യുവതി കൂടെ ഉള്ള യുവാവിനോട് പറഞ്ഞു.
‘ ഒരു പൊതി കപ്പലണ്ടി വാങ്ങു പാവം കച്ചവടക്കാരനല്ലേ ‘.
അതെ ആ ശബ്ദം കപ്പലണ്ടിക്കാരൻ തിരിച്ചറിഞ്ഞു മണിക്കൂറുകൾക്കു മുമ്പ് കേട്ട അതേ ശബ്ദം.
കപ്പലണ്ടിപൊതി കൊടുക്കുന്നതിനു മുമ്പ് റാന്തലിന്റെ തിരി കുറച്ചുകൂടി ഉയർത്തി. ആ വെട്ടത്തിൽ അയാൾ പയ്യന്റെ കൈ പിടിച്ചു നിൽക്കുന്ന യുവതിയെ കണ്ടു. അതേ അതവൾ തന്നെ. ഇരുൾമൂടിയ കടൽതീരം അവളുടെ സൗന്ദര്യത്തിൽ തിളങ്ങുന്നത് പോലെ അയാൾക്ക് തോന്നി.

കപ്പലണ്ടിപൊതിയും ബാക്കിയും വാങ്ങിയ യുവാവ് അയാൾക്ക് നന്ദി പറഞ്ഞു അവളുടെ കൈപിടിച്ച് നടന്നു പോയി. അതിനിടയിൽ അവളുടെ ചുണ്ടുകളിൽ തന്നെ നോക്കി ഒരു പുഞ്ചിരി വിടർന്നതായി അയാൾക്ക് തോന്നി. യുവാവിന്റെ കരവലയത്തിൽ അമർന്ന് അവൾ ഇരുട്ടിൽ മറയുന്നതുവരെ അയാളുടെ കണ്ണുകൾ അവളെ പിന്തുടർന്നു. അയാളുടെ ചുണ്ടുകൾ പതിയെ ശബ്ദിച്ചു പാവം’കച്ചവടക്കാരി’.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English