ആദ്യമായ് കണ്ടനാള്‍സഖീ
നിന്നിലലിയാനേറെ മോഹിച്ചു ഞാൻ!
ആദ്യമായ് നിന്നില്‍ മൊഴിയുവാന്‍
കോര്‍ത്ത വാക്കുകള്‍ അരികിലാ-
യണഞ്ഞപ്പോള്‍ അടര്‍ന്നുപോയി!
പിന്നെയും മനതാരില്‍ ചിക്കിച്ചികഞ്ഞ
വാക്കുകള്‍ നിന്‍കടമിഴിയേറിനാല്‍
അലിഞ്ഞുപോയീ!
ഒരുവാക്കിനായി നിന്‍നോക്കിനായി
കൊതിച്ച കാലം കാത്തുനില്‍ക്കാതെ
എന്നില്‍നിന്നെങ്ങോ അകന്നുപോയി!
എന്നിലായ് തളിരിട്ട പ്രണയമൊട്ടുകള്‍
നിന്നിലായ് വിരിയാതെ വെറും
പാഴ്കിനാക്കളായ് കൊഴിഞ്ഞുപ്പോയ്!
പാതിയില്‍ പിരിഞ്ഞ നിന്‍ വഴിയിലൂടെ
കൊഴിയാത്ത നിന്‍ സ്മൃതികളാലെന്‍റെ
മനം പിന്നെയുമലയുന്നു!
ആ ശിശിരകാലവും പോയ്മറഞ്ഞു
നീയോ, അകലെയേതോ ചില്ലയില്‍
ചേക്കേറി ഞാനോ എന്‍ സ്വപ്ന-
കൂട്ടില്‍ തനിച്ചായീ!
കൊക്കുരുമ്മി ഇണയോടൊത്തിനി
പാറന്നകലുമ്പോള്‍ ചിറകറ്റുഞാന്‍
തളര്‍ന്നുപോകുന്നു….
കാലത്തിന്‍ രഥചക്രമെന്നില്‍
ഉരുണ്ടകലുംമ്പോഴും നിന്‍
ഓര്‍മ്മകള്‍ക്കെന്നും ഞാന്‍
കാവലാളാവാം!
ഋതുഭേദങ്ങളള്‍ ഇനിയും
മാറിമറിയുമ്പൊഴും സ്വച്ഛന്ദമാം നിന്‍
സ്മരണകളില്‍ മിഴിപൂട്ടിടാം ഞാന്‍
നിശ്വാസം നിലയ്ക്കുന്ന നാള്‍വരെ!
സ്വപ്നങ്ങളിലെങ്കിലും നീയെന്‍റെസഖിയായി-
അരികിലുണ്ടെങ്കിൽ!