സക്കറിയയുടെ കഥാലോകം

zacharia

മലയാളത്തിലെ ആധുനിക കടകാരന്മാരിൽ ഏറ്റവും വ്യത്യസ്തമായ കഥകൾ എഴുതിയ ആളാണ് സക്കറിയ. കഥയെ കവിതയോടു ചേർത്ത് നിർത്തുന്ന ഒരു ശൈലിയാണ് സക്കറിയ കഥകൾക്കുള്ളത്. വാക്കുകളെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന എഴുത്തുകാർ മലയാള സാഹിത്യ ചരിത്രത്തിൽ തന്നെ കുറവാണെന്നു പറയാം.നഗരഗ്രാമ ജീവിതങ്ങളുടെ അഴകും ആഴവും എല്ലാം ആ കഥകൾക്ക് വിഷയമായിട്ടുണ്ട്.

. അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ എഴുത്തുകാരനാണ് അദ്ദേഹം. മനുഷ്യാവസ്ഥയുടെ അതിസൂക്ഷ്മവും വിശദാംശങ്ങള്‍ നിറഞ്ഞതുമായ വര്‍ണ്ണങ്ങള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ കഥകളുടെ പ്രതലം. സമകാലിക ജീവിതത്തിലെ ദുരന്തങ്ങളും ഉത്കണ്ഠകളും വിഹ്വലതകളുമൊക്കെ ചൂണ്ടിക്കാണിക്കുന്ന, സമകാലികരുടെ ജീവിതത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്നു ചെല്ലുന്ന എഴുത്തുകാരനാണ് അദ്ദേഹം.

1964ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ലിക്ദിന പതിപ്പിലാണ് സക്കറിയയുടെ ആദ്യ കഥയായ ‘ഉണ്ണി എന്ന കുട്ടി പ്രസിദ്ധീകരിച്ചത്. ആദ്യകഥ പ്രസിദ്ധീകരിച്ചതിനു ശേഷം വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്നതുപോലായിരുന്നു അദ്ദേഹത്തിന്റെ എഴുത്തു ജീവിതം. അദ്ദേഹം എത്തപ്പെട്ട മൈസൂറും ബാംഗ്ലൂരും കോയമ്പത്തൂരും ഡല്‍ഹിയുമൊക്കെ തനിക്ക് ധാരാളം കഥകള്‍ തന്നിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മലയാള കഥസാഹിത്യത്തെ സമ്പന്നമാക്കിയതില്‍ ധാരാളം കഥകള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്. മലയാളത്തില്‍ എന്നും ഓര്‍മ്മിക്കാവുന്ന കഥകളെഴുതുന്നവരില്‍ പ്രമുഖസ്ഥാനമാണ് ഇന്ന് സക്കറിയക്കുള്ളത്. ഗദ്യം ഇത്രയും ദീപ്തിമത്താക്കുന്നതിന് മറ്റധികം ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടാനാവില്ല. ഒരേ സമയം തിര്യക് കഥകളും മാനുഷിക മൂല്യങ്ങള്‍ മുറ്റിനിക്കുന്ന കഥകളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറവിയെടുത്തു. സക്കറിയുടെ ഒരു വിഭാഗം കഥകളാകട്ടെ ഉപഹാസാത്മക സ്വഭാവം പുലര്‍ത്തുന്നവയാണ്. സമകാലിക മനുഷ്യന്റെ പൊങ്ങച്ചങ്ങളെയും കാപട്യങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.ആകഥകളെല്ലാം സമാഹരിച്ച് പുറത്തിറക്കിയ പുസ്തകമാണ് സക്കറിയയുടെ കഥകള്‍.

സക്കറിയയുടെ ആദ്യകഥയായ ഉണ്ണി എന്ന കുട്ടി കുട്ടി മുതല്‍ ഒരിടത്ത്, അവശിഷ്ടങ്ങള്‍, എന്നെക്കൂടി പ്രതീക്ഷിക്കില്ല, മുള്ള്, ‘ജോസഫ് നല്ലവന്റെ കുറ്റ സമ്മതം’,അശ്ലീലം വരുത്തിവെച്ച വിന-ഒരു ദുരന്തസംഭവം, വിശുദ്ധ താക്കോല്‍: അഥവാ ആത്മാവ് സ്വര്‍ഗത്തില്‍ പോകുന്നതെങ്ങനെ തുടങ്ങി 2002 വരെ എഴുതിയ നൂറ് കഥകളാണ് സക്കറിയയുടെ കഥകള്‍ എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കൃതിയ്ക്ക് 2005 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി.എട്ടാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here